26.8 C
Kollam
Monday 10th August, 2026 | 12:53:50 PM
Home News Breaking News ‘മൂങ്ങ ഇതിലും നന്നായി കാണും’; അര്‍ജന്റീനയെ ട്രോളി സുവോളജിക്കല്‍ പാര്‍ക്കിന്റെയും ഇന്‍സ്റ്റഗ്രാം പോസ്റ്റ്

‘മൂങ്ങ ഇതിലും നന്നായി കാണും’; അര്‍ജന്റീനയെ ട്രോളി സുവോളജിക്കല്‍ പാര്‍ക്കിന്റെയും ഇന്‍സ്റ്റഗ്രാം പോസ്റ്റ്

തൃശൂര്‍: ലോകകപ്പ് ഫുട്‌ബോളില്‍ സെമി പോരാട്ടങ്ങള്‍ വ്യക്തമായിരിക്കുകയാണ്. ഇന്ന് നടന്ന അര്‍ജന്റീന-സ്വിസ്സര്‍ലന്‍ഡ് മത്സരം കൂടി കഴിഞ്ഞതോടെ അര്‍ജന്റീനയും സെമിയിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ അര്‍ജന്റീന ആരാധകരെ ട്രോളി തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റ് പുറത്തുവന്നു. പാര്‍ക്കിലെ ഒരിനം മൂങ്ങയായ ‘ഫിഷ് ഔളിനെ’ (Fish Owl) പരിചയപ്പെടുത്താന്‍ പങ്കുവെച്ച പോസ്റ്റാണ് ഫുട്‌ബോള്‍ പശ്ചാത്തലമാക്കി ആരാധകരെ ചൊടിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ ട്രോളായി മാറിയിരിക്കുന്നത്.

Also Read:

ഫുട്‌ബോള്‍ പോസ്റ്റിന് മുകളില്‍ ഇരിക്കുന്ന മൂങ്ങയുടെ ചിത്രത്തിനൊപ്പം പശ്ചാത്തലത്തില്‍ അര്‍ജന്റീനയുടെ പതാകയും ആരാധകരെയുമാണ് നല്‍കിയിരിക്കുന്നത്. ‘മൂങ്ങ ഇതിലും നന്നായി കാണും’ എന്ന ക്യാപ്ഷനോടെയുള്ള പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

‘കണ്ണ് തുറന്ന് കാണേണ്ട കാഴ്ചകളൊന്നും മൂങ്ങകള്‍ മിസ്സ് ചെയ്യാറില്ല..! ഫിഷ് ഔളിനെ (Fish Owl) കാണാന്‍ വരൂ തൃശ്ശൂര്‍ സുയോളജിക്കല്‍ പാര്‍ക്കിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് പാര്‍ക്ക് അധികൃതര്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. #WorldCup2026, #argentina എന്നീ ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വ്യത്യസ്തമായ ഈ പോസ്റ്റിന് താഴെ നിരവധി ഫുട്‌ബോള്‍ ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഒരു വിഭാഗം ആരാധകര്‍ അധികൃതരുടെ ഭാവനയെ പുകഴ്ത്തുമ്പോള്‍, പോസ്റ്റിന് താഴെ പ്രതിഷേധവും രസകരമായ മറുപടികളുമായി അര്‍ജന്റീന ആരാധകരും സജീവമാണ്.

അര്‍ജന്റീനക്കെതിരായ വിമര്‍ശനവും പരിഹാസവും ഏറ്റെടുത്ത് കേരള പൊലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. പോസ്റ്റ് പിന്‍വലിച്ചെങ്കിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും മുന്നില്‍ പരാതി എത്തുകയും ചെയ്തു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്ത്- അര്‍ജന്റീന മത്സരത്തിന് പിന്നാലെയാണ് ‘ടീം മെസി’യെ ഫിഫ സഹായിച്ചു എന്ന തരത്തില്‍ ആക്ഷേപം ശക്തമായത്. ആ മത്സരത്തിലെ റഫറിയുടെ ചില തീരുമാനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ആക്ഷേപം.

ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്ക് എന്ന വിശേഷണമാണ് പുത്തൂരിനുള്ളത്. കഴിഞ്ഞ വര്‍ഷമാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.