Home Blog Page 418

‘ഒഴിവാക്കപ്പെട്ടവരില്‍ 95 ശതമാനവും മുസ്ലീങ്ങള്‍’; ഐക്യരാഷ്ട്ര സഭ പ്രതിനിധി സംഘം മോദി സര്‍ക്കാറിന് കത്തയച്ചു,എസ്‌ഐആര്‍ ന്യൂനപക്ഷങ്ങളെ ബാധിച്ചു

ന്യൂഡെൽഹി: എസ്‌ഐആർ ന്യൂനപങ്ങളെ ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രതിനിധികള്‍. നടപടിയില്‍ ആശങ്കയറിയിച്ച്‌ കേന്ദ്രസർക്കാറിന് കത്തയച്ചു.

മതസ്വാതന്ത്ര്യം, ന്യൂനപക്ഷകാര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നീ വിഭാഗത്തിലെ പ്രതിനിധികളാണ് കത്തയച്ചത്. ബംഗാളിലെയും ബിഹാറിലെയും നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് ആശങ്ക അറിയിച്ചത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആർ ദശലക്ഷക്കണക്കിന് ആളുകളുടെ വോട്ട് ഇല്ലാതാക്കിയതായും ന്യൂനപക്ഷ സമുദായങ്ങളെ ബാധിച്ചതായും കത്തില്‍ ആരോപിച്ചു. വോട്ടർ പട്ടിക പരിഷ്കരണം വംശീയ, മത, ഭാഷാ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച്‌ മുസ്ലീങ്ങളെ പ്രതികൂലമായി ബാധിച്ചതായി സൂചന നല്‍കുന്ന വിവരങ്ങള്‍ ലഭിച്ചതായി പറഞ്ഞു.

2026 ഏപ്രിലിലെ തിരഞ്ഞെടുപ്പിന് മുമ്പ് പശ്ചിമ ബംഗാളില്‍ നടത്തിയ എസ്‌ഐആർ പ്രക്രിയയിലാണ് റിപ്പോർട്ട് പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിഹാറിലെ എസ്‌ഐആറും റിപ്പോർട്ടില്‍ പരാമർശിച്ചു. ബംഗാളില്‍ പുറത്താക്കപ്പെട്ടവരില്‍ പലർക്കും സാധുവായ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നുവെങ്കിലും വോട്ടവകാശം നിഷേധിക്കപ്പെട്ടു എന്ന് യുഎൻ വിദഗ്ധർ പറഞ്ഞു. നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍, വെട്ടിയ പേരുകളില്‍ 95 ശതമാനവും മുസ്ലീം വോട്ടർമാരുടേതാണെന്ന് പ്രതിനിധികള്‍ കേന്ദ്രത്തെ അറിയിച്ചു.

‘പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐയുടെ അവകാശം;കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല, സ്ഥാനങ്ങള്‍ പങ്കുവെച്ചാലേ എല്‍ഡിഎഫ് ശക്തമാകൂ’ ; നിലപാട് ആവർത്തിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള അവകാശവാദത്തില്‍ ഉറച്ചും സിപിഐഎമ്മിനെ വിമര്‍ശിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കീഴ്‌വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല.
സ്ഥാനങ്ങള്‍ ചെറുതോ വലുതോ ആകട്ടെ, അത് പങ്കുവയ്ക്കണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില്‍ ആ പങ്കുവെക്കല്‍ അനിവാര്യമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച്‌ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തര്‍ക്കവും സംശയവുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്.

അവിടെ കീഴ്‌വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കുമാര്‍ക്കും കഴിയില്ല. എല്ലാ കീഴ്‌വഴക്കവും മാറേണ്ടി വന്നാല്‍ മാറിയേ തീരൂ. കീഴ്‌വഴക്കമല്ല, രാഷ്ട്രീയമാണ് വലുത്. കീഴ്‌വഴക്കമല്ല വലുത് എല്‍ഡിഎഫാണ്.

കീഴ്‌വഴക്കമല്ല വലുത് ഒന്നിച്ചുപോക്കാണ് വലുത്. അതിനാല്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിച്ചേ തീരൂ എന്ന് സിപിഐ പറയുന്നത് എല്‍ഡിഎഫിനെ ദുര്‍ബലമാക്കാന്‍ വേണ്ടിയല്ല. ശക്തമാക്കാന്‍ വേണ്ടിയാണ്.

എല്‍ഡിഎഫ് എല്‍ഡിഎഫായി തുടരണമെങ്കില്‍ അത്തരത്തിലുള്ള പങ്കുവെപ്പുകളും തീരുമാനങ്ങളും ഉണ്ടായേ തീരൂവെന്ന് വ്യക്തമാക്കട്ടെ – ബിനോയ് വിശ്വം പറഞ്ഞു.

ഉപനേതൃ സ്ഥാനത്തില്‍ ചൊവാഴ്ച സിപിഐ -സിപിഐഎം ചര്‍ച്ച നടക്കാനിരിക്കെയാണ് ബിനോയ് വിശ്വം നിലപാട് ആവര്‍ത്തിച്ചത്. പതിവിന് വിപരീതമായി സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസായ എംഎന്‍ സ്മാരകത്തില്‍ വെച്ചായിരിക്കും ചര്‍ച്ച.

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിപിഐയെ അവരുടെ ആസ്ഥാനത്തെത്തി സംസാരിച്ച്‌ സമവായത്തിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐഎമ്മിന്റെ നീക്കം.

ഉഭയകക്ഷി ചര്‍ച്ച നിശ്ചയിച്ചിരിക്കുന്ന ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരുന്നുണ്ട്. 13നും 14നും സിപിഐയുടെ നേതൃയോഗങ്ങളും നടക്കുന്നുണ്ട്.

ഈ യോഗങ്ങളില്‍ സമവായത്തിന്റെ വഴിതെളിയുമെന്നാണ് പ്രതീക്ഷ. എലപ്പുളളിബ്രൂവറി വിഷയത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച്‌
നില്‍ക്കുമ്പോഴാണ്‌സിപിഐഎം നേതൃത്വം ഇതിന് മുന്‍പ് എംഎന്‍ സ്മാരകത്തില്‍ എത്തിചര്‍ച്ച നടത്തിയത്. അന്ന് എംഎന്‍ സ്മാരകത്തില്‍ നടന്ന മുന്നണി യോഗത്തില്‍ വെച്ച്‌സിപിഐ സമവായത്തിന് വഴങ്ങുകയായിരുന്നു. തങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചയില്‍ സിപിഐ കടുംപിടുത്തം പിടിക്കില്ലെന്നാണ് സിപിഐഎമ്മിന്റെ പ്രതീ
ക്ഷ.

ട്രക്ക് ഡ്രൈവറെ മര്‍ദ്ദിച്ചു കൊന്ന 14 ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം, പിന്നാലെ വനിതാ ജഡ്ജിക്ക് നേരെ ബലാത്സംഗ ഭീഷണി, പൊലീസ് കാവല്‍

ഭോപ്പാല്‍: 50കാരനെ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി കൊലപ്പെടുത്തിയ 14 ഗോരക്ഷാ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് വിധിച്ച വനിതാ ജഡ്ജിക്ക് വധഭീഷണി.

മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായ തബാസും ഖാനെതിരെയാണ് വധഭീഷണി ഉയർന്നിട്ടുള്ളത്. ജൂണ്‍ 12നാണ് 2022ലെ ആള്‍ക്കൂട്ട മർദ്ദനക്കേസില്‍ ശിക്ഷ വിധിച്ചത്. കന്നുകാലികളെ കടത്തിയെന്നാരോപിച്ച്‌ ട്രക്ക് ഡ്രൈവറായ നാസിർ അഹമ്മദ് എന്ന 50കാരനെ കൊലപ്പെടുത്തിയ 14 ഗോ രക്ഷാപ്രവർത്തകർക്കാണ് ശിക്ഷ വിധിച്ചത്. 50കാരനൊപ്പമുണ്ടായിരുന്ന രണ്ട് പേർ ക്രൂരമായ ആക്രമണത്തിന് ഇരയായെങ്കിലും ജീവൻ രക്ഷപ്പെട്ടിരുന്നു. ഇവർ നല്‍കിയ മൊഴി കേസില്‍ നിർണായകമായിരുന്നു. ആള്‍ക്കൂട്ട മർദ്ദനമാണ് നടന്നതെന്ന് വ്യക്തമാക്കിയാണ് തബാസും ഖാൻ ശിക്ഷ പ്രഖ്യാപിച്ചത്.

എന്നാല്‍ ശിക്ഷാ പ്രഖ്യാപനത്തിന് പിന്നാലെ തീവ്രവലതുപക്ഷ ഗ്രൂപ്പുകളാണ് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വനിതാ ജഡ്ജിക്കെതിരെ രൂക്ഷമായ ഭീഷണിയുമായി എത്തിയത്. ജഡ്ജിയുടെ തീരുമാനം കുറ്റകൃത്യത്തിന്റെ ഗൌരവം പരിഗണിച്ചല്ലെന്നും കുറ്റാരോപിതരുടെ മതം പരിഗണിച്ചാണെന്നുമായിരുന്നു തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ പ്രചാരണം. ഇതിന് പിന്നാലെയാണ് മുസ്ലിം ജഡ്ജിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഭീഷണി ശക്തമായത്. ഇതിന് പിന്നാലെ വനിതാ ജഡ്ജിക്ക് പൊലീസ് സംരക്ഷണം നല്‍കിയിരിക്കുകയാണ് കോടതി. പശുക്കളെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് ശിക്ഷ അനുഭവിക്കേണ്ടി വരുതെന്ന് ആരോപിച്ച്‌ പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയ വാഹനം കോടതി വളപ്പില്‍ തടയുന്ന സംഭവവും ജൂണ്‍ 12നുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് വർഗീയ പരാമർശങ്ങളുമായി ജഡ്ജിക്കെതിരായ സൈബർ ആക്രമണം അടക്കം ശക്തമായത്. പിന്നാലെ തന്നെ ജഡ്ജിക്ക് നേരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉണ്ടായി. ശിക്ഷിക്കപ്പെട്ടവരെ ഉടൻ വിട്ടയക്കാത്ത പക്ഷം രാജ്യ വ്യാപകമായി അക്രമം നടക്കുമെന്ന രീതിയിലും ഭീഷണികള്‍ സജീവമായി. ഇത്തരം പ്രചാരണങ്ങള്‍ക്ക് വലിയ രീതിയിലുള്ള പിന്തുണയും ലഭിച്ചതാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്. പഞ്ചാബില്‍ ജഡ്ജിയുടെ കോലം അടക്കം കത്തിച്ച്‌ പ്രതിഷേധവും നടന്നു.

‘മൂങ്ങ ഇതിലും നന്നായി കാണും’; അര്‍ജന്റീനയെ ട്രോളി സുവോളജിക്കല്‍ പാര്‍ക്കിന്റെയും ഇന്‍സ്റ്റഗ്രാം പോസ്റ്റ്

തൃശൂര്‍: ലോകകപ്പ് ഫുട്‌ബോളില്‍ സെമി പോരാട്ടങ്ങള്‍ വ്യക്തമായിരിക്കുകയാണ്. ഇന്ന് നടന്ന അര്‍ജന്റീന-സ്വിസ്സര്‍ലന്‍ഡ് മത്സരം കൂടി കഴിഞ്ഞതോടെ അര്‍ജന്റീനയും സെമിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ അര്‍ജന്റീന ആരാധകരെ ട്രോളി തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റ് പുറത്തുവന്നു. പാര്‍ക്കിലെ ഒരിനം മൂങ്ങയായ ‘ഫിഷ് ഔളിനെ’ (Fish Owl) പരിചയപ്പെടുത്താന്‍ പങ്കുവെച്ച പോസ്റ്റാണ് ഫുട്‌ബോള്‍ പശ്ചാത്തലമാക്കി ആരാധകരെ ചൊടിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ ട്രോളായി മാറിയിരിക്കുന്നത്.

Also Read:

ഫുട്‌ബോള്‍ പോസ്റ്റിന് മുകളില്‍ ഇരിക്കുന്ന മൂങ്ങയുടെ ചിത്രത്തിനൊപ്പം പശ്ചാത്തലത്തില്‍ അര്‍ജന്റീനയുടെ പതാകയും ആരാധകരെയുമാണ് നല്‍കിയിരിക്കുന്നത്. ‘മൂങ്ങ ഇതിലും നന്നായി കാണും’ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

‘കണ്ണ് തുറന്ന് കാണേണ്ട കാഴ്ചകളൊന്നും മൂങ്ങകള്‍ മിസ്സ് ചെയ്യാറില്ല..! ഫിഷ് ഔളിനെ (Fish Owl) കാണാന്‍ വരൂ തൃശ്ശൂര്‍ സുയോളജിക്കല്‍ പാര്‍ക്കിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് പാര്‍ക്ക് അധികൃതര്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. #WorldCup2026, #argentina എന്നീ ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വ്യത്യസ്തമായ ഈ പോസ്റ്റിന് താഴെ നിരവധി ഫുട്‌ബോള്‍ ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഒരു വിഭാഗം ആരാധകര്‍ അധികൃതരുടെ ഭാവനയെ പുകഴ്ത്തുമ്പോള്‍, പോസ്റ്റിന് താഴെ പ്രതിഷേധവും രസകരമായ മറുപടികളുമായി അര്‍ജന്റീന ആരാധകരും സജീവമാണ്.

അര്‍ജന്റീനക്കെതിരായ വിമര്‍ശനവും പരിഹാസവും ഏറ്റെടുത്ത് കേരള പൊലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. പോസ്റ്റ് പിന്‍വലിച്ചെങ്കിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും മുന്നില്‍ പരാതി എത്തുകയും ചെയ്തു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്ത്- അര്‍ജന്റീന മത്സരത്തിന് പിന്നാലെയാണ് ‘ടീം മെസി’യെ ഫിഫ സഹായിച്ചു എന്ന തരത്തില്‍ ആക്ഷേപം ശക്തമായത്. ആ മത്സരത്തിലെ റഫറിയുടെ ചില തീരുമാനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ആക്ഷേപം.

ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് എന്ന വിശേഷണമാണ് പുത്തൂരിനുള്ളത്. കഴിഞ്ഞ വര്‍ഷമാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ദാഹമടക്കാന്‍ വെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്

ലഖ്നൗ: ദാഹമടക്കാന്‍ വെള്ളമെന്ന് കരുതി യുവതി കുടിച്ചത് ആസിഡ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തിയതാണ് യുവതിയും അമ്മയും. കടുത്ത ദാഹം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവതി ജ്വല്ലറി ജീവനക്കാരനോട് കുടിവെള്ളം ആവശ്യപ്പെട്ടു.
തുടര്‍ന്ന് ജ്വല്ലറി ജീവനക്കാരന്‍ തൊട്ടടുത്തെ കടയില്‍ നിന്നും സീല്‍ ചെയ്ത കുപ്പിവെള്ളം വാങ്ങുകയും യുവതിക്ക് നല്‍കുകയുമായിരുന്നു. യുവതി ഇത് കുടിക്കുന്നതിന്റെയും വേദന സഹിക്കവയ്യാതെ പുറത്തേക്ക് ഓടി ദ്രാവകം തുപ്പാന്‍ ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കുപ്പി വാങ്ങിയ കടയുടെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുപ്പി പൂര്‍ണ്ണമായും സീല്‍ ചെയ്ത നിലയിലായിരുന്നുവെന്ന് ജ്വല്ലറി ഉടമയായ ദേനു വ്യക്തമാക്കി. ഫ്രിഡ്ജില്‍ നിന്ന് എടുത്തത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഉപഭോക്താവിന് നല്‍കിയതെന്നും അയാള്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രദേശവാസികള്‍ ആശങ്കയിലായി. സീല്‍ ചെയ്ത കുപ്പിയില്‍ ആസിഡ് എങ്ങനെ എത്തിയെന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. അതേസമയം യുവതി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട നല്‍കി രാജ്യം

തലമുറകളെ തന്റെ ശബ്ദ സൗകുമാര്യത്താല്‍ സ്വാധീനിച്ച തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട നല്‍കി രാജ്യം. ആറ് പതിറ്റാണ്ടായി സംഗീതലോകത്ത് നിറഞ്ഞുനിന്ന എസ്. ജാനകിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മൈസൂരുവിലെ കനിയനഗുണ്ഡി ഫാം ഹൗസില്‍ വൈകിട്ട് അഞ്ചോടെയായിരുന്നു സംസ്‌കാരം.
മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ രാവിലെ മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് പ്രിയഗായികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആരാധകരും സഹപ്രവര്‍ത്തകരും സംഗീതലോകത്തെ പ്രമുഖരും അവസാനമായി ജാനകിയെ കാണാനെത്തി. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് എസ് ജാനകി അന്തരിച്ചത്. 88 വയസ്സായിരുന്നു. മലയാളത്തില്‍ മാത്രം 1200ഓളം ഗാനങ്ങള്‍ക്കാണ് ജാനകി ശബ്ദം നല്‍കിയത്.

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിവന്ന യുവതി പിടിയില്‍

ലഹരിമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിവന്ന യുവതി പിടിയില്‍. കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ സി കീര്‍ത്തനയാണ് പിടിയിലായത്. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിനു രൂപ എത്തിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫാനാണ് കീര്‍ത്തനയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.

പിന്നാലെ പൊലീസ് പേരാമ്പ്രയില്‍നിന്ന് കീര്‍ത്തനയെ പിടികൂടുകയായിരുന്നു. ലഹരിമരുന്ന് ആവശ്യമുള്ളവര്‍ പണം അയച്ചിരുന്നത് കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ്. തുടര്‍ന്ന ലഹരിമരുന്ന് വേണ്ടവര്‍ക്ക് മറ്റൊരു ഇടപാടുകാരന്‍ അത് കൈമാറുന്ന രീതിയാണ് തുടര്‍ന്നു വന്നതെന്ന് പോലീസ് കണ്ടെത്തി.

ഭര്‍ത്താവിന്റെ ജന്മദിനം ആഘോഷിക്കാൻ ഹോം സ്‌റ്റേയില്‍ എത്തി; പിറ്റേന്ന് ഭാര്യമരിച്ച നിലയില്‍, ഒരു മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

ഡെറാഡൂണ്‍: ഭർത്താവിന്റെ ജന്മദിനം ആഘോഷിക്കാൻ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മസൂറിയിലെ ഹോംസ്‌റ്റേയില്‍ മുറിയെടുത്ത് പിറ്റേന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരുമാസത്തിന് ശേഷം ഭർത്താവ് പിടിയില്‍.

ഡെല്‍ഹിയിലെ ഐടി ജീവനക്കാരിയായ രാധാഗായത്രിയെയാണ് ജൂണ്‍ 15 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് ശ്രീചരണിനെ ഡല്‍ഹിയില്‍ നിന്നാണ് പിടികൂടിയത്.

ശ്രീചരണിന്റെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും ചേർന്ന് മസൂറിയിലെത്തിയത്. രാവിലെ രാധാഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നഗ്നശരീരം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ബെഡ്ഷീറ്റുകളില്‍ രക്തക്കറയും മുറിയില്‍ നിന്ന് ഒഴിഞ്ഞ മദ്യ കുപ്പികളും കണ്ടെത്തിയിരുന്നു. എന്നാല്‍, ഭാര്യക്ക് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ശ്രീചരണ്‍ പറഞ്ഞത്. രാവിലെ എഴുന്നേറ്റപ്പോള്‍ ഭാര്യയുടെ മൂക്കില്‍ നിന്ന് രക്തം വന്ന നിലയില്‍ നിലത്തുകടക്കുന്നതാണ് കണ്ടതെന്നും ശ്രീചരണ്‍ പറഞ്ഞിരുന്നു. രാധാഗായത്രിയുടെ ബന്ധുക്കള്‍ അന്നേ മരണം കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. ബിയറില്‍ വിഷം ചേർത്ത് നല്‍കി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം രാധാഗായത്രിയുടെ അച്ഛൻ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർത്താവ് ശ്രീചരണ്‍ മകളെ കൊലപ്പെടുത്തി എന്നാണ് പരാതി ഉണ്ടായിരുന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. മസൂറിയില്‍ പോവുന്ന കാര്യം മകള്‍ തങ്ങളോട് പറഞ്ഞിരുന്നില്ല. ഋഷികേശും ഹരിദ്വാറിലും പോവുന്ന കാര്യം മാത്രമേ പറഞ്ഞിട്ടുള്ളു എന്ന് രാധാഗായത്രയുടെ അച്ഛൻ പറഞ്ഞു. മുമ്പും സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് ഭർത്താവിന്റെ വീട്ടില്‍ പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

മദ്യലഹരിയില്‍ വെളിപ്പെടുത്തൽ; ശാരീരിക ബന്ധത്തെക്കുറിച്ചുള്ള തര്‍ക്കത്തില്‍ 65 കാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു, രണ്ട് പേര്‍ പിടിയില്‍

തൃശൂർ :മധ്യവയസ്കയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേർ അറസ്റ്റില്‍. ഗുരുവായൂർ കർണ്ണംകോടാണ് സംഭവം.

ചേലക്കര സ്വദേശി സെന്താനവല്ലി (65) ആണ് മരിച്ചത്. സംഭവത്തില്‍ പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാറും സുഹൃത്തും അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് സന്താനവല്ലിയുടെ മ‍ൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.

സന്താനവല്ലിയെ കഴിഞ്ഞ ദിവസം രാത്രി സുരേഷ് കുമാർ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ലൈംഗികബന്ധത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരിച്ചെന്ന് കരുതിയാണ് വയോധികയെ കിണറ്റിലെറിഞ്ഞത്. കഴുത്തില്‍ കല്ലുകെട്ടി കിണറ്റിലെറിയുകയായിരുന്നു.

കൊല്ലപ്പെട്ട സെന്താനവല്ലി ലൈംഗികതൊഴിലാളി ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മദ്യപിക്കുന്നതിനിടെ താനൊരു സ്ത്രീയെ കൊന്ന് കിണറ്റിലെറിഞ്ഞെന്ന് സുരേഷ് കുമാർ വെളിപ്പെടുത്തി. തുടർന്ന് സുഹൃത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.

സുരേഷ് കുമാറിന്റെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ കിണറ്റില്‍ നിന്നും സന്താനവല്ലിയുടെ മൃതദേഹം കണ്ടെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.

ഗള്‍ഫില്‍ പരക്കെ ആക്രമണം; ഇറാന്‍റെ മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ച് കുവൈത്തും

ഖത്തർ :ഗള്‍ഫ് മേഖലയില്‍ ആശങ്ക പരത്തി വീണ്ടും ആക്രമണ ശ്രമങ്ങള്‍. ഇറാന്‍റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തടഞ്ഞതായി യുഎഇയും കുവൈത്തും സ്ഥിരീകരിച്ചു.

കനത്ത സുരക്ഷാ ഭീഷണിയെത്തുടർന്ന് ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും പൗരന്മാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ഇറാനില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ യുഎഇ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്ഫോടന ശബ്ദങ്ങള്‍ മിസൈലുകള്‍ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഉണ്ടായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ആക്രമണ ഭീഷണിയെ തുടർന്ന് യുഎഇയിലുടനീളമുള്ള താമസക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് അധികൃതർ ആദ്യഘട്ടത്തില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നല്‍കുന്ന അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ മിസൈലുകള്‍ തകർത്തതിന് പിന്നാലെ, രാജ്യം ഇപ്പോള്‍ പൂർണ്ണമായും സുരക്ഷിതമാണെന്ന് വ്യക്തമാക്കിക്കൊണ്ട് പുതിയ മൊബൈല്‍ അലർട്ട് അധികൃതർ പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യത്തില്‍ സഹകരിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച അധികൃതർ ജനജീവിതം സാധാരണ നിലയിലായതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂട്ടിച്ചേർത്തു.