ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോഴും ജാഗ്രത വേണം. ഗൂഗിൾ ക്രോമിന്റെ വ്യാജ പതിപ്പിന് പിന്നാലെ വാട്ട്സ്ആപ്പിന്റെ പേരിലും വ്യാജ ആപ്പ് പ്ലേ സ്റ്റോറിൽ കണ്ടെത്തി. ഇതിനോടകം 50 ലക്ഷത്തിലധികം പേർ ഈ ആപ്പ് ഡൗൺലോഡ് ചെയ്തതായാണ് റിപ്പോർട്ട്.
ആൻഡ്രോയിഡ് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ സെപ്റ്റംബർ മുതലാണ് വ്യാജ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായത്. പ്ലേ സ്റ്റോറിലെ സ്പോൺസേർഡ് പരസ്യ സംവിധാനം ദുരുപയോഗം ചെയ്ത് പ്രചരിപ്പിച്ച ആപ്പിനെക്കുറിച്ച് റെഡ്ഡിറ്റ് ഉപയോക്താവാണ് ആദ്യം മുന്നറിയിപ്പ് നൽകിയത്.
‘Agment Assets sallu’ എന്ന ഡെവലപ്പർ അക്കൗണ്ടിൽ നിന്നാണ് ആപ്പ് അപ്ലോഡ് ചെയ്തത്. യഥാർഥ വാട്ട്സ്ആപ്പിന്റെ സ്ക്രീൻഷോട്ടുകളും വിവരണങ്ങളും ഉപയോഗിച്ചാണ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ ഏർലി ആക്സസ് സംവിധാനം ദുരുപയോഗം ചെയ്താണ് ആപ്പ് സുരക്ഷാ പരിശോധനകൾ മറികടന്നതെന്നാണ് റിപ്പോർട്ട്. ഈ വിഭാഗത്തിലെ ആപ്പുകൾക്ക് പൊതുവായ ഉപയോക്തൃ റിവ്യൂകൾ നൽകാൻ കഴിയാത്തതിനാൽ, മറ്റുള്ളവരുടെ മുന്നറിയിപ്പുകൾ പരിശോധിക്കാനും ഉപയോക്താക്കൾക്ക് സാധിച്ചില്ല.
കഴിഞ്ഞ ആഴ്ച ഒരു ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്ത വ്യാജ ഗൂഗിൾ ക്രോം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാട്ട്സ്ആപ്പിന്റെ പേരിലുള്ള വ്യാജ ആപ്പും കണ്ടെത്തിയത്. തുടർച്ചയായ ഇത്തരം സംഭവങ്ങൾ പ്ലേ സ്റ്റോറിലെ പരസ്യങ്ങളുടെയും ആപ്പുകളുടെയും സുരക്ഷാ പരിശോധനാ സംവിധാനങ്ങളെക്കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ട്.
ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഡെവലപ്പറുടെ പേര് പരിശോധിക്കണമെന്നും ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. ഔദ്യോഗിക വാട്ട്സ്ആപ്പ് ആപ്പിന്റെ ഡെവലപ്പർ പേര് ‘WhatsApp LLC’ എന്നാണ്. ഡെവലപ്പറുടെ പേരിനൊപ്പം ഡൗൺലോഡ് വിവരങ്ങളും ലഭ്യമായ റിവ്യൂകളും പരിശോധിച്ചശേഷം മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതാണ് സുരക്ഷിതം.
Home News Breaking News പ്ലേ സ്റ്റോറിലും വ്യാജന്മാർ; വാട്ട്സ്ആപ്പിന്റെ പേരിൽ തട്ടിപ്പ്, ഡൗൺലോഡ് ചെയ്തത് 50 ലക്ഷം പേർ


























