30.7 C
Kollam
Sunday 18th October, 2026 | 11:36:11 AM
Home News Breaking News എൻജിനീയറിങ് കോളജിലെ പരിപാടിയ്ക്കിടെ ലൈറ്റിങ് സ്റ്റാൻഡ് തകർന്നുവീണു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

എൻജിനീയറിങ് കോളജിലെ പരിപാടിയ്ക്കിടെ ലൈറ്റിങ് സ്റ്റാൻഡ് തകർന്നുവീണു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: എൻജിനീയറിങ് കോളജിലെ ദാണ്ഡിയ ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാൻഡ് തകർന്നുവീണ് ഒന്നാം വർഷ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. അപകടത്തിൽ 14 പേർക്ക് ഗുരുതരമായി പരുക്കേറ്റു. എംവിഎസ്ആർ എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിനി സോന നാരായൺ ദാസാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം.

കോളജിന്റെ വാർഷിക സാംസ്കാരിക–സാങ്കേതിക മേളയുടെ ഭാഗമായി സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് ദുരന്തം. വൈകിട്ട് 5.30ന് ആരംഭിച്ച പരിപാടി അവസാനിക്കാൻ പത്തുമിനിറ്റ് ശേഷിക്കേ ശക്തമായ കാറ്റിൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്ന സ്റ്റാൻഡുകളിലൊന്ന് തകർന്നുവീഴുകയായിരുന്നു. നൃത്തം ചെയ്തുകൊണ്ടിരുന്ന വിദ്യാർഥിനികളുടെ ഭാഗത്തേക്കാണ് സ്റ്റാൻഡ് പതിച്ചത്. സോനയുടെ ദേഹത്തേക്ക് സ്റ്റാൻഡ് വീണതിനെത്തുടർന്ന് ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സോനയുടെ സഹോദരിക്കും പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ശക്തമായ കാറ്റാണ് ലൈറ്റിങ് സ്റ്റാൻഡ് തകർന്നുവീഴാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, ആംബുലൻസ് സമയത്ത് എത്താതിരുന്നതിനാൽ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ കോളജിന്റെ വാഹനങ്ങളാണ് ഉപയോഗിച്ചതെന്ന് കോളജ് ഡയറക്ടർ പ്രസന്നകുമാർ പറഞ്ഞു. മരിച്ച വിദ്യാർഥിനിയുടെ കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയാണ് അപകടത്തിന് കാരണമെന്ന് സോനയുടെ കുടുംബം ആരോപിച്ചു. പരുക്ക് നിസാരമാണെന്നാണ് ആദ്യം അറിയിച്ചതെന്നും ആശുപത്രിയിലെത്തും മുൻപുതന്നെ സോന മരിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.

വിദ്യാർഥിനിയുടെ മരണത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആഘോഷത്തിനിടെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നോ, ലൈറ്റിങ് സ്റ്റാൻഡ് തകർന്നുവീഴാൻ ഇടയായ സാഹചര്യം എന്താണ് തുടങ്ങിയ കാര്യങ്ങൾ അന്വേഷണവിധേയമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here