മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിൽ/ കേന്ദ്രഭരണ പ്രദേശങ്ങളിലായി 1865 ഒഴിവുണ്ട്. ഇതിൽ 39 ഒഴിവ് കേരളത്തിലാണ്. ലക്ഷദ്വീപിൽ ഒരു ഒഴിവുമുണ്ട്. ബിരുദധാരികൾക്കാണ് അവസരം. തിരഞ്ഞെടുപ്പിനായി ഓൺലൈൻ പരീക്ഷയുണ്ടാവും.
വിവിധ ഓഫീസ്/ ബ്രാഞ്ചുകളിലായി ഒരു വർഷമാണ് പരിശീലനം. കേരളത്തിൽ എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോഴിക്കോട്,മലപ്പുറം,വയനാട്, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ ഓഫീസ്/ ബ്രാഞ്ചുകളിലായിരിക്കും പരിശീലനം.
സ്‌റ്റൈപ്പെൻഡ്
മെട്രോ നഗരങ്ങളിൽ 20,000 രൂപ, നഗരങ്ങളിൽ 18,000 രൂപ, അർധനഗര-ഗ്രാമ മേഖലകളിൽ 15,000 രൂപ.
വിദ്യാഭ്യാസയോഗ്യത
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേടിയ ബിരുദം. 01.04.2022-ന് മുൻപോ 01.04.2026.-ന് ശേഷമോ നേടിയ യോഗ്യത പരിഗണിക്കില്ല. അപേക്ഷിക്കുന്ന സംസ്ഥാനത്തെ/ കേന്ദ്രഭരണ പ്രദേശത്തെ പ്രാദേശികഭാഷ (കേരളത്തിലേക്കും ലക്ഷദ്വീപിലേക്കും മലയാളം) എഴുതാനും വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം.
പ്രായം
20-28 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ-10 വർഷം, എസ്.സി., എസ്.ടി.-15 വർഷം, ഒ.ബി.സി.-13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്.
പരീക്ഷ
തിരഞ്ഞെടുപ്പിനായി ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയായിരിക്കും നടത്തുക. മേയ്, ജൂൺ മാസങ്ങളിലായിരിക്കും പരീക്ഷ. 100 മാർക്കിനുള്ള പരീക്ഷയ്ക്ക് 100 ചോദ്യങ്ങളുണ്ടാവും. ജനറൽ/ ഫിനാൻഷ്യൽ അവേർനെസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആൻഡ് റീസണിങ് ആപ്റ്റിറ്റിയൂഡ്, കംപ്യൂട്ടർ/ സബ്ജക്ട് നോളജ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രോഡക്ടുകളും സർവീസുകളും എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രോഡക്ടുകളെയും സർവീസുകളെയും കുറിച്ച് അറിയാനുള്ള ലിങ്ക് വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
അപേക്ഷ
എൻ.എ.ടി.എസ്. പോർട്ടലിൽ രജിസ്റ്റർചെയ്തശേഷം ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 19.
വിവരങ്ങൾക്ക്: www.unionbankofindia.bank.in





























