Home Blog Page 343

മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ്

ശൂരനാട് വടക്ക്. ചേഞ്ചിറക്കുഴി മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് മണ്ണിൽ എഴുതിയ ധീരഗാഥ എന്ന പേരിൽ സംഘടിപ്പിച്ചു.

ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സഫ അഷ്റഫ് ഉദ്ഘാടനം ചെയ്തു. നാൽപ്പത് വർഷം സൈനിക സേവനം ചെയ്തു വിരമിച്ച ധീര സൈനികൻ രാജൻ ഡാനിയേലിനെ ആദരിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് നവാസ്. എസ്. ചേഞ്ചിറക്കുഴി അദ്ധ്യക്ഷത വഹിച്ചു. എം.സുധീർഖാൻ റാവുത്തർ, എം.അബ്ദുൽ സലീം, രാജൻ ഡാനിയേൽ, ആർ. മുംതാസ്, എന്നിവർ പ്രസംഗിച്ചു.

സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് അം​ഗം മരിച്ചു

കോഴിക്കോട്: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് അം​ഗം മരിച്ചു. കൊടിയത്തൂര്‍ ​ഗ്രാമപഞ്ചായത്ത് മെമ്പർ ആയിഷ ചേലപ്പുറമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. വനിതാ ലീ​ഗ് നേതാവാണ് ആയിഷാ ചേലപ്പുറം. കൊടിയത്തൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.

വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയില്‍ പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയില്‍ പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊന്നു. ചമ്പക്കട സ്വദേശി വിശാഖ് ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ പ്രദീപ് ആണ് ആക്രമണം നടത്തിയത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പ്രദീപിനെ ആക്രമിച്ച കേസില്‍ മുന്‍പ് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ഇതിനുശേഷവും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുന്‍പും ഇവര്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. പാല്‍ക്കുളങ്ങരയില്‍ വച്ചാണ് പ്രദീപ് വിശാഖിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിശാഖിനെ പിന്നീട് പൊലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട വിശാഖും ആക്രമണം നടത്തിയ പ്രദീപും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആക്രമണം നടത്തിയ പ്രദീപിന് ഒപ്പം മൂന്ന് പേര്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇവര്‍ ഒരു കാറിലാണ് സംഭവ സ്ഥലത്ത് എത്തിയത്. കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചന ഉള്ളതായും പൊലീസ് സംശയിക്കുന്നു.

കോവൂർ ദി കേരളാ ലൈബ്രറി പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കോവൂർ. ദി കേരളാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം
സംഘടിപ്പിച്ചു.
2025-26 വിദ്യാഭ്യാസ വര്‍ഷത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ കുട്ടികളെയും അതോടൊപ്പം കേരള യൂണിവേഴ്സിറ്റിയിൽ നിന്നും നിന്നും ഫിസിക്സിൽ പി എച്ച് ഡി നേടിയ ഡോക്ടർ ശില്പ ,മാസ് കമ്മ്യൂണിക്കേഷൻ മാസ്റ്റർ ഡിഗ്രിയിൽ ഒന്നാം റാങ്ക് നേടിയ നേഹ ജെ.എസ്, മലയാളം ,ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പതിനൊന്നാം റാങ്ക് നേടിയ അശ്വനി എ.ബി, പതിനഞ്ചാം റാങ്ക് നേടിയ അക്ഷര.എസ് എന്നിവരെയും ആദരിച്ചു

ഗ്രന്ഥശാല പ്രസിഡൻറ് എംകെ പ്രദീപ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ദീപചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സംഘം കുന്നത്തൂർ താലൂക്ക് സെക്രട്ടറി ശശികുമാർ എസ് മുഖ്യ പ്രഭാഷണം നടത്തി. മൈനാഗപള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ എബി പാപ്പച്ചൻ, ഗ്രന്ഥശാല സംഘം കൊല്ലം ജില്ല കൗൺസിൽ അംഗം കൊച്ചുവേലു മാസ്റ്റർ ഗ്രന്ഥശാല സംഘം താലൂക്ക് കൗൺസിൽ അംഗം സുഭാഷ് ബി ലൈബ്രറി വൈസ് പ്രസിഡൻറ് രാജു പി കോവൂർ എന്നിവർ എന്നിവർ ആശംസ പ്രസംഗം നടത്തി ഗ്രന്ഥശാല സെക്രട്ടറി അനിൽകുമാർ എസ് സ്വാഗതവും ഗിരിജ നന്ദിയും രേഖപ്പെടുത്തി

ജന്തർ മന്ദിർ സമരത്തിനു്ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ഐക്യദാർഢ്യം

ശാസ്താംകോട്ട :നിരവധി വിദ്യാർത്ഥികൾ ജീവനൊടുക്കുവാൻ ഇടയാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടു ജന്തർ മന്ദിറിൽ നടക്കുന്ന വിദ്യാർത്ഥി യുവജന സമരത്തിന് ഹൃദയാഭിവാദ്യം രേഖപ്പെടുത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികളും വനിതകളും അടക്കം പങ്കെടുത്ത റാലി വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ നിന്നും ആരംഭിച്ച് സോമ വിലാസം ജംഗഷനിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുസമ്മേളനം
പരിഷത്ത് ജില്ലാ പ്രസിഡൻ്റ് ഡോ: എസ് പത്മകുമാർ ഉദ്ഘാടനം ചെയ്തു
മേഖലാ സെക്രട്ടറി എ കെ ലളിതാംബിക , യൂണിറ്റ് സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞ് എന്നിവർ പ്രാസംഗിച്ചു
ജില്ലാ കമ്മിറ്റി അംഗം പി.എസ്. സാനു അദ്ധ്യക്ഷനായി. പരിഷദ് ഭാരവാഹികളായ ഡോ കെ.ജി അഭിലാഷ് കുമാർ, കടവി ക്കാട്ട് മോഹനൻ,ജോയി കോശിവൈദ്യൻ, ആർപി സുഷമ
അഡ്വ ഡി. സുധാകരൻ, എസ് ബഷീർ എം. നാസർ, ജെമധുസൂദനൻ പിള്ള, ഉണ്ണികൃഷ്ണൻ, എൻ ഷീബഎന്നിവർ നേതൃത്വം നൽകി .

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം,വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വീണ്ടും നിയമന വിവാദം

തിരുവനന്തപുരം.വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വീണ്ടും നിയമന വിവാദം. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്നാണ് ആരോപണം. VHSC ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ്‌ ഡയറക്ടർ തസ്‌തികകളിലെ നിയമനമാണ് വിവാദത്തിൽ. SSK ജില്ലാ പ്രോജക്ടർ കോർഡിനേറ്റർ നിയമനത്തിനെതിരെയും പ്രതിഷേധം ശക്തം.

വിവിധ മേഖലകളിലായി തൊഴിലധിഷ്‌ഠിത കോഴ്‌സുകളാണ്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പഠിപ്പിക്കുന്നത്‌. അതുകൊണ്ട് തന്നെ അഞ്ച്‌ വർഷം അസിസ്റ്റന്റ്‌ ഡയറക്ടർ തസ്‌തികയിൽ ഇരുന്നവരെയാണ്‌ ഡെപ്യൂട്ടി ഡയറക്‌ടർ ആയി നിയമിക്കുക. ടെക്‌നിക്കൽ ഓഫീസർ, റിസർച്ച്‌ അസിസ്റ്റന്റ്‌ തസ്‌തികയിൽ നിന്നാണ്‌ അസിസ്റ്റന്റ്‌ ഡയറക്‌ടർ നിയമനം നടത്തേണ്ടത്‌. എന്നാൽ മേഖലയുമായി ബന്ധമില്ലാത്ത ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്കാണ് ഡെപ്യൂട്ടേഷൻ വഴി സർക്കാർ നിയമനം നൽകിയിരിക്കുന്നത്. വിഎച്ച്‌എസ്‌ഇ ഡെപ്യൂട്ടി ഡയറക്‌ടർ തസ്‌തികയിൽ വയനാട്‌ വടുവാൻചാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ വി മനോജിനെയാണ്‌ നിയമിച്ചത്‌.

കൊല്ലം, കുറ്റിപ്പുറം, വടകര റീജിയണൽ ഓഫീസുകളിൽ അസിസ്റ്റന്റ്‌ ഡയറക്‌ടർ തസ്‌തികകളിൽ മലപ്പുറം, വയനാട്‌ ജില്ലകളിൽ നിന്നുള്ള ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെയും നിയമിച്ചു. ഇത് വിഎച്ച്എസ്ഇ അധ്യാപകരുടെ പ്രമോഷൻ അട്ടിമറിച്ചെന്നാണ് ആരോപണം. ഡയറക്ടർ നിയമനത്തിൽ വിവാദത്തിലായ സമഗ്ര ശിക്ഷ കേരളയിലും ചട്ടവിരുദ്ധ നിയമനമെന്ന ആരോപണവും ഉയരുകയാണ്.അപേക്ഷ കാലാവധി കഴിയും മുമ്പ് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ തസ്തികകളിൽ നിയമനം നടത്തിയെന്നാണ് ആരോപണം. കോഴിക്കോട് ജില്ലയിൽ ഡിസ്ട്രിക്ട് പ്രോഗ്രാം കോഡിനേറ്ററെ നിയമിച്ചത് അപേക്ഷ തീയതി അവസാനിക്കാൻ 8 ദിവസം ബാക്കി നിൽക്കെയാണ്. പാലക്കാട് പട്ടാമ്പിയിലും സമാനമായ നിയമനമാണ് നടന്നത്. രണ്ടു നിയമനങ്ങളിലും വലിയ അതൃപ്തിയിലാണ് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾ.

പ്രിയദർശിനി യാത്ര പദ്ധതി ‘ചലോ കാർഡ്’ മാതൃകയിൽ പരിഷ്കരിച്ചേക്കും

തിരുവനന്തപുരം.പ്രിയദർശിനി ടിക്കറ്റ് തട്ടിപ്പ്.അനാവശ്യ യാത്രയും തട്ടിപ്പും തടയിടാൻ KSRTC

പ്രിയദർശിനി യാത്ര പദ്ധതി പരിഷ്കരിച്ചേക്കും.’ചലോ കാർഡ്’ മാതൃകയിൽ സ്ത്രീകൾക്കായി ‘പ്രിയദർശിനി കാർഡ്’.ആധാർ പരിശോധിച്ച് ഡിപ്പോകൾ വഴി കാർഡ്.കാർഡിൽ ഒരു നിശ്ചിത തുക സൗജന്യ റീചാർജ്. റീചാർജ് തുക സർക്കാർ KSRTC ക്ക് നൽകിയാൽ മതി. ടിക്കറ്റ് ക്രമക്കേടുകളും ജീവനക്കാരുടെ തട്ടിപ്പും ഒഴിവാക്കാം. സർക്കാരിന്റെ സാമ്പത്തിക ഭാരം കുറയും

സ്വകാര്യ ബസ് മേഖലയിലും പരീക്ഷിക്കാൻ സാധ്യത

മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങി മരണം

കോട്ടയം. പാലാ മൂന്നിലവിൽ വീണ്ടും മുങ്ങി മരണം.മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി സിജോ മുങ്ങി മരിച്ചു.ചങ്ങനാശ്ശേരി സ്വദേശികളായ അഞ്ചംഗ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്.

മൂന്നിലവിൽ കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം സ്വദേശിയും മുങ്ങിമരിച്ചിരുന്നു

സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളി സംഗമവും പരിശീലനവും നടത്തി

കൊട്ടാരക്കര :കുളക്കട ഉപജില്ലാതല സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളി സംഗമവും പരിശീലനവും നടത്തി.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഉച്ചഭക്ഷണം രുചികരമായും,വൃത്തിയോടെയും കുട്ടികൾക്ക് നൽകുന്നതിനായിട്ടാണ് ഏകദിന പരിശീലനം സംഘടിപ്പിച്ചത്.കുളക്കട ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഭക്ഷ്യകമ്മീഷൻ അംഗം അഡ്വ സബിദാ ബീഗം ഉദ്ഘാടനം ചെയ്തു.പാചക തൊഴിലാളികൾക്കുള്ള ഏപ്രൺ വിതരണം
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോബിൻ ജേക്കബ് നിർവഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുമ എസ് അധ്യക്ഷത വഹിച്ചു.നൂണ്‍ മീൽ ഓഫീസർ
മനു വി കുറുപ്പ് സ്വാഗതം ആശംസിച്ചു.സീനിയർ സൂപ്രണ്ട് വിജയലക്ഷ്മി തങ്കച്ചി,എച്ച് എം ഫോറം കൺവീനർ രഞ്ജിത് കുമാർ,സ്റ്റാഫ് സെക്രട്ടറി രമേശ് ടി ആർ, ബീന തോമസ് എന്നിവർ സംസാരിച്ചു.ഭക്ഷ്യസുരക്ഷ എന്ന വിഷയത്തിൽ ഭക്ഷ്യസുരക്ഷാ ഓഫീസർ നിഷാറാണിയും ,ഉച്ചഭക്ഷണ പരിപാടിയിലെ കാര്യക്ഷമത എന്ന വിഷയത്തിൽ നൂൺ മീൽ ഓഫീസർ മനു വി കുറുപ്പും,ഫയർ ആൻഡ് കിച്ചൻ സേഫ്റ്റി എന്ന വിഷയത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ പ്രസാദ് ജോയൽ അലക്‌സ് എന്നിവരും ക്ലാസുകൾ നയിച്ചു.സുമാ കുമാരി നന്ദി രേഖപ്പെടുത്തി

ലൈസൻസ് ടെസ്റ്റിന് ഇനി വേഗം; പ്രത്യേക ക്രമീകരണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിലെ കാലതാമസം കുറയ്ക്കാൻ അടുത്ത മൂന്ന് മാസത്തേക്ക് പ്രത്യേക ക്രമീകരണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താനും പ്രതിദിന ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം 50 ആയി ഉയർത്താനും തീരുമാനിച്ചു.

ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകളും മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് ദിവസങ്ങളിൽ നടത്തും. പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ ഫേഷ്യൽ റെക്കഗ്നിഷൻ അധിഷ്ഠിത ഓതന്റിക്കേഷൻ സംവിധാനവും നടപ്പാക്കും.

പുതിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ ബുക്കിംഗ് തീയതി മുതൽ 30 ദിവസത്തിനുള്ളിലും, റീ-ടെസ്റ്റ് സ്ലോട്ടുകൾ എട്ടാം ദിവസത്തിനുള്ളിലും, ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ മൂന്ന് ദിവസത്തിനുള്ളിലും ലഭ്യമാക്കാനാണ് തീരുമാനം. നിലവിലെ അപേക്ഷാ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനായുള്ള താൽക്കാലിക നടപടികളാണിവയെന്നും ക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്കാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.