Home Blog Page 421

എക്‌സ്ട്രാ ടൈം ഗോളുകളിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി അർജന്റീന

എക്‌സ്ട്രാ ടൈം ഗോളുകളിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി (3-1) അർജന്റീന അവസാന നാലിലെത്തി. സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. ഒടുവിൽ എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ജൂലിയൻ ആൽവാരസും ലൗട്ടാരോ മാർട്ടീനെസും നേടിയ ഗോളുകളിലാണ് അർജന്റീന 3-1 ന്റെ ആവേശ വിജയം സ്വന്തമാക്കിയത്.


പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുമെന്ന് കരുതിയിരിക്കെയായിരുന്നു കൻസാസ് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ആൽവാരസിന്റെ മാന്ത്രിക ഗോൾ പിറന്നത്. 114-ാം മിനിറ്റിൽ സ്വിസ് ബോക്സിന് ഏകദേശം 25 വാര അകലെ വെച്ച് പന്ത് സ്വീകരിച്ച താരം പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി വലംകാലുകൊണ്ട് തൊടുത്ത പന്ത് പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറുകയായിരുന്നു.


സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബൽ പൂർണ്ണമായി ഡൈവ് ചെയ്തെങ്കിലും പന്തിനരികിൽ പോലും എത്താനായില്ല. ഗോൾ പിറന്നതോടെ അർജന്റീനിയൻ പകരക്കാരായ കളിക്കാരടക്കം മൈതാനത്തേക്ക് ഓടിയെത്തി ആഹ്ലാദം പങ്കുവെച്ചു.


തൊട്ടുപിന്നാലെ സമനിലയ്ക്കായി സ്വിസ് പട കിണഞ്ഞു ശ്രമിച്ചെങ്കിലും എമിലിയാനോ മാർട്ടിനെസിന്റെ നേതൃത്വത്തിലുള്ള അർജന്റീനിയൻ പ്രതിരോധം കോട്ട കാത്തു.


ബോക്സിലേക്ക് ഉയർന്നുവന്ന അപകടകരമായ ക്രോസ് മാർട്ടിനെസ് കൃത്യമായി കൈപ്പിടിയിലൊതുക്കി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇഞ്ചുറി ടൈമിൽ (120+1 മിനിറ്റ്) ലൗട്ടാരോ മാർട്ടീനെസ് അർജന്റീനയുടെ മൂന്നാം ഗോളും വലയിലാക്കി സ്വിസ് പടയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു.

കല്ലുകടവ് സഖാവ് കെ ശ്രീധരന്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ സ്മൃതിയും എസ് ജാനകി അനുസ്മരണവും

മൈനാഗപ്പള്ളി. കല്ലുകടവ് സഖാവ് കെ ശ്രീധരന്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ സ്മൃതിയും എസ് ജാനകി അനുസ്മരണവും നടക്കും.കല്ലുകടവില്‍ ഇന്ന് വൈകിട്ട് അഞ്ചിന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഭരണ സമിതി അംഗം എബി പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്യും. കെ പി വേണുഗോപാല്‍ അനുമോനം നിര്‍വഹിക്കും.

വയലാറിൻ്റെ സ്മൃതിയിൽ മലയാളിയുടെ വാനമ്പാടി ജാനകിയമ്മയ്ക്ക് വിട…വയലാറിൻ്റെ വരികളും, ജാനകിയമ്മയുടെ സ്വര വിസ്മയവും

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന് ഇന്ന് സമാപനം


മൈനാഗപ്പള്ളി: പതിനൊന്നാമത് മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന് ഇന്ന് ധനാശി പാടും.
രാവിലെ 10 ന് നളചരിതം-ആട്ടക്കഥകളിലെ വേറിട്ട മുഖം എന്ന വിഷയത്തിൽ സെമിനാർ ഡോ.സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്യും. അജി ശ്രീക്കുട്ടൻ അധ്യക്ഷത വഹിക്കും. ഡോ.ഏവൂർ മോഹൻദാസ് വിഷയാവതരണം നടത്തും.3 ന് ആചാര്യസ്‌മൃതി ചന്ദ്രമന നാരായണൻ നമ്പൂതിരി അവതരിപ്പിക്കും.4 ന് സമാപനസമ്മേളനംസാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്‌ ഉത്ഘാടനം ചെയ്യും.

മണ്ണൂർക്കാവ് വനദുർഗ്ഗാ പുരസ്‌കാരം കലാമണ്ഡലം വിനോദിന് സമർപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ്‌ രജനി സുനിൽ മുഖ്യപ്രസംഗം നടത്തും.
6 ന് മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രത്തിലെ വേഷം വിഭാഗത്തിലെ 10വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടക്കും.7 ന് കുചേലവൃത്തം കഥകളിയോടെ ദശദിന കഥകളി ഫെസ്റ്റിവേലിന് തിരശ്ശില വീഴും.

ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനം,കേസ്സ് ഡയറി തിരുത്തൽ പ്രതികളുടെ സാന്നിധ്യത്തിൽ

തിരുവനന്തപുരം.ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനം. നടന്നത് നാണംകെട്ട തിരുത്തല്‍. കേസ്സ് ഡയറി തിരുത്തൽ പ്രതികളുടെ സാന്നിധ്യത്തിൽ. അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും എഡിജിപിഓഫീസിൽ എത്തി

തിരുത്തൽ എങ്ങനെ വേണമെന്ന് പ്രതികളും പോലീസുകാരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്തു.ഇരു കൂട്ടരും ചർച്ച നടത്തിയത് എഡിജിപി എം ആർ അജിത് കുമാറിന്റെ സാന്നിധ്യത്തിൽ.ഉദ്യോഗസ്ഥരെ എ ഡിജിപി ശകാരിച്ചത് പ്രതികളുടെ മുന്നിൽവച്ച്

പൊലീസിന് നേരെ തോക്ക് ചൂണ്ടല്‍, സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം , രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം

കോഴിക്കോട് .മാവൂരിൽ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ രക്ഷപ്പെട്ട പ്രതികള്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പാലക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി 70 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളാണ് അക്രമം നടത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ പിടികൂടാൻ പാലക്കാട് പ്രത്യേക അന്വേഷണ സംഘം മാവൂരിലെത്തി. ഇവിടെ കെട്ടിടം വളഞ്ഞ ശേഷം വാതിലിൽ മുട്ടിയപ്പോൾ പുറത്തുള്ളവർ പൊലീസാണെന്ന് ഉറപ്പിച്ച പ്രതികൾ ജനൽവഴി സ്ഫോടക വസ്തു എറിഞ്ഞു. ഉഗ്രശബ്ദത്തോടെയുണ്ടായ സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തുടർന്ന് പ്രതികൾ തോക്ക് ചൂണ്ടിയും ഭീഷണിപ്പെടുത്തി.

സംഭവവിവരം അറിഞ്ഞതോടെ മാവൂരിൽ നിന്നും കുന്ദമംഗലത്ത് നിന്നുമായി കൂടുതൽ പൊലീസ് സ്ഥലത്തെത്തി. കേസിലെ രണ്ടാം പ്രതി വിഷ്ണു സൽമാൻ, ആട് ഷമീർ, ഡേവിസ് കെ. ജാംസൺ എന്നിവരെ പിടികൂടി. മറ്റു പ്രതികള് ഓടി രക്ഷപ്പെട്ടു. ഇവർക്ക് വേണ്ടി പരിസരപ്രദേശങ്ങളിലും മറ്റു സ്ഥലങ്ങളിലുമായി അന്വേഷണം ഊർജിതമാക്കി. 2025 ഡിസംബർ 6-നാണ് പ്രവാസി വ്യവസായി മുഹമ്മദാലിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്.

തസ്തിക നിർണയം സംബന്ധിച്ച വിവാദ ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം. തസ്തിക നിർണയം സംബന്ധിച്ച വിവാദ ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.റദ്ദാക്കിയത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തസ്തിക നിർണയത്തിന് നിർബന്ധമാക്കിയുള്ള ഉത്തരവ്.താത്കാലിക ഫിറ്റ്നസുള്ള സ്‌കൂളുകളിലെ അധ്യാപകർക്ക് ഈ മാസം 15 മുതൽ ശമ്പളം നൽകില്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

ഒരു വര്‍ഷത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നെങ്കില്‍ മാത്രം തസ്തിക നിര്‍ണയ ഉത്തരവ് നല്‍കിയാൽ മതിയെന്നായിരുന്നു നിർദ്ദേശം.അധ്യാപകരുടെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് റദ്ദാക്കൽ നടപടി.

നിര്‍ദേശങ്ങള്‍ സങ്കീര്‍ണ സൃഷ്ടിച്ചുവെന്നും മതിയായ സമയം കിട്ടിയില്ലെന്നുമായിരുന്നു അധ്യാപക സംഘടനകളുടെ പ്രതികരണം.

സോളാർ ലൈറ്റിലെ ബാറ്ററികൾ മോഷ്ടിച്ച കള്ളന്മാരിൽ ഒരാളെ പോലീസ് പിടികൂടി

എടത്വ .വൈദ്യുതി മുടങ്ങിയാലും കുട്ടനാട്ടിലെ റോഡുകളിൽ മനുഷ്യന് വെളിച്ചം കാണാൻ സ്ഥാപിച്ച സോളാർ ലൈറ്റിലെ ബാറ്ററികൾ മോഷ്ടിച്ച കള്ളന്മാരിൽ ഒരാളെ പോലീസ് പിടികൂടി.പാലാമറ്റം സ്വദേശി ആകാശ് എന്ന 21 വയസ്സുകാരനെയാണ് മോഷണക്കേസിൽ എടത്വ പോലീസ് അറസ്റ്റ് ചെയ്തത്.

സാധാരണ നാട്ടുമ്പുറങ്ങൾ പോലെയല്ല കുട്ടനാട്.വൈദ്യുതി മുടക്കം ഇച്ചിരി കൂടുതലാണ്.ഇതിന് പരിഹാരമായിയാണ് പ്രധാന ജംഗ്ഷനുകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചത്.അപ്പോഴാണ് കള്ളന്മാർ സോളാർ ലൈറ്റിന്റെ ബാറ്ററികൾ തന്നെ മോഷ്ടിക്കാൻ തുടങ്ങിയത്.നാട്ടുകാർക്ക് ഉപകാരമാകാൻ സ്ഥാപിച്ച പദ്ധതി കള്ളന്മാർ കൈവച്ചതോടെ നാട്ടുകാർക്കും ദേഷ്യം കൂടി.പലതരങ്ങളിലും നാട്ടുകാരും പോലീസും ഒരേപോലെ കള്ളന്മാരെ കുറിച്ച് അന്വേഷിച്ചു.എടത്വാ പോലീസിന്റെ അന്വേഷണത്തിൽ കേസിലെ രണ്ടാംപ്രതി പാലമറ്റം സ്വദേശി ആകാശ 21 വയസ്സുകാരനെ പിടികൂടി.ചങ്ങനാശ്ശേരി മാർക്കറ്റ് പരിസരത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിച്ചത്.കേസിൽ ഒന്നാംപ്രതിയെ ഇനി പിടികൂടാൻ ഉണ്ട്.പ്രതി നിലവിൽ ഒളിവിലാണ്.സോളാർ ബാറ്ററി മോഷ്ടിച്ച ലൈറ്റിന്റെ അടുത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തി. നാട്ടുകാരുടെ വെളിച്ചം മുട്ടിച്ച പ്രതിക്കെതിരെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും നാട്ടുകാർ രോഷത്തോടെയാണ് പ്രതികരിച്ചത്.

മഴക്കാലത്ത് സൺസ്‌ക്രീൻ ഒഴിവാക്കാറുണ്ടോ? ചർമ്മരോഗ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കാം

മഴക്കാലത്ത് നമ്മളിൽ പലരും സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് നിർത്താറുണ്ട്. വെയിലില്ലാത്തതിനാൽ ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കില്ലെന്ന ധാരണയിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ചർമ്മസംരക്ഷണത്തിൽ വരുത്തുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണിതെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. കാർമേഘങ്ങൾക്ക് സൂര്യപ്രകാശത്തെ ഒരു പരിധി വരെ മറയ്ക്കാൻ കഴിയുമെങ്കിലും, ഹാനികരമായ അൾട്രാവയലറ്റ് രശ്മികളെ പൂർണ്ണമായി തടയാൻ കഴിയില്ല. സൺസ്‌ക്രീൻ എന്നത് വേനൽക്കാലത്ത് മാത്രം ഉപയോഗിക്കേണ്ട ഒന്നല്ല, മഴക്കാലം ഉൾപ്പെടെ വർഷത്തിൽ എല്ലാ ദിവസവും ചർമ്മസംരക്ഷണത്തിന് ഇത് അത്യാവശ്യമാണ്. മഴക്കാലത്തും സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്.

Also Read: ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

  1. മേഘങ്ങൾക്ക് യുവി രശ്മികളെ പൂർണ്ണമായി തടയാനാകില്ല
    മേഘാവൃതമായ കാലാവസ്ഥ ചർമ്മത്തെ സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കുമെന്നത് ഒരു തെറ്റായ ധാരണയാണ്. സൂര്യനെ നേരിട്ട് കാണാൻ സാധിക്കാത്ത ദിവസങ്ങളിൽ പോലും യുവി രശ്മികൾക്ക് മേഘ പാളികളെ ഭേദിച്ച് പുറത്തുവരാൻ കഴിയും. വേനൽക്കാലത്ത് മാത്രമേ സൺസ്‌ക്രീൻ ആവശ്യമുള്ളൂ എന്നാണ് നമ്മളിൽ ഭൂരിഭാഗം പേരും കരുതുന്നത്. എന്നാൽ മഴക്കാലത്തും ഈ യുവി രശ്മികൾ ചർമ്മത്തിലേക്ക് എത്തിക്കൊണ്ടേയിരിക്കും.
  2. യുവിഎ രശ്മികൾ വർഷം മുഴുവനുമുണ്ട്
    സൂര്യതാപത്തിന് പ്രധാന കാരണം യുവിബി രശ്മികളാണെങ്കിൽ, ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന യുവിഎ രശ്മികൾ വർഷം മുഴുവൻ അന്തരീക്ഷത്തിൽ ഒരുപോലെ ഉണ്ടാകും. മഴക്കാലത്ത് മേഘങ്ങൾ സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കുമെങ്കിലും അൾട്രാവയലറ്റ് വികിരണങ്ങളെ അവ പൂർണ്ണമായി തടയുന്നില്ല. ചർമ്മത്തിൽ നേരത്തെ തന്നെ പ്രായക്കൂടുതൽ തോന്നിക്കുന്നതിനും, കറുത്ത പാടുകൾക്കും, ദീർഘകാല ചർമ്മ പ്രശ്നങ്ങൾക്കും പ്രധാന കാരണം ഈ യുവിഎ രശ്മികളാണ്.
  3. മഴക്കാലത്തെ ചർമ്മ കേടുപാടുകൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല

വേനൽക്കാലത്തെപ്പോലെ ചർമ്മം പെട്ടെന്ന് കറുത്തുപോകാത്തതിനാൽ, മഴക്കാലത്ത് യുവി രശ്മികൾ ഉണ്ടാക്കുന്ന ദോഷങ്ങൾ തിരിച്ചറിയാൻ സമയമെടുക്കും. തുടർച്ചയായി യുവി രശ്മികൾ ഏൽക്കുന്നത് ഈ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്ന കൊളാജൻ നശിക്കുന്നു.

  1. ചർമ്മത്തിൽ കറുത്ത പാടുകൾ വർദ്ധിക്കുന്നു.
  2. മുഖക്കുരുവിന്റെ പാടുകൾ മാറാൻ കൂടുതൽ സമയമെടുക്കുന്നു.
  3. ചർമ്മത്തിന് അകാല വാർദ്ധക്യം ഉണ്ടാകുന്നു.
  4. ചർമ്മത്തിലെ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
  5. ചർമ്മ ചികിത്സകൾ ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കുക

കെമിക്കൽ പീലിംഗ്, ലേസർ ചികിത്സകൾ, മൈക്രോനീഡ്‌ലിംഗ്, റെറ്റിനോയിഡുകൾ അല്ലെങ്കിൽ എക്‌സ്‌ഫോളിയേറ്റിംഗ് ആസിഡുകൾ എന്നിവ ഉപയോഗിക്കുന്നവർ മഴക്കാലത്ത് കൂടുതൽ ജാഗ്രത പാലിക്കണം. ഇത്തരം ചികിത്സകൾ ചർമ്മത്തെ കൂടുതൽ സെൻസിറ്റീവ് ആക്കുന്നു. അതിനാൽ, മേഘാവൃതമായ ദിവസങ്ങളിൽ സൺസ്‌ക്രീൻ ഉപയോഗിക്കാതിരുന്നാൽ അത് ചർമ്മത്തിൽ കൂടുതൽ കറുത്ത പാടുകൾ വീഴാൻ ഇടയാക്കും.

  1. മഴക്കാലത്തെ വായുവിലെ ഈർപ്പം

സൺസ്‌ക്രീൻ പുരട്ടുമ്പോൾ ചർമ്മത്തിൽ കനവും എണ്ണമയവും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇത് സൺസ്‌ക്രീൻ ഒഴിവാക്കാനുള്ള കാരണമല്ല. മഴക്കാലത്തെ വായുവിലെ ഈർപ്പത്തിന് അനുയോജ്യമായ ഭാരം കുറഞ്ഞതും ജൽ രൂപത്തിലുള്ളതുമായ സൺസ്‌ക്രീനുകൾ തെരഞ്ഞെടുക്കാം.

  1. ശരിയായ സൺസ്‌ക്രീൻ എങ്ങനെ തിരഞ്ഞെടുക്കാം?

യുവിഎ, യുവിബി രശ്മികളിൽ നിന്ന് സംരക്ഷണം നൽകുന്ന ബ്രോഡ്-സ്പെക്ട്രം സൺസ്‌ക്രീൻ.

  1. എസ്‌പിഎഫ് 30 (SPF 30) അല്ലെങ്കിൽ അതിന് മുകളിലുള്ളവ.
  2. PA+++ അല്ലെങ്കിൽ അതിന് മുകളിലുള്ള റേറ്റിംഗ്.
  3. എണ്ണമയം തോന്നിക്കാത്ത ലൈറ്റ്‌വെയിറ്റ് ജെൽ അല്ലെങ്കിൽ ഫ്ലൂയിഡ് രൂപത്തിലുള്ളവ.
  4. ശ്രദ്ധിക്കാം

രാവിലെ ഒരു തവണ മാത്രം സൺസ്‌ക്രീൻ പുരട്ടിയാൽ പോരാ. കൂടുതൽ സമയം പുറത്തു ചെലവഴിക്കുന്നവരോ, അമിതമായി വിയർക്കുന്നവരോ, മഴ നനയുന്നവരോ ആണെങ്കിൽ ഓരോ 2 മുതൽ 3 മണിക്കൂർ കൂടുമ്പോഴും സൺസ്‌ക്രീൻ വീണ്ടും പുരട്ടേണ്ടതുണ്ട്. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ഏത് കാലാവസ്ഥയിലും സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ഒരു ശീലമാക്കുക.

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് ഗർഭിണികൾ മരിച്ചു. ആശുപത്രിയിലെ മാതൃ-ശിശു ആരോഗ്യ വിഭാഗത്തിൽ നടന്ന അസ്വാഭാവിക മരണങ്ങൾ മെഡിക്കൽ അനാസ്ഥയെന്ന് ആരോപിച്ച് വൻ പ്രതിഷേധം ഉയർന്നു. ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള കൾച്ചർ റിപ്പോർട്ടിൽ അപകടകരമായ ബാക്ടീരിയൽ അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം.

Also Read: ഔദ്യോഗിക സ്ഥിരീകരണത്തിനായ് കാത്ത് കുടുംബം, വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കും, നടപടികൾ തുടങ്ങി

എന്നാൽ ആശുപത്രി അധികൃതരും ജില്ലാ കളക്ടർ ജാസ്മീത് സിംഗ് സന്ധുവും ആരോപണം നിഷേധിച്ചു. ഓരോ സ്ത്രീയും വ്യത്യസ്തമായ ആരോഗ്യപ്രശ്നങ്ങളും സങ്കീർണ്ണതകളും കാരണമാണ് മരിച്ചതെന്നും അണുബാധയല്ല മരണകാരണമെന്നുമാണ് ഔദ്യോഗിക വിശദീകരണം. മുൻകരുതൽ എന്ന നിലയിൽ ഓപ്പറേഷൻ തിയേറ്റർ കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ട് അണുമുക്തമാക്കി വരികയാണെന്നും അധികൃതർ അറിയിച്ചു.

ആശുപത്രിയിലെ അമിതമായ ജോലിഭാരവും ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലാത്തതുമാണ് ഈ അവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രതിദിനം 30 മുതൽ 40 വരെ പ്രസവ ശസ്ത്രക്രിയ നടക്കുന്ന ഇവിടെ ആകെ 8 സർജിക്കൽ ഇൻസ്ട്രുമെന്റ് സെറ്റുകൾ മാത്രമാണുള്ളത്. ഒരു സെറ്റ് വീണ്ടും ഉപയോഗിക്കുന്നതിന് മുൻപ് 3 മണിക്കൂറെങ്കിലും അണുമുക്തമാക്കേണ്ടതുണ്ട്. എന്നാൽ തിരക്ക് കാരണം കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഉപകരണങ്ങൾ ഉപയോഗിച്ചതാകാം അണുബാധയ്ക്ക് കാരണമെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.

സംസ്ഥാനത്ത് പ്രസവ ശസ്ത്രക്രിയ നിരക്ക് ക്രമാതീതമായി കൂടുന്നുവെന്ന് കണക്കുകൾ

കഴിഞ്ഞ മാർച്ച് മാസത്തിന് ശേഷം ഈ ആശുപത്രിയിൽ നടക്കുന്ന മാതൃമരണങ്ങളുടെ എണ്ണം ഒൻപതായി ഉയർന്നു. ഇതിൽ അഞ്ചും ജൂലൈ ആദ്യ വാരത്തിലാണ് സംഭവിച്ചത്. രാജസ്ഥാനിലെ മറ്റ് സർക്കാർ ആശുപത്രികളിലും സമാനമായ സംഭവങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് മാസത്തിൽ കോട്ടയിലെ ആശുപത്രിയിൽ അഞ്ച് ഗർഭിണികളും, ജൂണിൽ ബിക്കാനീറിലെ ആശുപത്രിയിൽ സിസേറിയന് ശേഷം വൃക്ക തകരാറിലായി രണ്ട് പേരും മരിച്ചിരുന്നു. ഭിൽവാരയിലെ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർത്ഥ വീഴ്ചകൾ വ്യക്തമാകൂ.

ഔദ്യോഗിക സ്ഥിരീകരണത്തിനായ് കാത്ത് കുടുംബം, വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കും, നടപടികൾ തുടങ്ങി

കൊല്ലം: വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസിന്‍റെയും ഭാര്യ ലൊവേനി തോമസിന്‍റെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നു. മൃതദേഹങ്ങൾ ചൊവ്വാഴ്ചയോടെ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് വിയറ്റ്നാമിലുള്ള ടൂർ കോർഡിനേറ്റർ അറിയിച്ചത്. എംബസിയുടെ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് കുടുംബം.

Also Read: വന്യമൃഗങ്ങള്‍ക്ക് നടുവില്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഗീതയുടെ ഏകാന്ത ജീവിതം; പുനരധിവസിപ്പിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൊട്ടാരക്കര മാർത്തോമ പള്ളിയിൽ ആണ് സംസ്കാര ചടങ്ങ്. കൊല്ലം കൊട്ടാരക്കര സ്വദേശികളാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന മലയാളികൾ. വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്. 15 പേർ അപകടത്തിൽ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അപകടത്തിൽ മരിച്ചവരിൽ ഏറിയ പങ്കും തമിഴ്നാട് സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മരണപ്പെട്ടവരിൽ തമിഴ്നാട് പഴനി സ്വദേശിയായ 44 കാരൻ മുരുകപ്രഭു ഉൾപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ലാവ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനിയാണ് വിദേശ യാത്രയ്ക്ക് അയച്ചത്. രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. 21 പേരെയാണ് രക്ഷിക്കാനായത്. ബോട്ടിൽ 39 പേർ ഉണ്ടായിരുന്നതായാണ് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി നിർമൽകുമാർ പ്രതികരിക്കുന്നത്. മരിച്ചവരിൽ 4 ആന്ധ്ര സ്വദേശികൾ ഉൾപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്നു. വിയറ്റ്‌നാം അധികൃതരുമായി ചേർന്ന് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും നിയമപരമായ നടപടികളും വേഗത്തിലാക്കാനും നമ്മുടെ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചുവരുന്നതായി പ്രധാനമന്ത്രി സംഭവത്തിൽ പ്രതികരിച്ചു. മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി പ്രവർത്തിപ്പിച്ചിരുന്ന ബോട്ടായ മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോഴേക്കും പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നുട്ടോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് ബോട്ട് മറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ വിയറ്റ്‌നാം ഭരണകൂടം സൈന്യം, പൊലീസ്, സിവിൽ രക്ഷാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വലിയ തോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.