Home Blog Page 429

കനത്ത മഴ:വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം, ഗാസിയാബാദിൽ സർക്കാർ സ്കൂളുകൾക്ക് അവധി

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഗാസിയാബാദിൽ വിജയനഗറിൽ സർവോദയ നഗറിൽ താമസിക്കുന്ന മാൻവിയാണ് മുങ്ങി മരിച്ചത്. വീടിന് പുറത്തെ തെരുവിൽ കെട്ടിക്കിടന്ന വെള്ളത്തിൽ കാൽ വഴുതി വീണാണ് അപകടം. കുട്ടി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കനത്ത മഴയെത്തുടർന്ന് യുപിയിലെ ഗാസിയാബാദിനും നോയിഡയിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീണതെന്നാണ് റിപ്പോർട്ടുകൾ.

മാൻവി വെള്ളത്തിൽ വീണത് ആരും അറിഞ്ഞിരുന്നില്ല. കുട്ടി കാണാതായതോടെ വീട്ടുകാരും അയൽവാസികളും തെരച്ചിൽ നടത്തുകയായിരുന്നു. ഒടുവിൽ വെള്ളക്കെട്ടിനുള്ളിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ഗാസിയാബാദിലും നോയിഡയിലും ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. വസുന്ധര സെക്ടർ 13-ൽ നിർമ്മാണത്തിലിരുന്ന ബേസ്‌മെന്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്ന് കാറും സ്കൂട്ടറും കുഴിയിൽ വീണു. നാഷണൽ ഹൈവേ-9-ലെ രൂക്ഷമായ വെള്ളക്കെട്ട് ഗതാഗതത്തെയും സാരമായി ബാധിച്ചു. മുൻകരുതൽ നടപടിയായി ഗാസിയാബാദിലെ സർക്കാർ സ്കൂളുകൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങളുടെ അപര്യാപ്തതയും മഴക്കാലത്തെ വെള്ളക്കെട്ടും മൂലമാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നതെന്ന് ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധിച്ചു.

മത്തിക്ക് വീണ്ടും പൊന്നു വിലയാകും… എല്‍ നിനോ വില്ലനാകും

മത്തിക്ക് വീണ്ടും പൊന്നു വിലയാകും. എല്‍ നിനോ വില്ലനാകും. സംസ്ഥാനത്ത് മത്തി ലഭ്യത കുറയുമെന്ന മുന്നറിയിപ്പുമായി സിഎംഎഫ്ആര്‍ഐ. സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ വ്യക്തമാക്കുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ശക്തിപ്പെടുമെന്ന് കരുതുന്ന എല്‍ നിനോയുടെ പ്രത്യാഘാതം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മേയ് മാസങ്ങളില്‍ പ്രകടമാകുമെന്നാണ് കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നത്. കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉള്‍പ്പെടെയുള്ള ചെറിയ ഉപരിതല മല്‍സ്യങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. രാജ്യത്താകെ സമുദ്രമല്‍സ്യ ലഭ്യതയില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലെ പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മല്‍സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കുമെന്നും സിഎംഎഫ്ആര്‍ഐ പഠനം പറയുന്നു.

ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍ പ്രകാശ് രാജിന് ജാമ്യം

വിവിധ സംസ്ഥാനങ്ങളിലായി ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍ പ്രകാശ് രാജിന് ജാമ്യം. ബെംഗളൂരുവിലെ 48-ാമത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ താരത്തിന് ജാമ്യം അനുവദിച്ചത്.

കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറന്റ് റദ്ദാക്കിക്കൊണ്ടാണ് നടപടി. കര്‍ണാടക, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ശേഷാദ്രിപുരം സ്വദേശിയാണ് കോടതിയെ സമീപിച്ചത്.

ബെംഗളൂരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്‌നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി വോട്ടര്‍ കാര്‍ഡുകളുണ്ടെന്നും വേളാച്ചേരിയില്‍ മാത്രം രണ്ട് വോട്ടുകളുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.

കേസില്‍ കോടതി നേരത്തെ മൂന്ന് തവണ സമന്‍സ് അയച്ചിട്ടും താരം ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ തനിക്ക് സമന്‍സുകളൊന്നും ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും പ്രകാശ് രാജിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് കോടതിയില്‍ നേരിട്ട് ഹാജരായ താരം ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. വാദങ്ങള്‍ അംഗീകരിച്ച കോടതി 4,000 രൂപയുടെ വ്യക്തിഗത ബോണ്ടിന്മേല്‍ ജാമ്യം അനുവദിക്കുകയും വാറന്റ് പിന്‍വലിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം രാജ്യത്ത് ഒരാള്‍ക്ക് ഒരു സ്ഥലത്ത് മാത്രമേ വോട്ടവകാശം പാടുള്ളൂ.

കാലാവധി കഴിഞ്ഞ ന്യൂഡിൽസ് കഴിച്ചാൽ ഭക്ഷ്യവിഷബാധ മാത്രമല്ല ഉണ്ടാകുന്നത് ; വി​ദ​ഗ്ധർ പറയുന്നു

കാലാവധി കഴിഞ്ഞ ഇൻസ്റ്റൻറ് ന്യൂഡിൽസ് വിറ്റതിന് റീട്ടെയിൽ സ്റ്റോറിന് ഉപഭോക്തൃ കമ്മിഷൻ പിഴ ചുമത്തി. ഹിമാചൽ പ്രദേശിലാണ് സംഭവം. 2026 ഫെബ്രുവരി 26-നാണ് കേസിനാസ്പദമായ സംഭവം. പായ്ക്ക് ചെയ്ത ഭക്ഷണ ഉൽപ്പന്നങ്ങളുടെ കാലഹരണ തീയതികൾ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു.

Also Read: 23-കാരിയായ കാമുകിയ്ക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത 19-കാരൻ മരിച്ചനിലയിൽ; രാത്രി ബോധംപോയെന്ന് യുവതി; കൊലപാതകമെന്ന് യുവാവിന്റെ ബന്ധുക്കൾ

ഈ സാഹചര്യത്തിൽ, കാലഹരണപ്പെട്ട നൂഡിൽസ് വിൽക്കുന്നതിനും അത്തരമൊരു ഉൽപ്പന്നം കഴിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ അറിഞ്ഞിരിക്കേണ്ടതാണ്. കാലഹരണ തീയതി കഴിഞ്ഞ തൽക്ഷണ നൂഡിൽസ് കഴിച്ചതിനുശേഷം ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

കാലാവധി കഴിഞ്ഞ ന്യൂഡിൽസ് കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്ന് നേരിട്ട് ബന്ധമില്ലെങ്കിലും ഛർദ്ദിയുടെ ലക്ഷണം ഭക്ഷ്യവിഷബാധയെ സൂചിപ്പിക്കുന്നു. ഭക്ഷ്യജന്യ രോഗങ്ങൾ കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന് നോക്കുക എന്നതാണ് കേസിന്റെ ശ്രദ്ധാകേന്ദ്രം. കുട്ടികൾ കഴിക്കുന്ന ഭക്ഷണം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഭക്ഷണ ലേബൽ ശ്രദ്ധാപൂർവ്വം സ്കാൻ ചെയ്യേണ്ടതുണ്ട്.

ഒരു കുട്ടിക്ക് പായ്ക്ക് ചെയ്ത ഭക്ഷണ ഉൽപ്പന്നം തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിർമ്മാണ തീയതി മുതൽ കാലഹരണ തീയതി വരെയുള്ള എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. കാലഹരണ തീയതി ഭക്ഷ്യ ഉൽപ്പന്നത്തിന്റെ സുരക്ഷയും ഗുണനിലവാരവും സൂചിപ്പിക്കുന്ന ഒരു സൂചകമാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്നതിനാൽ ഇത് അവഗണിക്കരുത്.

രുചി കൂട്ടുന്ന സാഷെകൾ കാലക്രമേണ ജീർണിച്ചേക്കാം. ഭക്ഷണം തയ്യാറാക്കാൻ അവ ഉപയോഗിക്കുമ്പോൾ, ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ദോഷകരമായ ബാക്ടീരിയകൾ, വിഷവസ്തുക്കൾ, പൂപ്പലുകൾ അല്ലെങ്കിൽ മാലിന്യങ്ങൾ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ പ്രവേശിക്കുമ്പോഴാണ് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാകുന്നതെന്ന് ജേണൽ ഓഫ് എൻവയോൺമെന്റൽ മാനേജ്‌മെന്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കാലഹരണപ്പെട്ട പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ എല്ലായ്പ്പോഴും രോഗത്തിന് കാരണമായേക്കില്ല, പക്ഷേ അവയുടെ ഷെൽഫ് ലൈഫിനപ്പുറം സൂക്ഷിക്കുന്ന ഉൽപ്പന്നങ്ങൾ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യുകയും മലിനീകരണ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തേക്കാമെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗ്യാസ്ട്രോഎൻട്രോളജി ചെയർമാൻ ഡോ. ഗൗർദാസ് ചൗധരി പറയുന്നു,

കുട്ടികളിൽ ഭക്ഷ്യജന്യ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ഇത് അവരെ വളരെ വേഗത്തിൽ നിർജ്ജലീകരണം ചെയ്യുന്നു, കൂടാതെ രോഗപ്രതിരോധ ശേഷി വികസിച്ചുകൊണ്ടിരിക്കുന്നവർക്ക് ഛർദ്ദിയും വയറിളക്കവും അപകടകരമാകാമെന്നും വിദ​ഗ്ധർ പറയുന്നു. ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി, ക്ഷീണം, നിർജ്ജലീകരണം, രക്തം കലർന്ന മലം, ഉയർന്ന പനി, തുടർച്ചയായ ഛർദ്ദി, തീവ്രമായ നിർജ്ജലീകരണം, തലകറക്കം എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടുത്തം. ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലില്‍ നിന്നും താമസക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ക്ക് തുടക്കമായി; ജില്ലയില്‍ 1150 പഠിതാക്കള്‍

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പരീക്ഷാഭവന്‍ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പരീക്ഷകള്‍ക്ക് തുടക്കമായി. ജില്ലയില്‍ ആകെ 1150 പഠിതാക്കളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതില്‍ 550 പേര്‍ ഒന്നാം വര്‍ഷ പഠിതാക്കളും 600 പേര്‍ രണ്ടാം വര്‍ഷ പഠിതാക്കളുമാണ്. ജില്ലയിലെ 12 കേന്ദ്രങ്ങളിലായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
രണ്ടാം വര്‍ഷ പരീക്ഷകള്‍ ഓഗസ്റ്റ് ഒന്നിന് അവസാനിക്കും. ഒന്നാം വര്‍ഷ പരീക്ഷകള്‍ ഇന്ന് (ജൂലൈ 11) മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് നടത്തുക. ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ വിജയിക്കുന്നവര്‍ക്ക് ഉന്നത പഠനത്തിനും വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുമുള്ള അര്‍ഹത ലഭിക്കും

ഗതാഗത നിയന്ത്രണം

രാമന്‍കുളങ്ങര കൊച്ചുമരുത്തടി റോഡില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ജൂലൈ 13 മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി: ജില്ലാ കളക്ടര്‍

സെന്‍സസ് സംബന്ധിച്ച്  സാമൂഹിക മാധ്യമങ്ങളില്‍  വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് അറിയിച്ചു.  വിവരങ്ങള്‍ നല്‍കിയാല്‍  നിലവിലുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട് എന്ന്  വീഡിയോകളും സന്ദേശങ്ങളും  പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

സെന്‍സസ്-2027 ന്റെ ഒന്നാം ഘട്ടമായ വീടുകളുടെപട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും ജൂലൈ ഒന്ന് മുതല്‍  ആരംഭിച്ചിട്ടുണ്ട്.  പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വിധത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ  നിയമനടപടികള്‍ സ്വീകരിക്കുന്നതിനും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ള വീഡിയോകള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിനും സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പൊതുജനങ്ങള്‍ ഇത്തരം വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും ഔദ്യോഗിക സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു

ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങും… ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാം

+ന്യൂഡല്‍ഹി: ഈ വര്‍ഷം ഡിസംബറോടെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാം. എന്നാലും മടങ്ങിപ്പോകേണ്ടതുണ്ട്. മരണം സംഭവിക്കുകയാണെങ്കില്‍ തന്റെ ജന്മനാട്ടില്‍ തന്നെ ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഷെയ്ഖ ഹസീന പറഞ്ഞു. ബംഗ്ലാദേശില്‍ തിരിച്ചെത്തിയ ശേഷം കോടതി മുമ്പാകെ കീഴടങ്ങാനുള്ള ആഗ്രഹവും ഷെയ്ഖ് ഹസീന പങ്കുവെച്ചിട്ടുണ്ട്.
‘ഞാന്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ എന്നെ അറസ്റ്റ് ചെയ്തേക്കാം, ഒരുപക്ഷേ കൊന്നേക്കാം. എങ്കിലും, എനിക്ക് പോയേ തീരൂ. എന്റെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കടുത്ത അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. മരണം വരികയാണെങ്കില്‍, എന്റെ മാതാപിതാക്കള്‍ അടക്കം ചെയ്യപ്പെട്ട, അവരുടെ ചോര വീണ എന്റെ സ്വന്തം മണ്ണില്‍ വെച്ച് അത് വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ ഷെയ്ഖ് ഹസീന പറഞ്ഞു. തനിക്കൊപ്പം മറ്റ് അവാമി ലീഗ് നേതാക്കളും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. അതേസമയം ബംഗ്ലാദേശിലേക്കുള്ള മടക്കം സംബന്ധിച്ചു ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം.
ബംഗ്ലാദേശില്‍ 2024 ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഷെയ്ഖ് ഹസീന നേതൃത്വം നല്‍കിയ അവാമി ലീഗ് ഭരണകൂടം താഴെവീണത്. പിന്നാലെ ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയെന്ന കേസില്‍ ബംഗ്ലാദേശിലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടതിലോ അല്ലെങ്കില്‍ സാഹചര്യം തടയുന്നതില്‍ പരാജയപ്പെട്ടതിലോ ഹസീന ഉത്തരവാദിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രൈബ്യൂണലിന്റെ വിധി.

23-കാരിയായ കാമുകിയ്ക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത 19-കാരൻ മരിച്ചനിലയിൽ; രാത്രി ബോധംപോയെന്ന് യുവതി; കൊലപാതകമെന്ന് യുവാവിന്റെ ബന്ധുക്കൾ

റായ്പുർ: കാമുകിയ്ക്കൊപ്പം ഹോട്ടലിലെത്തിയ യുവാവിനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഛത്തീസ്​​ഗഢിലെ ഭിലായിലാണ് സംഭവം. കലാകാരനും ഡ്രമ്മറുമായ 19-കാരനാണ് മരിച്ചത്. അതേസമയം, സംഭവം കൊലപാതകമാണെന്നും കാമുകിയ്ക്ക് ഇതിൽ പങ്കുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും യുവാവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

Also Read: ഒഴുകിയും നീന്തിയും, പരിഭ്രാന്തി പരത്തി പാമ്പുകൾ, ഒന്നും രണ്ടുമല്ല തൊള്ളായിരത്തോളമെണ്ണം; പുറത്ത് ചാടിയത് പാമ്പുവളർത്തൽ കേന്ദ്രത്തിൽ നിന്ന്

ചൊവ്വാഴ്ച രാത്രിയാണ് 23-കാരിയായ കാമുകിയ്ക്കൊപ്പം യുവാവ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലിൽവച്ച് ഇരുവരും മദ്യപിച്ചതായി കാമുകിയും മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ യുവാവിന് വന്ന ഒരു ഫോൺകോളിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. കലഹത്തിനിടെ യുവതി ബ്ലേഡ് കൊണ്ട് കൈയിൽ സ്വയം മുറിവേൽപ്പിച്ചു. പിന്നാലെ മദ്യലഹരിയിലായിരുന്ന തനിക്ക് ബോധം നഷ്ടമായെന്നും ബുധനാഴ്ച രാവിലെ ബോധം വീണ്ടെടുത്തപ്പോഴാണ് ഫാനിൽ തൂങ്ങിയനിലയിൽ യുവാവിനെ കണ്ടതെന്നുമാണ് യുവതിയുടെ മൊഴി.

ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ യുവാവിനെ യുവതി തന്നെ കെട്ടഴിച്ച് താഴെ ഇറക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളെ വിവരമറിയിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നു.

അതേസമയം, സംഭവം കൊലപാതകമാണെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. ആറുമാസം മുൻപാണ് യുവാവും യുവതിയും അടുപ്പത്തിലായത്. പലതവണ ഇവർ ഒരുമിച്ച് ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ട്. യുവതി നേരത്തേ യുവാവിനെ മർദിച്ച സംഭവവുമുണ്ടായി. യുവാവിന്റെ മൃത​ദേഹത്തിൽ പലയിടത്തായി പരിക്കേറ്റ പാടുകളുണ്ടെന്നും യുവാവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

അതിനിടെ, സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് വിജയ് അ​ഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഇരുവരും നന്നായി മദ്യപിച്ചിരുന്നു. യുവാവ് തൂങ്ങിമരിച്ചതാണെന്ന് തന്നെയാണ് പ്രാഥമിക നി​ഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ വ്യക്തത ലഭിക്കും. ഫൊറൻസിക് തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾക്ക് തെളിവ് ലഭിച്ചാൽ നടപടികളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.