Home Blog Page 341

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി

കൊച്ചി. ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ വിമർശനം. ആവശ്യമായ വിവരങ്ങൾ ദേവസ്വം കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം

43 വർഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഫിസിക്കൽ വെരിഫിക്കേഷൻ നടത്തിയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2011-12 മുതൽ 2019-20 വരെ 54.59 കോടിയുടെ ഓഡിറ്റ് ഒബ്ജെക്ഷൻ. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്ന് ഹൈക്കോടതി

നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയിക്കാൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നേരിട്ട് ഹാജരാകണമെന്ന് കോടതി

മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചു വിട്ടതിൽ പ്രതിഷേധം

തിരുവനന്തപുരം.മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചു വിട്ടതിൽ പ്രതിഷേധം

ബോർഡ് അംഗങ്ങൾ മിൽമ ചെയർമാനെ ഉപരോധിക്കും. മിൽമയുടെ തിരു. മേഖല യൂണിയൻ പിരിച്ചുവിട്ടുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. വ്യാപകമായി ഉയർന്നു വന്ന അഴിമതിയാരോപണങ്ങളുടെയും പരാതിയെയും
തുടർന്നായിരുന്നു നടപടി

നിലവിൽ ഈ യൂണിയന്റെ ഭരണം അഡ്മിനിസ്ട്രേറ്റീവ് സമിതിക്ക് കീഴിലാക്കി മാറ്റിയിട്ടുണ്ട്. LDF ഭരണസമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു തിരു.മേഖല യൂണിയന്റെ പ്രവർത്തനം. നടപടി തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് എൽ.ഡി.എഫ് ആരോപണം

മിൽമ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്നും ആക്ഷേപം

ഹരിപ്പാട്ട് ഉടമ അറിയാതെ കട ഇടിച്ച് നിരത്തി ; ഒരാൾ പിടിയിൽ

ആലപ്പുഴ:ഹരിപ്പാട് കച്ചേരി ജങ്ഷന് സമീപമുള്ള ഒരു പഴയ കെട്ടിടവും അതിനോട് ചേർന്നുള്ള ശീതളപാനിയകടയും ഉടമ അറിയാതെ അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ചെറായി ഷാജിയെന്ന ഷാഹുൽ ഹമീദ്ആണ് പിടിയിലായത്. രണ്ട് എഫ് ഐ ആർ ഇതുമായി ബന്ധപ്പെട്ട് പോലീസ് എടുത്തു. ഒരണ്ണെത്തിലെ ഒന്നാം പ്രതിയാണ് ഇപ്പോൾ പിടിയിലുള്ളത്. മറ്റൊരു എഫ്ഐ ആർ ശ്രീവത്സം ഗ്രൂപ്പ് ഉടമായണ് ഒന്നാം പ്രതി.വെട്ടുവേനി മണ്ണൂർ പടീറ്റതിൽ അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള കടയാണ് തകർക്കപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെ കടയ്ക്കുള്ളിലുണ്ടായിരുന്ന ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിലേക്ക് തള്ളിയിട്ട ശേഷമാണ് ജെസിബി ഉപയോഗിച്ച് കെട്ടിടം പൂർണ്ണമായും ഇടിച്ചു നിരത്തിയത്. അശോക് കുമാറിന്റെ കടയോട് ചേർന്നുള്ള വലിയ കെട്ടിടം സമീപത്തുള്ള ‘ശ്രീവത്സം’ എന്ന ടെക്സ്റ്റൈൽസ് ഉടമ വാങ്ങിയിരുന്നു.
ഈ പഴയ കെട്ടിടം ജീർണ്ണാവസ്ഥയിലാണെന്നും ഇത് പൊളിച്ചുനീക്കണമെന്നും കാണിച്ച് മറ്റൊരാൾ മുനിസിപ്പൽ സെക്രട്ടറിയെയും ശ്രീവത്സം ഉടമയെയും എതിർകക്ഷികളാക്കി ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയിരുന്നു.
എന്നാൽ രണ്ടു തലമുറയായി ലൈസൻസോടെ അവിടെ പ്രവർത്തിക്കുന്ന അശോക് കുമാറിന്റെ കടയെക്കുറിച്ച് മുനിസിപ്പൽ സെക്രട്ടറി ഹൈക്കോടതിക്ക് നൽകിയ മറുപടിയിൽ മറച്ചുവെച്ചതായി ആരോപണമുണ്ട്. കടയുടമയ്ക്ക് മുൻകൂട്ടി നോട്ടീസ് നൽകാതെയാണ് ഈ പൊളിക്കൽ നടപടി ഉണ്ടായത്.

അടൂർ മണക്കാലയിൽ സി പി എമ്മിന്റെ യുവജന വിദ്യാർഥി സംഘടനാ പ്രവർത്തകർ ഏറ്റുമുട്ടി

പത്തനംതിട്ട. അടൂർ മണക്കാലയിൽ സി പി എമ്മിന്റെ യുവജന വിദ്യാർഥി സംഘടനാ പ്രവർത്തകർ ഏറ്റുമുട്ടി.എസ്എഫ്ഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി ആരോപണം.എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്. കടമ്പനാട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ആക്രമണം.

മണക്കാലയിൽ ഒത്തുതീർപ്പ് ചർച്ച നടക്കുന്നതിനിടയിലാണ് കാറിൽ ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്.മർദ്ദനമേറ്റവർ അടൂർ താലൂക്ക് ആശുപത്രിയിൽ. ആക്രമിച്ചവരെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തു.എന്നാൽ സംഭവവുമായി ഡിവൈഎഫ്ഐക്ക് ബന്ധവുമില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു

ഹരിപ്പാട് തുണിക്കടയ്ക്ക് പാര്‍ക്കിംങ് ഗ്രൗണ്ട് ഉണ്ടാക്കാന്‍ ഒറ്റമുറിക്കട ഗുണ്ടകളെ നിർത്തി തകർത്ത് അക്രമം

ആലപ്പുഴ. ഹരിപ്പാട് ഒറ്റമുറിക്കട ഗുണ്ടകളെ നിർത്തി തകർത്ത് അക്രമം.ശ്രീവത്സം ടെക്സ്റ്റൈൽസ് മാനേജ്മെൻറ് നേതൃത്വത്തിലാണ് കടമുറി പൊളിച്ചത്.കടയിലുണ്ടായിരുന്ന പണവും സ്വർണവും അടക്കം മോഷണവും പോയി.ശ്രീവത്സം ടെക്സ്റ്റൈൽസിന് പാർക്കിംഗ് ലഭിക്കാൻ തടസ്സമായിരുന്ന കടമുറിയാണ് ഉടമപോലും അറിയാതെ രാത്രിയിൽ പൊളിച്ചു നീക്കിയത്.

കട ഉടമ വിവരം നാട്ടുകാരോട് പറഞ്ഞതോടെ പൊതുപ്രവർത്തകർ അടക്കം കടയിൽ കയറി പ്രതിഷേധിച്ചു.ഇന്ന് രാവിലെ തീരുമാനം ഉണ്ടായില്ലെങ്കിൽ ഹരിപ്പാട് ശ്രീവത്സം ടെക്സ്റ്റൈൽ തുറക്കാൻ അനുവദിക്കില്ല എന്നാണ് പൊതുപ്രവർത്തകരുടെ നിലപാട്.

മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്ന് വാഗ്ദാനം നൽകി എംഎൽഎയിൽ നിന്ന് 3 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസ്, പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

കോഴിക്കോട് .സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്താമെന്ന് വാഗ്ദാനം നൽകി എംഎൽഎയിൽ നിന്ന് 3 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും.
പ്രതികളെ ഇന്നലെയാണ് കോടതി റിമാൻഡ് ചെയ്തത്. കേസിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരുന്നതിനും സമാന തട്ടിപ്പുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് ഉടനെ കസ്റ്റഡിയിൽ വാങ്ങും.
ഈസ്റ്റ് ഡൽഹി സ്വദേശികളായ ഗൗരവ്, നിധിൻ കുമാർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വിദ്യാ ബാലകൃഷ്ണൻ എംഎൽഎയിൽ നിന്ന് 3 കോടി രൂപ തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. സംശയം തോന്നിയ എംഎൽഎ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
പരാതി ലഭിച്ച് പത്ത് ദിവസത്തിനുള്ളിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പദം സിങ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ സ്ഥിരമായി സമാന തട്ടിപ്പുകൾ നടത്തുന്നവരാണെന്ന് സംശയിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർ എ. പി. ഷൗക്കത്തലി പറഞ്ഞു. കേരളത്തിൽ നിന്നടക്കം ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സമാന തട്ടിപ്പുകൾക്ക് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്നും അന്വേഷിക്കും. ഷാഫി പറമ്പിലും ഡീൻ കുര്യാക്കോസിനും സമാന രീതിയിൽ ഫോൺവിളിച്ചതും ഇവർ തന്നെയെ ന്ന് പൊലീസ് കണ്ടെത്തി. റിമാൻഡിൽ ഉള്ള ഗൗരവ നേരത്തെയും സമാനമായ സൈബർ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്

ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് മോദി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി പ്രമുഖ ടെക് കമ്പനിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ മോദി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി വെച്ച് കളിച്ചവര്‍ ഇപ്പോള്‍ ജയിലിലാണ് എന്ന കാര്യവും മോദി ഓര്‍മ്മിപ്പിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനായി സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാല പരിഷ്‌കാരങ്ങളുടെ ആവശ്യകത വിഡിയോയില്‍ മോദി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെ ഉപയോഗം ഉറപ്പാക്കി പരീക്ഷാസമ്പ്രദായം കൂടുതല്‍ വിശ്വസനീയവും സുതാര്യവുമാക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ധര്‍മേന്ദ്ര പ്രധാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷാ സമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച് ത്വരിതഗതിയില്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കി കേന്ദ്രത്തിന്റെ നടപടി.

 പരീക്ഷാ നടത്തിപ്പ് ഏജന്‍സികളുടെ സുതാര്യതയും ഘടനയും മെച്ചപ്പെടുത്തുക, ചോദ്യപേപ്പര്‍ നിര്‍മാണം, അച്ചടി, വിതരണം, മൂല്യനിര്‍ണയം എന്നിവയിലുടനീളം സുരക്ഷിതമായ എന്‍ഡ്-ടു-എന്‍ഡ് സാങ്കേതികവിദ്യ നടപ്പിലാക്കുക, ഫാസ്റ്റ് ട്രാക്ക് കോടതികളും കര്‍ശന നിയമങ്ങളും വഴി പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് ടാസ്‌ക്ഫോഴ്സിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ഉന്നതതല കമ്മിറ്റിയില്‍ ആകെ ആറംഗങ്ങളാണുള്ളത്. നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പാനലില്‍ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, സുരക്ഷ, സൈബര്‍ സെക്യൂരിറ്റി, പൊതുഭരണം, വിദ്യാഭ്യാസ നയം എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ വിദഗ്ധരുടെ വിവിധ മേഖലകളിലെ പ്രവൃത്തിപരിചയം ഉപയോഗിച്ച് ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തെ പൂര്‍ണമായും വിശ്വസനീയവും ലീക്ക്പ്രൂഫും ആക്കി മാറ്റുകയാണ് ഈ ഉന്നതതല സമിതിയുടെ ലക്ഷ്യം.

ഡിജിറ്റല്‍ സാങ്കേതിക രംഗത്തെ പ്രമുഖ മുഖമായ നന്ദന്‍ നിലേകനിയാണ് ചെയര്‍മാന്‍, ഇന്‍ഫോസിസ് സഹസ്ഥാപകനും ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന് (ആധാര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി പദ്ധതി) അടിത്തറയിട്ട വ്യക്തിയുമാണ്. പരീക്ഷാ സംവിധാനത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സുതാര്യതയും ഡിജിറ്റല്‍ സുരക്ഷയും ഉറപ്പാക്കുക, ചോദ്യപേപ്പര്‍ ഡിജിറ്റലായി സുരക്ഷിതമാക്കുക, ആള്‍മാറാട്ടം തടയാന്‍ ബയോമെട്രിക് സിസ്റ്റം ശക്തമാക്കുക തുടങ്ങിയ ചുമതലകള്‍ക്ക് ഇദ്ദേഹം മേല്‍നോട്ടം വഹിക്കും.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും മലയാളിയായ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനുമാണ് ഡോ. എസ് സോമനാഥ്. പരീക്ഷാ നടത്തിപ്പിനുള്ള വലിയ സിസ്റ്റം കോണ്‍ഫിഗറേഷനും ഉയര്‍ന്ന സാങ്കേതിക മേല്‍നോട്ടവും എങ്ങനെയാകണമെന്ന നിര്‍ദേശങ്ങള്‍ രൂപവത്കരിക്കാന്‍ സോമനാഥ് നേതൃത്വം നല്‍കും. പരീക്ഷകള്‍ തടസ്സമില്ലാതെ വന്‍തോതില്‍ ഏകോപിപ്പിക്കുന്നതിനുള്ള സാങ്കേതിക ക്രമീകരണങ്ങളും നിര്‍ദ്ദേശിക്കും.

ദേശീയ സുരക്ഷയും രഹസ്യാന്വേഷണവുമാണ് തപന്‍ ദേഖയുടെ മേഖല. 1988 ബാച്ച് ഐപിഎസ് ഓഫീസറായ ഇദ്ദേഹം ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) മുന്‍ ഡയറക്ടറാണ്. പരീക്ഷാ പ്രക്രിയയിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി തടയുക, ചോര്‍ച്ച തടയാന്‍ ഇന്റലിജന്‍സ് ലെവല്‍ പ്രോട്ടോക്കോളുകള്‍ നിര്‍ദ്ദേശിക്കുക, സംഘടിത പരീക്ഷാ തട്ടിപ്പുകള്‍ തടയാന്‍ സുരക്ഷാ ഏജന്‍സികളുമായുള്ള ഏകോപനം മെച്ചപ്പെടുത്തുക എന്നിവയാണ് തപന്‍ ദേഖയുടെ ചുമതല.

മദ്രാസ് ഐഐടി ഡയറക്ടറും കമ്പ്യൂട്ടര്‍ സയന്റിസ്റ്റുമായ പ്രൊഫ. വി കാമകോടി ഇന്ത്യയിലെ സൈബര്‍ സെക്യൂരിറ്റി സമിതികളില്‍ പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. സൈബര്‍ സുരക്ഷ ശക്തമാക്കല്‍, ചോര്‍ച്ചകള്‍ തടയാന്‍ തദ്ദേശീയ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളുടെ സഹായം ഉറപ്പാക്കല്‍, അക്കാദമിക് തത്ത്വങ്ങള്‍ക്ക് അനുസൃതമായി സുരക്ഷിത പരീക്ഷാ രീതികള്‍ തയാറാക്കല്‍ എന്നിവയുടെ ചുമതല അദ്ദേഹം നിര്‍വഹിക്കും.

സിബിഎസ്ഇ മുന്‍ ചെയര്‍പേഴ്സണും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിലെ മുന്‍ സെക്രട്ടറിയുമായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് അനിത കര്‍വാള്‍. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിര്‍മാണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇവര്‍ പരീക്ഷാ മൂല്യനിര്‍ണയം, ബോര്‍ഡ് ലെവല്‍ പരിഷ്‌കരണങ്ങള്‍, വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മാറ്റങ്ങള്‍ എന്നിവ നിര്‍ദ്ദേശിക്കും.

ബിഹാര്‍ മുന്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ അമൃത് ലാല്‍ മീണ, ലോജിസ്റ്റിക്‌സ് ആന്‍ഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ രംഗത്തെ വിദഗ്ധനാണ്. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ എത്തിക്കുന്നത് അടക്കമുള്ള വലിയ ലോജിസ്റ്റിക്കല്‍ പ്രക്രിയകള്‍ സുരക്ഷിതമായും കൃത്യമായും നിര്‍വ്വഹിക്കാനുള്ള ഗവേണന്‍സ് ഘടന തയ്യാറാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അദ്ദേഹം രൂപംനല്‍കും

അടുത്ത മൂന്ന് മാസത്തേയ്ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ്,മാറ്റങ്ങളിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ സര്‍ക്കാര്‍ ഇടപെടല്‍. അടുത്ത മൂന്ന് മാസത്തേയ്ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

പുതിയ പരിഷ്‌കാരം അനുസരിച്ച് ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 50 സ്ലോട്ടുകളില്‍ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായും 20 എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകള്‍ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. സബ് ആര്‍ടിഒ ഓഫീസുകളില്‍ നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകള്‍ ഇനി മുതല്‍ അഞ്ച് ദിവസവും നടത്തും. അപേക്ഷകള്‍ വലിയ തോതില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് താല്‍ക്കാലികമായി ഇത്തരം ഒരു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍പ് കെ ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേര്‍ക്കുണ്ടായിരുന്ന സ്ലോട്ടുകള്‍ 40 ആയി കുറച്ചിരുന്നു. ഇതാണ് ഇപ്പോള്‍ 50 ആയി വര്‍ധിപ്പിച്ചത്. ഡ്രൈവിങ് ടെസ്റ്റിന് പുറമെ ലേണേഴ്‌സ് ലൈസന്‍സിനുള്ള കാത്തിരിപ്പും കുറയ്ക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളില്‍ സ്ലോട്ടുകള്‍ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങള്‍ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി

അമീബിക് മസ്തിഷ്ക ജ്വരം, ക്വയിലാണ്ടിയിൽ യുവാവ് മരിച്ചു

കോഴിക്കോട് : ക്വയിലാണ്ടിയിൽ അമീബിക്ക് മസ്‌തിഷ്‌ക്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറായ ബിജു (49 ) ആണ് മരിച്ചത്. ഈ മാസം 23 നാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരികരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം.

കൊച്ചിയിലെ ആ ഭീകര മര്‍ദ്ദനം നടന്നത് വഴി കൊടുത്തില്ലെന്ന കാരണത്താല്‍

കൊച്ചി. ആ ഭീകര മര്‍ദ്ദനം നടന്നത് വഴി കൊടുത്തില്ലെന്ന കാരണത്താല്‍,കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ഏവരേയും നടുക്കിയ അക്രമത്തിനു പിന്നിലെ കാരണം നിസാരമെന്നു കരുതാവുന്ന വഴിത്തര്‍ക്കമാണ്. ഒറ്റ ഇടിയില്‍ പ്രതിയോഗി തറപറ്റുന്നതും അനക്കമറ്റ് കിടക്കുന്നതും വിഡിയോയില്‍ കാണാം. മൂന്നു പേരെ അനക്കം വരുമ്പോഴെല്ലാം ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത് വിഡിയോവിലുണ്ട്.

ബൈക്ക് യാത്രക്കാരായ യുവാക്കളെയാണ് കാര്‍ യാത്രക്കാര്‍ ക്രൂരമായി മര്‍ദിച്ചത്. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് റോഡ് റേജിന് ഇരയായി യുവാക്കള്‍ക്ക് മര്‍ദനമേറ്റത്. ആക്രമണത്തില്‍ വാഴക്കാല സ്വദേശികളായ മുഹമ്മദ് ഷാഫി, പ്രവീണ്‍ കുമാര്‍, നിസാം എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ കണ്ടാലറിയാവുന്ന കാര്‍ യാത്രക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ പിറകില്‍ നിന്നുവന്ന കാറിലുണ്ടായിരുന്ന സംഘം വാഹനം മറികടന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വഴി മാറ്റി കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അവരെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. പ്രതികള്‍ ഇടിവള കൊണ്ട് മുഖത്ത് അടിക്കുകയും ദേഹം മുഴുവന്‍ ചവിട്ടുകയും ചെയ്തു. ആക്രമണത്തില്‍ ഒരു യുവാവിന്റെ താടിയെല്ല് പൊട്ടുകയും പല്ലിന് ഇളക്കം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

മര്‍ദനത്തില്‍ പരിക്കേറ്റ യുവാക്കളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ദൃക്‌സാക്ഷികളില്‍ നിന്നും വിവരം തേടിയിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അക്രമികളെ ഉടന്‍ വലയിലാക്കുമെന്നും പോലീസ് അറിയിച്ചു.