Home Blog Page 432

കള്ളാടിയിലെ മണ്ണിടിച്ചിൽ , കൊങ്കൺ റെയിൽവേയുടെ പ്രത്യേക വിദഗ്ധസംഘം ഇന്ന് വയനാട്ടിലെത്തും

വയനാട്. കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തമേഖലയിൽ കൊങ്കൺ റെയിൽവേയുടെ ഡൽഹിയിൽ നിന്നുള്ള പ്രത്യേക വിദഗ്ധസംഘം ഇന്ന് വയനാട്ടിലെത്തും. മണ്ണിടിച്ചിലിന്റെ കാരണം, ഇനിയും അപകടസാധ്യതയുള്ള മേഖലകൾ, മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഫലപ്രദമായ മാർഗങ്ങൾ എന്നിവ സംഘം ശാസ്ത്രീയമായി പരിശോധിക്കും.
ജിയോടെക്നിക്കൽ വിദഗ്ധരും ഭൗമശാസ്ത്ര വിദഗ്ധരും ഉൾപ്പെടുന്ന സംഘം ദുരന്തമേഖലയിൽ വിശദമായ പരിശോധന നടത്തും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ നൽകും.

മണ്ണിന്റെ സ്ഥിരത, കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങൾ, സുരക്ഷിതമായി തിരച്ചിൽ നടത്താനാകുന്ന മേഖലകൾ എന്നിവയും സംഘം വിലയിരുത്തും. അതേസമയം, കള്ളാടിയിൽ ഇന്നലത്തെ തിരച്ചിൽ അവസാനിപ്പിക്കുമ്പോൾ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ്, റവന്യൂ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

കൊച്ചിയിൽ ജാക്കി വെച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിക്കും

കൊച്ചി. എം.ജി റോഡിൽ ജാക്കി വെച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിക്കും. അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷന്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. പൊളിച്ചു നീക്കുന്ന പ്രവർത്തി ആരംഭിക്കുമ്പോൾ സമീപത്തെ കെട്ടിടത്തിൽ നിന്ന് ആളെ ഒഴിപ്പിക്കാനും നിർദേശം.

അടിത്തറ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി സമീപത്തെ കെട്ടിടത്തിലേയ്ക്ക് ചരിഞ്ഞ ഇരുനില കെട്ടിടം അപകടാവസ്ഥയിൽ തുടരുകയാണ്. കെട്ടിടം പൊളിച്ചു നീക്കുന്നതിൽ കോർപ്പറേഷൻ മേൽനോട്ടം വഹിക്കും. സമീപത്തെ കെട്ടിടത്തിന് ഉണ്ടായ നഷ്ടം ചരിഞ്ഞ കെട്ടിടത്തിൻ്റെ ഉടമയിൽ നിന്ന് ഈടാക്കുമെന്നും കൊച്ചി കോർപ്പറേഷൻ അറിയിച്ചു.

കടുത്ത നെഞ്ച് വേദനയുമായെത്തിയ രോഗിയെ ഡോക്ടറുടെ അടുത്ത് വിടാതെ ക്യുവിൽ നിർത്തി കൊലപ്പെടുത്തി,ഇന്ന് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട്‌ കൈമാറും

തിരുവനന്തപുരം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ ഇന്ന് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട്‌ കൈമാറും. ആശുപത്രി സൂപ്രണ്ടിനോട് അടിയന്തരമായി പ്രാഥമിക റിപ്പോർട്ട്‌ സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശി രാജേഷ്കുമാർ മരിച്ചത് ചികിത്സ വൈകിപ്പിച്ചതിനാൽ ആണെന്നാണ് ആരോപണം.

കടുത്ത നെഞ്ച് വേദനയുമായെത്തിയ രാജേഷിനെ ഡോക്ടറുടെ അടുത്ത് വിടാതെ ക്യുവിൽ നിർത്തിഎന്നാണ് പരാതി. മോശമായി പെരുമാറി എന്ന കുടുംബത്തിന്റെ പരാതിയിൽ ആരോപണ വിധേയനായ സെക്യൂരിറ്റി ജീവനക്കാരനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നും പ്രാഥമിക ചികിത്സകൾ നൽകിയതായും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചായിരിക്കും സൂപ്രണ്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കുക.

ഗുരുതരാവസ്ഥയിൽ എത്തിയ രോഗി ക്യൂവിൽ നിൽക്കേണ്ടിവന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മരിച്ച രാജേഷിന്റെ പോസ്റ്റുമോർട്ടവും ഇന്ന് നടക്കും.

കള്ളാടി ദുരന്തം, തുരങ്ക നിർമ്മാണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു, സിപിഎം

വയനാട്.കള്ളാടി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നിർമ്മാണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് സിപിഐഎം. നിർമ്മാണം നിർത്തിവയ്ക്കാനുള്ള തീരുമാനം എതിർക്കും. നിർമ്മാണം നിർത്തിവയ്ക്കുന്നത് ജനങ്ങളെ കബളിപ്പിക്കാൻ

ശാസ്ത്രീയമായി നിർമ്മാണം തുടരുകയാണ് വേണ്ടത്. താൽക്കാലിക സ്റ്റോപ്പ് മെമ്മോക്ക് പകരം ക്രിമിനൽ കേസ് വേണം. അപകടത്തിന്റെ ഉത്തരവാദിത്വം കരാറുകാർക്ക് മാത്രമല്ല സർക്കാരിനുമുണ്ട്. വേണ്ടത് സമഗ്രമായ അന്വേഷണം

പെട്രോൾ പമ്പിൽ യുവാക്കളുടെ അതിക്രമം, പാർക്ക്‌ ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു

വർക്കല. പെട്രോൾ പമ്പിൽ യുവാക്കളുടെ അതിക്രമം. വർക്കല ഇടവ ജനതാമുക്ക് പെട്രോൾ പമ്പിലാണ് ആക്രമണം. പമ്പിൽ പാർക്ക്‌ ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ചില്ലുകൾ എറിഞ്ഞു തകർത്തു. രാത്രി 10 മണിയോടെയാണ് സംഭവം. മൂന്ന് പേര് അടങ്ങുന്ന സംഘമാണ് സ്കൂട്ടിയിൽ പെട്രോൾ അടിക്കാൻ എത്തിയത്.

ഇതിൽ രണ്ട് യുവാക്കളാണ് അക്രമം നടത്തിയത്. ഇവർ സ്കൂട്ടിയിൽ മടങ്ങുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പെട്രോൾ പമ്പ് ജീവനക്കാർ അയിരൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ശക്തമാക്കി.യുവാക്കൾ ലഹരിയിൽ ആയിരുന്നു എന്നാണ് പ്രാഥമിക വിവരം. കണ്മണി എന്ന സ്വകാര്യ ബസിന്റെ ചില്ലുകളാണ് തകർത്തത്

അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസ്സുകാരന് മസ്തിഷ്കാഘാതം

കണ്ണൂര്‍.ചികിത്സാപ്പിഴവ്, അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസ്സുകാരന് മസ്തിഷ്കാഘാതം, ഡോക്ടർക്കെതിരെ കേസ് എടുത്ത് പൊലീസ്

പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഞായറാഴ്ചയാണ് സംഭവം. മുറിവ് തുന്നിക്കെട്ടാൻ അനസ്തേഷ്യ നൽകിയതിനെ തുടർന്നാണ് ഒന്നര വയസ്സുകാരന് മസ്തിഷ്കാഘാതം സംഭവിച്ചതായാണ് പരാതി. സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ കേസെടുത്തു.

കുട്ടി കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെൻറിലേറ്ററിൽ തുടരുകയാണ്. നില ഗുരുതരം

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, വടക്കന്‍ കേരളത്തില്‍ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തിലാണ് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുള്ളത്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റ് വീശാനിടയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. തെക്ക്-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിനും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദ മേഖല സ്ഥിതി ചെയ്യുന്നു. ഇത് വടക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങാനും ക്രമേണ ശക്തി കുറയാനും സാധ്യത. ഇതിന്റെ സ്വാധീനഫലമായി ജൂലൈ 13 വരെ കേരളം, മാഹി എന്നിവിടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തകർന്നു വീണ റെയിൽവേ ക്ലോക്ക് ടവർ പൊളിച്ച് നീക്കാൻ തുടങ്ങി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങൾ വലിച്ചു താഴെയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അപകടാവസ്ഥയിലുള്ള കോൺക്രീറ്റ് ഭാഗങ്ങൾ പൂർണ്ണമായും നീക്കം ചെയ്താൽ മാത്രമേ രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂ. നിലവിൽ ഷൊർണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും, മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രാക്ലേശം പരിഹരിച്ച് ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കിയ ശേഷം ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് റെയിൽവേയുടെ തീരുമാനം.

തിരുവല്ലത്തെ ബൈക്ക് അപകടത്തില്‍ യുവതിയും യുവാവും മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ടതല്ലെന്ന് പൊലീസ് കണ്ടെത്തല്‍,ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്ന് പൊലീസ് കണ്ടെത്തി. കാര്‍ ബൈക്കിന് പിന്നിലിടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ കാര്‍ ഓടിച്ച വിഷ്ണു എന്ന യുവാവ് പിടിയിലായി. അപകടമുണ്ടാക്കിയ കാറും കസ്റ്റഡിയിലെടുത്തു. ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി, തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ എന്നിവരാണ് മരിച്ചത്.

ഐ ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവര്‍ക്കും 25 വയസ്സാണ്. ഇന്നലെ നവീന്റെ ജന്മദിനമായിരുന്നു. അത് ആഘോഷിക്കാനായി കോവളത്തേക്ക് പോകുകയായിരുന്നു നവീനും മൃദുലയും. ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ അപകടസ്ഥലത്ത് നടത്തിയ പരിശോധനയില്‍ പൊലീസിന് തോന്നിയ സംശയമാണ് സംഭവത്തില്‍ നിര്‍ണായകമായത്.

ബൈക്കിന് പിന്നിലിരുന്ന മൃദുല മീറ്ററുകളോളം ദൂരേയ്ക്ക് തെറിച്ചു വീണ് തലയിടിക്കുകയായിരുന്നു. കാറ്റ് പിടിച്ചു അപകടം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് പൊലീസ് വിലയിരുത്തി. തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്കിന് പിന്നില്‍ ഒരു കാര്‍ പോകുന്നത് കണ്ടെത്തി. ഈ കാറിന്റെ ഉടമ മലയിന്‍കീഴ് സ്വദേശി വിഷ്ണുവാണെന്നും പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് രാത്രി തന്നെ വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് സംഘമെത്തി.

വീടിന് മുന്നിലുണ്ടായിരുന്ന കാറില്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകളും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍, അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച കാര്യം സമ്മതിച്ചു. അപകടമുണ്ടായശേഷം കാര്‍ നിര്‍ത്താതെ പോയെന്നും പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ നവീനും മൃദുലയും തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. പിടിയിലായ വിഷ്ണുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

നവീന്‍ ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനിയറും, മൃദുല കിന്‍ഫ്രയിലെ ഐടി ജീവനക്കാരിയുമാണ്. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. മൃദുല അപകട സ്ഥലത്തുവച്ചു തന്നെ മരിച്ചു, നവീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഠനകാലം മുതൽ ഇവർ സുഹൃത്തുക്കളായിരുന്നു.

ചടയമംഗലത്ത് ഓടികൊണ്ടിരുന്ന സൂപ്പർ ഫാസ്റ്റിന് തീപിടിച്ചു

കൊല്ലം : ചടയമംഗലം കുരിയോട് ഭാഗത്ത് ഓടികൊണ്ടിരുന്ന
കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റ് ബസിന് തീപിടിച്ചു. ആളപായമില്ല. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സാണിത്. രാവിലെ 5.30 തോടെയായിരുന്നു സംഭവം. ഒൻപത് യാത്രാക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ഡീസൽ ടാങ്കിൻ്റെ പൈപ്പിലുണ്ടായ ചോർച്ചയാകാം തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കൽ നിന്ന് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു.