Home Blog Page 602

പാറശാലയിൽ പാറയ്ക്കടിയിൽ കുടുങ്ങിയ വൃദ്ധയെ രക്ഷപെടുത്തി

തിരുവനന്തപുരം :പാറശാലയിൽ പാറയ്ക്ക് അടിയിൽ കുടുങ്ങിയ വൃദ്ധയെ രക്ഷപെടുത്തി. പാറശാല പളുകൽ വിളക്കവിള ഭാഗത്ത് ഇന്ന് രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. വീടിന് പുറത്തേക്ക് പ്രാഥമികാവശ്യത്തിനായി ഇറങ്ങിയ വൃദ്ധയുടെ ദേഹത്തേക്ക് കൂറ്റൻ പാറ ഇളകി വീഴുകുയായിരുന്നു. അരയ്ക്ക് താഴ്ഭാഗം പാറയ്ക്കടിയിൽ കുടുങ്ങി . വീടിന് പിറകിൽ ഉണ്ടായിരുന്ന പാറയാണ് ഇളകി വീണത്. ഉടൻ ഫയർ ഫോഴ്സും പോലീസും എത്തി ജെസിബി ഉപയോഗിച്ച് പാറ മാറ്റി ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേ ക്ക് മാറ്റി. പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു.

പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകുന്നതിനിടെ ലോറിയിടിച്ച് മരിച്ചു

മലപ്പുറം. നിലമ്പൂരിൽ പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകുന്നതിനിടെ 65 കാരന് ലോറിയിടിച്ച് മരിച്ചു.ചെറുവത്തുകുന്ന് സ്വദേശി കറളിക്കാട്ടിൽ മജീദാണ് മരിച്ചത്.ഇന്ന് പുലർച്ചെ കെ.എൻ.ജി റോഡിൽ സീബ്രാ ലൈൻ മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം.

പച്ചക്കറിയുമായി എത്തിയ ലോറിയാണ് ഇടിച്ചത്.മൃതദ്ദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ലക്ഷദ്വീപിൽ വള്ളങ്ങൾ സമരത്തിൽ,കപ്പലിൽ നിന്ന് കരയ്ക്കെത്താൻ നട്ടംതിരിഞ്ഞ് യാത്രക്കാർ

കവരത്തി. ലക്ഷദ്വീപിൽ വള്ളങ്ങൾ സമരത്തിൽ.കപ്പലിൽ നിന്ന് കരയ്ക്കെത്താൻ നട്ടംതിരിഞ്ഞ് യാത്രക്കാർ.വള്ളങ്ങളുടെ തുക വർധിപ്പിക്കണമെന്ന് ആവശ്യം

നിലവിൽ വള്ളങ്ങൾക്ക് നൽകുന്നത് 1230 രൂപ മാത്രം.2018 ൽ നിശ്ചയിച്ച തുക ഇതുവരെ പുനർനിർണയിച്ചില്ല.കടുത്ത സമരത്തിലേക്ക് പോയത് പോർട്ട് അധികൃതരുടെ അവഗണന തുടർന്നതോടെ.കപ്പലിലെത്തുന്നവർ ദ്വീപിലെത്തുന്നത് ഏറെ പണിപ്പെട്ട്

ആദ്യം ബോട്ടിലും പിന്നീട് ചെറു തോണികളിലും യാത്ര.കാലവർഷം ശക്തമായതോടെ കടൽ പ്രക്ഷുബ്ധം.ദുരിതമനുഭവിക്കുന്നത് നൂറുകണക്കിന് ദ്വീപ് വാസികൾ

താമരശേരി ചുരം, രക്ഷിച്ചത് മരം

കോഴിക്കോട്. താമരശ്ശേരി ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു. ചുരം ഏഴാം വളവിലാണ് വാൻ മറിഞ്ഞത്.
ആർക്കും പരിക്കില്ല.

ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ഇയാൾ ചാടി രക്ഷപ്പെട്ടു പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. മരത്തിൽ തട്ടി നിന്നതിനാൽ കൂടുതൽ താഴ്ചയിലേക്ക് പതിച്ചില്ല

രോഗപ്പകര്‍ച്ച,തദ്ദേശ വകുപ്പിന് എതിരെ ആരോഗ്യവകുപ്പ്

തദ്ദേശ വകുപ്പിന് എതിരെ ആരോഗ്യവകുപ്പ്.ശുചീകരണത്തിൽ വീഴ്ച. ഷിഗല്ല അടക്കം രോഗ പകർച്ചക്ക് കാരണം ശുചിത്വം ഇല്ലായ്മ. വീഴ്ച് വരുത്തിയത് തദ്ദേശ സ്ഥാപനങ്ങൾ.

മഴക്കാല പൂർവ ശുചീകരണം അടക്കം പാളി. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ റെയ്ഡ് കർശനമാക്കാൻ തീരുമാനം. ഷിഗല്ലയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നു. എന്നാല്‍ ഭരണമാറ്റമടക്കമുള്ള പ്രശ്നങ്ങളും പുതിയ ഭരണ സമിതികളുടെ പരിചയക്കുറവും ഇത്തവണ വ്യാപകമായ അനാസ്ഥയാണ് മഴക്കാല പൂര്‍വ ശുചീകരണത്തില്‍ ഉണ്ടായത്.

ഭാര്യക്ക് നേരെ ക്രൂര മർദ്ദനം, ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസ്

തൃശൂര്‍. ഭാര്യക്ക് നേരെ ക്രൂര മർദ്ദനം, ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസ്. ഭാര്യയെ ക്രൂരമായി മർദ്ദിച്ചതായ പരാതിയില്‍ ബിജെപി തൃശൂർ സൌത്ത് ജില്ലാ പ്രസിഡന്റ് എ. ആർ ശ്രീകുമാറിനെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി മതിലകം പൊലീസാണ് കേസെടുത്തത്.

തന്നെ ക്രൂരമായി മർദ്ദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള ഭാര്യയുട പരാതിയിലാണ് നടപടി.ചൊവ്വാഴ്ച വൈകിട്ട് നടന്ന മർദ്ദനത്തിന് പിന്നാലെ ശ്രീകുമാറിന്റെ ഭാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.സംഭവത്തിന് പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുക്കുക ആയിരുന്നു

കോഴിക്കോട് കെ എസ് ആർ റ്റിസി സ്റ്റാൻഡിൽ സീലിംഗ് ഇളകി വീണ് രണ്ട് യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിംഗ് ഇളകിവീണ് രണ്ട് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ജിപ്സം സീലിംഗ് ഇളകി വീണാണ് അപകടമുണ്ടായത്. ഗുരുതരമായ പ്രശ്നങ്ങളില്ല. തലയിൽ ചെറിയ മുറിവ് മാത്രമാണുള്ളത്. 2021ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് അടക്കം ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇവിടെ പലതരത്തിലുള്ള പരിശോധനകളും പഠനങ്ങളും അതിന് ശേഷം നടന്നിട്ടുണ്ട്. പുലർച്ചെ ആയത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സീലിംഗും പൊട്ടി വീഴാൻ പാകത്തിൽ അപകടാവസ്ഥയിലാണ് ഉള്ളത്.

നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 77 പേർ,​ 11 പേർ ഹോം ക്വാറന്റീനിൽ, കോഴിക്കോട് കൺട്രോൾ റൂം തുറന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 2 പേർ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും, 63 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്.

ഹൈ റിസ്‌ക് പട്ടികയിലുള്ള 11 പേരോട് നിലവിൽ കർശനമായ ഹോം ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ മാത്രമായിരിക്കും ഇനി പരിശോധന നടത്തുക. രോഗബാധിതൻ സഞ്ചരിച്ച വഴികൾ വ്യക്തമാക്കുന്ന റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ഉടൻ തന്നെ പുറത്തുവിടും.

രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നതിൽ രണ്ട് സാദ്ധ്യതകളാണ് പരിശോധിക്കുന്നത്. ഇദ്ദേഹം ജോലി ചെയ്ത ഗോഡൗണിൽ നിന്ന് രോഗം പകരാനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. വീട്ടുവളപ്പിൽ നിന്നും സപ്പോട്ട പഴം കഴിച്ചതിനാൽ, വവ്വാലുകൾ കടിച്ചിട്ട പഴങ്ങളിൽ നിന്നാകാം വൈറസ് ബാധിച്ചതെന്ന സാദ്ധ്യതയ്ക്കാണ് ആരോഗ്യവകുപ്പ് മുൻഗണന നൽകുന്നത്. നിലവിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും അധികൃതർ അറിയിച്ചു.ഫറോക്ക് സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്.

ശുചീകരണ ജോലിക്കാരനാണ് ഇയാൾ. ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഡിസ്ചാർജായിരുന്നു.

വീട്ടമ്മമാർ രാഷ്ട്രശില്പികൾ; അപകട ക്ലെയിമുകളിൽ പ്രതിമാസ വരുമാനം കുറഞ്ഞത് 30,000 രൂപയായി കണക്കാക്കണം, സുപ്രീം കോടതി

ന്യൂഡൽഹി. മോട്ടോർ വാഹന അപകട ക്ലെയിമുകളിൽ വീട്ടമ്മമാരുടെ മരണമോ വൈകല്യമോ ഉണ്ടാക്കുന്ന ‘ഗാർഹിക പരിചരണത്തിന്റെ നഷ്ടം’ പ്രത്യേകമായി പരിഗണിച്ചു തത്തുല്യമായ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. വീട്ടമ്മമാർ നൽകുന്ന സേവനങ്ങളുടെ മൂല്യം പ്രതിമാസം കുറഞ്ഞത് 30,000 രൂപയായി നിജപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതി ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മോട്ടോർ വാഹന അപകട ക്ലെയിം അപ്പീലിൽ വിധി പ്രസ്താവിക്കവെ, ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വീട്ടമ്മമാരുടെ സംഭാവനകൾ വീടിന്റെ അതിരുകൾക്കപ്പുറം രാഷ്ട്രനിർമ്മാണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചത്.

മോട്ടോർ വാഹന നിയമപ്രകാരം നഷ്ടപരിഹാരം നിർണ്ണയിക്കുമ്പോൾ, ഒരു വീട്ടമ്മയുടെ മരണം മൂലമോ അല്ലെങ്കിൽ ശാരീരിക അവശതകൾ മൂലമോ കുടുംബത്തിനുണ്ടാകുന്ന പരിചരണത്തിന്റെ നഷ്ടത്തെ ഒരു സ്വതന്ത്ര ഘടകമായി അംഗീകരിക്കേണ്ടതുണ്ടെന്ന് കോടതി ഊന്നിപ്പറഞ്ഞു. “വീട്ടമ്മമാർ വ്യക്തികളുടെയും ഒപ്പം ഈ രാജ്യത്തിന്റെയും വളർച്ചയ്ക്കാണ് സംഭാവന നൽകുന്നത്. വീട്ടമ്മ ഒരു രാഷ്ട്രശില്പിയാണ്. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രനിർമ്മാതാവ് എന്ന നിലയിൽ വീട്ടമ്മയുടെ ഗാർഹിക പരിചരണത്തിന്റെ നഷ്ടം പ്രതിമാസം കുറഞ്ഞത് 30,000 രൂപയായി നിജപ്പെടുത്തുന്നു,” വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് കരോൾ വ്യക്തമാക്കി.

സുപ്രീം കോടതിയുടെ ചരിത്രപരമായ ‘പ്രണയ് സേഥി’ വിധിയിൽ അംഗീകരിച്ചിട്ടുള്ള പൊതുവായ നഷ്ടപരിഹാര മാനദണ്ഡങ്ങൾക്ക് പുറമെ, ‘ഗാർഹിക പരിചരണത്തിന്റെ നഷ്ടം’ എന്ന പേരിൽ ഈ തുക അധികമായി അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇനിമുതൽ ‘ഹോം മേക്കർ’ എന്ന വാക്ക് ‘നേഷൻ ബിൽഡർ’ (രാഷ്ട്രശില്പി) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുമെന്ന് തങ്ങൾ പ്രത്യാശിക്കുന്നതായും ജസ്റ്റിസ് കരോൾ കൂട്ടിച്ചേർത്തു. വീട്ടമ്മമാർ ജോലി ചെയ്യുന്നില്ലെന്ന പരമ്പരാഗത ധാരണ തെറ്റാണെന്നും, അവരുടെ പരോക്ഷ വരുമാനം ഒരു ദിവസക്കൂലിക്കാരന് ലഭിക്കുന്ന മിനിമം വേതനത്തേക്കാൾ കുറവായിരിക്കരുത് എന്നും മുൻപ് 2024-ൽ പുറപ്പെടുവിച്ച മറ്റൊരു സുപ്രധാന വിധിയിലും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. രണ്ടു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശമുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.