Home Blog Page 431

ശബരിമല സ്വർണ്ണകൊള്ള, ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാൻ ED

തിരുവനന്തപുരം.ശബരിമല സ്വർണ്ണകൊള്ളയിൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാൻ ED. പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കേന്ദ്രികരിച്ചാണ് അന്വേഷണം ആരംഭിക്കുന്നത്. പ്രതികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ചൂണ്ടികാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

ജാമ്യം ലഭിച്ച മുരാരി ബാബു ഉൾപ്പടെയുള്ളവരോട് ഫെബ്രുവരി ആദ്യം ചോദ്യം ചെയ്യലിന് ഹാജരാവനാണ് നിർദേശം. 21 ഇടങ്ങൾ കേന്ദ്രികരിച്ച് ED നടത്തിയ പരിശോധന സ്വർണ്ണം ഉൾപ്പടെ കണ്ടെത്തിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള സാമ്പത്തിക ഇടപാടിലും ഇ ഡി അന്വേഷണം ഊർജ്ജിതമാക്കി. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം കടകംപള്ളിയെ വിളിച്ചു വരുത്താനാണ് തീരുമാനം.

ഇന്ത്യ-ന്യൂസിലാന്റ് ടി-20 ആവേശത്തിൽ കാര്യവട്ടം

ഇന്ത്യ-ന്യൂസിലാന്റ് ടി-20 ആവേശത്തിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം.ആവേശപ്പോരാട്ടത്തിനായി ടീമുകൾ ഇന്ന് തലസ്ഥാനത്തെത്തും.വൈകിട്ട് 5 മണിയോടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ എത്തുന്ന താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിക്കും.ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലാന്റ് ടീമിനായി ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.


ശനിയാഴ്ച വൈകിട്ട് 7 മണിക്കാണ് മത്സരം. സഞ്ജു സാംസണിന്റെ സാന്നിധ്യം ആരാധകർക്ക് ആവേശം പകരുന്നുണ്ട്.സഞ്ജു അവസാന ഇലവനിൽ ഇടം നേടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് മുഴുവനായും വിറ്റുപോയ മത്സരം എന്നതും ഇത്തവണത്തെ t20 ക്ക് പ്രത്യേകതയുണ്ട്.

കായിക അധ്യാപകന്റെ ലൈംഗികാതിക്രമം: ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി, അധ്യാപകനെതിരെ മൂന്നാമത്തെ കേസെടുത്തു

പാലക്കാട്: കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി. കായിക അധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി പെരുമാറിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. വിദ്യാർത്ഥിയുടെ മൊഴിയിൽ അധ്യാപകനെതിരെ മൂന്നാമത്തെ എഫ്ഐആർ പൊലീസ് രജിസ്റ്റർ ചെയ്തു. കൗൺസിലിങ്ങിനിടയിലാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. പാലക്കാട് നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന മൂന്നാമത്തെ വിദ്യാർത്ഥിയാണ് അധ്യാപകനെതിരെ ലൈംഗിക പരാതി നൽകുന്നത്.

റിമാൻഡിലുള്ള പ്രതി പഠിപ്പിച്ചിരുന്ന സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാനാണ് പൊലീസിൻ്റെ തീരുമാനം. അധ്യാപകന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ് വിധേയമാക്കും. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. ലൈംഗിക അതിക്രമം അറിഞ്ഞിട്ടും പൊലീസിൽ വിവരമറിയിക്കുന്നതിൽ വീഴ്ച പറ്റിയോ എന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും.

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം,പ്രതിപക്ഷമില്ല

തിരുവനന്തപുരം.ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം അഞ്ചുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നാളെ നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോക കേരള സഭ ആരംഭിക്കും.

125 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നുമായി അഞ്ഞൂറിലധികം മലയാളി പ്രവാസി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.നാളെ 2.30 മുതൽ 8 വിഷയത്തിൽ ചർച്ചയും ഏഴു മേഖല സമ്മേളനവും പൂർത്തിയാക്കും.36 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾക്കൊള്ളിച്ച് ആരംഭിച്ച ലോകകേരള സഭ അഞ്ചാം സമ്മേളനത്തിലേക്ക് കടക്കുമ്പോൾ 125 രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.ലോക കേരളസഭാ പരിപാടികളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കും.

സ്വപ്ന ബജറ്റായിരിക്കില്ല, എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന പ്രായോഗിക ബജറ്റായിരിക്കും; കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുകയെന്നും എന്നാൽ, എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകള്‍ അടങ്ങിയ പെട്ടി കൈപ്പറ്റിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎൻ ബാലഗോപാൽ.

പ്രായോഗിക ബജറ്റായിരിക്കുമെന്നും ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ പറയുന്ന ബജറ്റായിരിക്കില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും. സാധാരണക്കാരുടെ പ്രശ്നങ്ങളടക്കം കണക്കിലെടുക്കണം. കൂടുതൽ തൊഴിലവസരം ഉണ്ടാകണം.സംസ്ഥാനത്തിന് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതിനുള്ള കാര്യങ്ങള്‍ ബജറ്റിലുണ്ടാകണം.

വിദേശത്തേക്ക് ആളുകള്‍ പോകുമ്പോള്‍ നമ്മുടെ നാടിന്‍റെ സമ്പദ് വ്യവസ്ഥ കൂടി മെച്ചപ്പെടണം. ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള പ്രയോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.

ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി 20 യിൽ ഇന്ത്യക്ക് തോൽവി

ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി 20 യിൽ ഇന്ത്യക്ക് തോൽവി.
50 റൺസിനാണ് കിവീസിന്റെ ജയം. 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 165ന് ഓൾഔട്ട്‌ ആയി/ 65 റൺസുമായി ശിവം ദുബെ പൊരുതിയെങ്കിലും ഇന്ത്യയെ ജയത്തിൽ എത്തിക്കാൻ ആയില്ല.
റിങ്കു സിംഗ് 39നും മലയാളി താരം സഞ്ജു സാംസൺ 24 നും പുറത്തായി. മൂന്ന് വിക്കറ്റ് എടുത്ത കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് ഇന്ത്യയെ കറക്കി വീഴ്ത്തിയത് .
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴു വിക്കറ്റ് നഷ്ടത്തിലായിരുന്നു 215 റൺസ് എടുത്തത്. 5 മത്സരപരമ്പരയിലെ അവസാന കളി ശനിയാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും

ബൈക്ക് മറിഞ്ഞ് മുൻ കുന്നത്തൂർ പഞ്ചായത്ത് അംഗത്തിന് പരിക്ക്

കുന്നത്തൂർ:ബൈക്ക് മറിഞ്ഞ് മുൻ കുന്നത്തൂർ പഞ്ചായത്ത് അംഗത്തിന് പരിക്ക്.പത്താം വാർഡ് മെമ്പറായിരുന്ന രാജൻ നാട്ടിശേരിക്കാണ് പരിക്കേറ്റത്.ബുധൻ രാത്രിയിലാണ് സംഭവം.സംഗീത തീയറ്ററിന് സമീപമുള്ള വളവിൽ ബൈക്ക് ഇടത്തേക്ക് മറിയുകയായിരുന്നു.എന്നാൽ പാമ്പിന് മുകളിൽ ബൈക്ക് കയറിയതാണ് മറിയാൻ കാരണമെന്ന് പരിസരവാസികൾ പറയുന്നു.പാമ്പിനെ അടുത്തായി ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.മുഖത്തിന് പരിക്കേറ്റ ഇദ്ദേഹത്തെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ  തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്മിക്കെതിരെ കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടിയ രാജൻ കുറഞ്ഞ മാർജിനിലാണ് പരാജയപ്പെട്ടത്

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തേതും ആറാമത്തെതുമായ ബജറ്റ് ഇന്ന്

തിരുവനന്തപുരം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തേതും ആറാമത്തെതുമായ ബജറ്റ് ഇന്ന്.. രാവിലെ 9 മണിക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും.  തെരഞ്ഞെടുപ്പു വര്‍ഷമായതിനാൽ പുതിയ പ്രഖ്യാപനങ്ങളും ക്ഷേമ പദ്ധതികളും ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

. സമ്പൂർണ്ണ ബജറ്റ് ആയിരിക്കും അവതരിപ്പിക്കുന്നത്.. സംസ്ഥാനത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ചു.തനത് വരുമാനം വര്‍ധിപ്പിച്ചും സാമ്പത്തിക അച്ചടക്കം പാലിച്ചുമാണ് കേരളം ഉയര്‍ന്ന ജിഎസ്ഡിപി കൈവരിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള വരവ് കുറയുന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു..

സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ

ന്യൂഡെൽഹി. കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും.

രാജ്യത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണ്  സാമ്പത്തിക സർവേ റിപ്പോർട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്,വി അനന്തനഗേശ്വർ ആണ് സാമ്പത്തിക സർവേ റിപ്പോർട്ട് തയ്യാറാക്കിയത്.

ഫെബ്രുവരി 1 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ വ്യക്തമായ കണക്കുകള്‍  സാമ്പത്തിക സർവ്വേ റിപ്പോർട്ടിൽ ഉണ്ടാകും. ഫെബ്രുവരി 1 ഞായറാഴ്ചയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം, തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

കേരളത്തിൻ്റെ ദീർഘകാല ആവശ്യങ്ങൾ ആയ ഐയിംസ്, ശബരി റെയിൽ ഉൾപ്പെടെ പ്രഖ്യാപിക്കണമെന്നും, സംസ്ഥാനത്തിന് നൽകേണ്ട തുകയിൽ കേന്ദ്ര സർകാർ തടഞ്ഞുവെച്ച 17000 കോടിയോളം തുക പ്രത്യേക ഗ്രാൻഡായി അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ഓട്ടോറിക്ഷ മീറ്റർ ചെക്കിംഗിനിടെ വിജിലൻസിന്റെ മിന്നൽ പരിശോധന

നെടുമങ്ങാട്. ഓട്ടോറിക്ഷ മീറ്റർ ചെക്കിംഗിനിടെ വിജിലൻസിന്റെ മിന്നൽ പരിശോധന. റോഡിൽ മീറ്റർ പരിശോധനയ്ക്കിടെയാണ് വിജിലൻസിന്റെ നടപടി. വിജിലൻസിനെ കണ്ടതും കൈക്കൂലി പണം വലിച്ചെറിഞ്ഞ് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ

വലിച്ചെറിഞ്ഞ പതിനായിരത്തോളം രൂപ വിജിലൻസ് പിടിച്ചെടുത്തു. നെടുമങ്ങാട് ലീഗൽ മെട്രോളജി ഓഫീസിൽ വിജിലൻസ് പരിശോധന തുടരുന്നു.