Home Blog Page 419

ഗള്‍ഫില്‍ പരക്കെ ആക്രമണം; ഇറാന്‍റെ മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ച് കുവൈത്തും

ഖത്തർ :ഗള്‍ഫ് മേഖലയില്‍ ആശങ്ക പരത്തി വീണ്ടും ആക്രമണ ശ്രമങ്ങള്‍. ഇറാന്‍റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞതായി യുഎഇയും കുവൈത്തും സ്ഥിരീകരിച്ചു.

കനത്ത സുരക്ഷാ ഭീഷണിയെത്തുടർന്ന് ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ഇറാനില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ യുഎഇ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്ഫോടന ശബ്ദങ്ങള്‍ മിസൈലുകള്‍ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഉണ്ടായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ആക്രമണ ഭീഷണിയെ തുടർന്ന് യുഎഇയിലുടനീളമുള്ള താമസക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് അധികൃതർ ആദ്യഘട്ടത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നല്‍കുന്ന അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ മിസൈലുകള്‍ തകർത്തതിന് പിന്നാലെ, രാജ്യം ഇപ്പോള്‍ പൂർണ്ണമായും സുരക്ഷിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പുതിയ മൊബൈല്‍ അലർട്ട് അധികൃതർ പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യത്തില്‍ സഹകരിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച അധികൃതർ ജനജീവിതം സാധാരണ നിലയിലായതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂട്ടിച്ചേർത്തു.

കണ്ണൂരിലെ കാർ അപകടത്തിൽ ചികിത്സയിലായിരുന്ന 21കാരനും മരിച്ചു, മരണം അഞ്ചായി

കണ്ണൂർ:കണ്ണൂരിലെ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെയാളും മരിച്ചു. തൃശ്ശൂര്‍ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്ലാറ്റില്‍ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥന്‍ എ പി പ്രദീപിന്റെയും ഹണിയുടെയും മകനാണ് ആദിത്യ കൃഷ്ണദീപ്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

വാഹനാപകടത്തില്‍ ഇന്നലെ നാല് മരണം സ്ഥിരീകരിച്ചിരുന്നു. രണ്ട് മലയാളികളും രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളുമാണ് അപകടത്തില്‍ മരിച്ചത്. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരാള്‍ അപകടസ്ഥലത്ത് വെച്ചും മൂന്ന് പേര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. കൂടാളിയില്‍ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം നടന്ന്. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു.
മരത്തില്‍ ഇടിച്ച്‌ തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് ഉള്ളില്‍ ഉള്ളവരെ പുറത്തെടുത്തത്. പരം ഛേദ്രി, ഹര്‍ഷ്, റിസ്വാന്‍, ഷാന്‍ എന്നിവരാണ് മരിച്ച മറ്റ് വ്യക്തികള്‍.
ബെംഗളൂരുവിലെ ബിഎംഎസ് കോളേജില്‍ നിന്ന് പാസ് ഔട്ടായ ഇവര്‍ ബംഗളുരുവില്‍ ജോലി ചെയ്യുകയായിരുന്നു. പഠനകാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവര്‍. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അലവില്‍ സ്വദേശിയായ ഷാന്‍ തന്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു അപകടം. ബെംഗളൂരുവില്‍ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.

ജാനകിഅമ്മയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ;സംസ്‌കാരം വൈകിട്ട്

മൈസൂരു: അന്തരിച്ച വിഖ്യാത ഗായിക എസ്. ജാനകിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മൈസൂരു മഹാരാജാസ് ഗ്രൗണ്ടിലേക്ക് എത്തുന്നത് ആയിരങ്ങൾ. ഞായറാഴ്ച രാവിലെയോടെ പൊതുദർശനം ആരംഭിച്ചു. പ്രമുഖരും സാധാരണക്കാരുമായി ഒട്ടേറെപ്പേരാണ് മഹാരാജാസ് ഗ്രൗണ്ടിലേക്ക് എത്തുന്നത്. വൈകിട്ട് ഹാനിയഹുണ്ഡി ഫാം ഹൗസിലാണ് സംസ്കാരം.

കർണാടക സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയാണ് എസ്. ജാനകിയുടെ സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. സംഗീത സംവിധായകൻ ഹംസലേഖ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരമർപ്പിക്കാൻ എത്തി.

രാവിലെ എട്ടരയോടെയാണ് പൊതുദർശനം ആരംഭിച്ചത്. നാലരവരെ മഹാരാജാസ് ഗ്രൗണ്ടിൽ ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കും. തുടർന്ന് ഹാനിയഹുണ്ഡി ഫാം ഹൗസിലേക്ക് മൃതദേഹം കൊണ്ടുപോകും. അഞ്ചു മണിയോടെയാണ് സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

ജാനകിയമ്മയുടെ ആഗ്രഹപ്രകാരമാണ് മൈസൂരുവിൽ അന്ത്യവിശ്രമത്തിനുള്ള സൗകര്യം ഒരുക്കുന്നത്. കൊച്ചുമകൾ അപ്‌സര മരണാനന്തര ചടങ്ങുകൾ നിർവഹിക്കും.

മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു എസ്. ജാനകിയുടെ അന്ത്യം. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെത്തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐ.സി.യുവിലേക്ക് മാറ്റി. ഇന്നലെ രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചത്.

റബ്ബർ വില എക്കാലത്തെയും റെക്കോര്‍ഡ് വിലയില്‍

റബര്‍ വില ആഭ്യന്തര വിപണിയിൽ വീണ്ടും കിലോഗ്രാമിന് 276 രൂപ എന്ന എക്കാലത്തെയും റെക്കോര്‍ഡ് വിലയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം 17ന് ആണ് ആര്‍എസ്എസ് 4 വില 276 രൂപയില്‍ എത്തിയത്.

30ന് 268 രൂപയിലേക്ക് ഇടിഞ്ഞ വില വീണ്ടും ഉയരുകയായിരുന്നു. മാര്‍ക്കറ്റിലെ ചരക്കുക്ഷാമമാണ് വില വര്‍ധനയ്ക്കു കാരണം. പ്രധാന റബര്‍ ഉല്‍പ്പാദക രാജ്യങ്ങളായ തായ്ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ ഉണ്ടായ ഉല്‍പ്പാദനത്തിലെ കുറവു കാരണം രാജ്യാന്തര വില ഉയരുന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. വെള്ളിയാഴ്ച ബാങ്കോക്ക് മാര്‍ക്കറ്റില്‍ ആര്‍എസ്എസ്-4 വില കിലോഗ്രാമിന് 286.51 രൂപയായിരുന്നു.

മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി, അന്വേഷണം തുടങ്ങി പോലീസ്

പാലക്കാട്: പാലക്കാട് വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ ഷൊർണൂർ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും പോയതായാണ് സംശയിക്കുന്നത്. പൊലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചുവരികയാണ്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാന ലൊക്കേഷൻ കാണുന്നതെന്ന് പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രി വി. ഡി. സതീശന്‍ ഗുരുവായൂരില്‍ ദര്‍ശനം നടത്തി

തൃശൂര്‍: മുഖ്യമന്ത്രി വി ഡി സതീശന്‍ ശനിയാഴ്ച രാത്രി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം രണ്ടാം തവണയാണ് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത്.
രാത്രി എട്ടുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഉച്ചതിരിഞ്ഞ് ബംഗളൂരുവില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി, തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ കയ്പമംഗലത്ത് നടന്ന ഒരു കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഗുരുവായൂരിലെത്തിയത്.

പതിവ് ക്ഷേത്രാചാരങ്ങള്‍ പാലിച്ച് ശ്രീ ഗുരുവായൂരപ്പനെ തൊഴുത മുഖ്യമന്ത്രി പിന്നീട് കാര്യാലയ ഗണപതിയെയും ദര്‍ശിച്ചു. ക്ഷേത്രത്തിനകത്തും പുറത്തും മുഖ്യമന്ത്രിയെ കാണാന്‍ നിരവധി ഭക്തര്‍ എത്തിയിരുന്നു. അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനെത്തിയവരുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തുകയും ചിലര്‍ക്കൊപ്പം സെല്‍ഫിക്ക് സമയം അനുവദിക്കുകയും ചെയ്തു.

ദര്‍ശനശേഷം ശ്രീവല്‍സം ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സന്ദര്‍ശിച്ചു.

എക്‌സ്ട്രാ ടൈം ഗോളുകളിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി അർജന്റീന

എക്‌സ്ട്രാ ടൈം ഗോളുകളിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി (3-1) അർജന്റീന അവസാന നാലിലെത്തി. സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. ഒടുവിൽ എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റുകളിൽ ജൂലിയൻ ആൽവാരസും ലൗട്ടാരോ മാർട്ടീനെസും നേടിയ ഗോളുകളിലാണ് അർജന്റീന 3-1 ന്റെ ആവേശ വിജയം സ്വന്തമാക്കിയത്.


പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുമെന്ന് കരുതിയിരിക്കെയായിരുന്നു കൻസാസ് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ആൽവാരസിന്റെ മാന്ത്രിക ഗോൾ പിറന്നത്. 114-ാം മിനിറ്റിൽ സ്വിസ് ബോക്സിന് ഏകദേശം 25 വാര അകലെ വെച്ച് പന്ത് സ്വീകരിച്ച താരം പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി വലംകാലുകൊണ്ട് തൊടുത്ത പന്ത് പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറുകയായിരുന്നു.


സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബൽ പൂർണ്ണമായി ഡൈവ് ചെയ്തെങ്കിലും പന്തിനരികിൽ പോലും എത്താനായില്ല. ഗോൾ പിറന്നതോടെ അർജന്റീനിയൻ പകരക്കാരായ കളിക്കാരടക്കം മൈതാനത്തേക്ക് ഓടിയെത്തി ആഹ്ലാദം പങ്കുവെച്ചു.


തൊട്ടുപിന്നാലെ സമനിലയ്ക്കായി സ്വിസ് പട കിണഞ്ഞു ശ്രമിച്ചെങ്കിലും എമിലിയാനോ മാർട്ടിനെസിന്റെ നേതൃത്വത്തിലുള്ള അർജന്റീനിയൻ പ്രതിരോധം കോട്ട കാത്തു.


ബോക്സിലേക്ക് ഉയർന്നുവന്ന അപകടകരമായ ക്രോസ് മാർട്ടിനെസ് കൃത്യമായി കൈപ്പിടിയിലൊതുക്കി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇഞ്ചുറി ടൈമിൽ (120+1 മിനിറ്റ്) ലൗട്ടാരോ മാർട്ടീനെസ് അർജന്റീനയുടെ മൂന്നാം ഗോളും വലയിലാക്കി സ്വിസ് പടയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു.

കല്ലുകടവ് സഖാവ് കെ ശ്രീധരന്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ സ്മൃതിയും എസ് ജാനകി അനുസ്മരണവും

മൈനാഗപ്പള്ളി. കല്ലുകടവ് സഖാവ് കെ ശ്രീധരന്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ സ്മൃതിയും എസ് ജാനകി അനുസ്മരണവും നടക്കും.കല്ലുകടവില്‍ ഇന്ന് വൈകിട്ട് അഞ്ചിന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഭരണ സമിതി അംഗം എബി പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്യും. കെ പി വേണുഗോപാല്‍ അനുമോനം നിര്‍വഹിക്കും.

വയലാറിൻ്റെ സ്മൃതിയിൽ മലയാളിയുടെ വാനമ്പാടി ജാനകിയമ്മയ്ക്ക് വിട…വയലാറിൻ്റെ വരികളും, ജാനകിയമ്മയുടെ സ്വര വിസ്മയവും

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന് ഇന്ന് സമാപനം


മൈനാഗപ്പള്ളി: പതിനൊന്നാമത് മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന് ഇന്ന് ധനാശി പാടും.
രാവിലെ 10 ന് നളചരിതം-ആട്ടക്കഥകളിലെ വേറിട്ട മുഖം എന്ന വിഷയത്തിൽ സെമിനാർ ഡോ.സി. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്യും. അജി ശ്രീക്കുട്ടൻ അധ്യക്ഷത വഹിക്കും. ഡോ.ഏവൂർ മോഹൻദാസ് വിഷയാവതരണം നടത്തും.3 ന് ആചാര്യസ്‌മൃതി ചന്ദ്രമന നാരായണൻ നമ്പൂതിരി അവതരിപ്പിക്കും.4 ന് സമാപനസമ്മേളനംസാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്‌ ഉത്ഘാടനം ചെയ്യും.

മണ്ണൂർക്കാവ് വനദുർഗ്ഗാ പുരസ്‌കാരം കലാമണ്ഡലം വിനോദിന് സമർപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ്‌ രജനി സുനിൽ മുഖ്യപ്രസംഗം നടത്തും.
6 ന് മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രത്തിലെ വേഷം വിഭാഗത്തിലെ 10വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടക്കും.7 ന് കുചേലവൃത്തം കഥകളിയോടെ ദശദിന കഥകളി ഫെസ്റ്റിവേലിന് തിരശ്ശില വീഴും.

ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനം,കേസ്സ് ഡയറി തിരുത്തൽ പ്രതികളുടെ സാന്നിധ്യത്തിൽ

തിരുവനന്തപുരം.ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനം. നടന്നത് നാണംകെട്ട തിരുത്തല്‍. കേസ്സ് ഡയറി തിരുത്തൽ പ്രതികളുടെ സാന്നിധ്യത്തിൽ. അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും എഡിജിപിഓഫീസിൽ എത്തി

തിരുത്തൽ എങ്ങനെ വേണമെന്ന് പ്രതികളും പോലീസുകാരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്തു.ഇരു കൂട്ടരും ചർച്ച നടത്തിയത് എഡിജിപി എം ആർ അജിത് കുമാറിന്റെ സാന്നിധ്യത്തിൽ.ഉദ്യോഗസ്ഥരെ എ ഡിജിപി ശകാരിച്ചത് പ്രതികളുടെ മുന്നിൽവച്ച്