തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ പുതിയ വിവാദം. എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് പുറത്ത് വന്ന രേഖയെ ചൊല്ലിയാണ് പുതിയ വിവാദം. മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറഞ്ഞതാണെന്ന് ഉദുമ എംഎല്‍എ കെ നീലകണ്ഠൻ പറഞ്ഞു. എന്നിട്ടും രേഖയിൽ ബ്ലാങ്ക് വന്നത് എങ്ങനെ എന്ന് അറിയില്ല. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി സംസാരിച്ചു. മുകുൾ വാസ്നിക്കിനും അജയ് മാക്കനും ഇത് സംബന്ധിച്ച് പരാതി മെയിൽ ചെയ്തുവെന്നും കെ നീലകണ്ഠൻ വ്യക്തമാക്കി. അതിനിടെ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് പേരോടും ദില്ലിയിൽ എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒപ്പം കെ പി സി സി പ്രസിഡൻ്റും ദില്ലിയിലേക്ക് പോകും.
അതേസമയം, എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ, തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്‍റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് ജി വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ തുടങ്ങിയവരും വേണുഗോപാലിനെ പിന്തുണച്ചുവെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. ഇതിലാണ് നീലകണ്ഠന്‍റെ പേരിനൊപ്പം ആര്‍ക്ക് പിന്തുണയെന്ന് ഒഴിച്ചിട്ടിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രി പദത്തിലേക്ക് ശക്തമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടിയാണ് എംഎൽഎമാരുടെ നിലപാട് നൽകുന്നത്. ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ സി ബാലകൃഷ്ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണച്ചതായാണ് റിപ്പോർട്ട്. ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ജനപ്രിയ മുഖമായി ഉയർത്തിക്കാട്ടപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആറ് എംഎൽഎമാർ പിന്തുണച്ചു. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെ സി വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു.




































