Home Blog Page 428

കൊല്ലം പത്തനാപുരത്ത് 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം…കയ്യിൽ പിടിച്ച് പുറത്തേക്ക് എറിഞ്ഞു

കൊല്ലം പത്തനാപുരത്ത് 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം. അയൽവാസികളായ അച്ഛനും മകനും അമ്മയും ചേർന്ന് വീട് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. 19 കാരിയായ ഹന്നയെ കയ്യിൽ പിടിച്ച് വലിച്ച് പുറത്തേക്ക് എറിയുന്നതിന്‍റെയും മർദിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അയൽവാസിയായ സുനിൽ കുമാർ അറസ്റ്റിലാണ്. ഇയാളുടെ മകൻ മിഥുൻ ഒളിവിലാണെന്നാണ് വിവരം. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ അതീവ രഹസ്യമായി നിര്‍മ്മിച്ച ലോക്കറുകള്‍… മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഒന്നരക്കോടി രൂപയും 13 കിലോ സ്വര്‍ണവും

ലക്‌നൗ: ആഗ്രയില്‍ സേവനമനുഷ്ടിച്ചിരുന്ന അസിസ്റ്റന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ലളിത് കുമാറിന്റെ വസതികളില്‍ വിജിലന്‍സിന്റെ റെയ്ഡ്. കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും പിടിച്ചെടുത്തു. 1.62 കോടി രൂപയും 13 കിലോ സ്വര്‍ണാഭരണങ്ങളുമാണ് വിജിലന്‍സ് സംഘം കണ്ടെടുത്തത്. കോടതിയില്‍ നിന്ന് സെര്‍ച്ച് വാറണ്ട് വാങ്ങിയാണ് വിജിലന്‍സ് ഒരേസമയം വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ അതീവ രഹസ്യമായി നിര്‍മ്മിച്ച ലോക്കറുകള്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം സംശയം തോന്നിയ വിജിലന്‍സ് സംഘം വീടിന്റെ മുക്കും മൂലയും വിശദമായി പരിശോധിപ്പോഴാണ് ലോക്കറുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയ രഹസ്യ ലോക്കറുകളില്‍ വന്‍തോതില്‍ പണവും സ്വര്‍ണാഭരണങ്ങളും മറ്റ് പ്രധാനപ്പെട്ട രേഖകളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. രഹസ്യ അറകളെക്കുറിച്ച് ലളിത് കുമാറിന് മാത്രമാണ് അറിവുണ്ടായിരുന്നതെന്നും കുടുംബാംഗങ്ങള്‍ക്ക് പോലും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നുമാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.പരിശോധനയ്ക്കിടെ ലളിതിന്റെ ഡിജിറ്റല്‍ ലോക്കര്‍ കണ്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. ലോക്കര്‍ തുറക്കാനായി പാസ്വേഡ് ചോദിപ്പോള്‍, ഓര്‍മ്മയില്ലെന്ന് പറഞ്ഞ് ലളിത് അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ രണ്ടു മണിക്കൂറോളം പരിശോധന തടസപ്പെട്ടു. ഒടുവില്‍ സാങ്കേതിക വിദഗ്ദ്ധരെ വരുത്തിച്ചാണ് വിജിലന്‍സ് ലോക്കര്‍ തകര്‍ത്തത്.ലോക്കറുകളില്‍ നിന്നും വീടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് 1.62 കോടി രൂപ കണ്ടെടുത്തത്. കൂടാതെ, വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന 13 കിലോ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, വിലകൂടിയ വാച്ചുകള്‍ എന്നിവയും പിടിച്ചെടുത്തു. സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ മൂല്യം കണക്കാക്കാന്‍ വിജിലന്‍സ് വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്.പണത്തിനും സ്വര്‍ണത്തിനും പുറമെ കോടികളുടെ നിക്ഷേപ രേഖകളും വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ലക്‌നൗ, ആഗ്ര, നോയിഡ തുടങ്ങിയ നഗരങ്ങളില്‍ ലളിത് കുമാറും കുടുംബവും കോടിക്കണക്കിന് രൂപയുടെ ഭൂമിയും ആഡംബര വീടുകളും വാങ്ങിക്കൂട്ടിയതായി രേഖകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. ബിനാമി സ്വത്തുക്കള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജിലന്‍സ് വിശദമായി പരിശോധിച്ചുവരികയാണ്.
പിടിച്ചെടുത്ത പണത്തിന്റെയും രേഖകളുടെയും ഫോറന്‍സിക്, പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം ലളിത് കുമാറിനെതിരെ ‘അഴിമതി നിരോധന നിയമപ്രകാരം’ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.

ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരിച്ചു

പാലക്കാട്.ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധിക ദമ്പതികളിൽ ഒരാൾ മരിച്ചു. വാടാനംകുറുശി ശബരി നിവാസിൽ 71 കാരി പുഷ്പലതയാണ് മരിച്ചത്. ഭർത്താവ് 76 കാരൻ ദിവാകരൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

മലപ്പുറത്ത് അധ്യാപകൻ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചു

മലപ്പുറം. അധ്യാപകൻ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചു. കൽപകഞ്ചേരി
കല്ലിങ്ങപ്പറമ്പ് MSM HSS സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ് പൊട്ടലുള്ളത്. ഹോംവർക്ക് ചെയ്തില്ലെന്ന കാരണം പറഞ്ഞ് ചൂരൽ കൊണ്ട് അടിച്ചെന്ന് വിദ്യാർഥിനി. പൊട്ടലുള്ള കൈകൊണ്ട് വീണ്ടും നിർബന്ധിച്ച് ബോർഡിൽ എഴുതിച്ചെന്നും വിദ്യാർഥിനി

പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കുട്ടിയുടെ കൈയ്ക്ക് പ്ലാസ്റ്റർ ഇട്ടു. കണക്കു പഠിപ്പിക്കുന്ന അധ്യാപകനാണ് ചൂരൽ കൊണ്ടടിച്ചത്. കുടുംബം പൊലീസിലും ബാലാവകാശ കമ്മീഷനും പരാതി നൽകി

അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെതിരെ സിപിഎം പ്രവര്‍ത്തകന്‍റെ പരസ്യ വാക്കേറ്റം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെതിരെ  വാക്കേറ്റം, സിപിഎം പ്രവര്‍ത്തകന്‍. നീര്‍ക്കുന്നം സ്‌ക്ൂളില്‍ എംഎല്‍എ എത്തിയപ്പോഴാണ് ജി സുധാകരനുമായി സിപിഎം പ്രവര്‍ത്തകനും പഞ്ചായത്ത് അംഗവുമായ ഹാരിസ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ജി സുധാകരന്‍ പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയ ശേഷമാണ് പാര്‍ട്ടി വിട്ടതെന്ന് സിപിഎം പഞ്ചായത്ത് അംഗം പറഞ്ഞു. എന്നാല്‍, പാര്‍ട്ടിക്ക് വെളിയില്‍ പോയെന്ന് പറഞ്ഞ സുധാകരന്‍ തന്റെ വിജയം 21000 വോട്ടിന്റെ ഭൂരീപക്ഷത്തിനാണെന്നും മറുപടി നല്‍കി.

‘താങ്കളുടെ നിലവാരം എല്ലാവര്‍ക്കും അറിയാം. താങ്കളെ പാര്‍ട്ടി എല്ലാം ആക്കിയിട്ട് ഇപ്പോ പാര്‍ട്ടിക്കെതിരെ പറഞ്ഞുനടക്കുകയല്ലേ. പാര്‍ട്ടിയില്‍ നിന്ന് നേടാനാവുന്നതെല്ലാം നേടി. ഇപ്പോ ഈ പാര്‍ട്ടിക്ക് എതിരല്ലേ പറഞ്ഞുനടക്കുന്നത്. ഒന്നരവര്‍ഷം മുന്‍പ് സാറേയെന്നല്ലേ എല്ലാവരെയും കൊണ്ട് താങ്കള്‍ വിളിപ്പിച്ചിരുന്നത്’- സിപിഎം പ്രവര്‍ത്തകന്‍ ചോദിച്ചു.

‘ഞാന്‍ പാര്‍ട്ടിക്ക് വെളിയില്‍ പോയി. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് എന്ത് നേടാന്‍. ഇതൊക്കെ നിങ്ങള്‍ സ്ഥിരം പറയുന്നതല്ലേ. ഒരോ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവരെ ജനം അംഗീകരിക്കും. അതാണ് ഞങ്ങളെ അംഗീകരിച്ചത്. 21000 വോട്ടിനാണ് ജയിച്ചത്. താങ്കളുടെ നിലവാരം എല്ലാവര്‍ക്കും അറിയാം’- ജി സുധാകരന്‍ പറഞ്ഞു.

ആലപ്പുഴ നീര്‍ക്കുന്നം സ്‌കൂളിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ടാണ് എംഎല്‍എയുമായി സിപിഎം പ്രവര്‍ത്തകര്‍ തര്‍ക്കമുണ്ടാകാന്‍ കാരണമായത്. സ്‌കൂള്‍ പൊളിക്കാന്‍ കരാര്‍ എടുത്തവര്‍ മണ്ണുകൂടി കൊണ്ടുപോയതോടെ അവിടെ വെള്ളക്കെട്ട് രൂപപ്പെട്ടു എന്നായിരുന്നു ആരോപണം. സ്‌കൂളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍ കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. പിടിഎ അറിവോടെയാണ് മണ്ണ് കൊണ്ടു പോയത് എന്ന ആരോപണം ഉയര്‍ന്നിരുന്നു.

അതിനിടെ ജി.സുധാകരനെതിരെ നാളെ ആലപ്പുഴ പറവൂരിൽ CPM പ്രതിഷേധം. സുധാകരൻ്റെ എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തും. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൂന്നിന് പ്രതിഷേധം

ഗുണ്ടകളുമായി വന്ന് ജനപ്രതിനിധികളെയും പാർട്ടി നേതാക്കളെയും ജി.സുധാകരൻ കയ്യേറ്റം ചെയ്തെന്ന് CPM നേതൃത്വം ആരോപിച്ചു.

ശൂരനാട് വടക്ക് പട്ടികള്‍ക്കൊരു തട്ടകം, തെരുവ് നായ ശല്യം നിയന്ത്രിക്കുവാൻ ഷെൽട്ടർ സ്ഥാപിക്കും

ശൂരനാട്:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിലേക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ബിജുവിന്റെ അധ്യക്ഷതയിൽ സംയുക്ത യോഗം ചേർന്നു.

പഞ്ചായത്ത് പരിധിയിൽ ഷെൽട്ടർ സ്ഥാപിച്ച് എബിസി പദ്ധതി നടപ്പിലാക്കി തെരുവുനായ ശല്യം നിയന്ത്രിക്കുവാനാണ് തീരുമാനം.ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,വെറ്റിനറി ഡോക്ടർ ബിനിത എന്നിവർ പങ്കെടുത്തു.

‘പുതിയ സംഗമം ഒന്നും തന്നെയില്ല, അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമല അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ആഗോള അയ്യപ്പസംഗമം ഇനി നടത്തില്ലെന്നും ജയകുമാര്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വേദനിക്കുന്നത് ദേവസ്വം ബോര്‍ഡ് ആണെന്നും തങ്ങളാരും കട്ടിട്ടില്ലെന്നും ജയകുമാര്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.

‘പുതിയ സംഗമം ഒന്നും തന്നെയില്ല. അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല. ഈ വിവാദത്തെ പറ്റി ഏറ്റവും കൂടുതല്‍ വേദനിക്കുന്നത് ഞങ്ങള്‍ തന്നെയാണ്. കാരണം ഞങ്ങളാരും കട്ടിട്ടില്ല. പക്ഷെ ബോര്‍ഡുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഞങ്ങള്‍ക്കൊക്കെ സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്. ഇതൊന്നും ശബരിമലയില്‍ ആവര്‍ത്തിക്കരുത്. ഓഡിറ്റ് വിഭാഗത്തിന്റെ അടുത്തും വിജിലന്‍സ് വിഭാഗത്തിന്റെ അടുത്തും പലകാര്യങ്ങളും ചോദിച്ച് മനസിലാക്കി.’ കെ ജയകുമാര്‍ പറഞ്ഞു.

സന്നിധാനത്തെ 690 മുറികളില്‍ മുന്‍പ് 190 എണ്ണം മാത്രമാണ് ഓണ്‍ലൈന്‍ വഴി നല്‍കിയിരുന്നതെങ്കില്‍, ഇനി മുതല്‍ വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികള്‍ തീര്‍ത്ഥാടകര്‍ക്കായി ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. എല്ലാ മുറികള്‍ക്കും ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാക്കും. ഇതിനായി ഡെപ്പോസിറ്റ് തുക ഒഴിവാക്കിയതായും മുറിവാടക മുന്‍കൂറായി നല്‍കി 50 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കി ബുക്ക് ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ഹൗസ് കീപ്പിങ് സംവിധാനമില്ലാത്തതിനാല്‍ ഈ സീസണ്‍ മുതല്‍ അത് ഔട്ട്‌സോഴ്‌സ് ചെയ്യും. കൂടാതെ ശബരി ഗസ്റ്റ് ഹൗസില്‍ നിലവിലുള്ള 56 മുറികള്‍ക്ക് പുറമെ ഹൈപ്പവര്‍ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികള്‍ കൂടി പുതുതായി നിര്‍മ്മിക്കും. നവംബര്‍ 1 മുതല്‍ 90 ദിവസത്തേക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എ ഐ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.

തിരക്ക് നിയന്ത്രിക്കുന്നതിനായി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്നിധാനത്ത് ക്രൗഡ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. പടിപൂജയ്ക്ക് 2048 വരെ ബുക്കിങ് പൂര്‍ത്തിയായ സാഹചര്യത്തില്‍, തന്ത്രിയുടെ അനുമതിയോടെ ദിവസം ഒന്നിന് പകരം അഞ്ച് പടിപൂജകള്‍ വീതം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തീര്‍ത്ഥാടന കാലയളവില്‍ ക്യൂവില്‍ കാത്തുനില്‍ക്കുന്ന സമയത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും നടപടിയുണ്ടാകും. തീര്‍ത്ഥാടനത്തിനിടെ മരണപ്പെട്ട 54 പേരുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് സഹായം നല്‍കും; വെര്‍ച്വല്‍ ക്യൂ ടിക്കറ്റിനൊപ്പം ഈടാക്കുന്ന 5 രൂപ ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. ഈ സീസണ്‍ മുതല്‍ ഇന്‍ഷുറന്‍സിനായി എല്‍ഐസിയുമായി ചര്‍ച്ചകള്‍ നടത്തും. കര്‍ക്കിടകമാസം കഴിയുന്നതോടെ സന്നിധാനവും പരിസരവും ഡീപ്പ് ക്ലീനിംഗ് നടത്തുന്നതിനായി ക്ലീന്‍ കേരള കമ്പനിയുമായി കരാറിലേര്‍പ്പെടും. അന്നദാനത്തിന് വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കില്ലെന്നും മാന്യമായ രീതിയില്‍ കേരള സദ്യ നല്‍കുമെന്നും ജയകുമാര്‍ വ്യക്തമാക്കി.

ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വാസ്തുവിദ്യാ ഗുരുകുലത്തെ കണ്‍സള്‍ട്ടന്റാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങള്‍ കുറ്റമറ്റതാക്കാന്‍ ടെക്‌നിക്കല്‍ ക്വാളിറ്റി എന്‍ജിനീയറിംഗ് ടീമിനെ നിയോഗിക്കും. സന്നിധാനത്ത് പുതിയ തീര്‍ത്ഥക്കുളം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് (യുഎല്‍സിസി) 6 കോടി രൂപ നല്‍കാനുണ്ടെന്ന അവരുടെ വാദത്തോട് പ്രതികരിച്ച പ്രസിഡന്റ്, ദേവസ്വം ബോര്‍ഡ് ഓഡിറ്റര്‍ ഇത് സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കി. ബോര്‍ഡ് പണം നല്‍കാനുണ്ടെന്നത് ശരിയാണെങ്കിലും അത് ബോര്‍ഡിന്റെ തുകയില്‍ നിന്ന് നേരിട്ടെടുത്ത് വീട്ടാന്‍ സാധിക്കില്ലെന്നും ആലോചിച്ച് ബാക്കി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കാലം ഉണക്കാത്ത മുറിവുണ്ടോ’ എന്നായിരുന്നു മറ്റ് വിവാദങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

വിഴിഞ്ഞം , പിണറായി വിജയന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചിരുന്നുവെന്നും സതീശന്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളും ആശങ്കകളും അടിസ്ഥാനമില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ കണ്‍സഷനെയര്‍ എഗ്രിമെന്റിന്റെ ക്ലോസ് 5.3 പ്രകാരം 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈമാറ്റം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഓഹരി കൈമാറ്റം സംബന്ധിച്ച് 01-07-2026 ന് അങ്ങ് ഉന്നയിച്ച സബ്മിഷന് നല്‍കിയ മറുപടിയില്‍ പ്രസ്തുത സ്ഥാപനം ഓഹരി കൈമാറ്റം സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതാണ്. അന്നേ ദിവസം വൈകുന്നേരമാണ് സര്‍ക്കാരിന് അദാനി ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ കത്ത് ലഭിക്കുന്നത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചതുമാണ്. 03-07-2026 ന് അദാനി കമ്പനി മറ്റൊരു കത്ത് സര്‍ക്കാരിന് നല്‍കി. ഇക്കാര്യം 08-07-2026ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എംപവേര്‍ഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം അങ്ങയുടെ ശ്രദ്ധയില്‍ വന്നില്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തി മാത്രമെ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കൂ.

അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഓഹരിയാണ് എം.എസ്.സി ഗ്രൂപ്പിന് കൈമാറാന്‍ ശ്രമിക്കുന്നത്. അങ്ങ് കത്തില്‍ പറഞ്ഞ വസ്തുവിരുദ്ധമായ ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തട്ടെ; ഈ കമ്പനിയില്‍ മുഖ്യ ഓഹരി പങ്കാളിയായ സര്‍ക്കാരിനെ അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി നടപടികള്‍ സ്വീകരിക്കുന്നത് എന്നാണ് അങ്ങയുടെ ആരോപണം. ഇത് തെറ്റാണ്. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഹരി പങ്കാളിയല്ല.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കണ്‍സഷനെയര്‍ എഗ്രിമെന്റിലെ ക്ലോസ് 5.3 പ്രകാരമാണ് ഓഹരി കൈമാറ്റത്തില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിഷ്‌ക്കര്‍ഷിച്ചിരികുന്നത്. പ്രസ്തുത കരാറിലെ ക്ലോസ് 5.8 പ്രകാരം കോമണ്‍ യൂസര്‍ ഫെസിലിറ്റി ഉപയോഗിക്കുന്നത് ഒരു കമ്പനിയും കുത്തകയാക്കാന്‍ പാടില്ലെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓഹരി കൈമാറ്റത്തിന് സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെയും അനുമതികള്‍ ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അവകാശാധികാരങ്ങള്‍ ആവശ്യമായി വരുന്ന ഏത് ഘട്ടത്തിലും ഉപയോഗിക്കും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും ആശങ്കകളും അടിസ്ഥാനമില്ലാത്തതാണ്.

ഈ സര്‍ക്കാരിന്റെ കാലയളവില്‍ അദാനി കമ്പനിയുടെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നതിന് മുന്‍പ് തന്നെ ഇതുസംബന്ധിച്ച നടപടികള്‍ അദാനി കമ്പനി ആരംഭിച്ചുവെന്നു വേണം മനസിലാക്കാന്‍.

അങ്ങ് നേതൃത്വം നല്‍കിയിരുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ 2025ല്‍ സംഘടിപ്പിച്ച വിഴിഞ്ഞം കോണ്‍ക്ലേവില്‍ എം.എസ്.സി കമ്പനിയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നില്ലേ? അപ്പോള്‍ അന്നു മുതല്‍ക്കെ ഓഹരി കൈമാറ്റത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുവെന്ന് കരുതേണ്ടി വരില്ലേ? എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയമാണ് വിദേശ നിക്ഷേപമെന്ന് ജൂലൈ ഒന്നിന് സി.പി.എം മുഖപത്രമായ ദേശാഭിമാനി എഴുതിയതും ഇതിന്റെ തെളിവല്ലേ? അതിനും മുന്‍പ് ജൂണ്‍ 5-ന് ദേശാഭിമാനി പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്ത ‘വിഴിഞ്ഞത്ത് വരും, എം.എസ്.സി ടെര്‍മിനല്‍’ എന്നാണ്. 49 ശതമാനം ഓഹരിയാണ് എം.എസ്.സി ലക്ഷ്യമിടുന്നതെന്നും അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും എം.എസ്.സി പ്രതിനിധികളുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നുവെന്നും ഇതേ വാര്‍ത്തയിലുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാരും മുഖ്യമന്ത്രിയായിരുന്ന അങ്ങും സി.പി.എമ്മും അറിയാതെ ഇത്തരം ചര്‍ച്ചകള്‍ നടക്കുമോ?.

ഇത്രയും യാഥാര്‍ത്ഥ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ നിലനില്‍ക്കെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അങ്ങയുടെ സര്‍ക്കാരിന്റെ കാലത്ത് എന്തെങ്കിലും നടപടികളോ ആശയവിനിമയമോ അദാനി കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടോയെന്ന് വെളിപ്പെടുത്താന്‍ ഇനിയെങ്കിലും തയാറാകുമോ?

ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യു.ഡി.എഫ് സര്‍ക്കാര്‍ എന്ത് തെറ്റ് ചെയ്തുവെന്ന് ഈ വാര്‍ത്ത നിരന്തരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാന്‍ ചോദിച്ചു. അതേ ചോദ്യം പ്രതിപക്ഷ നേതാവായ അങ്ങയോടും ഞാന്‍ ചോദിക്കുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ എന്ത് തെറ്റ് ചെയ്തുവെന്ന് അങ്ങ് പറയണം.

ജോലിസ്ഥലത്ത് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍… ‘ദുബായ് നൗ’

ജോലിസ്ഥലത്ത് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ സംവിധാനവുമായി യുഎഇ. യുഎഇയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ ഒരു തൊഴില്‍ അന്തരീക്ഷം ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇതിനായി ദുബായ് ഡിജിറ്റല്‍ അതോറിറ്റിയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് ടൂറിസവും ചേര്‍ന്ന് ‘ദുബായ് നൗ’ എന്ന ആപ്ലിക്കേഷന്‍ ആരംഭിച്ചു.
ദുബായിലെ നൂറിലധികം സര്‍ക്കാര്‍, സ്വകാര്യ സേവനങ്ങള്‍ ലഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ദുബായ് നൗ. അതുകൊണ്ട് തന്നെ ദുബായിലെ ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തൊഴില്‍ പരമായ തര്‍ക്കങ്ങള്‍, ശമ്പളം വൈകുന്നത്, കരാര്‍ ലംഘനങ്ങള്‍ തുടങ്ങിയ ഏത് പരാതിയും ഈ ആപ്പ് വഴി നല്‍കാം.ദുബായ് നൗ ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം യുഎഇ പാസ് ഉപയോഗിച്ച് പരാതി നല്‍കാവുന്നതാണ്. ഇങ്ങനെ നല്‍കുന്ന പരാതി ഉടന്‍തന്നെ ലേബര്‍ ഡിപ്പാര്‍ട്ടമെന്റിന്റെ പരിശോധനയിലേയ്ക്ക് പോകും. ഇതുവഴി വളരെ വേഗത്തില്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിക്കും. പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു എന്നറിയാന്‍ ആപ്പിലൂടെ തന്നെ സാധിക്കും.

കെഎസ്ആർടിസി താല്ക്കാലിക ജീവനക്കാരുടെ ശമ്പളവും ബത്തയും മുടങ്ങി ? ജീവനക്കാർ ആശങ്കയിൽ!

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോൾ കെഎസ്ആർടിസി താൽക്കാലിക ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുടങ്ങി. ജൂൺമാസത്തെ ശമ്പളമാണ് ജൂലൈ 10-ാം തിയതി കഴിഞ്ഞിട്ടും കൊടുക്കുവാൻ കഴിയാത്തത്. എല്ലാ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമുള്ള ബത്തയും മുടങ്ങി. ജൂൺ 15വരെയുള്ള ബത്തയേ ഇതുവരെ നൽകിയിട്ടുള്ളു.

താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാൻ ഒരു മാസം ഏകദേശം 12 കോടി രൂപയാണ് വേണ്ടിവരുന്നത്. എന്നാൽ ഇതുവരെ മൂന്ന് കോടിയോളം രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂ. കെഎസ്‌ആർടിസിയിലും സ്വിഫ്‌റ്റിലുമായി 7000 ലേറെ താൽക്കാലിക ജീവനക്കാരുമുണ്ട്‌.

സാധാരണ​ഗതിയിൽ എല്ലാ മാസവും 15-ാം തിയതിവരെ ആദ്യ ​ഗഡുവും അതിനുശേഷം രണ്ടാം ​ഗഡുവുമായി ശമ്പളം വിതരണം അനുവദിക്കുകയാണ് ചെയ്യുന്നത്. ജീവനക്കാർക്കാകെ ശമ്പളം നൽകാൻ 50 കോടിയാണ് വേണ്ടിവരുന്നത്.

പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് നേരത്തെ തന്നെ ജീവനക്കാർ ആശങ്ക അറിയിച്ചിരുന്നു.

ഉമ്മൻചാണ്ടി സർക്കാർ അടച്ചുപൂട്ടാനൊരുങ്ങിയ കെഎസ്‌ആർടിസിയെ നിരവധി പ്രതിസന്ധികൾ അതീജീവിച്ചാണ്‌ 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ്‌ സർക്കാർ കരകയറ്റിയത്. ശമ്പളം ഒന്നാം തീയതിയും ചരിത്രത്തിലാദ്യമായി 31നും വിതരണം ചെയ്യുന്ന നിലയിലെത്തിയിരുന്നു.