അങ്കമാലി.നെടുമ്പാശ്ശേരിയിൽ മൂന്നുപേർ മരിച്ച വാഹനാപകടക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ, അമിതവേഗത്തിന് തെളിവില്ലെന്നും നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
സ്കൂട്ടറിൽ മൂന്നുപേർ സഞ്ചരിച്ചതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. മൂന്നുപേർ സഞ്ചരിച്ചത് നിയമലംഘനമാണെന്ന വാദം ഉയർന്നപ്പോൾ, അതുകൊണ്ടാണോ കാർ ഇടിച്ചതെന്ന് കോടതി ചോദിച്ചു. മരണം സംഭവിച്ചില്ലേയെന്നും ഇനി എന്ത് നടപടി സ്വീകരിക്കാനാകുമെന്നും കോടതി പ്രതിഭാഗത്തോട് ആരാഞ്ഞു.
അപകടത്തിൽ ആദ്യ മൊഴി നൽകിയ പ്രിയാദ് എങ്ങനെ സംഭവസ്ഥലത്തെത്തിയെന്നും സംഭവം കണ്ടതിനുള്ള തെളിവുണ്ടോയെന്നും പ്രതിഭാഗം ചോദ്യം ചെയ്തു. പ്രതികളും മരിച്ചവരും എങ്ങനെ സംഭവസ്ഥലത്തെത്തിയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടന്നിട്ടില്ലെന്നും പ്രതികൾക്കെതിരെ ഗൂഢാലോചനയുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു.
നരഹത്യാക്കുറ്റം ചുമത്തുന്ന ബി.എൻ.എസ് 105-ാം വകുപ്പ് എഫ്.ഐ.ആറിൽ ആദ്യംതന്നെ ഉൾപ്പെടുത്തിയതിനെയും പ്രതിഭാഗം ചോദ്യം ചെയ്തു. അമിതവേഗത്തിന് തെളിവില്ലാതിരിക്കെ നരഹത്യാക്കുറ്റം ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. പ്രതികളുടെ രക്തത്തിലും മൂത്രത്തിലും മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വാഹനത്തിന്റെ ഇ.ഡി.ആർ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അപകടത്തിന്റെ ആഘാതം ഇതിലൂടെ വ്യക്തമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതികൾക്ക് 19 വയസ്സാണെങ്കിലും കുറ്റത്തിന്റെ ഗൗരവവും പ്രത്യാഘാതങ്ങളും മനസ്സിലാക്കാൻ കഴിയുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.
































