Home Blog Page 417

പ്രവാസികൾ നാട്ടിലെ വസ്തു വിൽക്കുമ്പോൾ ഉള്ള ആദായനികുതി നടപടികളിലെ സങ്കീർണതകൾ ഒഴിവാകും

ഡെല്‍ഹി.പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ്. പ്രവാസികൾ നാട്ടിലെ വസ്തു വിൽക്കുമ്പോൾ ഉള്ള ആദായനികുതി നടപടികളിലെ സങ്കീർണതകൾ ഒഴിവാകും. മുൻകൂർ നികുതി അടയ്ക്കാൻ തുക നിക്ഷേപിക്കാനും ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പറിന് പകരം ഇനി മുതൽ പാൻ കാർഡ് മതിയാകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.

നാട്ടിലെ വീടോ വസ്തുവോ വിൽക്കുമ്പോൾ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കാണ് പുതിയ ബജറ്റോടെ പരിഹാരം ആയിരിക്കുന്നത്.

വീടോ വസ്തുവോ വിൽക്കുമ്പോൾ വിൽപ്പന തുകയിൽ നിന്നും മുൻകൂർ നികുതി അടയ്ക്കാനും തുക നിക്ഷേപിക്കാനും ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പർ അഥവാ TAN വേണമെന്നായിരുന്നു ഇതുവരെയുള്ള ചട്ടം.ഈ നമ്പർ എടുക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ കാരണം വിൽപ്പന വൈകാനും മുടങ്ങാനും ഇടയാക്കിയിരുന്നു.എന്നാൽ ഇനിമുതൽ ടിഡിഎസ് പിടിക്കാൻ ടാനിനു പകരം പാൻ കാർഡ് മതിയാകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ ബജറ്റ് നിർദ്ദേശം.ടാൻ നമ്പറിന് പകരം വസ്തു വാങ്ങുന്ന ഇന്ത്യൻ പൗരന്റെ പാൻ നമ്പർ അടിസ്ഥാനമാക്കിയുള്ള ചലാൻ ഉപയോഗിച്ച് ടി ഡി എസ് ഇടപാട് നടത്താമെന്നാണ് ബജറ്റിലെ നിർദ്ദേശം.

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അമ്മക്കും മകള്‍ക്കും ദാരുണാന്ത്യം

താമരശ്ശേരി : ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ ഫാത്തിമ മകള്‍ റുബീന എന്നിവരാണ് മരിച്ചത്.

വൈകിട്ട് മൂന്നിന് അടിവാരം കോഴിക്കോട് റോഡിലാണ് അപകടം. കാറിലുണ്ടായിരുന്ന ഷംന, മുബാഷിര്‍ എന്നീ രണ്ടു പേർക്ക് പരുക്കേറ്റു. ഇവര്‍ മരിച്ചവരുടെ ബന്ധുക്കളാണ്. കാര്‍ വെട്ടിപ്പൊലിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

കോഴിക്കോട് ഈങ്ങാപ്പുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്കേറ്റു. ഈങ്ങാപ്പുഴ കാക്കവയൽ റോഡിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മെട്രോമാൻ,നാളെ തന്നെ ഓഫീസ് തുറക്കും

മലപ്പുറം. കേന്ദ്ര ബജറ്റിൽ കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ.പ്രഖ്യാപനം ഇല്ലാത്തത് ആശങ്കയുണ്ടാക്കുന്നില്ലെന്നും നാളെ തന്നെ ഓഫീസ് തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം ഇ ശ്രീധരനെ ഉപയോഗിച്ച് കേരളത്തെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് LDF നേതാക്കൾ കുറ്റപ്പെടുത്തി.

DPR തയ്യാറാക്കാൻ DMRC തന്നെ ചുമതലപ്പെടുത്തിയെന്ന ഇ.ശ്രീധരന്റെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് അതിവേഗ റെയിലിനെ പറ്റിയുള്ള ചർച്ച കേരളത്തിൽ വീണ്ടും സജീവമായത്. ഇ.ശ്രീധരന്റെ പ്രഖ്യാപനത്തിന് പിന്നാലെ RRTS ന് തത്വത്തിൽ അംഗീകാരം നൽകി സംസ്ഥാന സർക്കാർ മറ്റൊരു ആശയവും മുന്നോട്ട് വെച്ചു. ചർച്ചകൾ പുരോഗമിക്കുന്നതിനിടേയുള്ള കേന്ദ്ര ബജറ്റിൽ അതിവേഗ റെയിലിന്റെ പ്രഖ്യാപനം ഉണ്ടാകുമോ എന്ന ചർച്ചകളുമുണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനം ഉണ്ടാകില്ലെന്ന് തനിക്ക് അറിയാമായിരുന്നു എന്ന് ഇ.ശ്രീധരൻ. ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ പാതയിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലേത്. നാളെ തന്നെ പൊന്നാനിയിൽ ഓഫീസ് തുറക്കും. ജീവനക്കാരെ നിയമിച്ചു. തനിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉണ്ടെന്നും ഇ. ശ്രീധരൻ.

ബജറ്റിനെതിരെ LDF നേതാക്കൾ രംഗത്ത് എത്തി.ബിജെപി കേരളത്തെ കബളിപ്പിക്കുകയാണെന്നും രണ്ട് കേന്ദ്ര മന്ത്രിമാരെ കൊണ്ട് കേരളത്ത്തിനു ഗുണം ഇല്ലെന്നും നേതാക്കൾ.ആരോപണങ്ങൾ ശക്തമാകുമ്പോഴും അതിവേഗ റെയിൽ പാത നടപ്പിലാവുമെന്ന് ഇ.ശ്രീധരൻ ഉറപ്പിച്ചു പറയുന്നു.

സെല്‍ഫി എടുക്കുന്നതിനിടെ നിലത്തിരിക്കാന്‍ ശ്രമിച്ച ഇന്ദ്രന്‍സിനെ എഴുന്നേല്‍പ്പിച്ച് മമ്മൂട്ടി; വിനയം അല്‍പം ഓവറല്ലേയെന്ന് സോഷ്യല്‍ മീഡിയ

ആശാന്‍ എന്ന ഇന്ദ്രന്‍സിന്റെ പുതിയ പടത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയുണ്ടായ സംഭവങ്ങള്‍ ഇന്ദ്രന്‍സിന് ഇത്രയും വിനയം എന്തിനാണെന്നും അല്പം കൂടുതലല്ലേ എന്നും പറഞ്ഞുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. ചടങ്ങിന് ശേഷം എല്ലാവരും ഒന്നിച്ച് ഗ്രൂപ്പ് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു മമ്മൂട്ടി.

ഓടി എത്തിയ ഇന്ദ്രന്‍സ് പക്ഷേ നിലത്ത് ഇരിക്കാനാണ് ശ്രമിച്ചത്. ഉടന്‍ തന്നെ മമ്മൂട്ടി അദ്ദേഹത്തെ എഴുന്നേല്‍ക്കാന്‍ പറയുകയും ശേഷം ഫോട്ടോ എടുക്കുകയും ചെയ്തു. ‘എഴുന്നേല്‍ക്ക്.. അപ്പോഴേ കിട്ടൂ’, എന്നാണ് മമ്മൂട്ടി പറയുന്നതെന്നാണ് ലിപ്‌സിങില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ മമ്മൂട്ടി ഇന്ദ്രന്‍സിനോട് ദേഷ്യപ്പെട്ടെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍. ഒപ്പം ഇന്ദ്രന്‍സിന് ഇത്രയും വിനയം എന്തിനാണെന്നും അല്പം കൂടുതലല്ലേ എന്നും പറഞ്ഞുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വിനോദിനിയ്ക്ക് സഹായ ഹസ്തം,ഒരു പെണ്‍കുട്ടിയുടെ മോഹങ്ങള്‍ ഒരു കൈയിലൊതുങ്ങുമോ?

കൊച്ചി. പാലക്കാട് പല്ലശ്ശനയിൽ ചികിൽസാപ്പിഴവിനെ തുടർന്ന് വലത് കൈ നഷ്ടപ്പെട്ട 9 വയസ്സുകാരിക്ക് കൃത്രിമ കൈ പിടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സാമ്പത്തിക സഹായം നൽകിയത്.
കൃത്രിമ കൈകൾ കൊണ്ടു പൂക്കൾ നൽകി പ്രതിപക്ഷ നേതാവിനെ വിനോദിനി സ്വീകരിച്ചു.


കഴിഞ്ഞ സെപ്റ്റംബർ 24ന് വീട്ടുമുറ്റത്തു കളിക്കുന്നതിനിടെയാണ് 9 വയസ്സുകാരി വിനോദിനി വീണ് കൈക്ക് പരിക്ക് പറ്റുന്നത്.
ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു കയ്യിൽ പ്ലാസ്റ്റർ ഇട്ടു. എന്നാൽ കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ശക്തമായ നീർക്കെട്ട് ഉണ്ടായി. സ്ഥിതി ഗുരുതരമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കയ്യിൽ അണുബാധ ഗുരുതരമായതോടെ   വലതു കൈ മുറിച്ചു മാറ്റേണ്ടിവന്നു.
വിനോദിനിയുടെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കിയ പ്രതിപക്ഷ നേതാവാണ് കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവൻ ചിലവും ഏറ്റെടുത്തത്.  ഇന്ന് എറണാകുളം കാക്കനാട് വച് വിനോദിനിക്ക് കൃത്രിമ കൈകൾ വച്ചു. തുടർന്ന് കൃത്രിമ കൈകളിൽ പൂക്കളുമായിമായി പ്രതിപക്ഷ നേതാവിനെ വിനോദിനി സ്വീകരിച്ചു.

വിദേശത്തുനിന്നാണ് ലക്ഷങ്ങൾ വിലയുള്ള കൃത്രിമക്കൈ എത്തിച്ചത്. ഇതിനായി കുട്ടിയും രക്ഷിതാക്കളും കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. കുട്ടിയുടെ വളർച്ചക്കനുസരിച്ച് കൈ മാറ്റേണ്ടി വരും. ഇതിനുള്ള സഹായവും നൽകാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചതായി കുട്ടിയുടെ പിതാവ് വിനോദ് പറഞ്ഞു. വിരലുകൾ മടക്കാൻ പറ്റുന്ന തരത്തിൽ ആധുനിക രീതിയിലുള്ള കൈയാണ് ഘടിപ്പിച്ചത്. നാലു മണിക്കൂറോളം ചാർജ് ചെയ്‌താൽ രണ്ടുമൂന്നു ദിവസം പ്രവർത്തിക്കും. വിരലുകൾ ഇഷ്ടാനുസരണം ചലിപ്പിക്കാനും എഴുതാനുമെല്ലാം കഴിയുമെന്നതിനാൽ വിനോദിനിയും കുടുംബവും സന്തോഷത്തിലാണ്. അഴിച്ചുവെക്കാനും വീണ്ടും ഘടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള കൈയാണിത്. തിങ്കളാഴ്‌ച കൂടി ആശുപത്രിയിൽ തുടർന്ന ശേഷം ചൊവ്വാഴ്‌ച നാട്ടിലേക്ക് മടങ്ങുമെന്ന് വിനോദ് പറഞ്ഞു. അടുത്ത ദിവസം മുതൽ സ്‌കൂളിൽ പോകാനുള്ള തയാറെടുപ്പിലാണ് വിനോദിനി.

പുതുജീവിതത്തിലേക്ക് തിരിച്ചുവന്നതിൽ കുടുംബത്തിനും ഏറെ സന്തോഷം.വിനോദിനിക്ക് ഇനിയും ഏറെ സ്വപ്നങ്ങൾ ഉണ്ട് . വീടെന്ന സ്വപ്നവും സാക്ഷാത്കരിക്കാൻ ഒപ്പം നിൽക്കാമെന്ന് വി ഡി സതീശൻ ഉറപ്പു നൽകി 

വിരണ്ടോടിയ കാട്ടുപോത്ത് ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി

കണ്ണൂര്‍: വിരണ്ടോടിയ കാട്ടുപോത്ത് പൂട്ടിയിട്ട ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി. കൂത്തുപറമ്പ് പുറക്കളത്ത് ആണ് സംഭവം. ഷോറൂമിന് മുന്നിലെ ഗ്ലാസും ഷോറൂമിനകത്തെ ഫര്‍ണിച്ചറുകളും കാട്ടുപോത്ത് തകര്‍ത്തു.
പുറക്കളത്തെ ഹീറോ ഹോണ്ട ബൈക്ക് ഷോറൂമിലേക്കാണ് കാട്ടുപോത്ത് പാഞ്ഞു കയറിയത്. സമീപത്തുണ്ടായിരുന്ന ആളുകള്‍ ബഹളം വെച്ചതോടെ കാട്ടുപോത്ത് ഓടിപ്പോയി. കണ്ണവം ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തം,വീക്ഷിത് ഭാരത് സങ്കൽപ്പത്തിൽ ഊന്നിബജറ്റ്

ന്യൂഡെൽഹി.വീക്ഷിത് ഭാരത് സങ്കൽപ്പത്തിൽ ഊന്നിയുള്ള ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഒമ്പതാമത്തെ ബജറ്റ്, പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമാണ്. വൻ  പ്രഖ്യാപനങ്ങൾ ഒഴിവാക്കിയ ബജറ്റിൽ, അടിസ്ഥാന തൊഴിൽ മേഖലകളെയും ചെറുകിട വ്യവസായങ്ങളെയും ആണ് അഭിസംബോധന ചെയ്യുന്നത്.  ഒപ്പം യുവ ജനങ്ങൾക്കും സാങ്കേതിക വിദ്യാക്കും ബജറ്റിൽ കാര്യമായ ഇടം നൽകിയിട്ടുണ്ട്. ആഗോള സാമ്പത്തിക യഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞുള്ള ബജറ്റ് എന്നാണ് സാമ്പത്തിക രംഗത്ത് നിന്നുള്ള വിലയിരുത്തൽ.


വീക്ഷിത്  ഭാരത് 2047  ലക്ഷ്യത്തിനു  ഊന്നൽ നൽകുന്ന  തന്റെ  ഒൻപതാമത്തെ ബജറ്റിൽ പതിവ് രീതിയിലുള്ള വൻ പ്രഖ്യാപനങ്ങൾ ധനമന്ത്രി നിർമ്മലാ സിതാരാമൻ ഒഴിവാക്കി.

ജനങ്ങളുടെ ക്ഷേമം , എല്ലാവർക്കും എല്ലാം , യുവജനക്ഷേമം എന്നീ മൂന്ന് പ്രതിബദ്ധതകൾ മനസ്സിൽ വെച്ചു തയ്യാറാക്കിയ ബജറ്റിൽ പ്രാദേശിക വളർച്ചയ്‌ക്കായി തൊഴിലവസരങ്ങളിലും ടൂറിസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ധനമന്ത്രി ആമുഖമായി തന്നെ പറഞ്ഞു.


ജൻ സി  വിഭാഗത്തെ  അഭിസംബോധന ചെയ്യുന്ന ബജറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ  സാങ്കേതികവിദ്യകളിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും,  യുവാക്കളുടെ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും പ്രഖ്യാപനങ്ങൾ ഉണ്ട്.
തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാങ്ങൾക്കായി നേരിട്ടുള്ള  വൻ പദ്ധതി പ്രഖ്യാപന ങ്ങൾ ഒഴിവാക്കി,  ഈ സംസ്ഥാങ്ങളിലെ പറമ്പരാഗത തൊഴിൽ മേഖലകളെ സ്വാധീനിക്കുന്ന പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



നെയ്ത്, നാളികേരം, കശുവണ്ടി, കോക്കോ, കുടിൽ -ചെറുകിട  വ്യവസായം, മത്സ്യ കൃഷി എന്നീ മേഖലകൾക്കായുള്ള പദ്ധതികൾ, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ,അസം സംസ്ഥാനങ്ങളിലെ അടിസ്ഥാന തൊഴിൽ മേഖലകളെ സ്വാധീനിക്കും.
കൂടാതെ തെരഞ്ഞെടുപ്പ് ബജറ്റ്  എന്ന വിമർശനം ഒഴിവാക്കാനും നിർമല സീതാരാമന് കഴിഞ്ഞു.

അടിസ്ഥാന സൗകര്യ വികസനം,  ടൂറിസം, കാർഷിക മേഖലകൾക്ക് പരിഗണന നൽകിയ ബജറ്റിൽ,വീക്ഷിത് ഭാരത് ബാങ്കിങ്ങിന് വേണ്ടി ഉന്നതല സമിതിയും  പ്രഖ്യാപിച്ചിട്ടുണ്ട്.
ദീർഘകാല ലക്ഷ്യങ്ങൾക്കൊപ്പം ഹ്രസ്വകാല ലക്ഷ്യങ്ങളും മുൻ നിർത്തി, ആഗോള സാമ്പത്തിക സാഹചര്യങ്ങളും രാജ്യത്തെ  യാഥാർത്ഥ്യങ്ങളും ഉൾക്കൊള്ളുന്നതാണ് ബജറ്റ് എന്നാണ്  വിലയിരുത്ത പ്പെടുന്നത്.

സി.ജെ.റോയിക്ക് വിട

ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ.റോയിക്ക് വിട. സംസ്‌കാരച്ചടങ്ങുകള്‍ ബന്നാര്‍ഘട്ടയില്‍ പൂര്‍ത്തിയായി. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കാസ്‌കേഡ് റിസോര്‍ട്ടിലാണ് അന്ത്യവിശ്രമം.

പൊതുദര്‍ശനത്തിനും അന്ത്യാഞ്ജലി അര്‍പ്പിക്കുവാനുമായി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള നിരവധി പേരാണ് എത്തിയത്. ഭാര്യ ലീനാ റോയി, മകന്‍ രോഹിത്ത്, മകള്‍ റിയാ റോയി സഹോദരങ്ങള്‍ അടക്കം അടുത്ത ബന്ധുക്കളെത്തിയാണ് ബൗറിങ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ഭാൗതികശരീരം ഏറ്റുവാങ്ങിയത്.

തുടര്‍ന്ന് വിലാപയാത്രയായി ബന്നാര്‍ഘട്ടയിലെ നേച്ചര്‍ ലക്ഷ്യറി കാസാകാഡ് റിസോര്‍ട്ടിലേക്ക്. തുടര്‍ന്ന് സെന്റ് ജോസഫ് പള്ളിയിലെ സംസ്‌കാര ശുശ്രൂഷയ്ക്ക് ശേഷം സംസ്‌കാരം.

വിവിധ ജില്ലകളില്‍ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ വരുന്ന ചൊവ്വാഴ്ച വരെ ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് എട്ടിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപയേഡ്) ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. കഴിഞ്ഞ തവണ മെയ് ഒമ്പതിനായിരുന്നു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ ഇത്തവണ നമ്മള്‍ സബ്ജക്ട് മിനിമം നടപ്പിലാക്കിയിട്ടുണ്ടെന്നും. ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് ലഭിക്കാത്ത കുട്ടികള്‍ക്ക് പ്രത്യേക പഠന പിന്തുണ നല്‍കുമെന്നും മന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഇതൊരു തുടര്‍ പ്രക്രിയയായിട്ടാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടാം പാദ പരീക്ഷയുടെ ഫലം പരിശോധിക്കുമ്പോള്‍ എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ലഭിച്ച കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തേണ്ടതുണ്ട്. അഞ്ചാം ക്ലാസില്‍ രണ്ടായിരത്തി ഒരുന്നൂറ്റി എണ്‍പത്തിയേഴ് കുട്ടികളും, ആറാം ക്ലാസില്‍ രണ്ടായിരത്തി നാനൂറ്റി അമ്പത്തിയൊന്ന് കുട്ടികളും, ഏഴാം ക്ലാസില്‍ രണ്ടായിരത്തി ഒരുന്നൂറ്റി നാല്‍പ്പത്തിമൂന്ന് കുട്ടികളും എല്ലാ വിഷയങ്ങളിലും ഇ ഗ്രേഡ് ആണ് നേടിയിട്ടുള്ളത്.
ഉയര്‍ന്ന ക്ലാസുകളിലേക്ക് വരുമ്പോള്‍ ഈ എണ്ണത്തില്‍ വര്‍ദ്ധനവ് കാണുന്നുണ്ട്. എട്ടാം ക്ലാസില്‍ പതിനാലായിരത്തി നാനൂറ്റി പതിനെട്ട് കുട്ടികളും, ഒമ്പതാം ക്ലാസില്‍ ആറായിരത്തി ഒരുന്നൂറ്റി അമ്പത്തിമൂന്ന് കുട്ടികളുമാണ് ഇ ഗ്രേഡ് പട്ടികയിലുള്ളത്. ഈ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.