Home Blog Page 434

സപ്ലൈയ്ക്കോക്ക് 90 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം.സപ്ലൈയ്ക്കോക്ക് 90 കോടി അനുവദിച്ച് കേന്ദ്രസർക്കാർ. നല്‍കാനുള്ള തുകയിൽ നിന്നാണ് അടിയന്തര സഹായമായി 90 കോടി രൂപ അനുവദിച്ചത്. 200 കോടി രൂപ കൂടി ഉടൻ അനുവദിക്കും. സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു

ഇതിനു പിന്നാലെയാണ് അടിയന്തരമായി തുക അനുവദിച്ചത്

മണ്ണാർക്കാട് പള്ളിക്ക് അകത്ത് കൊടുവാളുമായി യുവാവിന്റെ അതിക്രമം

പാലക്കാട്‌. മണ്ണാർക്കാട് പള്ളിക്ക് അകത്ത് കൊടുവാളുമായി എത്തി യുവാവിന്റെ അതിക്രമം.
നെല്ലിപ്പുഴ ജുമാമസ്ജിദിൽആണ് സംഭവം ..കൊടുവാളുമായി എത്തിയ യുവാവ് പള്ളിക്ക് അകത്ത് കയറി വാതിലുകൾ പൂട്ടി.
മാനസികവൈകല്യം ഉള്ള ആളാണ് അതിക്രമം നടത്തിയതെന്ന് പോലീസ്.

ബാങ്ക് വിളിക്കാൻ പള്ളിയിലെത്തിയ മുക്രിയാണ് ആദ്യം വിവരമറിയുന്നത്. പള്ളിയുടെ വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടിയിരിക്കുന്നു. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. ഇതോടെയാണ് കൊടുവാളുമായി എത്തിയ യുവാവ് പള്ളിക്കുള്ളിൽ ഉണ്ടെന്ന വിവരം അറിയുന്നത്.
പിന്നാലെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പള്ളിയുടെ വാതിൽ കുത്തിത്തുറന്നു. വാതിലുകൾ തകർത്ത അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെ യുവാവ് പോലീസിനെ നേരെ കൊടുവാൾ വീശി.
മണ്ണാർക്കാട് നെല്ലിപ്പുഴ ജുമാമസ്ജിദിൽ ആണ് സംഭവം.
മാനസികവൈകല്യം ഉള്ള ആളാണ് അതിക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.. കൊടുവാളുമായി എത്തിയ യുവാവ് ഏറെനേരം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളിൽ നിന്നും വിശദമായി അന്വേഷണസംഘം കാര്യങ്ങൾ ചോദിച്ചറിയും.

ഓപ്പറേഷൻ തൂഫാന്‍, പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

പുനലൂര്‍.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ചെറുകിട വിൽപ്പനയ്ക്കായി ലഹരി ഉൽപ്പന്നങ്ങൾ കേരളത്തിലെത്തിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ.

റെയിൽവേ എസ്.പിയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുനലൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രജിത്ത് അഹമ്മദ്, അസറുദ്ദീൻ എന്നിവരെ പുനലൂർ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് തിരികെ തമിഴ്നാട്ടിലേക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിവരുകയും ചെറുകിട വിൽപ്പന നടത്തുകയും ചെയ്തിരുന്നവരാണ് ഇരുവരെന്നും അന്വേഷണത്തിൽ വ്യക്തമായതായി റെയിൽവേ പോലീസ് അറിയിച്ചു.

ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപ്പനയെന്നും പോലീസ് പറഞ്ഞു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിലും പുനലൂർ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും ശക്തമായ പരിശോധന തുടരുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

വാഹനാപകടക്കേസിൽ മൊഴിയെടുത്തു കൊണ്ടിരിക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ പ്രതി പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചു,വനിതാ എഎസ്ഐക്ക് ഗുരുതര പരിക്ക്

കായംകുളം.വാഹനാപകടക്കേസിൽ മൊഴിയെടുത്തു കൊണ്ടിരിക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ പ്രതി പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചു. പ്രതിയുടെ മർദ്ദനത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ അടക്കം രണ്ടുപേർക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ എഎസ്ഐ പ്രിയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതി റൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു

പോലീസ് സ്റ്റേഷനിൽ കയറി ആണ് വാഹനാപകട കേസിലെ പ്രതി പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്.കായംകുളം പോലീസ് സ്റ്റേഷനിൽ ഇന്ന് വൈകിട്ട് ആയിരുന്നു സംഭവങ്ങൾ നടന്നത്. ഇന്ന് ഉച്ചയ്ക്ക് കായംകുളം കൊച്ചുകുളങ്ങരയിൽ വെച്ച് തവക്കൽ സ്വദേശി സിറാജിനെ മർദ്ദിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്ത കേസിൽ സിറാജും ഭാര്യയും കായംകുളം സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു.

ഈ പരാതിയിൽ മൊഴി എടുക്കുന്നതിനിടെയാണ് പ്രതി റൈസൽ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയ പ്രതി അക്രമാസക്തനാവുകയായിരുന്നു.ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥരായ പ്രിയ,സജീവ് കുമാർ എന്നിവരെ പ്രതി മർദ്ദിച്ചത്.മർദ്ദന സമയത്ത് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ കുറവായിരുന്നു.സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പുറത്തെത്തിയാണ് പ്രതിയെ ബലംപ്രയോഗിച്ചു കീഴ്പ്പെടുത്തിയത്.മർദ്ദനത്തിൽ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായ പരിക്കാണ് ഏറ്റത്.പരിക്കേറ്റ് രണ്ട് ഉദ്യോഗസ്ഥരെയും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലഹരി വിൽപന നടത്തിയെന്ന് ആരോപിച്ച് യുവാക്കളെ ആൾക്കൂട്ടം വിചാരണ ചെയ്ത കേസ്, പ്രതികൾ പിടിയിൽ

പെരുമ്പാവൂര്‍. ലഹരി വിൽപന നടത്തിയെന്ന് ആരോപിച്ച് യുവാക്കളെ ആൾക്കൂട്ടം വിചാരണ ചെയ്ത കേസിൽ പ്രതികൾ പിടിയിൽ.പെരുമ്പാവൂർ സ്വദേശികളായ 6 പേരാണ് പിടിയിലായത്.
മർദ്ദനമേറ്റ യുവാക്കൾ നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.

പെരുമ്പാവൂർ ഭായി കോളനിയിൽ എത്തിയ യുവാക്കളെ തടഞ്ഞുവെച്ച് മർദിച്ച കേസിൽ പ്രദേശവാസികളായ 6 പേരാണ് പിടിയിലായിരിക്കുന്നത്.പെരുമ്പാവൂർ സ്വദേശികളായസജീദ്,മാഹിൻകുട്ടി,ഷമീർ,ഷരീഫ്,റഫീഖ്,അൻവർ എന്നിവരാണ് പിടിയിലായത്.
മർദ്ധനമേറ്റ യുവാക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം.ജോലി അവശ്യത്തിന് എത്തിയ യുവാക്കളെ
കഞ്ചാവ് വില്പനകാർ എന്ന് ആരോപിച്ചാണ് തടഞ്ഞുവെച്ച് മർദിച്ചത്.മർദ്ധനശേഷം യുവാക്കളെ പരസ്യമായി വിചാരണ ചെയ്തു.ശേഷം യുവാക്കളുടെ മുടിയും സംഘം മുറിച്ചുമാറ്റി.ഇതിന് ശേഷമാണ് പ്രതികൾ 3 യുവാക്കളെയും വിട്ടത്.കഞ്ചാവ് വിൽപ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും മുറിയിൽ പൂട്ടിയിട്ട് നഗ്നരാക്കി മർദ്ദിച്ചെന്ന് യുവാക്കൾ പറയുന്നു.സംഭവത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലിസ് കേസ് എടുത്തിരിക്കുന്നത്.പ്രതികളെ കോടതിയിൽ ഹാജരാക്കും

വിഴിഞ്ഞത്തെ സ്വർണ പണയ തട്ടിപ്പിൽ 2 യുവതികൾ ആത്മഹത്യ ചെയ്ത കേസ്, പ്രതി സിന്ധുവിന് കോടികളുടെ ഇടപാട്

തിരുവനന്തപുരം. വിഴിഞ്ഞത്തെ സ്വർണ പണയ തട്ടിപ്പിൽ 2 യുവതികൾ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതി സിന്ധു വിൻ്റെ  പണം ഇടപാടുകളിൽ ദൂരുഹതയുണ്ടെന്ന് പോലീസ്. ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒന്നര കോടി രൂപയുടെ ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തി.
പ്രതിയുടെ  ഫോണുകൾ ശാസ്ത്രിയ പരിശോധനയ്ക്ക് വിധേയമാക്കും.

തട്ടിപ്പിനിരയായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ
ജീവനക്കാരികളായ അഞ്ജു , ഐശ്വര്യ എന്നിവർ കഴിഞ്ഞ മാസം 30 തീയതിയാണ്
ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആദ്യം അഞ്ചുവും പിന്നാലെ ഐശ്വര്യവും ചികിത്സയിലിരിക്കയാണ് മരണപ്പെട്ടത്.
ജ്യൂസിൽ എലിവേഷം കലർത്തിയായിരുന്നു ആത്മഹത്യ ശ്രമം.
ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴാണ് വിവരങ്ങൾ വീട്ടുകാരോട് ഇരുവരും പങ്കുവയ്ക്കുന്നത്.
ഇതോടെയാണ് പ്രതിയായ സിന്ധുവിലേക്കും വായ്പ തട്ടിപ്പിന്റെ വ്യാപ്തിയിലേക്കും അന്വേഷണം എത്തുന്നത്.


വിഴിഞ്ഞം, അമരവിള ശാഖകളിലെ സ്വർണപ്പണയ സ്ഥാപനങ്ങളിൽ ആളുകൾ പണയം വെച്ചിരുന്ന 70 പവനിലധികം സ്വർണം ഇവർ പനങ്ങോട് സ്വദേശിനി സിന്ധു വിന്
മറിച്ച് നൽകിയിരുന്നു. ഈ സ്വർണം സിന്ധു വിറ്റു. പണയം വെച്ച സ്വർണം തിരികെ ആവശ്യപ്പെട്ട് ആളുകൾ സ്ഥാപനത്തിൽ എത്തിയപ്പോൾ സ്വർണം തിരികെ നൽകാൻ സിന്ധു തയ്യാറായില്ല. ഇടപാടുകാർക്ക് സ്വർണം തിരികെ നൽകാതെയായതോടെ സ്വർണം നഷ്ടപ്പെട്ട മാനസിക വിഷമത്തിലാണ് ഇരുവരും ജീവനുൊടുക്കുന്നത്.
പിന്നാലെയാണോ വർക്കല പോലീസ് സിന്ധുവിലേക്ക് കൂടുതൽ അന്വേഷണം കേന്ദ്രീകരിച്ചത്. പ്രതി സിന്ധുവിന്റെപ്രതി സിന്ധുവിന്റെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒന്നര കോടി രൂപയുടെ ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തി.
 ഒരു ബാങ്കിൽ മാത്രം പ്രതിക്ക് 4 അക്കൗണ്ടുകളും മറ്റ് 2 ബാങ്കുകളിൽ 2 അക്കൗണ്ടും ഉണ്ട്.
ഈ ഇടപാടുകളുടെ വിശദാംശങ്ങളൊക്കെ പോലീസ് ശേഖരിക്കുകയാണ്.
ഒപ്പം പ്രതിയുടെ ഫോണുകൾ ശാസ്ത്രീയ പരിശോധയ്ക്കയച്ചിട്ടുണ്ട്. ക്രമക്കേടുമായി ബദ്ധപ്പെട്ട്
നിലവിൽ 17 പരാതികൾ ലഭിച്ചിട്ടുണ്ട്. 175 പവനിലേറെ തട്ടിയെടുത്തതായാണ് പ്രാഥമിക വിവരം. വിശദ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അടുത്ത ആഴ്ച അപേക്ഷ നൽകും. ഇവരോട് അടുപ്പമുള്ള മറ്റ് സൊസൈറ്റികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റിൻ്റെ കൂട്ടാളിയെ ഓപ്പറേഷൻ തൂഫാൻ സംഘം കുടുക്കി

പത്തനംതിട്ട: ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ കൂട്ടാളിയും അറസ്റ്റിൽ. പത്തനംതിട്ട എഴുമറ്റൂർ സ്വദേശിയും വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടുമായ ഷർഫിൻ സെബാസ്റ്റ്യൻ നേരത്തെ എംഡിഎംഎയുമായി അറസ്റ്റിലായിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി കടത്തിലെ കൂട്ടാളിയായ എഴുമറ്റൂർ സ്വദേശി സുമിത് മോഹനനെ (37) കുറിച്ച് വിവരം കിട്ടിയത്. എറണാകുളം കളമശ്ശേരിയിൽ നിന്നാണ് സുമിത് മോഹനനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് ഷർഫിൻ സെബാസ്റ്റ്യനില്‍ നിന്നും 1.5 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തത്. പുസ്തകങ്ങൾക്കിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം ലഹരി വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളും പ്രതിയുടെ പക്കൽ നിന്നും പൊലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ നടന്ന ഈ ലഹരി കടത്തിനെക്കുറിച്ച് പെരുമ്പെട്ടി പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

സിഗററ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ,പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം മൂന്ന് പേരെ പിടികൂടി

മലപ്പുറത്ത് സിഗററ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎ പൊലീസ് പിടികൂടി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം മൂന്ന് പേരെ കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്നുള്ള വാഹന പരിശോധനയിലാണ് ലഹരി കണ്ടെത്തിയത് .

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എടരിക്കോട് മമ്മാലിപ്പടിയിൽ കൽപകഞ്ചേരി പോലീസ് വാഹന പരിശോധന ശക്തമാക്കുകയായിരുന്നു. ഇതിനിടെ സംശയാസ്പദമായി എത്തിയ കറുത്ത ഹ്യുണ്ടായി ക്രെറ്റ കാർ പോലീസ് തടഞ്ഞുനിർത്തി. കാറിനുള്ളിൽ നടത്തിയ വിശദമായ പരിശോധനയിലാണ് സിഗററ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

കാറിലുണ്ടായിരുന്ന മഞ്ചേരി ഇളംകൂർ സ്വദേശി കൊയിലാണ്ടി വീട്ടിൽ അനസിനെയും, കോഴിച്ചെന പെരുമണ്ണ പാടത്തേരി മുഹമ്മദ് ഷാനുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജുവനൈൽ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു.
സിഗററ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചിരുന്ന 1.24 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്. പ്രതികൾ സഞ്ചരിച്ച കെ.എൽ.07 സി.ആർ.2340 നമ്പർ കറുത്ത ഹ്യുണ്ടായി ക്രെറ്റ കാറും കസ്റ്റഡിയിലെടുത്തു.ലഹരി എവിടെ നിന്നാണ് എത്തിച്ചത്, ആർക്കാണ് കൈമാറാനിരുന്നത്, പിന്നിൽ വലിയ ലഹരി ശൃംഖലയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ പ്രതികളിലേക്കും ലഹരി വിതരണ സംഘത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് കൽപകഞ്ചേരി പോലീസ്.

ജന്മദിനത്തില്‍ ദാരുണാന്ത്യം, ബൈക്ക് ഓടിച്ച യുവാവും വനിതാ സുഹൃത്തും അപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. എറണാകുളം സ്വദേശി നവീന്‍ സിബി, തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ എന്നിവരാണ് മരിച്ചത്.ഐ.ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

മൃദുല അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു, നവീന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നവീന്‍ ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ എഞ്ചിനിയറും, മൃദുല കിന്‍ഫ്രയിലെ ഐടി ജീവനക്കാരിയുമാണ്. നവീന്റെ ജന്‍മദിനമായിരുന്നു ഇന്ന്. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞപ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്.

മൂന്ന് പതിറ്റാണ്ട് ആഡംബര ഹോട്ടലുകളെ കബളിപ്പിച്ചു; 69-കാരൻ ഒടുവിൽ കുടുങ്ങി

റായ്പൂർ: രാജ്യമെമ്പാടുമുള്ള ആഡംബര ഹോട്ടലുകളെ മൂന്ന് പതിറ്റാണ്ടോളം സമർഥമായി കബളിപ്പിച്ച 69-കാരൻ ബിങ്സൺ ജോൺ ഒടുവിൽ പോലീസിന്റെ പിടിയിലായി. ഹോട്ടലുകളിൽ മാന്യനായ അതിഥിയായി താമസിച്ച് ബിൽ അടയ്ക്കാതെ മുങ്ങുകയും വിലപിടിപ്പുള്ള സാധനങ്ങൾ കൈക്കലാക്കുകയും ചെയ്തിരുന്ന ഇയാളെ റായ്പൂർ പോലീസ് ഭുവനേശ്വറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

റായ്പൂരിലെ ഒരു ആഡംബര ഹോട്ടലിൽ രണ്ട് ദിവസം താമസിച്ച ശേഷം 63,755 രൂപയുടെ ബിൽ അടയ്ക്കാതെ കടന്ന ഇയാൾ, 1.48 ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പും കൈക്കലാക്കിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണമാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്. സാങ്കേതിക തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

അറസ്റ്റിലായ ശേഷവും താൻ ലാപ്ടോപ്പ് മോഷ്ടിച്ചതല്ലെന്നും, ഓഫീസ് ആവശ്യത്തിനായി എടുത്തതാണെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ വിവിധ സംസ്ഥാനങ്ങളിലായി സമാനരീതിയിലുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

1980-കളിൽ ഡൽഹിയിൽ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തിരുന്ന ബിങ്സൺ, വിദേശ വിനോദസഞ്ചാരികൾക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. പിന്നീട് ഒരു ഹോട്ടലിൽ നേരിട്ട അപമാനമാണ് കുറ്റകൃത്യങ്ങളിലേക്ക് തിരിയാൻ കാരണമായതെന്നാണ് പോലീസിനോട് ഇയാൾ വെളിപ്പെടുത്തിയത്.

തിഹാർ ജയിലിൽ കഴിയുന്നതിനിടെ കുപ്രസിദ്ധ കുറ്റവാളിയായ ചാൾസ് ശോഭ്‌രാജിന്റെ പ്രവർത്തനരീതികളിൽ ആകൃഷ്ടനായ ഇയാൾ, പിന്നീട് വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രാജ്യത്തെ വിവിധ നഗരങ്ങളിലെ ആഡംബര ഹോട്ടലുകളിൽ താമസിക്കുകയും ബിൽ അടയ്ക്കാതെ മുങ്ങുകയും ചെയ്തതായി പോലീസ് പറയുന്നു.

കഴിഞ്ഞ 30 വർഷത്തിനിടെ 300-ഓളം ഹോട്ടലുകളെ ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിലായി ഏകദേശം 15 വർഷം ശിക്ഷ അനുഭവിച്ചിട്ടും ഓരോ മോചനത്തിനുശേഷവും പുതിയ നഗരവും പുതിയ തിരിച്ചറിയലും കണ്ടെത്തി തട്ടിപ്പ് ആവർത്തിക്കുകയായിരുന്നു.

ഇപ്പോൾ ഇയാളുടെ കുറ്റകൃത്യങ്ങളുടെ വ്യാപ്തി റായ്പൂർ പോലീസ് പരിശോധിച്ചുവരികയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കേസുകൾ ഏകോപിപ്പിച്ചാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.