കൊച്ചി: നെടുമ്പാശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി അപകടത്തിൽ മരിച്ച ഗോപികയുടെ അച്ഛൻ പ്രതീപ് കുമാറിന്റെ ആരോപണം. പ്രതി സുഹൈൽ സജീവിനെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നതായും മകളുടെ മരണത്തിന് നീതി ലഭിക്കുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും പ്രതീപ് കുമാർ ആരോപിച്ചു. അപകടസമയത്ത് സുഹൈൽ മദ്യപിച്ചിരുന്നില്ലെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയതായാണ് വിവരം. എന്നാൽ, അപകടമറിഞ്ഞ് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ സുഹൈൽ മദ്യപിച്ച നിലയിലായിരുന്നുവെന്നും ഇക്കാര്യം എസ്ഐ തന്നെ തങ്ങളോട് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ ഭാഗത്തുനിന്ന് പലതരത്തിലുള്ള വീഴ്ചകളുണ്ടായെന്നും മേലധികാരികളിൽനിന്ന് സമ്മർദമുണ്ടാകുന്നതായി പൊലീസ് പറയുന്നുണ്ടെന്നും പ്രതീപ് കുമാർ ആരോപിച്ചു. എന്തു സംഭവിച്ചാലും അച്ഛൻ നോക്കിക്കൊള്ളുമെന്ന തരത്തിൽ സുഹൈൽ പറയുന്നതും സ്വാധീനത്തിന്റെ തെളിവാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗോപികയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും പ്രതീപ് കുമാർ ആരോപിച്ചു. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൃത്യമായി ഇടപെടണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Home News Breaking News നെടുമ്പാശേരി അപകടം: കേസ് അട്ടിമറിക്കാൻ ശ്രമം, പ്രതി മദ്യപിച്ചെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല… ആരോപണവുമായി മരിച്ച ഗോപികയുടെ...



























