Home News Breaking News ട്രക്ക് ഡ്രൈവറെ മര്‍ദ്ദിച്ചു കൊന്ന 14 ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം, പിന്നാലെ വനിതാ ജഡ്ജിക്ക് നേരെ...

ട്രക്ക് ഡ്രൈവറെ മര്‍ദ്ദിച്ചു കൊന്ന 14 ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം, പിന്നാലെ വനിതാ ജഡ്ജിക്ക് നേരെ ബലാത്സംഗ ഭീഷണി, പൊലീസ് കാവല്‍

ഭോപ്പാല്‍: 50കാരനെ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി കൊലപ്പെടുത്തിയ 14 ഗോരക്ഷാ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് വിധിച്ച വനിതാ ജഡ്ജിക്ക് വധഭീഷണി.

മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജിയായ തബാസും ഖാനെതിരെയാണ് വധഭീഷണി ഉയർന്നിട്ടുള്ളത്. ജൂണ്‍ 12നാണ് 2022ലെ ആള്‍ക്കൂട്ട മർദ്ദനക്കേസില്‍ ശിക്ഷ വിധിച്ചത്. കന്നുകാലികളെ കടത്തിയെന്നാരോപിച്ച്‌ ട്രക്ക് ഡ്രൈവറായ നാസിർ അഹമ്മദ് എന്ന 50കാരനെ കൊലപ്പെടുത്തിയ 14 ഗോ രക്ഷാപ്രവർത്തകർക്കാണ് ശിക്ഷ വിധിച്ചത്. 50കാരനൊപ്പമുണ്ടായിരുന്ന രണ്ട് പേർ ക്രൂരമായ ആക്രമണത്തിന് ഇരയായെങ്കിലും ജീവൻ രക്ഷപ്പെട്ടിരുന്നു. ഇവർ നല്‍കിയ മൊഴി കേസില്‍ നിർണായകമായിരുന്നു. ആള്‍ക്കൂട്ട മർദ്ദനമാണ് നടന്നതെന്ന് വ്യക്തമാക്കിയാണ് തബാസും ഖാൻ ശിക്ഷ പ്രഖ്യാപിച്ചത്.

എന്നാല്‍ ശിക്ഷാ പ്രഖ്യാപനത്തിന് പിന്നാലെ തീവ്രവലതുപക്ഷ ഗ്രൂപ്പുകളാണ് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വനിതാ ജഡ്ജിക്കെതിരെ രൂക്ഷമായ ഭീഷണിയുമായി എത്തിയത്. ജഡ്ജിയുടെ തീരുമാനം കുറ്റകൃത്യത്തിന്റെ ഗൌരവം പരിഗണിച്ചല്ലെന്നും കുറ്റാരോപിതരുടെ മതം പരിഗണിച്ചാണെന്നുമായിരുന്നു തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ പ്രചാരണം. ഇതിന് പിന്നാലെയാണ് മുസ്ലിം ജഡ്ജിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഭീഷണി ശക്തമായത്. ഇതിന് പിന്നാലെ വനിതാ ജഡ്ജിക്ക് പൊലീസ് സംരക്ഷണം നല്‍കിയിരിക്കുകയാണ് കോടതി. പശുക്കളെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് ശിക്ഷ അനുഭവിക്കേണ്ടി വരുതെന്ന് ആരോപിച്ച്‌ പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയ വാഹനം കോടതി വളപ്പില്‍ തടയുന്ന സംഭവവും ജൂണ്‍ 12നുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് വർഗീയ പരാമർശങ്ങളുമായി ജഡ്ജിക്കെതിരായ സൈബർ ആക്രമണം അടക്കം ശക്തമായത്. പിന്നാലെ തന്നെ ജഡ്ജിക്ക് നേരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉണ്ടായി. ശിക്ഷിക്കപ്പെട്ടവരെ ഉടൻ വിട്ടയക്കാത്ത പക്ഷം രാജ്യ വ്യാപകമായി അക്രമം നടക്കുമെന്ന രീതിയിലും ഭീഷണികള്‍ സജീവമായി. ഇത്തരം പ്രചാരണങ്ങള്‍ക്ക് വലിയ രീതിയിലുള്ള പിന്തുണയും ലഭിച്ചതാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്. പഞ്ചാബില്‍ ജഡ്ജിയുടെ കോലം അടക്കം കത്തിച്ച്‌ പ്രതിഷേധവും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here