തിരുവനന്തപുരം: ഭൂവുടമയിൽനിന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തെത്തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎം കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. തൃക്കണ്ണാപുരം കൗൺസിലറും സിപിഎം തിരുമല ലോക്കൽ കമ്മിറ്റി അംഗവുമായ അജിൻ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
തൃക്കണ്ണാപുരം എംഎൽഎ റോഡിൽ കരാറുകാരനായ സഞ്ജു ഏപ്രിലിൽ 11 സെന്റ് ഭൂമി വാങ്ങി കെട്ടിടനിർമാണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ കൗൺസിലർ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് സഞ്ജുവിന്റെ പരാതി. പുറമ്പോക്ക് ഭൂമി കൈയേറിയെന്ന് ആരോപിച്ചായിരുന്നു ഭീഷണിയെന്നും പരാതിക്കാർ പറയുന്നു. ഭൂമി വിറ്റയാളെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിരുന്നു.
അതേസമയം, കൈയേറ്റത്തിനെതിരെ പരാതി നൽകിയതിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരായ ആരോപണങ്ങളെന്നാണ് അജിന്റെ വിശദീകരണം. അനുമതിയില്ലാതെയാണ് കെട്ടിടനിർമാണം ആരംഭിച്ചതെന്നും താൻ പരാതി നൽകിയതിനെത്തുടർന്ന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയെന്നും അജിൻ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ കൗൺസിലർ രാജിവയ്ക്കണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടു. ആരോപണത്തിൽ വിജിലൻസ് പരിശോധന തുടരുകയാണ്.


























