26.4 C
Kollam
Monday 21st September, 2026 | 11:27:51 PM
Home News Local പിള്ളേരെ പിടുത്തക്കാര്‍ ഇറങ്ങി, യൂണിഫോമും ബാഗും കുടയുമെല്ലാം ഫ്രീ:കുട്ടികളെ പിടിക്കാൻ നെട്ടോട്ടമോടി അധ്യാപകർ;ഫ്ളൈറ്റ് ടിക്കറ്റും റെഡി

പിള്ളേരെ പിടുത്തക്കാര്‍ ഇറങ്ങി, യൂണിഫോമും ബാഗും കുടയുമെല്ലാം ഫ്രീ:കുട്ടികളെ പിടിക്കാൻ നെട്ടോട്ടമോടി അധ്യാപകർ;ഫ്ളൈറ്റ് ടിക്കറ്റും റെഡി

ശാസ്‌താംകോട്ട:അധ്യയന വർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ തലയെണ്ണം തികയ്ക്കാൻ കുട്ടികളെ തേടി അധ്യാപകർ നെട്ടോട്ടത്തിൽ.എയ്ഡഡ്,അൺ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരാണ് വീടുകൾ കയറിയിറങ്ങുന്നത്.കുട്ടികൾ കുറഞ്ഞാൽ തങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പ്രഥമാധ്യാപകർ ഉൾപ്പെടെ കൂട്ടത്തോടെ ഫീൽഡ് വർക്കിൽ ഏർപ്പെട്ടിരിക്കുന്നത്.ഒന്നാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക് വലിയ ഓഫറുകളാണ് ലഭിക്കുന്നത്.യൂണിഫോമും ബാഗും കുടയും വാട്ടർ ബോട്ടിലും നോട്ടുബുക്കുകൾ ഉൾപ്പെടെ അഡ്വാൻസായി നൽകിയാണ് ക്യാൻവാസിങ്.പണം ആവശ്യമുണ്ടെങ്കിൽ അതും നൽകും.

രക്ഷിതാക്കളുടെ സാമ്പത്തികാവസ്ഥ പ്രശ്‌നമേയല്ല.കുട്ടിയെ കിട്ടിയാൽ മതി എന്നതാണ് ലക്ഷ്യം.സ്‌കൂൾ തുറന്നാൽ ഓട്ടോ ഫീസും അധ്യാപകർ തന്നെ നൽകും.പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്‌കൂളിൽ മെയ് 6ന് നടന്ന മെഗാ സ്പോട്ട് അഡ്മിഷനിലൂടെ അഡ്‌മിഷൻ എടുത്ത കുട്ടിക്കും രക്ഷിതാവിനും നറുക്കെടുപ്പിലൂടെ ഫ്ളൈറ്റ് ടിക്കറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്.തിരുവനന്തപുരം – കൊച്ചി ഫ്ളൈറ്റ് ടിക്കറ്റ് സ്വന്തമാക്കാം എന്ന പരസ്യം നൽകിയാണ് കുട്ടികളെ ആകർഷിക്കാനായി സ്‌കൂൾ അധികൃതർ രംഗത്തെത്തിയത്.

എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി നറുക്കെടുപ്പിലൂടെ വിജയികളാകുന്ന ഓരോ വിഭാഗം കുട്ടികൾക്കാണ് ടിക്കറ്റ് ലഭിക്കുന്നത്.സിബിഎസ്ഇ സ്‌കൂളുകളുടെ കടന്നുകയറ്റമാണ് സർക്കാർ സ്‌കൂളുകളുടെ നിലനിൽപ്പിന് ഭീഷണിയായി മാറിയിരിക്കുന്നത്.പല സർക്കാർ എൽ.പി സ്കൂളുകളിലും ഒന്നാം ക്ലാസിൽ പത്തിൽ താഴെ കുട്ടികൾ മാത്രമാണ് അഡ്‌മിഷൻ എടുത്തിട്ടുള്ളത്.