Home News Breaking News തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട നല്‍കി രാജ്യം

തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട നല്‍കി രാജ്യം

തലമുറകളെ തന്റെ ശബ്ദ സൗകുമാര്യത്താല്‍ സ്വാധീനിച്ച തെന്നിന്ത്യയുടെ വാനമ്പാടിക്ക് വിട നല്‍കി രാജ്യം. ആറ് പതിറ്റാണ്ടായി സംഗീതലോകത്ത് നിറഞ്ഞുനിന്ന എസ്. ജാനകിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മൈസൂരുവിലെ കനിയനഗുണ്ഡി ഫാം ഹൗസില്‍ വൈകിട്ട് അഞ്ചോടെയായിരുന്നു സംസ്‌കാരം.
മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ രാവിലെ മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് പ്രിയഗായികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആരാധകരും സഹപ്രവര്‍ത്തകരും സംഗീതലോകത്തെ പ്രമുഖരും അവസാനമായി ജാനകിയെ കാണാനെത്തി. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് എസ് ജാനകി അന്തരിച്ചത്. 88 വയസ്സായിരുന്നു. മലയാളത്തില്‍ മാത്രം 1200ഓളം ഗാനങ്ങള്‍ക്കാണ് ജാനകി ശബ്ദം നല്‍കിയത്.