26.3 C
Kollam
Wednesday 24th June, 2026 | 01:46:30 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 മേയ് 9, ശനി | 1201 മേടം 26, തിരുവോണം

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 മേയ് 9, ശനി | 1201 മേടം 26, തിരുവോണം

Advertisement

പത്രം മലയാള ദിനപത്രങ്ങളിലൂടെ

2026 മേയ് 9, ശനി | 1201 മേടം 26, തിരുവോണം

തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള നടന്‍ വിജയിന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായി. കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വ്യക്തമാക്കി. കേവല ഭൂരിപക്ഷമായ 118 നു പകരം പിന്തുണക്കത്തില്‍ 116 പേരേയുള്ളൂവെന്നു ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ടിവികെയ്ക്കു 108 സീറ്റുണ്ടെങ്കിലും വിജയ് രണ്ടിടത്തു ജയിച്ചതിനാല്‍ യഥാര്‍ത്ഥ അംഗബലം 107 ആണ്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ചില കക്ഷികളുടെ പിന്തുണക്കത്ത് ഹാജരാക്കാൻ സാധിച്ചിട്ടില്ല. ഇതേസമയം എഐഎഡിഎംകെ നേതാവ് എടപ്പാടി പഴനിസ്വാമിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ടിടിവി ദിനകരനും ഗവര്‍ണറെ കണ്ടു.

ഭരണമാറ്റത്തിന് മുന്നോടിയായി കേരളത്തിൽ കൂട്ടസ്ഥലംമാറ്റം

കേരളത്തില്‍ യുഡിഎഫ് ഭരണം ആരംഭിക്കുന്നതിനു മുമ്പേ വിവിധ വകുപ്പുകളില്‍ കൂട്ടസ്ഥലംമാറ്റം നടക്കുന്നു. വിദ്യാഭ്യാസ വകുപ്പിനു പിറകേ, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, സ്റ്റാറ്റിറ്റിക്സ് വകുപ്പുകളിലും സ്ഥലംമാറ്റ ഉത്തരവിറങ്ങി. ഇടതു യൂണിയന്‍ നേതാക്കളെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇതിനെതിരെ എന്‍ ജി ഒ യൂണിയന്‍ പ്രതിഷേധിക്കുകയും വികാസ്ഭവനില്‍ ഉത്തരവ് കത്തിക്കുകയും ചെയ്തു.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: നടപടികൾ തുടങ്ങി

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രയെന്ന യുഡിഎഫ് വാഗ്ദാനം നടപ്പാക്കാന്‍ പ്രാഥമിക നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ടിക്കറ്റ് മെഷീനില്‍ ഇന്നു മുതല്‍ ലിംഗഭേദം രേഖപ്പെടുത്താന്‍ അഡിഷണല്‍ ജനറല്‍ മാനേജര്‍ ഉത്തരവിറക്കി.

കവി കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു

ഭരണ മാറ്റത്തിന്റെ ഭാഗമായി കവി കെ. സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. ഈ മാസം 31 വരെ കാലാവധി ഉണ്ടായിരുന്നുവെങ്കിലും നേരത്തെ ഒഴിയുകയായിരുന്നു. 2022 മാര്‍ച്ചിലായിരുന്നു അദ്ദേഹം ചുമതലയേറ്റത്.

മുഖ്യമന്ത്രി ചർച്ചകൾക്കായി യുഡിഎഫ് നേതാക്കൾ ഡൽഹിയിലേക്ക്

കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകള്‍ക്കായി യുഡിഎഫ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്കു വിളിപ്പിച്ചു. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ ഇന്ന് ഡല്‍ഹിയിലെത്തും.

ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ ഒഴിവാക്കണം: വി.ഡി. സതീശൻ

ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്ളക്സുകള്‍ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. വിവിധ ജില്ലകളിൽ തനിക്ക് അനുകൂലമായി പ്രകടനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള ഈ അഭ്യര്‍ത്ഥന.

തിരഞ്ഞെടുപ്പ് തോൽവി: സിപിഎമ്മിൽ വ്യക്തിപരമായ വിമർശനങ്ങളില്ല

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. മാധ്യമങ്ങള്‍ കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്നായാൽ സന്തോഷം: വെള്ളാപ്പള്ളി

മുഖ്യമന്ത്രി ആലപ്പുഴയില്‍ നിന്നായാല്‍ വളരെ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി. സതീശന്റെ പുസ്തകം ‘ആദം നീ എവിടെ ആകുന്നു?’ ഇന്ന് പ്രകാശനം ചെയ്യും

വി.ഡി. സതീശന്‍ രചിച്ച ‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. ക്രിസ്ത്യൻ പ്രമേയത്തിലുള്ള ഈ പുസ്തകം ഡിസി ബുക്‌സാണ് പുറത്തിറക്കുന്നത്. ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ നിരീക്ഷണങ്ങളാണ് പുസ്തകമെന്ന് അവതാരികയിൽ ഡോ. സിറിയക് തോമസ് പറയുന്നു.

യു. പ്രതിഭയുടെ തോൽവി: വെള്ളാപ്പള്ളിയുടെ പ്രതികരണം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയുടെ തോല്‍വിക്ക് തന്നെ പഴിച്ചിട്ടു കാര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ജനം എല്ലാം കാണുന്നുണ്ടെന്നും തോല്‍വിയില്‍ മകന്റെ പ്രവൃത്തികള്‍ കൂടി കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം പരിഹസിച്ചു.

ജനശതാബ്ദി എക്സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു

കണ്ണൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിച്ചതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

കഴക്കൂട്ടത്ത് സ്പാ പീഡനം: സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

കഴക്കൂട്ടത്ത് 23 കാരിയെ സ്പായില്‍ പീഡിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിബ്സണ്‍ പിടിയിലായി. സ്പാ നടത്തിയിരുന്ന ആലപ്പുഴ സ്വദേശിനിയും കേസിൽ അറസ്റ്റിലായിട്ടുണ്ട്.

ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 44 വർഷം തടവ്

ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാങ്ങാട്ടിടം സ്വദേശി സി.ജി. ശശികുമാറിന് 44 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചു.

ബ്രഹ്മഗിരി സൊസൈറ്റി അഴിമതി: യൂത്ത് കോൺഗ്രസ് പ്രതിഷേധം

സിപിഎം നേതൃത്വത്തിലുള്ള ബ്രഹ്‌മഹഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയിലെ 100 കോടി രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ബത്തേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി.

ലഹരി മാഫിയ തടവിലാക്കിയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

ബാംഗ്ലൂരുവില്‍നിന്നു തട്ടിക്കൊണ്ടുവന്ന് താമരശ്ശേരിയിൽ ലഹരി മാഫിയ സംഘം പൂട്ടിയിട്ട മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദിനെ പോലീസ് രക്ഷപ്പെടുത്തി.

ശാസ്താംകോട്ടയിൽ രാസലഹരിയുമായി രണ്ട് പേർ പിടിയിൽ

കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ എത്തിക്കുന്ന സംഘത്തിലെ അദ്വൈത, മുഹമ്മദ് സിജാഹ് എന്നിവരെ ശാസ്താംകോട്ട പോലീസ് പിടികൂടി. അദ്വൈത ബെംഗളൂരുവില്‍ റേഡിയോളജി വിദ്യാര്‍ത്ഥിയാണ്.

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തി

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജിയുടെ വീടിനു സമീപം നടത്തിയ പരിശോധനയിൽ അസ്ഥിയുടെ അവശിഷ്ടം കണ്ടെത്തി. 2018ല്‍ കാണാതായ സജിയുടെ പിതാവിന്റേതാണോ ഇതെന്ന് അന്വേഷിക്കുന്നു.

സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയാകും

പശ്ചിമബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ ബിജെപി നിയമസഭ കക്ഷി യോഗം തിരഞ്ഞെടുത്തു. മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയ നേതാവാണ് ഇദ്ദേഹം.

തമിഴ്നാട് രാഷ്ട്രീയം: ഡിഎംകെ – കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ

തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ മുന്നണിയില്‍നിന്നു പിന്മാറിയ ഡിഎംകെ, പാര്‍ലമെന്റില്‍ പുതിയ ഇരിപ്പടം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം ഇരിക്കാനാകില്ലെന്ന് കനിമൊഴി എംപി സ്പീക്കര്‍ക്ക് കത്തുനല്‍കി.

ഐപിഎൽ: കൊൽക്കത്തയ്ക്ക് ഉജ്ജ്വല വിജയം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് തകർത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 47 പന്തില്‍ 100 റണ്‍സ് നേടിയ ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ വിജയശില്പി.

വണ്ടർലാ ഹോളിഡേയ്‌സിന് റെക്കോർഡ് വരുമാനം

2026 സാമ്പത്തിക വര്‍ഷത്തില്‍ വണ്ടര്‍ല ഹോളിഡേയ്സിന്റെ വരുമാനം 32% വര്‍ധിച്ച് 142.05 കോടി രൂപയായി. ചെന്നൈയിലെ പുതിയ പാർക്കിന്റെ പ്രകടനമാണ് ഈ നേട്ടത്തിന് പിന്നിൽ.

വാട്‌സ്ആപ്പിൽ ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ വരുന്നു

ഐഒഎസ് ഉപയോക്താക്കൾക്കായി സുതാര്യമായ ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. ചാറ്റ് ഇന്റർഫേസിലും നാവിഗേഷൻ ബാറിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ഹീരാഭായി ക്രൂയിസ് കപ്പലിൽ ഹാന്റാവൈറസ് സ്ഥിരീകരിച്ചു

കേപ് വെര്‍ഡെ ദ്വീപുകളില്‍ കുടുങ്ങിയ ക്രൂസ് കപ്പലില്‍ ഹാന്റാവൈറസ് സ്ഥിരീകരിച്ചു. എലികളിലൂടെയും വവ്വാലുകളിലൂടെയും പകരുന്ന ഈ മാരക വൈറസിനെതിരെ ലോകാരോഗ്യ സംഘടന ജാഗ്രതാ നിർദ്ദേശം നൽകി.

ശുഭദിനം: അവസരങ്ങളെ ധൈര്യത്തോടെ നേരിടുക

വാർത്തകൾ തയ്യാറാക്കിയത്: രജനീഷ് മൈനാഗപ്പള്ളി

Advertisement