Home Blog Page 430

ഒഴുകിയും നീന്തിയും, പരിഭ്രാന്തി പരത്തി പാമ്പുകൾ, ഒന്നും രണ്ടുമല്ല തൊള്ളായിരത്തോളമെണ്ണം; പുറത്ത് ചാടിയത് പാമ്പുവളർത്തൽ കേന്ദ്രത്തിൽ നിന്ന്

ഗുവാങ്ഷി: ചൈനയിലെ ഗുവാങ്ഷി പ്രവിശ്യയിലുണ്ടായ കടുത്ത പ്രളയത്തെത്തുടർന്ന് വാണിജ്യാടിസ്ഥാനത്തിൽ പാമ്പുകളെ വളർത്തുന്ന കേന്ദ്രത്തിൽ നിന്ന് വിഷപ്പാമ്പുകൾ ഉൾപ്പെടെ തൊള്ളായിരത്തോളം പാമ്പുകൾ പുറത്തു ചാടിയത് വൻ പരിഭ്രാന്തി പരത്തുന്നു. തെക്കൻ ചൈനയിലെ ഹെങ്ഷൗ നഗരത്തിലാണ് ഈ സംഭവം ഉണ്ടായത്.

Also Read: അമ്മേ വേഗം വന്ന് എന്നെ രക്ഷിക്കൂ……., രാത്രി കാമുകിയെ കാണാൻ അവളുടെ വീട്ടിലെത്തിയ 19-കാരൻ അവസാനമായി വിളിച്ചത് അമ്മയെ; അടിച്ചുകൊന്ന് ബന്ധുക്കൾ

മേസക് ചുഴലിക്കാറ്റിനെത്തുടർന്ന് ദിവസങ്ങളായി പെയ്ത കനത്ത മഴയിലാണ് പ്രദേശത്തെ ലിയുവാൻ ഡാം തകരുകയും സമീപത്തെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തത്. പ്രളയത്തിൽ പാമ്പ് വളർത്തൽ കേന്ദ്രം പൂർണ്ണമായി തകർന്നതോടെയാണ് പാമ്പുകൾ പുറത്തേക്ക് എത്തിയത്. അതിമാരക വിഷമുള്ള മൂർഖൻ പാമ്പുകൾ, കിങ് റാറ്റ് സ്നേക്ക്സ്, വെള്ളിക്കെട്ടൻ എന്നിങ്ങനെയുള്ള വിവിധയിനം പാമ്പുകളാണ് വെള്ളത്തില്‍ ഒഴുകി നടക്കുന്നത്. വെള്ളപ്പൊക്കത്തിൽ പാമ്പുകൾ നീന്തിനടക്കുന്നതിന്റെയും റോഡുകളിലൂടെയും വയലുകളിലൂടെയും ഇഴഞ്ഞുനീങ്ങുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പാമ്പുകളെ പിടികൂടാൻ 10 അംഗ അടിയന്തര രക്ഷാസംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രദേശവാസികളോട് പാമ്പുകളെ സ്വന്തമായി പിടികൂടാൻ ശ്രമിക്കരുതെന്നും പ്രളയജലത്തിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഡാം തകർന്നതിനെത്തുടർന്ന് ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് 700-ലധികം ആളുകളെ ഒഴിപ്പിച്ചു. ഗുവാങ്ഷി പ്രവിശ്യയിലാകെ ഏകദേശം 1.3 ലക്ഷം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം പ്രളയത്തിൽ ഇതുവരെ 39 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പാമ്പ് ഫാമിന് പുറമെ പ്രദേശത്തെ ‘ഗുയിഗാങ്’ മൃഗശാലയ്ക്കും പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചു. ഇവിടെയുണ്ടായിരുന്ന സീബ്ര, ഒട്ടകപ്പക്ഷികൾ ഉൾപ്പെടെ നൂറിലധികം മൃഗങ്ങളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

പാമ്പുകടിയേറ്റേക്കാവുന്ന സാഹചര്യം മുൻകൂട്ടി കണ്ട് ആശുപത്രികളിൽ ആവശ്യത്തിന് ആന്റി-വെനം ലഭ്യമാക്കുകയും പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഒരാൾക്ക് പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് രക്ഷാപ്രവർത്തനം ഊർജിതമാക്കാനും പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള നടപടികൾ ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചൈനയിൽ പരമ്പരാഗത വൈദ്യശാസ്ത്രം, മരുന്ന് നിർമ്മാണം, ചർമ്മ ഉൽപ്പന്നങ്ങൾ, ആഹാരം എന്നിവയ്ക്കായി നിയമപരമായി പാമ്പുകളെ വളർത്തുന്ന ഫാമുകൾ വ്യാപകമാണ്. എന്നാൽ ഇത്തരം കനത്ത കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഇവ പുറത്തുചാടുന്നത് വലിയൊരു സുരക്ഷാ ഭീഷണിയായി മാറാറുണ്ട്.

അമ്മേ വേഗം വന്ന് എന്നെ രക്ഷിക്കൂ……., രാത്രി കാമുകിയെ കാണാൻ അവളുടെ വീട്ടിലെത്തിയ 19-കാരൻ അവസാനമായി വിളിച്ചത് അമ്മയെ; അടിച്ചുകൊന്ന് ബന്ധുക്കൾ

ലക്ക്നൗ: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ കാമുകിയെ കാണാനെത്തിയ പത്തൊൻപതുകാരനെ പെൺകുട്ടിയുടെ വീട്ടുകാർ തല്ലിക്കൊന്നു. മഹുവ ഖഡ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് ഈ ദരുണ സംഭവം നടന്നത്. കൗശാംബി സ്വദേശിയായ ശിവപ്രസാദ് ആണ് കൊല്ലപ്പെട്ടത്.

Also Read: ഞാൻ ഉത്തരവിടുന്നു… സുപ്രീം കോടതിയിൽ നാടകീയ രം​ഗങ്ങൾ, ജഡ്ജിമാർക്ക് മുന്നിൽ ഫയൽ കീറിയെറിഞ്ഞ് ഹർജിക്കാരൻ

ശിവപ്രസാദ്, രാകേഷ് ലോധിയുടെ മകളുമായി പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി പെൺകുട്ടിയെ കാണാൻ അവളുടെ വീട്ടിലെത്തിയ ശിവപ്രസാദിനെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പിടികൂടുകയും വടികളും മൂർച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മർദ്ദനത്തിനിടയിൽ പെൺകുട്ടിക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. നിലവിൽ പെൺകുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ശിവപ്രസാദ് അമ്മയെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നതായി അമ്മ കുന്തി ദേവി പറഞ്ഞു. “അമ്മേ, വേഗം വന്ന് എന്നെ രക്ഷിക്കൂ, അവർ എന്നെ കൊല്ലും” എന്ന് അവൻ ഫോണിലൂടെ കരഞ്ഞു പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് രാകേഷ്, സഹോദരന്മാരായ സച്ചിൻ, ദുർഗേഷ്, രാകേഷിന്റെ ഭാര്യ ഗെൻഡിയ, മുത്തശ്ശൻ ഗുൽസാർ എന്നിവർ ചേർന്നാണ് തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അവൻ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ഇരുമ്പ് വടിയും മഴുവും കുന്തവും ഉപയോഗിച്ചാണ് അവനെ അവർ ആക്രമിച്ചതെന്നും അമ്മ ആരോപിച്ചു.

ജൂലൈ 10 വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ശിവപ്രസാദിന്‍റെ അച്ഛൻ രാം ബദൻ ലോധി പൊലീസിൽ പരാതി നൽകി. രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടുന്നതിനായി സൂപ്രണ്ട് ഓഫ് പൊലീസിന്റെ നിർദ്ദേശപ്രകാരം മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദരായ രണ്ട് പേരെ പൊലീസ് നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യുവാവിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

ഞാൻ ഉത്തരവിടുന്നു… സുപ്രീം കോടതിയിൽ നാടകീയ രം​ഗങ്ങൾ, ജഡ്ജിമാർക്ക് മുന്നിൽ ഫയൽ കീറിയെറിഞ്ഞ് ഹർജിക്കാരൻ

ന്യൂഡൽഹി: സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ. ജഡ്ജിമാർക്കെതിരെ അസഭ്യവർഷം നടത്തി കേസ് വാദിക്കാനെത്തിയ ഹർജിക്കാരൻ. കേസ് ഫയൽ വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചു. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അരാധേ എന്നിവർക്ക് മുന്നിലായിരുന്നു പ്രകോപനം.

Also Read: ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി

അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു സംഭവ വികാസങ്ങൾ. നേരിട്ട് ഹാജരായ ഹർജിക്കാരൻ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നതിനിടെ അക്രമാസക്തമാകുകയായിരുന്നു. ലഖ്നൗ എസിപിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഞാൻ നിങ്ങളോട് ഉത്തരവിടുന്നുവെന്നും ഇയാൾ പറഞ്ഞു. കേസ് ഫയൽ വലിച്ചെറിഞ്ഞും അസഭ്യം പറഞ്ഞും ഹർജിക്കാരൻ സംഘർഷം രൂക്ഷമാക്കി. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ നടപടിയെടുക്കുകയും കോടതിമുറിയിൽ നിന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു.

ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി

കൊല്ലം: ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിന് നേരെ വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് എംഎൽഎയെ ഫോണിൽ വിളിച്ച് അജ്ഞാതൻ അസഭ്യവർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് എംഎൽഎ പരാതി നൽകിയതിനെത്തുടർന്ന് ചാത്തന്നൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഒരു തൊഴിൽ ആവശ്യം ഉന്നയിച്ചാണ് അപരിചിതനായ വ്യക്തി എംഎൽഎയെ ആദ്യം ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ ജോലി നൽകാനുള്ള മാർഗ്ഗമില്ലെന്ന് എംഎൽഎ അറിയിച്ചതോടെ ഫോൺ കട്ട് ചെയ്യുകയും ഉടൻ തന്നെ വീണ്ടും വിളിക്കുകയുമായിരുന്നു. രണ്ടാമത്തെ വിളിയിൽ കഴക്കൂട്ടം എംഎൽഎയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെയാണ് ഇയാൾ അസഭ്യവർഷം ആരംഭിച്ചതും വധഭീഷണി മുഴക്കിയതും.

എറണാകുളം സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇയാൾ തന്നെയാണോ ഫോൺ ഉപയോഗിച്ചത് എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. ഇതിന് പിന്നിൽ ഏതെങ്കിലും പ്രത്യേക സംഘടനകളുടെ ഭാഗമായിട്ടുള്ള വ്യക്തികളാണോ ഉള്ളതെന്ന കാര്യവും ചാത്തന്നൂർ പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസിന് പുറമെ കേന്ദ്ര ഇന്റലിജൻസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

ആറന്മുള വിമാനത്താവള പദ്ധതിക്കായി വീണ്ടും ഡ്രോൺ സർവ്വേ

പത്തനംതിട്ട.ആറന്മുള വിമാനത്താവള പദ്ധതിക്കായി വീണ്ടും ഡ്രോൺ സർവ്വേ. ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. രണ്ടാംഘട്ട സർവേക്കായി സർക്കാർ അംഗീകൃത കമ്പനിയെ കൊണ്ടുവരുമെന്ന് ഭൂ ഉടമ എബ്രഹാം കലമണ്ണിൽ പറഞ്ഞു.
യുഡിഎഫ് സർക്കാരിന് പദ്ധതിയുമായി 101% യോജിപ്പ് ആണെന്നും എബ്രഹാം കലമണ്ണിൽ പറഞ്ഞു. അതേസമയം പദ്ധതിയുമായി മുന്നോട്ടുപോയാൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

ഭൂ ഉടമയായ മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിലാണ് സ്വകാര്യ ഏജൻസിയെ മുഖന്തരം ഡ്രോൺ സർവ്വേ നടത്തിയത്. നിലവിലുള്ള 400 ഏക്കറിന് പുറമേ ആയിരം ഏക്കർ ഭൂമി കൂടി ആറന്മുള വിമാനത്താവള പദ്ധതിക്കായി കണ്ടെത്തണം. യുഡിഎഫ് സർക്കാരിന്റെ പൂർണ്ണപിന്തുണ പദ്ധതിക്കായി ഉണ്ടെന്നാണ് എബ്രഹാം കലമണ്ണിൽ പറയുന്നത്.

ആരെയും കുടിയൊഴിപ്പിക്കാതെയും ആറന്മുള ക്ഷേത്രത്തെ ബാധിക്കാതെയുമാകണം പദ്ധതി യാഥാർത്ഥ്യമാകേണ്ടതെന്നാണ് എബ്രഹാം കലമണ്ണിൽ പറയുന്നത്. ഇതിനു വേണ്ടിയാണ് ഡ്രോൺ സർവ്വേ നടത്തിയതെന്ന് എബ്രഹാം കലമണ്ണിൽ പറഞ്ഞു. പദ്ധതിയിൽ ഉമ്മൻചാണ്ടി സർക്കാർ സ്വീകരിച്ച നിലപാട് തന്നെ വി ഡി സതീശൻ സർക്കാരും തുടരുമെന്നും എബ്രഹാം കലമണ്ണിൽ വ്യക്തമാക്കി.

2004-ലാണ് മൗണ്ട് സിയോൺ ഗ്രൂപ്പ് വിമാനത്താവള പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങിയത്. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നതോടെ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച് പദ്ധതിക്ക് തത്വത്തിൽ അനുമതി നേടിയിരുന്നു. ഇതോടെയാണ് ആറന്മുളയിൽ സമാനതകളില്ലാത്ത ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. 2014 മെയിൽ ഹരിത ട്രിബ്യൂണൽ പാരിസ്ഥിതിക അനുമതി റദ്ദാക്കി. സുപ്രീംകോടതി ഹരിത ട്രിബ്യൂണലിന്‍റെ നിലപാട് ശരിവെച്ചതോടെയാണ് പദ്ധതി മുടങ്ങിയത്. നിലവിൽ മിച്ച ഭൂമിയുമായി ബന്ധപ്പെട്ട കേസുകളും ഹൈക്കോടതിയിൽ നടക്കുകയാണ്. പദ്ധതിയുമായി മുന്നോട്ടു പോയാൽ വലിയ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു.

ഡിഎം കെ യെ യും എം കെ സ്റ്റാലിനേയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്

ചെന്നൈ.കൂരില്‍ നടന്നത് രാഷ്ട്രീയ ചതിയെന്ന് ഡി. എം കെ യെ യും എം കെ സ്റ്റാലിനേയും രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് . മുഖ്യമന്തിയായ ശേഷം ആദ്യമായി കരൂരിലെത്തിയപ്പോഴാണ് വിജയ്‌യുടെ വിമർശനം. ആരും ഒരു രൂപപോലും കൈക്കൂലി നല്‍കരുതെന്നും അവരുടെ കൂടെ താനുണ്ടെന്നും വിജയ് പറഞ്ഞു.


കരൂർ ദുരന്തത്തിന് കാരണം മുൻ മുഖ്യമന്ത്രി എ.കെ. സ്റ്റാലിനാണ്. തൻ്റെ സന്ദർശനം തടയാൻ അന്നും മുഖ്യമന്ത്രിയായിരുന്ന എം. കെ സ്റ്റാലിൻ ശ്രമിച്ചിരുന്നു. പിന്നീട് കോടതി ഇടപെട്ടപ്പോൾ പോലീസ് അനുമതി നല്കി തടിയൂരുകയായിരുന്നു. ജനക്കൂട്ടം വന്നപ്പോൾ പോലീസ് ശരിയായി ഇടപെട്ടില്ലെന്നും വിജയ് കുറ്റപ്പെടുത്തി. തിരുച്ചിറപ്പള്ളിയിൽ നിന്ന് റോഡ് ഷോ ആയിട്ടായിരുന്നു വിജയ് കരൂരിൽ എത്തിയത്. തുടർന്ന് പൊതുയോഗത്തിൽ വിജയ് പ്രസംഗിച്ചു.

2025 സെപ്തംബറിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് ഇന്ന് കൂടിക്കാഴ്ച നടത്തും.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നല്കാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

കുംഭമേള വൈറൽ പെൺകുട്ടിക്ക് തിരിച്ചടി,പൊലീസ് സംരക്ഷണ ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു

കൊച്ചി: കുംഭമേള വൈറൽ താരത്തിന് തിരിച്ചടി. പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. ഇരുവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പെൺകുട്ടിയും ഭർത്താവും നൽകിയ മേൽവിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാൻ കഴിയുന്നില്ല. പെൺകുട്ടിയുടെ പതിവ് രീതിയാണിതെന്നും സർക്കാർ കോടതിയെ അറിയിച്ചു. പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം നൽകിയാൽ മതിയെന്ന് പൊലീസിനോട് കോടതി പറഞ്ഞു.

കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യഹർജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മഹേശ്വറിലെ പ്രത്യേക പോക്സോ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കൊച്ചിയിൽ തുടരുന്ന ഫർമാനും പെൺകുട്ടിയും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എർലിങ് ഹാളണ്ടിനെ ഗൂഗിളിൽ തിരയുന്നവർക്ക് ഇതാ ഒരു സർപ്രൈസ്

നോർവേയുടെ സ്റ്റാർ സ്ട്രൈക്കർ എർലിങ് ഹാളണ്ടിനെ ഗൂഗിളിൽ തിരയുന്നവർക്ക് ഇതാ ഒരു സർപ്രൈസ്. ഫിഫ ലോകകപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടി തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച നോർവീജിയൻ ഫോർവേഡിനെ ഇന്റർനെറ്റിൽ തിരയുന്നവർക്ക് വേണ്ടിയാണ് ഗൂഗിൾ വിസ്മയം ഒളിപ്പിച്ചിക്കുന്നത്. ഹാളണ്ടിനോടുള്ള ആദരം പ്രകടിപ്പിക്കാനാണ് സെർച്ച് എൻജിനിലെ ഈ പ്രത്യേക ഫീച്ചർ.

ഗൂഗിളിൽ ഹാളണ്ടിന്റെ പേര് ടൈപ്പ് ചെയ്യുമ്പോൾ ലിങ്കുകൾക്ക് പുറമെ, പരമ്പരാഗത നോർവീജിയൻ വസ്ത്രം ധരിച്ച ഏഴ് കഥാപാത്രങ്ങൾ സ്‌ക്രീനിന്റെ അടിയിലൂടെ തുഴഞ്ഞ് മുന്നേന്ന ഒരു പോപ്പ്-അപ്പ് ജനറേറ്റ് ചെയ്യപ്പെടുന്നു. ഡ്രം മുഴക്കുന്ന ശബ്ദവും പശ്ചാത്തലത്തിലുണ്ട്. മൗസ് കഴ്‌സർ സ്‌ക്രീനിലൂടെ നീങ്ങുമ്പോൾ ഇത് കേൾക്കാം.

ഗൂഗിളിന്റെ വിസ്മയത്തെക്കുറിച്ച് ഹാളണ്ട് തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ‘ഇന്ന് ചെയ്യാനുള്ള ഒരു കാര്യം… ഗൂഗിളിൽ എന്റെ പേര് സെർച്ച് ചെയ്യുക,’ ഹാളണ്ട് ഇമോജിക്കൊപ്പം സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. അടുത്തിടെ, ഹാളണ്ട് തന്റെ പഴയതും വൈറലായതുമായ ‘കൈഗോ ജോ’ എന്ന റാപ് ഗാനത്തിന്റെ റീമിക്‌സ് നോർവേയിലെ ഡിജെയും മ്യൂസിക് പ്രൊഡ്യൂസറുമായ കൈഗോയോടൊപ്പം പുറത്തിറക്കി ആരാധകരെ ഞെട്ടിച്ചിരുന്നു.

രണ്ടാം ക്വാർട്ടർ: സ്‌പെയ്‌ൻ ബൽജിയത്തെ നേരിടും

ലൊസ്‌ ആഞ്ചലസ്‌ : ലോകകപ്പ്‌ ഫുട്‌ബോളിൽ രണ്ടാം ക്വാർട്ടറിൽ മുൻ ചാന്പ്യൻമാരായ സ്‌പെയ്‌ൻ ബൽജിയത്തെ നേരിടും.വെള്ളി രാത്രി 12.30ന്‌  ആണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഒറ്റഗോളിന്‌ വീഴ്‌ത്തിയാണ്‌ സ്‌പെയ്‌ൻ അവസാന എട്ടിൽ കടന്നത്‌.

2010നുശേഷം ആദ്യമായാണ്‌ ക്വാർട്ടർ പ്രവേശം. ബൽജിയം പ്രീ ക്വാർട്ടറിൽ ആതിഥേയരായ അമേരിക്കയെ തകർത്താണ് എത്തുന്നത്. അവസാന ക്വാർട്ടർ മത്സരങ്ങൾ ഞായറാഴ്‌ച നടക്കും. പുലർച്ചെ 2.30ന്‌ ഇംഗ്ലണ്ട്‌ നോർവെയെ നേരിടും. നിലവിലെ ജേതാക്കളായ അർജന്റീന രാവിലെ 6.30ന്‌ സ്വിറ്റ്‌സർലൻഡുമായും ഏറ്റുമുട്ടും.

സൂര്യൻ രാശിമാറുന്നു; ഈ രാശിക്കാർ ജാഗ്രത പാലിക്കണം

ജൂലൈ 16ന് സൂര്യൻ ചന്ദ്രൻ ഭരിക്കുന്ന കർക്കടക രാശിയിലേക്ക് സംക്രമിക്കുകയാണ്. ഈ മാറ്റം ചില കാര്യമായ വ്യതിയാനങ്ങൾക്ക് വഴിയൊരുക്കും. എന്നാൽ ഇടവം, വൃശ്ചികം, കുംഭം എന്നീ രാശിക്കാർക്ക് ഈ കാലഘട്ടം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അവർ സാമ്പത്തികമായി വളരെയേറെ ജാഗ്രതയും കരുതലും സ്വീകരിക്കേണ്ടി വരുമെന്നാണ് പ്രവചനം. ഈ സംക്രമണത്തിനുശേഷം ഈ മൂന്ന് രാശിക്കാർക്ക് ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. അതിന്റെ പ്രധാന കാരണം ഭൂമിയിലെ ജീവന്റെ ഉൽപ്പത്തിക്കും പരിണാമത്തിനും നിലനിൽപ്പിനും ഒക്കെ സൂര്യന്റെ അനുഗ്രഹം കൂടിയേ തീരൂ എന്നതാണ്. ഇക്കുറി രാശിമാറ്റ സമയത്ത് സൂര്യ ദേവന്റെ ദൃഷ്‌ടിയാൽ മൂന്ന് രാശിക്കാരുടെ ജീവിതം കീഴ്മേൽ മാറിമറിയും. ഇവർക്ക് ജീവിതത്തിൽ വലിയ വെല്ലുവിളികൾ തന്നെ നേരിടേണ്ടി വരും. എന്തൊക്കെ ദോഷങ്ങളാണ് ഈ കൂട്ടരെ കാത്തിരിക്കുന്നതെന്ന് നോക്കാം.

വൃശ്ചികം ഈ കാലയളവ് വൃശ്ചികം രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞതായി മാറും. ഈ മാസം ശനിയുടെ മാറ്റവും അതിന്റെ പിന്നോക്കാവസ്ഥയും കൂടി ആവുമ്പോൾ ഇവരുടെ മാനസിക സമ്മർദ്ദം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാവാം. അതിനാൽ തന്നെ ക്ഷമയും പരസ്‌പരം മനസിലാക്കലും വളരെ നിർബന്ധമാണ്. അപരിചിതരെ പെട്ടെന്ന് വിശ്വസിക്കാതിരിക്കുക. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. അശ്രദ്ധ നിങ്ങളുടെ സാമ്പത്തിക സന്തുലിതാവസ്ഥയെ തകിടം മറിക്കും. കുടുംബവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലും ശ്രദ്ധ വേണം.

കുംഭം കുംഭം രാശിക്കാർക്ക് ഉയർച്ച താഴ്‌ചകളുടെ കാലഘട്ടമാണ് വരുന്നത്. ഏറെനാളായി ആഗ്രഹിച്ച ഫലങ്ങൾ വൈകിയേക്കാം. ജോലിസ്ഥലത്തെ തടസങ്ങൾ നിങ്ങളുടെ ക്ഷമ പരീക്ഷിക്കും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ഒപ്പം ഇടപാടുകൾ ശ്രദ്ധാപൂർവ്വം നടത്തുകയും വേണം. തിടുക്കത്തിലുള്ള ഏതൊരു തീരുമാനവും പിന്നീട് പ്രശ്‌നങ്ങൾക്ക് കാരണമാവാം. കുടുംബ സാഹചര്യങ്ങളിൽ സംയമനവും സന്തുലിതാവസ്ഥയും കൈവിടാതിരിക്കുക. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

ഇടവം ഇടവം രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം ബുദ്ധിമുട്ട് നൽകും. പല ജോലികളിലും നിരാശ ഉണ്ടാകുന്നത് മാനസിക സമ്മർദ്ദം വർധിപ്പിക്കും. കൂടാതെ ഈ കാലയളവിൽ ശനിയുടെ പിന്നോക്കാവസ്ഥയുടെ സമ്മർദ്ദവും ഇവർക്ക് അനുഭവപ്പെടാം. ജോലിയിൽ സജീവമായി തുടരുമെങ്കിലും അവർക്ക് പക്ഷേ പ്രതീക്ഷിക്കുന്ന ഫലങ്ങൾ ലഭിക്കാൻ സമയമെടുക്കും. സാമ്പത്തിക കാര്യങ്ങളിൽ ഇവർക്ക് പ്രത്യേക ജാഗ്രത ആവശ്യമായി വരും. നിക്ഷേപങ്ങൾക്ക് മുമ്പ് എല്ലാ വശങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടതുണ്ട്. ചിട്ടി പോലെയുള്ളവയിൽ പണം കരുതലോടെ നിക്ഷേപിക്കുക.