Home Blog Page 433

തിരുവല്ലത്തെ ബൈക്ക് അപകടത്തില്‍ യുവതിയും യുവാവും മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ടതല്ലെന്ന് പൊലീസ് കണ്ടെത്തല്‍,ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്ന് പൊലീസ് കണ്ടെത്തി. കാര്‍ ബൈക്കിന് പിന്നിലിടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ കാര്‍ ഓടിച്ച വിഷ്ണു എന്ന യുവാവ് പിടിയിലായി. അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു. ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി, തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ എന്നിവരാണ് മരിച്ചത്.

ഐ ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവര്‍ക്കും 25 വയസ്സാണ്. ഇന്നലെ നവീന്റെ ജന്മദിനമായിരുന്നു. അത് ആഘോഷിക്കാനായി കോവളത്തേക്ക് പോകുകയായിരുന്നു നവീനും മൃദുലയും. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ അപകടസ്ഥലത്ത് നടത്തിയ പരിശോധനയില്‍ പൊലീസിന് തോന്നിയ സംശയമാണ് സംഭവത്തില്‍ നിര്‍ണായകമായത്.

ബൈക്കിന് പിന്നിലിരുന്ന മൃദുല മീറ്ററുകളോളം ദൂരേയ്ക്ക് തെറിച്ചു വീണ് തലയിടിക്കുകയായിരുന്നു. കാറ്റ് പിടിച്ചു അപകടം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് പൊലീസ് വിലയിരുത്തി. തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്കിന് പിന്നില്‍ ഒരു കാര്‍ പോകുന്നത് കണ്ടെത്തി. ഈ കാറിന്റെ ഉടമ മലയിന്‍കീഴ് സ്വദേശി വിഷ്ണുവാണെന്നും പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് രാത്രി തന്നെ വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് സംഘമെത്തി.

വീടിന് മുന്നിലുണ്ടായിരുന്ന കാറില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകളും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍, അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച കാര്യം സമ്മതിച്ചു. അപകടമുണ്ടായശേഷം കാര്‍ നിര്‍ത്താതെ പോയെന്നും പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ നവീനും മൃദുലയും തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. പിടിയിലായ വിഷ്ണുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

നവീന്‍ ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനിയറും, മൃദുല കിന്‍ഫ്രയിലെ ഐടി ജീവനക്കാരിയുമാണ്. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. മൃദുല അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു, നവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഠനകാലം മുതൽ ഇവർ സുഹൃത്തുക്കളായിരുന്നു.

ചടയമംഗലത്ത് ഓടികൊണ്ടിരുന്ന സൂപ്പർ ഫാസ്റ്റിന് തീപിടിച്ചു

കൊല്ലം : ചടയമംഗലം കുരിയോട് ഭാഗത്ത് ഓടികൊണ്ടിരുന്ന
കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു. ആളപായമില്ല. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സാണിത്. രാവിലെ 5.30 തോടെയായിരുന്നു സംഭവം. ഒൻപത് യാത്രാക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ഡീസൽ ടാങ്കിൻ്റെ പൈപ്പിലുണ്ടായ ചോർച്ചയാകാം തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കൽ നിന്ന് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു.

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ജൂലൈ 10, വെള്ളി

ഫ്രഞ്ച് പട സെമി ഫൈനലിൽ

മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെയുടെയും ഉസ്മാന്‍ ഡെംബലെയുടെയും ഗോളുകളാണ് ഫ്രാന്‍സിന് ജയം സമ്മാനിച്ചത്. 60-ാം മിനിറ്റില്‍ എംബാപ്പെ ഫ്രാന്‍സിനായി അക്കൗണ്ട് തുറന്നു. 66-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെ ഉസ്മാന്‍ ഡെംബലെ ലീഡ് ഉയര്‍ത്തി.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു

പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കാന്‍ ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവരാണ് സംഘത്തിലെ അംഗങ്ങള്‍. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് രണ്ടാഴ്ച കൂടുമ്പോള്‍ സമര്‍പ്പിക്കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ പറയുന്നു.

പിഎസ്‌സിയിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം

പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണവും ആരംഭിച്ചു. ആസൂത്രണ ബോര്‍ഡിലെ പരീക്ഷ ക്രമക്കേടില്‍ പരാതി നല്‍കിയ തിരുവനന്തപുരം സ്വദേശിയുടെ മൊഴി ആഭ്യന്തര വിജിലന്‍സ് രേഖപ്പെടുത്തി.

ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം ഇന്ന്

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തില്‍ പുതിയൊരു സഹകരണ മാതൃകയ്ക്ക് ഈ യോഗം തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

കേരളത്തിന്റെ വികസനത്തിന് എംപിമാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: മുഖ്യമന്ത്രി

ഡല്‍ഹിയില്‍ കേരളത്തിന്റെ ‘യഥാര്‍ഥ അംബാസിഡര്‍മാരായി’ എല്ലാ എംപിമാരും ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും വികസന പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന എംപിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെയ്യാറ്റിന്‍കരയിൽ രോഗി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്

നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. കൂട്ടപ്പന സ്വദേശി രാജേഷ് കുമാര്‍ (52) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി.

വിഴിഞ്ഞം വിവാദം: നിലപാട് വ്യക്തമാക്കി ഇപി ജയരാജൻ

വിഴിഞ്ഞം ഓഹരി വിവാദത്തില്‍ അഴിമതി ആരോപിച്ച പാര്‍ട്ടി നിലപാട് ഏറ്റെടുക്കാതെ കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. പദ്ധതിയിലെ വിവാദം അനാവശ്യമാണെന്നും അഴിമതി ആരോപണം ഉന്നയിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിൽ നേതൃമാറ്റമില്ലെന്ന് കെ കെ ശൈലജ

നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിക്കു പിറകേ നേതൃത്വത്തില്‍ മാറ്റം വരുത്തുന്ന രീതി സി പി എമ്മില്‍ ഇല്ലെന്ന് കെ കെ ശൈലജ പറഞ്ഞു. തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല ദർശനം: മന്ത്രി കെ. മുരളീധരൻ

ശബരിമലയില്‍ എല്ലാ ഭക്തര്‍ക്കും ദര്‍ശന സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടത്തിയ അവലോകന യോഗത്തില്‍ റോഡ് നിര്‍മ്മാണം, ഇടത്താവള നവീകരണം തുടങ്ങിയവ വിലയിരുത്തി.

പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയം

ആറുമാസം പിന്നിട്ട പാലാ നഗരസഭാ ഭരണത്തിന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു. ഇതോടെ നഗരസഭാ ചെയര്‍പേഴ്സനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.

നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതി തീരുമാനം മാറ്റി

നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി.

വ്യാജ പ്രചാരണത്തിനെതിരെ വി എം സുധീരൻ

തനിക്കെതിരെ ഫേസ് ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരത്തെ പിഎസ്സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

കെഎസ്ഇബി അഡീഷണൽ ഡെപ്പോസിറ്റ്: പുനഃപരിശോധന

സോളാര്‍ ഉപഭോക്താക്കളുടെ അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് കണക്കുകള്‍ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

ദിവ്യ എസ്. അയ്യരെ മാറ്റിയ സംഭവം: പ്രതികരണവുമായി കെ.കെ. ശൈലജ

വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതില്‍ കെ.കെ. രാഗേഷിന്റെ വിമര്‍ശനത്തെ തള്ളി കെ.കെ. ശൈലജ രംഗത്തെത്തി. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ സ്ഥലംമാറ്റങ്ങള്‍ സ്വാഭാവികമാണെന്ന് അവര്‍ പറഞ്ഞു.

വ്യാജ പോക്സോ പരാതി: എസ്ഐക്ക് സ്ഥലംമാറ്റം

പതിമ്മൂന്നുകാരിയുടെ വ്യാജ പോക്സോ പരാതിയില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിച്ച എസ്ഐയെ സ്ഥലംമാറ്റി. സിഐക്കെതിരേയും നടപടിയുണ്ടാകും.

വ്യാജ ലഹരി വിരുദ്ധ സംഘടന: കൂട്ടാളി അറസ്റ്റിൽ

വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ കൂട്ടാളിയായ സുമിത് മോഹനനെ (37) പോലീസ് അറസ്റ്റ് ചെയ്തു.

ചതിക്കുഴിയിൽ വീഴ്ത്തി സ്വർണം കവർന്നു: യുവതി അറസ്റ്റിൽ

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് യുവാവിനെ വിളിച്ചുവരുത്തി നാലു പവന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത യുവതിയെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു.

തട്ടിക്കൊണ്ടുപോകൽ: ആറുപേർ പിടിയിൽ

കോഴിക്കോട് നഗരത്തില്‍നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയിലായി.

കള്ളാടി ദുരന്തബാധിതർക്ക് സഹായമെത്തിച്ചു

കള്ളാടി ദുരന്തബാധിതര്‍ക്കുള്ള ക്യാമ്പിലെ കുട്ടികള്‍ക്ക് മന്ത്രി ടി സിദ്ദിഖ്, പ്രിയങ്ക ഗാന്ധി നല്‍കിയ മിഠായികളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.

വിനായകനെതിരെ കേസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ ആലപ്പുഴ മാവേലിക്കര പൊലീസ് കേസെടുത്തു.

പാലക്കാട് മെഡിക്കൽ കോളേജ്: കുടിവെള്ളത്തിൽ ബാക്ടീരിയ

പാലക്കാട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് 50-ഓളം വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി.

ചികിത്സാ പിഴവ്: സ്വകാര്യ ആശുപത്രിക്ക് പിഴ

മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകര്‍മ്മത്തില്‍ ചികിത്സാ പിഴവെന്ന പരാതിയില്‍ സ്വകാര്യ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

എം. മുകേഷിനെതിരെ പരാതി

കൊല്ലം മുന്‍ എംഎല്‍എ എം മുകേഷ് എംഎല്‍എ ബോര്‍ഡ് മാറ്റിയില്ലെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കി.

തിരുവല്ലം ബൈക്ക് അപകടം

തിരുവനന്തപുരം തിരുവല്ലം ടോള്‍പ്ലാസക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവും യുവതിയും മരിച്ചു.

വിജയ് സർക്കാരിന്റെ തീരുമാനം: വിമർശനവുമായി സിപിഎം-സിപിഐ

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള വിജയ് സര്‍ക്കാരിന്റെ തീരുമാനം തെറ്റായ കീഴ്വഴക്കമാണെന്ന് സിപിഎമ്മും സിപിഐയും വിമര്‍ശിച്ചു.

പരന്തൂർ പദ്ധതി ഉപേക്ഷിച്ച് ടിവികെ സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം പരന്തൂറില്‍ നിര്‍മ്മിക്കാനുള്ള ഡിഎംകെ സര്‍ക്കാരിന്റെ പദ്ധതി ടിവികെ സര്‍ക്കാര്‍ ഉപേക്ഷിച്ചു.

വാഹനാപകടം: ഏഴുപേർ മരിച്ചു

കര്‍ണാടകയിലെ യെല്ലാപുരിലുണ്ടായ വാഹനാപകടത്തില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു.

മഹാരാഷ്ട്രയിൽ ഫ്ലൈഓവർ തകർന്നു

മഹാരാഷ്ട്ര നാന്ദേഡില്‍ നാന്ദേഡ്-ലാത്തൂര്‍ ഹൈവേയിലെ ഫ്ലൈഓവറിന്റെ ഒരു ഭാഗം തകര്‍ന്നുവീണു.

ഡോക്ടറുടെ രാജി

മഹാരാഷ്ട്ര താനെയിലെ ആശുപത്രിയില്‍ ശിവസേന നേതാവിന്റെ മര്‍ദനത്തിനിരയായ ഡോക്ടര്‍മാരില്‍ ഒരാള്‍ രാജിവച്ചു.

ഇന്ത്യൻ നാവികനെ കാണാതായി

യുക്രൈന്‍ തീരത്ത് ഇന്ത്യന്‍ നാവികന്‍ ദീപക് ദുഡ്ഡിയെ കാണാതായി. നാവികന്‍ കപ്പലില്‍ നിന്ന് കടലിലേക്ക് വീണതായാണ് സംശയം.

അയോധ്യ ക്ഷേത്ര തട്ടിപ്പ്

അയോധ്യ ക്ഷേത്രത്തില്‍നിന്ന് കടത്തിയ വഴിപാട് പണം പ്രതികള്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചെന്ന് അന്വേഷണ സംഘം. 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

ഹോട്ടൽ തട്ടിപ്പ്: 69-കാരൻ പിടിയിൽ

മൂന്നുപതിറ്റാണ്ടായി രാജ്യത്തെ മുന്നൂറിലേറെ ആഡംബര ഹോട്ടലുകളില്‍ താമസിച്ച് പണമടക്കാതെ മുങ്ങി തട്ടിപ്പു നടത്തിയ തമിഴ്നാട് സ്വദേശിയെ റായ്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധം തടഞ്ഞതായി ആരോപണം

ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടരുന്ന കോക്റോച്ച് ജനത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള റെയിന്‍ കോട്ടുകളും ടാര്‍പായകളും പോലീസ് തടഞ്ഞതായി പരാതി.

തൃണമൂൽ നേതാക്കൾ ബിജെപിയിൽ

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരായിരുന്ന മൂന്ന് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.

അമേരിക്കയിൽ വിദ്യാർത്ഥിനി മരിച്ചു

ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ ആന്ധ്രാ സ്വദേശിയായ പ്രസന്ന അട്ടല്ലൂരി (25) മരിച്ചു.

ഇറാൻ-അമേരിക്ക സംഘർഷം

ഇറാനിലെ റെയില്‍വേ പാലം അമേരിക്ക തകര്‍ത്തു. തിരിച്ചടിയായി ബഹറൈനിലും കുവൈത്തിലും ഖത്തറിലും ജോര്‍ദാനിലും ഇറാന്‍ ആക്രമണം നടത്തി.

ആയത്തുല്ല അലി ഖമനെയിയുടെ സംസ്‌കാരം

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ വിലാപയാത്രയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.

ഓസ്ട്രേലിയയുടെ യുറേനിയം ഇന്ത്യക്ക്

രാജ്യത്തെ ആണവ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഓസ്ട്രേലിയ ഇന്ത്യക്കു സമ്പുഷ്ടീകരിച്ച യുറേനിയം നല്‍കാന്‍ ധാരണയായി.

ഓപ്പറേഷൻ സിന്ദൂർ: മോദി

പാക്കിസ്ഥാനിലെ തീവ്രവാദികളുടെ ഒളിത്താവളങ്ങളില്‍ മാത്രമാണ് ഇന്ത്യ ‘ഓപറേഷന്‍ സിന്ദൂര്‍’ ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ചൈനയിൽ തീപിടിത്തം: 28 മരണം

കിഴക്കന്‍ ചൈനയിലെ ഷൂ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു.

ജർമ്മനിക്ക് മിസൈൽ വിൽക്കാൻ അനുമതി

ടോമാഹോക്ക് മിസൈലുകള്‍ ജര്‍മ്മനിക്ക് വില്‍ക്കാന്‍ അമേരിക്ക അനുമതി നല്‍കി.

അർജന്റീനയിൽ വിമാന അപകടം

അര്‍ജന്റീനയില്‍ പരിശീലന പറക്കലിനിടെ പൈലറ്റ് വിമാനത്തില്‍ നിന്ന് ചാടി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി വിമാനം സുരക്ഷിതമായി താഴെയിറക്കി.

അമേരിക്കൻ ജഡ്ജിക്ക് പിഴ

മെക്‌സിക്കന്‍ അഭയാര്‍ത്ഥിയെ സഹായിച്ച കേസില്‍ മുന്‍ അമേരിക്കന്‍ ജഡ്ജിക്ക് 5,000 ഡോളര്‍ പിഴ ചുമത്തി.

ടി20 പരമ്പര ഇംഗ്ലണ്ടിന്

ഇന്ത്യക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നാലാം ടി20യില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

മലബാർ ഗ്രൂപ്പ് പുനസംഘടന

മലബാര്‍ ഗ്രൂപ്പിന് കീഴിലുള്ള 51 കമ്പനികളെ അതിന്റെ ഫ്‌ലാഗ്ഷിപ്പ് ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ലിമിറ്റഡിലേക്ക് ലയിപ്പിക്കാന്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ അംഗീകാരം നല്‍കി.

ആധാർ ആപ്പിൽ പുതിയ ഫീച്ചർ

ആധാര്‍ ആപ്പില്‍ ഇ-മെയില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം യുഐഡിഎഐ ഏര്‍പ്പെടുത്തി. ജൂലൈ ഒന്നുമുതല്‍ ആറുമാസം വരെ ഈ സേവനം സൗജന്യമായിരിക്കും.

ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം

കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ സര്‍ജ എന്നിവരെ നായകന്മാരാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.

മലയാളത്തിലെ ആദ്യ ഏലിയൻ ചിത്രം

നീരജ് മാധവ്, അല്‍ത്താഫ് സലിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ‘പ്ളൂട്ടോ’ ജൂലായ് 30ന് പ്രദര്‍ശനത്തിന് എത്തും.

നിസാൻ ടെക്ടൺ വിപണിയിൽ

നിസാന്‍ ഇന്ത്യയുടെ പുതിയ എസ്യുവി ‘ടെക്ടണ്‍’ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.49 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

പുതിയ പുസ്തകം: ആരും പറയാത്ത കഥകൾ

വിനായക് നിര്‍മ്മലിന്റെ പുതിയ പുസ്തകമായ ‘ആരും പറയാത്ത കഥകള്‍’ സൈകതം ബുക്സ് പുറത്തിറക്കി.

വൃക്ക രോഗലക്ഷണങ്ങൾ

വൃക്കകളുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ ശരീരം നല്‍കുന്ന മുന്നറിയിപ്പ് ലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നല്‍, കാലുകളിലെ നീര്, വിശപ്പില്ലായ്മ എന്നിവ ശ്രദ്ധിക്കണം.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ,കാസർകോട് ജില്ലകളിൽ യല്ലോ അലർട്ട്;ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കാൻ ആളുകള്‍ക്ക് ദുരന്തനിവാരണ സേന നിർദേശം നല്‍കി. കോഴിക്കോട് ജില്ലയിലാണ് ഇന്നലെ മഴക്കെടുതികള്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ പ്രധാനപ്പെട്ട നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്ക് ഇന്ന് (ജൂലൈ 10) ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. വയനാട്ടില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

കള്ളാടി ദുരന്തം : വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും; തിരച്ചിൽ നാലാം ദിനവും തുടരും

വയനാട് : മേപ്പാടി കള്ളാടി ദുരന്തത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും. കൊങ്കൺ റെയിൽവെയുടെ പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും.കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു.ഇതോടെ മരണസംഖ്യ ആറായി.
അതേസമയം, ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കും വഴിവെച്ച കള്ളാടി തുരങ്കപാത പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാർ രൂപീകരിക്കുന്ന വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. തുരങ്കപാത വിദഗ്ധർ, പ്രമുഖ ജിയോളജിസ്റ്റുകൾ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാകും പദ്ധതിയുടെ പാരിസ്ഥിതിക ആഘാതവും സുരക്ഷിതത്വവും വിശദമായി പഠിക്കുക. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുരങ്കപാത പദ്ധതിയുടെ ഭാവി സർക്കാർ തീരുമാനിക്കുക.

ലോകകപ്പ് ഫുട്ബാൾ : ഫ്രാൻസ് സെമിയിൽ, മൊറോക്കോയെ തോല്പിച്ചത് രണ്ട് ഗോളുകൾക്ക്

ലൊസ്‌ ആഞ്ചലസ്‌: ലോകകപ്പ്‌ ഫുട്‌ബോളിൽ സെമിയിലെത്തുന്ന ആദ്യ ടീമായി ഫ്രാൻസ്. ക്വാർട്ടറിൽ മൊറോക്കോയെ രണ്ട് ഗോളിന് കീഴടക്കിയാണ് നിലവിലെ റണ്ണറപ്പുകളുടെ മുന്നേറ്റം.ക്യാപ്റ്റൻ കിലിയൻ എംബാപ്പെയും ഉസ്മാൻ ഡെംബെലെയും ലക്ഷ്യം കണ്ടു. മെസ്സിക്കൊപ്പം എം ബാപ്പെയും എട്ട് ഗോളുകൾ സ്വന്തമാക്കിയതോടെ ഇരുവരും ഗോൾഡൻ ബൂട്ട് യോഗ്യതയിൽ തുല്യരായി.

60-ാം മിനിറ്റില്‍ മനോഹരമായൊരു ഷോട്ടിലൂടെ എംബാപ്പെ ഫ്രാന്‍സിനായി അക്കൗണ്ട് തുറന്നു. ആ ആവേശം കെട്ടടങ്ങും മുന്‍പേ, 66-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലെയും ബോക്‌സിന് പുറത്തുനിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെ ഫ്രാന്‍സിന്റെ ലീഡ് ഉയര്‍ത്തി. ഫ്രഞ്ച് മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതില്‍ മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫ്രാന്‍സിന്റെ നിരവധി അപകടകരമായ നീക്കങ്ങളെ അസാമാന്യമായ സേവുകളിലൂടെ അദ്ദേഹം വിഫലമാക്കി. എങ്കിലും, ഫ്രഞ്ച് താരങ്ങളുടെ കൃത്യതയാര്‍ന്ന ഷോട്ടുകള്‍ക്ക് മുന്നില്‍ മൊറോക്കന്‍ പ്രതിരോധം അടിയറവ് പറയുകയായിരുന്നു.

ഈ വിജയത്തോടെ ചരിത്രനേട്ടമാണ് ഫ്രാന്‍സ് സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ സെമി ഫൈനലില്‍ എത്തുന്ന ആദ്യ ഫ്രഞ്ച് ടീമായി ഡിദിയര്‍ ദെഷാംപിന്റെ പട മാറി. വിജയാഹ്ലാദത്തിനിടയിലും ഫ്രഞ്ച് ക്യാമ്പിന് ചെറിയൊരു ആശങ്കയുണ്ട്. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് പരുക്കേറ്റത് ആരാധകര്‍ക്കും ടീമിനും ആശങ്കയായിട്ടുണ്ട്.

രണ്ടാം ക്വാർട്ടറിൽ ഇന്ന് രാത്രി 12.30ന്‌ മുൻ ചാന്പ്യൻമാരായ സ്‌പെയ്‌ൻ ബൽജിയത്തെ നേരിടും. അവസാന ക്വാർട്ടർ മത്സരങ്ങൾ ഞായറാഴ്‌ച നടക്കും. പുലർച്ചെ 2.30ന്‌ ഇംഗ്ലണ്ട്‌ നോർവെയെ നേരിടും. നിലവിലെ ജേതാക്കളായ അർജന്റീന രാവിലെ 6.30ന്‌ സ്വിറ്റ്‌സർലൻഡുമായി ഏറ്റുമുട്ടും.

​​

സപ്ലൈയ്ക്കോക്ക് 90 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം.സപ്ലൈയ്ക്കോക്ക് 90 കോടി അനുവദിച്ച് കേന്ദ്രസർക്കാർ. നല്‍കാനുള്ള തുകയിൽ നിന്നാണ് അടിയന്തര സഹായമായി 90 കോടി രൂപ അനുവദിച്ചത്. 200 കോടി രൂപ കൂടി ഉടൻ അനുവദിക്കും. സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു

ഇതിനു പിന്നാലെയാണ് അടിയന്തരമായി തുക അനുവദിച്ചത്

മണ്ണാർക്കാട് പള്ളിക്ക് അകത്ത് കൊടുവാളുമായി യുവാവിന്റെ അതിക്രമം

പാലക്കാട്‌. മണ്ണാർക്കാട് പള്ളിക്ക് അകത്ത് കൊടുവാളുമായി എത്തി യുവാവിന്റെ അതിക്രമം.
നെല്ലിപ്പുഴ ജുമാമസ്ജിദിൽആണ് സംഭവം ..കൊടുവാളുമായി എത്തിയ യുവാവ് പള്ളിക്ക് അകത്ത് കയറി വാതിലുകൾ പൂട്ടി.
മാനസികവൈകല്യം ഉള്ള ആളാണ് അതിക്രമം നടത്തിയതെന്ന് പോലീസ്.

ബാങ്ക് വിളിക്കാൻ പള്ളിയിലെത്തിയ മുക്രിയാണ് ആദ്യം വിവരമറിയുന്നത്. പള്ളിയുടെ വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടിയിരിക്കുന്നു. തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. ഇതോടെയാണ് കൊടുവാളുമായി എത്തിയ യുവാവ് പള്ളിക്കുള്ളിൽ ഉണ്ടെന്ന വിവരം അറിയുന്നത്.
പിന്നാലെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പള്ളിയുടെ വാതിൽ കുത്തിത്തുറന്നു. വാതിലുകൾ തകർത്ത അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെ യുവാവ് പോലീസിനെ നേരെ കൊടുവാൾ വീശി.
മണ്ണാർക്കാട് നെല്ലിപ്പുഴ ജുമാമസ്ജിദിൽ ആണ് സംഭവം.
മാനസികവൈകല്യം ഉള്ള ആളാണ് അതിക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.. കൊടുവാളുമായി എത്തിയ യുവാവ് ഏറെനേരം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇയാളിൽ നിന്നും വിശദമായി അന്വേഷണസംഘം കാര്യങ്ങൾ ചോദിച്ചറിയും.

ഓപ്പറേഷൻ തൂഫാന്‍, പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

പുനലൂര്‍.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ചെറുകിട വിൽപ്പനയ്ക്കായി ലഹരി ഉൽപ്പന്നങ്ങൾ കേരളത്തിലെത്തിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ.

റെയിൽവേ എസ്.പിയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുനലൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രജിത്ത് അഹമ്മദ്, അസറുദ്ദീൻ എന്നിവരെ പുനലൂർ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് തിരികെ തമിഴ്നാട്ടിലേക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിവരുകയും ചെറുകിട വിൽപ്പന നടത്തുകയും ചെയ്തിരുന്നവരാണ് ഇരുവരെന്നും അന്വേഷണത്തിൽ വ്യക്തമായതായി റെയിൽവേ പോലീസ് അറിയിച്ചു.

ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപ്പനയെന്നും പോലീസ് പറഞ്ഞു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇരുവരെയും കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിലും പുനലൂർ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും ശക്തമായ പരിശോധന തുടരുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

വാഹനാപകടക്കേസിൽ മൊഴിയെടുത്തു കൊണ്ടിരിക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ പ്രതി പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചു,വനിതാ എഎസ്ഐക്ക് ഗുരുതര പരിക്ക്

കായംകുളം.വാഹനാപകടക്കേസിൽ മൊഴിയെടുത്തു കൊണ്ടിരിക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ പ്രതി പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചു. പ്രതിയുടെ മർദ്ദനത്തിൽ വനിതാ പോലീസ് ഉദ്യോഗസ്ഥ അടക്കം രണ്ടുപേർക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ എഎസ്ഐ പ്രിയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതി റൈസലിനെ പോലീസ് കസ്റ്റഡിയിലെടുത്തു

പോലീസ് സ്റ്റേഷനിൽ കയറി ആണ് വാഹനാപകട കേസിലെ പ്രതി പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്.കായംകുളം പോലീസ് സ്റ്റേഷനിൽ ഇന്ന് വൈകിട്ട് ആയിരുന്നു സംഭവങ്ങൾ നടന്നത്. ഇന്ന് ഉച്ചയ്ക്ക് കായംകുളം കൊച്ചുകുളങ്ങരയിൽ വെച്ച് തവക്കൽ സ്വദേശി സിറാജിനെ മർദ്ദിക്കുകയും വാഹനം നശിപ്പിക്കുകയും ചെയ്ത കേസിൽ സിറാജും ഭാര്യയും കായംകുളം സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു.

ഈ പരാതിയിൽ മൊഴി എടുക്കുന്നതിനിടെയാണ് പ്രതി റൈസൽ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയ പ്രതി അക്രമാസക്തനാവുകയായിരുന്നു.ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥരായ പ്രിയ,സജീവ് കുമാർ എന്നിവരെ പ്രതി മർദ്ദിച്ചത്.മർദ്ദന സമയത്ത് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ കുറവായിരുന്നു.സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ പുറത്തെത്തിയാണ് പ്രതിയെ ബലംപ്രയോഗിച്ചു കീഴ്പ്പെടുത്തിയത്.മർദ്ദനത്തിൽ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായ പരിക്കാണ് ഏറ്റത്.പരിക്കേറ്റ് രണ്ട് ഉദ്യോഗസ്ഥരെയും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.