Home Blog Page 342

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു,ശാസ്താംകോട്ട,ചെങ്ങന്നൂര്‍,വടകര സ്റ്റേഷനുകള്‍ക്ക് നേട്ടം

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചു. ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസ്, അമൃത് ഭാരത് എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് കൂടുതല്‍ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദിനിലേക്ക് പോകുന്ന ഹസ്രത്ത് നിസാമുദ്ദിന്‍ എക്‌സ്പ്രസിന് ചെങ്ങന്നൂരിലാണ് പുതുതായി സ്‌റ്റോപ്പ് അനുവദിച്ചത്. നാഗര്‍കോവില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അമൃത് ഭാരത് എക്‌സ്പ്രസിന് രണ്ടിടത്ത് സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ശാസ്താംകോട്ട, വടകര എന്നിവടങ്ങളിലാണ് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസിന് ഇനി മുതല്‍ തലശേരിയിലും നിര്‍ത്തും. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ജോര്‍ജ് കുര്യനെയാണ് ഇക്കാര്യം അറിയിച്ചത്.

വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍

കൊച്ചി: വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പൊന്നുരുന്നി സ്വദേശിയായ ഷാജിയെ കാക്കനാട് നിന്നാണ് പൊലീസ് പിടികൂടിയത്. ഇവര്‍ കൊല്ലപ്പെടുന്നതിനു മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മരിച്ച സ്ത്രീയെയും പ്രതിയേയും തിരിച്ചറിഞ്ഞത്. ഹൈക്കോടതിയിലെ മുന്‍ ജീവനക്കാരനാണ് പ്രതി. ഇരുവരും സുഹൃത്തുക്കളാണെന്നും പൊലീസ് പറയുന്നു

പ്രതിയും യുവതിയും കാറില്‍ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി 11.30ഓടെയാണ് വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം സുധ ബേബി ഷാജിക്കൊപ്പം കാറില്‍ വന്നിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. റെയില്‍വേ ട്രാക്കിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്്. തലയ്ക്കും മുഖത്തിനും പരുക്കുകളുണ്ടായിരുന്നു.

പ്രതിയെ പൊലീസ് മരട് സ്റ്റേഷനിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പിടികൂടാനും പൊലിസിന് കഴിഞ്ഞു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സുധയുടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബന്ധുക്കളെ വിവരം അറിയിച്ചതായും പൊലീസ് പറഞ്ഞു. പ്രതി തിരികെ കാറില്‍ കയറുന്ന ദൃശ്യങ്ങളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു.

രാവിലെ ഏഴുമണിയോട് കൂടി വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ട്രെയിന്‍ ഓടാത്ത ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്.

മെയ് ഡേ വിളിച്ച് പൈലറ്റ്, 150 യാത്രക്കാരുമായി ലേയിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനത്തിന് ഡൽഹിയിൽ എമര്‍ജന്‍സി ലാന്‍ഡിങ്

ന്യൂഡൽഹി: എൻജിൻ തകരാറിലായതായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്പൈസ് ജെറ്റ് ബോയിംഗ് 737 വിമാനം ലേയിലേക്ക് പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ ദില്ലിയിൽ തിരിച്ചിറക്കി. 150 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് 737 എസ്ജി 121 വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതിക തകരാർ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ പൈലറ്റ് മെയ്ഡേ കോൾ ആരംഭിച്ചു. വിമാനം രാവിലെ 6.08 ന് പറന്നുയർന്ന് 6.49 ന് തിരിച്ചെത്തി. പ്രോട്ടോക്കോൾ അനുസരിച്ച്, അടിയന്തര ലാൻഡിംഗിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ദില്ലി വിമാനത്താവളം അധികൃതർ ഒരുക്കി.

ഫെബ്രുവരി 24 ന് ദില്ലിയിൽ നിന്ന് ലേയിലേക്ക് സർവീസ് നടത്തിയിരുന്ന സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ദില്ലിയിലേക്ക് മടങ്ങി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരെയും സാധാരണഗതിയിൽ ഇറക്കിയെന്ന് വക്താവ് പറഞ്ഞു. കോക്ക്പിറ്റിൽ തീപിടുത്ത മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് സ്പൈസ്ജെറ്റ് വക്താവ് കൂട്ടിച്ചേർത്തു.

ശബരിമലയില്‍ ഇനി ബാക്കിയെന്തെങ്കിലും ഉണ്ടോ?…. സുപ്രീംകോടതി

ശബരിമലയില്‍ ഇനി ബാക്കിയെന്തെങ്കിലും ഉണ്ടോയെന്ന് സുപ്രീംകോടതി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഈ ചോദ്യം. കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്ന പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഹോളി അവധിക്ക് ശേഷം മാര്‍ച്ച് 9 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും, കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ത്തതാണെന്നുമാണ് ഹര്‍ജിയില്‍ പങ്കജ് ഭണ്ഡാരി ചൂണ്ടിക്കാട്ടുന്നത്. കേസ് പരിഗണിച്ചപ്പോള്‍, ശബരിമലയില്‍ എന്തെങ്കിലും സ്വര്‍ണം ബാക്കിയുണ്ടോയെന്ന് ജസ്റ്റിസ് സതീശ് ചന്ദ്ര ശര്‍മ്മ ചോദിച്ചു. കാര്യങ്ങളെല്ലാം കേള്‍ക്കുമ്പോള്‍ ഇതു ചോദിക്കാതിരിക്കാനാവില്ല. അവിടെ ബാക്കിയെന്തെങ്കിലും സ്വര്‍ണം അവശേഷിക്കുന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

സ്വര്‍ണം പൂശുക മാത്രമാണ് തന്റെ ജോലിയെന്നാണ് പങ്കജ് ഭണ്ഡാരി കോടതിയില്‍ വ്യക്തമാക്കിയത്. മംഗള്‍യാന്‍, ചന്ദ്രയാന്‍ അടക്കമുള്ള ഉപകരണങ്ങളില്‍ അടക്കം സ്വര്‍ണം പൂശി നല്‍കിയിട്ടുണ്ട്. നാനോ ടെക് ഗോൾഡൻ ഡെപോസിഷൻ (NTGD) വിദഗ്ദ്ധൻ ആണ് പങ്കജ് ഭണ്ഡാരി. സ്വര്‍ണം മോഷ്ടിച്ചുകൊണ്ടു പോകേണ്ട സാഹചര്യം ഇയാൾക്കില്ല. റപ്യൂട്ടഡ് ആയ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് പങ്കജ് ഭണ്ഡാരിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; സർക്കാരിന് തിരിച്ചടി, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻ കാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഗുരുതരമായ ആരോപണമാണെന്നും വീണ്ടും സന്ദേശങ്ങൾ അയയ്ക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു.

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുന്ന സ്ഥിതി ; ‘സതീശന് ആരും വോട്ട് നൽകില്ല : വെള്ളാപ്പള്ളി

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയത്തിലെ മാർക്കറ്റിംഗ് പ്രചരണത്തിൽ യുഡിഎഫ് മുന്നിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ വെള്ളാപ്പള്ളി പ്രശംസിച്ചു. കഴിവ് ഉള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജെന്നും എന്ത് തെറ്റ് ഉണ്ടായാലും അവരാണ് കുറ്റക്കാരി എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകാവുന്ന സ്ഥിതിയാണ് ഉള്ളത്. എഴുതി തള്ളാവുന്ന നിലയിൽ അല്ല സിപിഎം. വി ഡി സതീശന്‍റെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട. പിറകിൽ നിന്ന് നയിക്കുന്ന ശക്തിയാണ് യുഡിഎഫ് ജാഥയെ നയിക്കുന്നത്. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ് ആ ജാഥയെ പിന്നിൽ നിന്ന് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഇല്ലെന്നും വെള്ളപ്പള്ളി ആവർത്തിച്ചു. താൻ വീണ്ടും മത്സരിക്കും, വിജയിക്കുകയും ചെയ്യും. മത്സരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. ആരോപണം ഉന്നയിക്കാൻ എല്ലാവർക്കും കഴിയും, പക്ഷേ തെളിവ് എവിടെയെന്ന് കൂടി പറയണം. കല്ലുവെച്ച പച്ചക്കള്ളം പറയുന്നു. മൈക്രോ ഫിനാൻസ് കേസിൽ താൻ തെറ്റുകാരൻ അല്ലെന്ന് പൂർണ്ണ ആത്മവിശ്വാസം ഉണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വൈറ്റില റെയിൽവേ ട്രാക്കിന് സമീപംയുവതിയെ മരിച്ച നിലയിൽ കണ്ടെത്തി,കൊലപാതകം എന്ന സംശയം

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം 35 വയസ്സിനോട് അടുത്ത പ്രായം തോന്നിക്കുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ പാലത്തിന്റെ തൂണിനോട് ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്. ഇത് കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

യുവതിയുടെ മുഖത്ത് ഉൾപ്പെടെ പരിക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്ന് തള്ളിയതാകാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു മൊബൈൽ ഫോൺ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നു.

ഫൊറൻസിക് സംഘവും പോലീസും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. ഞായറാഴ്ച രാത്രിയിലാകാം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് പോലീസ് കരുതുന്നു. യുവതിയെ തിരിച്ചറിയുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങളും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.

വലിയങ്ങാടി കെട്ടിട അപകടത്തിൽ മരിച്ച മൂന്നുപേരുടെ സംസ്കാരം ഇന്ന്

കോഴിക്കോട്. വലിയങ്ങാടി കെട്ടിട അപകടത്തിൽ മരിച്ച മൂന്നുപേരുടെ സംസ്കാരം ഇന്ന്. കൊയിലാണ്ടി തിരുവങ്ങൂർ സ്വദേശി വിനോദ്, അത്തോളി സ്വദേശികളായ ബഷീർ, അഷറഫ് എന്നിവരുടെ സംസ്കാരമാണ് ഇന്ന് നടക്കുക. കിണാശ്ശേരി സ്വദേശി അബ്ദുൽ ജബ്ബാറിന്റെ സംസ്കാരം ഇന്നലെ രാത്രി നടന്നു.

മരിച്ചവർക്ക് ആദരസൂചകമായി വലിയങ്ങാടിയിലെ കടകൾ ഇന്ന് അടച്ചിടും. കോർപ്പറേഷൻ പൊളിക്കാൻ തീരുമാനിച്ചാൽ കെട്ടിടത്തിന്റെ സൺഷൈഡും കോൺക്രീറ്റുഭീമും തകർന്നു വീണാണ് അപകടം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ കണക്ക് മൂന്ന് ദിവസത്തിനുള്ളിൽ എടുക്കും. സ്വകാര്യ കെട്ടിടങ്ങളുടെ കണക്ക് 10 ദിവസത്തിനുള്ളിൽ ശേഖരിക്കുമെന്നും കോർപറേഷൻ സൂപ്രണ്ട് എൻജിനീയർ അറിയിച്ചു. അപകടത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധമാർച്ച് ഇന്ന് രാവിലെ കോർപറേഷനിലേക്ക്.

പ്രായപൂർത്തി ആവാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം

മലപ്പുറം.പ്രായപൂർത്തി ആവാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം.സംഭവം പരപ്പനങ്ങാടിയിൽ.മലപ്പുറം ഇരിമ്പിളിയം സ്വദേശി പങ്ങനങാട്ടിൽ ശൗകത്തലി (34)അറസ്റ്റിൽ.പരപ്പനങ്ങാടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

സഹായമഭ്യർഥിച്ചെത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.പ്രതിക്കെതിരെ സമാനമായ മൂന്നോളം കേസുകളുണ്ടെന്ന് പൊലീസ്

താൻ വീണ്ടും മത്സരിക്കും , വിജയിക്കുകയും ചെയ്യും,വെള്ളാപ്പള്ളി

ആലപ്പുഴ.താൻ വീണ്ടും മത്സരിക്കും , വിജയിക്കുകയും ചെയ്യുമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.യോഗം തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഇല്ല. താൻ വീണ്ടും മത്സരിക്കും , വിജയിക്കുകയും ചെയ്യും

മത്സരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്.ആരോപണം ഉന്നയിക്കാൻ എല്ലാവർക്കും കഴിയും തെളിവ് എവിടെ. കല്ലുവെച്ച പച്ചക്കള്ളം പറയുന്നു. മൈക്രോ ഫിനാൻസ് കേസിൽ താൻ തെറ്റുകാരൻ അല്ലെന്ന് പൂർണ്ണ ആത്മവിശ്വാസം ഉണ്ട്.സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുത്. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം

തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയം: മാർക്കറ്റിംഗ് പ്രചരണത്തിൽ യുഡി എഫ് മുന്നിൽ.ഹിന്ദുക്കളുടെ ആചാരങ്ങളിൽ മാത്രം ഇടപെടുന്നു

കഴിവ് ഉള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജ്.എന്ത് തെറ്റ് ഉണ്ടായാലും അവരെ കുറ്റക്കാരാക്കുന്നത് ശരിയല്ല. സാധ്യത കൂടുതൽ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകാവുന്ന സ്ഥിതി. എഴുതിതള്ളാവുന്ന നിലയിൽ അല്ല സി പി ഐ എം

വി ഡി സതീശൻ്റെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട. പിറകിൽ നിന്ന് നയിക്കുന്ന ശക്തിയാണ് യു ഡി എഫ് ജാഥയെ നയിക്കുന്നത് . കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയുമാണ് ആ ജാഥയെ പിന്നിൽ നിന്ന് നയിക്കുന്നത്