26.1 C
Kollam
Sunday 11th October, 2026 | 02:01:31 AM
Home News Kerala ശബരിമലയില്‍ ഇനി ബാക്കിയെന്തെങ്കിലും ഉണ്ടോ?…. സുപ്രീംകോടതി

ശബരിമലയില്‍ ഇനി ബാക്കിയെന്തെങ്കിലും ഉണ്ടോ?…. സുപ്രീംകോടതി

ശബരിമലയില്‍ ഇനി ബാക്കിയെന്തെങ്കിലും ഉണ്ടോയെന്ന് സുപ്രീംകോടതി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഈ ചോദ്യം. കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്ന പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി ഹോളി അവധിക്ക് ശേഷം മാര്‍ച്ച് 9 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും, കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ത്തതാണെന്നുമാണ് ഹര്‍ജിയില്‍ പങ്കജ് ഭണ്ഡാരി ചൂണ്ടിക്കാട്ടുന്നത്. കേസ് പരിഗണിച്ചപ്പോള്‍, ശബരിമലയില്‍ എന്തെങ്കിലും സ്വര്‍ണം ബാക്കിയുണ്ടോയെന്ന് ജസ്റ്റിസ് സതീശ് ചന്ദ്ര ശര്‍മ്മ ചോദിച്ചു. കാര്യങ്ങളെല്ലാം കേള്‍ക്കുമ്പോള്‍ ഇതു ചോദിക്കാതിരിക്കാനാവില്ല. അവിടെ ബാക്കിയെന്തെങ്കിലും സ്വര്‍ണം അവശേഷിക്കുന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

സ്വര്‍ണം പൂശുക മാത്രമാണ് തന്റെ ജോലിയെന്നാണ് പങ്കജ് ഭണ്ഡാരി കോടതിയില്‍ വ്യക്തമാക്കിയത്. മംഗള്‍യാന്‍, ചന്ദ്രയാന്‍ അടക്കമുള്ള ഉപകരണങ്ങളില്‍ അടക്കം സ്വര്‍ണം പൂശി നല്‍കിയിട്ടുണ്ട്. നാനോ ടെക് ഗോൾഡൻ ഡെപോസിഷൻ (NTGD) വിദഗ്ദ്ധൻ ആണ് പങ്കജ് ഭണ്ഡാരി. സ്വര്‍ണം മോഷ്ടിച്ചുകൊണ്ടു പോകേണ്ട സാഹചര്യം ഇയാൾക്കില്ല. റപ്യൂട്ടഡ് ആയ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് പങ്കജ് ഭണ്ഡാരിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.