Home Blog Page 420

മിഥുന്‍ഭവനം ജീവന്‍വച്ചു, നാട് കണ്ണീരോടെ അവനെ ഓര്‍ക്കുന്നു

ശാസ്താംകോട്ട . പടിഞ്ഞാറേകല്ലട വിളന്തറയില്‍ ഏഴ് മാസം മുമ്പ് പരന്ന അലമുറ ഇന്നില്ല, കൂടിയ നാട്ടുകാരുടെ കണ്ണില്‍ നനവും തൊണ്ടയില്‍ തിങ്ങിയ ഗദ്ഗദവും ബാക്കിയായി, സഹപാഠിയെ സഹായിക്കാനുള്ള വ്യഗ്രതയില്‍ സ്കൂള്‍ സൈക്കിള്‍ ഷെഡിനുമുകളില്‍ ഷോക്കേറ്റു വീണ് വിറങ്ങലിച്ചത് ഒരു കുടുംബത്തിന്‍റെ സ്വപ്നമായിരുന്നു. എന്നാല്‍ മിഥുന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാനുള്ള പ്രതിബന്ധത അധികൃതര്‍ കാട്ടിയിരിക്കുന്നു.മന്ത്രി വി ശിവന്‍കുട്ടി കുടുംബത്തിന് കൈമാറിയത് പ്രായശ്ചിത്തത്തിന്‍റെ താക്കോല്‍, ജനം ഈറന്‍ മിഴികളോടെ അതു കണ്ടുനിന്നു.

വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട എട്ടാം ക്ലാസ്സുകാരന്‍ മിഥുന്റെ വിയോഗം ഇന്നും ഉണങ്ങാത്ത മുറിവാണ്. സ്‌കൂള്‍ മുറ്റത്തെ കളിചിരികള്‍ക്കിടയില്‍ അപ്രതീക്ഷിതമായി എത്തിയ മരണം ആ കുരുന്നിനെ തട്ടിയെടുത്തപ്പോള്‍, വിറങ്ങലിച്ചു നില്‍ക്കാനേ നമുക്ക് സാധിച്ചുള്ളൂ മന്ത്രി ഫേസ് ബുക്കിലെഴുതി.

മിഥുന്‍ തന്റെ കുടിലിന്റെ ചുവരില്‍ വരച്ചുചേര്‍ത്ത വലിയൊരു സ്വപ്നമായിരുന്നു ഒരു നല്ല വീട്. ഇന്ന് അവന്റെ ആ സ്വപ്നം ‘മിഥുന്‍ ഭവനം’ എന്ന പേരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. പക്ഷേ, ആ മനോഹരമായ വീടിന്റെ ഉമ്മറത്ത് മിഥുനില്ല എന്ന വേദന നമ്മെയെല്ലാം വേട്ടയാടുന്നുണ്ട്

മിഥുന്റെ ആഗ്രഹം സഫലമാക്കാന്‍ മുന്നിട്ടിറങ്ങിയ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിനെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. കുട്ടികളില്‍ നിന്ന് ഒരു രൂപ പോലും പിരിക്കാതെ, വെറും ആറുമാസം കൊണ്ട് 1000 സ്‌ക്വയര്‍ ഫീറ്റില്‍ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വീട് പണിതീര്‍ത്തത്. ഇത് അങ്ങേയറ്റം മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മന്ത്രി അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 17 ന് ആയിരുന്നു മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രിയാണ് മിഥുന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 1000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടിന് മന്ത്രി ശിവന്‍കുട്ടിയാണ് കല്ലിട്ടത്. 20 ലക്ഷം രൂപ ചെലവ് വന്ന വീട്ടില്‍ മൂന്നുമുറിയും ഹാളും അടുക്കളയും സിറ്റൗട്ടും രണ്ട് ശുചിമുറിയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. കരുനാഗപ്പള്ളിയിലുള്ള പാലക്കോട്ട് ബില്‍ഡേഴ്സിനായിരുന്നു നിര്‍മാണ ചുമതല. അഞ്ചുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചാണ് വീട് കൈമാറിയിരിക്കുന്നത്. വീടിന് പുറമെ, മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 10 ലക്ഷവും വിദ്യാഭ്യാസ വകുപ്പ് മൂന്നുലക്ഷവും കെഎസ്ഇബി 10 ലക്ഷവും കെഎസ്ടിഎ 11 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കിയിരുന്നു. സ്‌കൂള്‍ മാനേജ്മെന്റും 10 ലക്ഷം രൂപ നല്‍കി.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപതാമത് ഓർമ്മ പെരുന്നാൾ  സമാപിച്ചു

ശാസ്താം കോട്ട. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപതാമത് ഓർമ്മ പെരുന്നാൾ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ സമാപിച്ചു.
രാവിലെ  നടത്തിയ മൂന്നിന്മേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.

ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഡോ.യൂഹാനോ‍ൻ മാർ ദിയസ്കോറസ് എന്നീ മെത്രാപ്പൊലീത്തമാർ സഹകാർമികരായി. തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ നടന്ന  ധൂപ പ്രാർത്ഥനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.

മന്ത്രി കെ എൻ ബാലഗോപാൽ കബറിടത്തിൽ

ഡോ. ജോസഫ് മാർ ദീവന്നാസിയോസ്, ഡോ. യൂഹാനോൻ മാർ  ദിയസ്കോറോസ്, യാക്കോബ് മാർ ഏലിയാസ്,  തോമസ് മാർ ഇവാനിയോസ്, ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ് എന്നിവർ സഹകാർമികത്വം വഹിച്ചു.  തുടർന്ന് ആശിർവാദം, നേർച്ചവിളമ്പ്  എന്നിവയോടെ പെരുന്നാൾ കൊടിയിറങ്ങി. മന്ത്രി കെ എൻ ബാലഗോപാൽ ബാവയുടെ കബറിടം സന്ദർശിച്ചു.

ശാസ്താംകോട്ട വന്ന് മടങ്ങുംവഴി മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

അടൂര്‍: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികള്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലത്ത് കുന്നത്തൂരിലെ ഒരു പരിപാടിക്കുശേഷം അടൂരിലെ അടുത്ത പരിപാടിക്കായി പോകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ അകമ്പടി വാഹനത്തില്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രാജീവും മറ്റു ജീവനക്കാരും ഉണ്ടായിരുന്നു. ആ വാഹനത്തിലാണ് ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ട മറ്റു വാഹനങ്ങളില്‍ ഉള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് നിസാരമാണ്. പിന്നാലെ തന്നെ പൊലീസെത്തി മന്ത്രിയുടെ അകമ്പടി വാഹനത്തിലുണ്ടായിരുന്നവരെയും അപകടത്തില്‍പ്പെട്ട മറ്റ് വാഹനത്തിലുള്ളവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല

ഉദയാ ലൈബ്രറിരക്തസാക്ഷിത്വദിനത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.

മൈനാഗപ്പള്ളി. ഉദയാ ലൈബ്രറി യുവതയുടെ നേതൃത്വത്തിൽഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി30ന് റിപ്പബ്ലിക് സദസ്സിന്റെ തുടർ പരിപാടിയായിഗാന്ധി സ്മൃതി സംഘടിപ്പിച്ചു.
യുവത പ്രസിഡന്റ് അജു.ജി.നാഥിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ‘മഹാത്മജി ഇന്ത്യയുടെ ആത്മാവ്’ എന്ന വിഷയത്തെ സംബന്ധിച്ച് യുവകലാ സാഹിതി സംസ്ഥാന സെക്രട്ടറി എസ്. അജയൻ പ്രഭാഷണം നടത്തി. എഴുത്തുകാരൻ സി.കെ.മന്മഥൻനായർ മൈനാപ്പള്ളി, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തക മോഹൻദാസ് തോമസ്സ്, ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള, ആർ. മോഹനൻ പിളള, ആർ.ശ്രീകുമാർ, മണക്കാട്ട് രവീന്ദ്രൻ, പി.എസ്.അജിത, ഇ.ഷ ജീന എന്നിവർ പ്രസംഗിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ സ്വാഗതവും ലൈബ്രേറിയൻ ജെ.ജയകുമാരി നന്ദിയും പറഞ്ഞു.

കളിയങ്കണം – പ്രീപ്രൈമറി ദ്വിദിനപരിശീലന പരിപാടി


ശാസ്താം കോട്ട.  ബി.ആർ.സി യിൽ കളിയങ്കണം – പ്രീപ്രൈമറി ദ്വിദിനപരിശീലന പരിപാടി സംഘടിപ്പിച്ചു.

കിഡ്സ് അത്‌ലറ്റിക്സ് പദ്ധതി പ്രകാരം സമഗ്രശിക്ഷാ കേരളം ശാസ്താം കോട്ട ബി.ആർ.സി , പ്രീ പ്രൈമറി സ്കൂളുകളിൽ വിതരണം ചെയ്ത കായിക ഉപകരണങ്ങളുടെ  പ്രായോഗികത  കൃത്യമാക്കുന്നതിനാണ് പ്രീപ്രൈമറി ഒന്ന് രണ്ട് ക്ലാസ്സു കളിലെ  അധ്യാപകർക്കായി ഈ പരിശീലനം സംഘടിപ്പിച്ചത് . ആരോഗ്യ- കായിക വിദ്യാഭ്യാസ ത്തിൻ്റെയും ചലന നൈപുണികളുടെയും ബാലപാഠങ്ങൾ പ്രൈമറി തലത്തിൽ തന്നെ കുട്ടികൾ  ആർജ്ജിക്കുവാൻ  ഈ പരിശീലന പരിപാടി ലക്ഷ്യമാക്കുന്നു.

ഇതിനോടനുബന്ധിച്ച ഉദ്ഘാടന യോഗത്തിൽ  ഗ്രാമപഞ്ചായത്ത് അംഗം ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു .

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശരത്ത് S P യോഗം ഉദ്ഘാടനം ചെയ്തു. ബിപിസി റോഷൻ നായർ, അധ്യാപക പരിശീലകരായ ജി പ്രദീപ്കുമാർ, ബുഷ്റ റിസോഴ്സ് അധ്യാപകർ വേണുഗോപാലപിള്ള, ബിന്ദു കല എന്നിവർ യോഗത്തിൽ സംസാരിച്ചു

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും… സഞ്ജു ടീമില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ടി20 പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം. അക്ഷര്‍ പട്ടേലും ഇഷാന്‍ കിഷനും ഇന്ത്യന്‍ ഇലവനില്‍ തിരിച്ചെത്തി.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. 3-1നാണ് നിലവില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുന്നത്. നാലാം പോരാട്ടം ജയിച്ച് കിവികള്‍ നിരാശ മാറ്റിയാണ് ഇറങ്ങുന്നത്. അവസാന മത്സരം ജയിച്ച് ടി20 ലോകകപ്പിനു ആത്മവിശ്വാസത്തോടെ ഇറങ്ങുകയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.
ലോകകപ്പിനു മുന്‍പ് ഫോം വീണ്ടെടുക്കാന്‍ മലയാളി താരം സഞ്ജു സാംസണു കിട്ടുന്ന അവസാന അവസരമാണിത്. സഞ്ജു സ്വന്തം നാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നുവെന്ന സവിശേഷതയുമുണ്ട്. മത്സരത്തിന്റെ ടിക്കറ്റ് ഒറ്റദിവസംകൊണ്ട് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു.

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ജില്ലാതല മത്സരം ഫെബ്രുവരി അഞ്ചിന്

കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയ വിജ്ഞാനയാത്ര ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ജില്ലാതല മത്സരം ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതല്‍ ഫാത്തിമ മാതാ നാഷനല്‍ കോളജില്‍. എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാല, കോളജ് വിദ്യാര്‍ഥികള്‍ക്കുമായുള്ള മത്സരങ്ങളാണിവ.
സ്‌കൂള്‍തല രജിസ്ട്രേഷന്‍ രാവിലെ ഒമ്പത് മുതലും കോളജ്തലത്തിലേത് ഉച്ചയ്ക്ക് 1.15 മുതലും തുടങ്ങും.
ജില്ലയിലെ വിജയികള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. സംസ്ഥാനതലത്തിലെ സ്‌കൂള്‍തല മത്സരവിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും.
ഫൈനലില്‍ കോളജ്തല വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും, മെമന്റോ, പ്രശസ്തിപത്രം എന്നിവയും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാതല മത്സരവിജയികള്‍ക്ക് മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവയും ലഭിക്കും. ശരിയുത്തരങ്ങള്‍ക്ക് കാണികള്‍ക്കും സമ്മാനമുണ്ട്.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്നാണ് സംഘാടനം.

ഗതാഗതനിരോധനം

കലഞ്ഞൂര്‍-പാടം റോഡില്‍ മാങ്കോട് മുതല്‍ ചിതല്‍വെട്ടി വരെയുള്ള ഭാഗത്തെ ടാറിംഗ് പ്രവര്‍ത്തികള്‍  നടത്തേണ്ടതിനാല്‍  ഫെബ്രുവരി രണ്ട് മുതല്‍  ആറ് വരെ   ഗതാഗതനിരോധനം ഏര്‍പ്പെടുത്തും. മാങ്കോട് – പാടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വട്ടക്കാവ് ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞു രാജഗിരി റോഡ് വഴിയും, പാടത്തുനിന്നു കലഞ്ഞൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചിതല്‍വെട്ടിയില്‍ നിന്നും രാജഗിരി റോഡ് – വട്ടക്കാവ് വഴി തിരിഞ്ഞുപോകണമെന്ന് കെആര്‍എഫ്ബി -പിഎംയു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍: 0469 2967300.

ജില്ലാ കേരളോത്സവത്തിന് തുടക്കം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് തിരിതെളിഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ആര്‍.ലതാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. യുവതിയുവാക്കളിലെ കലാകായിക കഴിവുകള്‍ പരിപോഷിപ്പിക്കാനും വളര്‍ത്താനും കേരളോത്സവം സഹായകരമാകുമെന്ന് പറഞ്ഞു.
ജില്ലാപഞ്ചായത്ത് ജയന്‍ സ്മാരക ഹാള്‍, ക്യു.എ.സി ഗ്രൗണ്ട്, ആശ്രാമം മൈതാനം, കല്ലുവാതുക്കല്‍ കബഡി ഇന്‍സ്റ്റിറ്റ്യൂട്ട്, ടോറസ് സ്‌പോര്‍ട്‌സ് അക്കാദമി, വടക്കേവിള എസ്.എന്‍ പബ്ലിക് സ്‌കൂള്‍, സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവിടങ്ങളിലായാണ് കലാകായിക മത്സരങ്ങള്‍. വിവിധ ഇനങ്ങളിലായി 1640 മത്സരാര്‍ഥികള്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്‍.അരുണ്‍ബാബു അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ബി.ജയന്തി, എസ്.സെല്‍വി, ടി. അജയന്‍, ജി.സരസ്വതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.സുമലാല്‍, നജീബ് മണ്ണേല്‍, ദിലീപ് കുമാര്‍, വരുണ്‍ ആലപ്പാട്, ദീപാ ചന്ദ്രന്‍, എ. റമീസ്, കെ. കലാദേവി, ഡോ.മീര, വിഷ്ണു ഭഗത്, സൂസന്‍ തങ്കച്ചന്‍, സരോജാ ദേവി, റീന ഷാജഹാന്‍, സന്തോഷ് മതിര, പി ആര്‍ സന്തോഷ്, കെ എസ് ഷിജു കുമാര്‍, ഫൈസല്‍ കുളപ്പാടം, കെ എസ് ബിനു, പി. വിനിത കുമാരി, വത്സല സതീശന്‍, ഐ ജയലക്ഷ്മി, ആര്‍.അരുണ്‍ രാജ്, യുവജനക്ഷമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഷബീര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ. സയൂജ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ് ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളോത്സവത്തിന്റെ രണ്ടാം ദിനമായ ഫെബ്രുവരി ഒന്നിന് ജയന്‍ സ്മാരക ഹാളിലെ വേദി ഒന്നില്‍ ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, മാര്‍ഗംകളി, സംഘനൃത്തം, ഓട്ടന്‍തുള്ളല്‍ എന്നിവയാണുള്ളത്. വേദി രണ്ട്, മൂന്ന് എന്നിവയില്‍ കഥാപ്രസംഗം, മിമിക്രി, മോണോആക്ട്, മൈം മത്സരങ്ങളും വേദി നാലില്‍ ഉപന്യാസ രചന, കവിതാരചന, കാര്‍ട്ടൂണ്‍ പെയിന്റിംഗ് മത്സരങ്ങളും. വിവിധ വേദികളിലായി ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, നീന്തല്‍, വടംവലി, ചെസ് മത്സരങ്ങളും നടക്കും. ഫെബ്രുവരി രണ്ടിനാണ് സമാപനം.

സ്ത്രീ വേഷത്തിൽ SIR ന്റെ പേരിലെത്തി കവർച്ച

മലപ്പുറം. SIR ന്റെ പേരിലെത്തി കവർച്ച. ആതവനാട് ചകിരിപ്പാറ സ്വദേശിനിയുടെ സ്വർണം കവർന്നു. നബീസയുടെ രണ്ടര പവന്റെ സ്വർണമാണ് കവർന്നത്. സ്ത്രീ വേഷത്തിൽ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. നബീസയെ ദേഹോപദ്രവം ഏൽപ്പിച്ചേന്നും പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോമിന്റെ പേരിൽ വീട്ടിൽ കയറുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വർണ്ണം എടുത്തത്. കഴുത്തിന് ചവുട്ടേറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവർത്തിച്ചുള്ള സ്വർണ്ണ കവർച്ചയിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.