കൊച്ചി.നിര്മ്മാണ അഴിമതി മൂലം അപകടാവസ്ഥയിലായ കൊച്ചി മുണ്ടംവേലി പി ആന്ഡ് ടി ഫ്ളാറ്റിലെ താമസക്കാരെ അതിവേഗം പുനരധിവസിപ്പിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്ട്ട്. ഫ്ളാറ്റിലെ നിര്മാണ അപാകതയും ശോചനീയാവസ്ഥയും അക്കമിട്ട് നിരത്തിയുള്ള റിപ്പോര്ട്ട് ഹൈക്കോടതിക്ക് കൈമാറി. ഫളാറ്റിന് ചുറ്റുമുള്ള ഹൈടെന്ഷന് ലൈനുകള് താമസക്കാരുടെ ജീവന് ഭീഷണിയാണെന്നും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമൂലം താമസക്കാര് നയിക്കുന്നത് ദുരിതജീവിതമെന്നും റിപ്പോര്ട്ടിലുണ്ട്.പോരായ്മകള് നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടാണ് അമിക്കസ് ക്യൂറി റിപ്പോര്ട്ട്.
തിങ്കളാഴ്ചയാണ് ഡെപ്യൂട്ടി കളക്ടര്, ജി.സി.ഡി.എ, കൊച്ചി കോര്പ്പറേഷന്, റവന്യൂ ഉദ്യോഗസ്ഥര് എന്നിവര്ക്കൊപ്പം ഫ്ലാറ്റുകളില് അമിക്കസ് ക്യൂറി ഗോവിന്ദ പത്മനാഭന് മുണ്ടംവേലിയിലെ ഫ്ളാറ്റ് സമുച്ചയത്തില് പരിശോധന നടത്തിയത്. സുപ്രഭാതം വിത്ത് സുജയ പാര്വതിയില് ചൂണ്ടിക്കാട്ടിയ ഗുരുതര സാഹചര്യം ഒന്നൊന്നായി ചിത്രങ്ങള് സഹിതം റിപ്പോര്ട്ടിലുണ്ട്. ഹൈടെന്ഷന് വൈദ്യുതിലൈനുകള് ഉയര്ത്തുന്ന ഭീഷണിയാണ് ഇതിലൊന്ന്. ഫ്ലാറ്റിന് സമീപത്തുകൂടി പോകുന്ന 110 കെ.വി ഹൈടെന്ഷന് ലൈന് മഴയും കാറ്റുമുള്ള സമയങ്ങളില് താമസക്കാര്ക്ക് വലിയ സുരക്ഷാ ഭീഷണിയാകുന്നു. മഴവെള്ളം കെട്ടിടത്തിന്റെ വിടവുകളിലൂടെ ചോരുന്നതിന് പുറമെ, മുകളിലത്തെ നിലകളിലെ ശുചിമുറികളില് നിന്നും അടുക്കളകളില് നിന്നുമുള്ള മലിനജലം താഴത്തെ ഫ്ലാറ്റുകളിലേക്ക് ചോര്ന്നൊലിക്കുന്നുണ്ട്. ഇത് താമസക്കാരില് വലിയ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുന്നതായും റിപ്പോര്ട്ടിലുണ്ട്. സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകി മലിനജലം തുറസ്സായ സ്ഥലങ്ങളിലേക്കും അയല്വാസികളുടെ പറമ്പിലേക്കും ഒഴുകുന്നതായി പരിശോധനയില് കണ്ടെത്തി. നിലവിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പവര്ത്തനം അപര്യാപ്തമാണെന്നും റിപ്പോര്ട്ടിലുണ്ട്.
നിരന്തരമുള്ള ജലസാന്നിധ്യം കെട്ടിടത്തിന്റെ ഇരുമ്പ് നിര്മ്മിതികളും റൂഫിങ് ഷീറ്റുകളും ഇലക്ട്രിക്കല് പാനലുകളുടെ അടിസ്ഥാനവും പൂര്ണ്ണമായും തുരുമ്പെടുത്ത അവസ്ഥയിലെത്തിച്ചു. കട്ടിടത്തിന്റെ പല ഭാഗങ്ങളിലും പ്ലാസ്റ്ററിങ് അടര്ന്നുവീഴുന്ന നിലയിലാണ്. ഭിത്തികളിലും വാട്ടര് ടാങ്ക് പരിസരത്തും വിള്ളല് രൂപപ്പെട്ടതായും അമിക്കസ് ക്യൂറി കണ്ടെത്തി. രണ്ട് അപ്പാര്ട്ട്മെന്റ് ബ്ലോക്കുകളിലും ലിഫ്റ്റ് സൗകര്യമില്ലാത്തത് ഗുരുതരമായ അസുഖങ്ങള് ബാധിച്ച താമസക്കാര്ക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. കൂടാതെ, ഇടിമിന്നല് പ്രതിരോധ സംവിധാനവും ഫ്ലാറ്റിലില്ല.
അഗ്നിരക്ഷാ സംവിധാനങ്ങളും പവര്ത്തനസജ്ജമല്ല. താമസക്കാരെ എത്രയും വേഗം വാസയോഗ്യമായ സ്ഥലത്തേക്ക് മാറ്റണമെന്നും, ഒരു സാങ്കേതിക സമിതിയുടെ സഹായത്തോടെ കെട്ടിടത്തിന്റെ ബലത്തെക്കുറിച്ചും ഭാവി ഉപയോഗത്തെക്കുറിച്ചും പഠനം നടത്താന് ഉത്തരവിടണമെന്നും ഹൈക്കോടതിക്ക് നല്കിയ റിപ്പോര്ട്ടിലുണ്ട്.






























