Home Blog Page 458

ഓച്ചിറയിൽ വാഹനാപകടം, ഒരു മരണം

ഓച്ചിറ. പ്രയാറിൽ പ്രൈവറ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. കാർ യാത്രിക കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃതയാണ് (27) മരിച്ചത്. കാർ യാത്രികരായ അമൃതയുടെ ഭർതൃ മാതാവ് കൊടുമൺ നിലമേൽ മേലതിൽ മോഹനന്റെ ഭാര്യ പത്മാവതി (60), മകൾ അർച്ചന (24), മരണമടഞ്ഞ അമൃതയുടെ മകൾ മിലോനി (2), കാർ ഡ്രൈവർ മുണ്ടക്കയം, കുളത്തിങ്കൽ വീട്ടിൽ തോമസിന്റെ മകൻ സാംസൺ (29) എന്നിവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിലോനിയുടെ പരിക്ക് ഗുരുതരമാണ്. സാരമായി പരിക്കേറ്റ ബസ് യാത്രക്കാരായ ക്ലാപ്പന അരുൺനിവാസിൽ ലീലാമണി (50), വൈക്കം തോട്ടത്തിൽ പൂജ ബിജു (18), പ്രയാർ പൂമുഖത്ത് പത്മകുമാരി (50), ക്ളാപ്പന വല്ലാറ്റിൽ ഷൈജ ബീഗം (44), ക്ലാപ്പന പ്ലാംകീഴിൽ നജീബ് (65), ആദിനാട് സ്വദേശിനി രജനി (34) എന്നിവർ ഓച്ചിയിലെ പരബ്രഹ്മ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് 6ന് ഓച്ചിറ ആയിരംതെങ്ങ് റോഡിൽ പ്രയാർ പാലത്തിന് കിഴക്ക് വശമായിരുന്നു അപകടം. ഓച്ചിറ നിന്നും വള്ളിക്കാവ് വഴി കരുനാഗപ്പള്ളിയിലേക്ക് സർവീസ് നടത്തുന്ന സ്വാകാര്യ ബസിലേക്ക് അഴീക്കൽ ഭാഗത്തുനിന്നും നിന്നും വന്ന സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു. മരണമടഞ്ഞ അമൃതയുടെ മൃതദേഹം ഓച്ചിറ പരബ്രഹ്മ ആശുപത്രി മോർച്ചറിയിൽ.

വനിതാ ട്വന്റി20 ലോകകപ്പിൽ ഏഴാം തവണയും മുത്തമിട്ട് ഓസ്ട്രേലിയ

വനിതാ ട്വന്റി20 ലോകകപ്പിൽ ഏഴാം തവണയും ഓസ്ട്രേലിയയുടെ തേരോട്ടം. ലണ്ടനിടെ ലോര്‍ഡ്സില്‍ നടന്ന കിരീടപ്പോരില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ തങ്ങളുടെ ഏഴാം കീരിട നേട്ടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ ബെത് മൂണിയുടെ അര്‍ധസെഞ്ചുറിയുടെയും പോഫെ ലിച്ചിഫീല്‍ഡിന്‍റെ 48 റണ്‍സിന്‍റെയും കരുത്തില്‍ ഓസീസ് 17.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 9 റണ്‍സെടുത്ത ജോര്‍ജിയ വോള്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം വിക്കറ്റില്‍ ബെത് മൂണി-ലിച്ചിഫീല്‍ഡ് സഖ്യം 67 പന്തില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓസീസിനെ വിജയത്തിന് അടിത്തറയിട്ടു.

ലിച്ചിഫീല്‍ഡ് പുറത്തായ ശേഷം ക്രീസിലെത്തിയ എല്ലിസ് പെറിയെ കൂട്ടുപിടിച്ച് ബെത് മൂണി ഓസീസിനെ വിജയത്തിന് അരികിലെത്തിച്ചു. എന്നാല്‍ പതിനാറാം ഓവറിലെ അവസാന പന്തില്‍ ജയത്തിന് 10 റണ്‍സകലെ ബെത് മൂണി(49 പന്തില്‍ 64)പുറത്തായെങ്കിലും എല്ലിസ് പെറിയും(13) ആഷ്‌ലി ഗാര്‍ഡ്നറും(3) ചേര്‍ന്ന് 18-ാം ഓവറിലെ ആദ്യ പന്തില്‍ ഓസീസിനെ വിജയത്തിലെത്തിച്ചു. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 150-4, ഓസ്ട്രേലിയ 17.1 ഓവറില്‍ 153-3.

ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ നാലാം ടി20 ലോകകപ്പ് കിരീടനേട്ടമാണിത്. 2023ലും 2020ലും 2018ലും കിരീടം നേടിയ ഓസീസിന് 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മാത്രമാണ് കിരീടം നഷ്ടമായത്.അതേസമയം, ഇംഗ്ലണ്ട് നാലാം തവണയാണ് ടി20 ലോകകപ്പ് ഫൈനലില്‍ കിരീടം കൈവിടുന്നത്. 2012ലും 2014ലും 2018ലും ഇംഗ്ലണ്ട് ഓസീസിന് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടെങ്കിലും ക്യാപ്റ്റൻ നാറ്റ് സ്കൈവര്‍ ബ്രന്‍റിന്‍റെ അര്‍ധസെഞ്ചുറിയുടെയും ഫ്രെയ കെംപിന്‍റെ പോരാട്ടത്തിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 53 പന്തില്‍ 58 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നാറ്റ് സ്കൈവറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഫ്രെയ കെംപ് 28 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ ആലീസെ ക്യാപ്സെ 20 പന്തില്‍ 23 റണ്‍സെടുത്തു.

തിരുവനന്തപുരം അമ്പൂരിയിൽ ടെമ്പോ ട്രാവലർ കയറിയിറങ്ങി  മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിനോദയാത്രക്ക് വന്ന ടെമ്പോ ശരീരത്തിലൂടെ കയറിയിറങ്ങി മൂന്നുവയസുകാരി മരിച്ചു. അമ്പൂരി കുമ്പിച്ചൽ കടവിൽ പാലം കാണാനെത്തിയ വിനോദസഞ്ചാര സംഘത്തിലെ കുട്ടിയാണ് അപകടത്തിൽ മരിച്ചത്. കുറ്റിയാണിക്കാട് സ്വദേശി അനുപ്രസാദിന്റെയും നിഷയുടെയും മകൾ ഋതുവേദയാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട വാഹനം .
കുടുംബസമേതം ടെമ്പോ ട്രാവലറിൽ പാലം കാണാൻ എത്തിയതായിരുന്നു സംഘം. തുടർന്ന് വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ അംഗങ്ങൾ പാലത്തിൽ നിൽക്കുമ്പോൾ ആയിരുന്നു അപകടം. ഹാൻഡ് ബ്രേക്ക് തകരാറിലായത്തു തുടർന്ന് മുന്നോട്ടു വന്ന വാഹനം കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ഇതേ വാഹനത്തിൽ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുഹൃത്തുക്കൾക്കൊപ്പം പുഴയിലിറങ്ങിയ യുവാവിനെ കാണാതായി

കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ ഇറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കോഴിക്കോട് എകരൂല്‍ സ്വദേശി ഷിജുവിനെയാണ് പൂനൂര്‍ പുഴയില്‍ കാണാതായത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ കാവുള്ളപറമ്പ് കടവിലാണ് സംഭവം.

കോണ്‍ക്രീറ്റ് ജോലിക്കാരനായ ഷിജു മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം. യുവാവ് ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ നരിക്കുനി അഗ്നിരക്ഷാനിലയത്തിലെ ഓഫീസര്‍ കെ പ്രദീപിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ഇവരോടൊപ്പം നാട്ടുകാരും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും തെരച്ചില്‍ തുടരുകയാണ്.

കൊല്ലത്ത് കൊലക്കേസ് പ്രതി 40 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍

പൂയപ്പള്ളി: 40 വര്‍ഷം മുന്‍പ് സഹോദരി ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഒളിവില്‍പോയ പ്രതിയെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിന്‍കര കോടിയാട്ട് വീട്ടില്‍ മോഹനന്‍പിള്ളയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായത്.
വെളിയം പടിഞ്ഞാറ്റിന്‍കര സ്വദേശിയായ ചന്ദ്രശേഖരന്‍പിള്ളയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 1987 ജനുവരി 11ന് വൈകിട്ട് ആറോടെ ചന്ദ്രശേഖരന്‍പിള്ളയുടെ വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മോഹനന്‍പിള്ള വെട്ടുകത്തികൊണ്ട് ചന്ദ്രശേഖരന്‍പിള്ളയുടെ കഴുത്തില്‍ മാരകമായി വെട്ടുകയായിരുന്നു. ചന്ദ്രശേഖരന്‍പിള്ള മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി നാട്ടില്‍ നിന്ന് കടന്നത്. കോട്ടയം കല്ലറ കാലായില്‍ വീട്ടില്‍ രാജന്‍ എന്ന വ്യാജപേരിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. അടുത്ത കാലത്ത് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പ്രതി അവിടെ വച്ച് നാട്ടുകാരനായ ഒരാളെ കാണാനിടയായി. അയാളോട് നാട്ടിലെ വിശേഷങ്ങള്‍ തിരക്കിയതാണ് വര്‍ഷങ്ങളായി മൂടിവച്ച രഹസ്യം പുറത്താകാന്‍ കാരണമായത്.
ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പോലീസ് കോട്ടയം കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു. പൂയപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന, തൃശൂർ സ്വദേശിക്ക് ദാരുണാന്ത്യം

തൃശൂർ: വിമാനത്തിനുള്ളിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. തൃശൂർ കുഴിക്കാട്ടുശ്ശേരി സ്വദേശി ജോജോയാണ് (53) മരിച്ചത്. മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു ജോജോ. വിമാനത്താവളത്തിലെ മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മോണ്‍സണ്‍ മാവുങ്കലിന്റെ കാരവന്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആക്രിക്കാര്‍ക്ക് വിറ്റു

ആലപ്പുഴ: ചേര്‍ത്തല പൊലീസ് പിടിച്ചെടുത്ത മോണ്‍സണ്‍ മാവുങ്കലിന്റെ വാഹനങ്ങള്‍ ആക്രിക്കാര്‍ക്ക് വിറ്റു. പൊലിസ് സ്റ്റേഷന്‍ പരിസരത്ത് കിടന്ന വാഹനങ്ങളാണ് ആക്രിക്കാര്‍ക്ക് വിറ്റത്. ഒരു കാരവനും വിദേശ കാറുകളും അടക്കം ഏഴ് വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തിരുന്നത്. സ്വര്‍ണ വ്യാപാരിയുമായുള്ള കേസിന്റെ ഭാഗമായാണ് ഇവ പിടിച്ചെടുത്തത്.
നിലവില്‍ രണ്ട് കാറുകള്‍ ആക്രി വില്‍പനക്കാര്‍ കൊണ്ടുപോയി. കാരവന്‍ അടക്കമുള്ള വാഹനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ കൊണ്ടുപോകും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കിടന്ന് ഈ വാഹനങ്ങള്‍ തിരുമ്പെടുത്തിരുന്നു.
സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ ഒഴിവാക്കണമെന്ന ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവ ലേലം ചെയ്ത് ആക്രി വില്‍പനക്കാര്‍ക്ക് നല്‍കിയത്.

‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ സൂര്യ- മമിത ബൈജു ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്

തിരുവനന്തപുരം: സൂര്യയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14നാണ്. ചിത്രം കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിക്കാനുള്ള ഒരുക്കത്തിലാണ് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

അടുത്തിടെ ചിത്രത്തിലെ ആദ്യ ഗാനമായ പട്ടാമ്പൂച്ചി യുടെ ലിറിക്കല്‍ വീഡിയോ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ജിവി പ്രകാശ് കുമാര്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. സൂര്യയുടെ 46ാം ചിത്രമായി എത്തുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’, ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘ലക്കി ഭാസ്‌കറി’ന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന്റെ രചയിതാവും.

രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഒരു പക്കാ ഫാമിലി എന്റര്‍ടെയ്നര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസര്‍, പോസ്റ്ററുകള്‍ എന്നിവ നല്‍കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സാണ് സ്വന്തമാക്കിയത്.

കിണറ്റില്‍ വീണ കാളയെ രക്ഷിക്കാന്‍ നടത്തിയ ശ്രമം ദാരുണ ദുരന്തത്തില്‍ കലാശിച്ചു

സത്‌ന: കിണറ്റില്‍ വീണ കാളയെ രക്ഷിക്കാന്‍ നടത്തിയ ശ്രമം ദാരുണ ദുരന്തത്തില്‍ കലാശിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ മരിക്കുകയും ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാകുകയും ചെയ്തു.

രാംനിവാസ് കുശ്വാഹയുടെ ഉടമസ്ഥതയിലുള്ള കിണറ്റില്‍ കാള വീണതിനെ തുടര്‍ന്നാണ് സംഭവം. കയറില്‍ തൂങ്ങി നാല് ഗ്രാമവാസികള്‍ ഓരോരുത്തരായി കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും അടിത്തട്ടിലെത്തിയ ഉടന്‍ അബോധാവസ്ഥയിലാവുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ നാലുപേരെയും പുറത്തെടുത്ത് സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. എന്നാല്‍ രാഹുല്‍ യാദവ് (36), വീരേന്ദ്ര യാദവ് (40), കൃഷ്ണദത്ത് യാദവ് (26) എന്നിവരെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഗുരുതരമായി അവശനായ രാമചന്ദ്ര യാദവ് (50) സത്‌ന ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കിണറിനുള്ളില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും വിഷവാതകം നിറഞ്ഞതുമാണ് നാലുപേരും അബോധാവസ്ഥയിലാകാന്‍ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.
മരിച്ച മൂന്നുപേരും ഒരേ കുടുംബാംഗങ്ങളാണെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്; കിരീടപ്പോരാട്ടത്തിന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും

ലണ്ടന്‍: വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ ഇന്ന് കരുത്തരായ ഓസ്ട്രേലിയയും ആതിഥേയരായ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍. ലോകക്രിക്കറ്റിലെ രണ്ട് വമ്പന്‍ ടീമുകള്‍ ഏറ്റുമുട്ടുന്ന ഫൈനല്‍ മത്സരം ചരിത്രപ്രസിദ്ധമായ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് ആരംഭിക്കുക. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ജിയോഹോട്ട്സ്റ്റാറിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും.
ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. സെമിഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ കിരീടപ്പോരിലേക്ക് മുന്നേറിയത്. മറുവശത്ത് ശക്തരായ ദക്ഷിണാഫ്രിക്കയെ 40 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഫൈനല്‍ ഉറപ്പിച്ചത്.
ഏഴാം വനിതാ ടി20 ലോകകപ്പ് കിരീടമാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്. സ്വന്തം നാട്ടില്‍ രണ്ടാം ലോകകിരീടം നേടുകയെന്ന വലിയ സ്വപ്നവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ബെത് മൂണി, ആഷ്ലി ഗാര്‍ഡ്നര്‍, എലിസ് പെറി എന്നിവര്‍ മികച്ച ഫോമില്‍ തുടരുന്നത് ഓസ്ട്രേലിയയ്ക്ക് ആത്മവിശ്വാസം പകരുന്നു. മറുവശത്ത് എമി ജോണ്‍സ്, നാറ്റ് സിവര്‍-ബ്രണ്ട്, ഹീതര്‍ നൈറ്റ് എന്നിവരുടെ ബാറ്റിങ് മികവും ശക്തമായ ബൗളിങ് നിരയും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളാണ്.
രണ്ട് അപരാജിത ടീമുകള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ ലോകകപ്പ് ഫൈനല്‍ ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.