Home Lifestyle Entertainment ‘പേട്രിയറ്റി’ന്റെ വ്യാജ പതിപ്പുകൾ ഓൺലൈൻ വെബ്‌സൈറ്റുകളിലും സമൂഹമാധ്യമ അക്കൗണ്ടുകളിലും വ്യാപകമാകുന്നതായി പരാതി

‘പേട്രിയറ്റി’ന്റെ വ്യാജ പതിപ്പുകൾ ഓൺലൈൻ വെബ്‌സൈറ്റുകളിലും സമൂഹമാധ്യമ അക്കൗണ്ടുകളിലും വ്യാപകമാകുന്നതായി പരാതി

Advertisement

കൊച്ചി: മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റി’ന്റെ വ്യാജ പതിപ്പുകൾ ഓൺലൈൻ വെബ്‌സൈറ്റുകളിലും സമൂഹമാധ്യമ അക്കൗണ്ടുകളിലും വ്യാപകമാകുന്നതായി പരാതി. നിർമാതാവ് ആന്റോ ജോസഫിന്റെ പരാതിയിൽ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്തു. പകർപ്പവകാശലംഘന നിയമത്തിന്റെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്‌.


മെയ്‌ ഒന്നിനാണ്‌ ‘പേട്രിയറ്റ്‌’ ആഗോളവ്യാപകമായി തിയറ്ററുകളിൽ റിലീസ്‌ ചെയ്‌തത്‌. അനധികൃതമായി റെക്കോഡ്‌ ചെയ്‌ത സിനിമ രണ്ടുമുതൽ അഞ്ചുവരെ തീയതികളിൽ ഓൺലൈനിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. സൈബർ ക്രൈം പൊലീസ്‌ അന്വേഷണം ആരംഭിച്ചു.


മഹേഷ് നാരായണൻ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന നിരീക്ഷണ ഗൂഢാലോചനകൾ തകർക്കാൻ ശ്രമിക്കുന്ന രഹസ്യ അന്വേഷണ ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പൂസ് എൻ്റർടൈൻമെൻ്റ്‌സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


സിനിമയുടെ തീയേറ്റർ ആവേശം നിലനിൽക്കുമ്പോൾ തന്നെ ആരാധകർ ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലാണ്. ‘പേട്രിയറ്റി’ന്റെ ഡിജിറ്റൽ സ്ട്രീമിങ്‌ അവകാശങ്ങൾ പ്രമുഖ പ്ലാറ്റ്‌ഫോമായ സീ5 (ZEE5) സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, മെയ് അവസാനമോ ജൂൺ ആദ്യവാരമോ ചിത്രം ഒടിടിയിൽ എത്താൻ സാധ്യതയുണ്ട്. സാധാരണയായി മലയാള ചിത്രങ്ങൾ തീയേറ്റർ റിലീസിന് നാല് ആഴ്ചകൾക്ക് ശേഷം ഒടിടിയിൽ എത്താറുണ്ട്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങൾ സീ കേരളത്തിനാണ്.

Advertisement