Home Blog Page 329

പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം ഖജനാവിന് കോടികള്‍ നഷ്ടമാകുന്നതു തടയാന്‍ പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം. പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം ഖജനാവിന് കോടികള്‍ നഷ്ടമാകുന്നതു തടയാന്‍ പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തി സ്‌പെഷല്‍ അസറ്റ് മാനേജ്‌മെന്റ് പോര്‍ട്ടല്‍ രൂപീകരിക്കും. പ്ലാന്‍ സ്‌പെയ്‌സ് 2.0 എന്ന പ്രോജക്ട് റജിസ്റ്റര്‍ രൂപീകരിക്കും. വകുപ്പുകള്‍ അനുമതി നല്‍കുന്ന എല്ലാ മൂലധനപദ്ധതികളും ജിയോ ടാഗ് ചെയ്യും. ജിഐഎസ് അധിഷ്ഠിത പ്രോജക്ട് റജിസ്റ്റര്‍ ഉണ്ടാകും. നിലവില്‍ രണ്ടായിരത്തോളം പദ്ധതികളുടെ ജിയോ മാപ്പിങ്ങിലൂടെയുള്ള ട്രാക്കിങ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമഗ്രമായ അസറ്റ് റജിസ്റ്റര്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകെയുള്ള 591 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശമ്പളമായി 19000 കോടിയോളം രൂപയാണ് നല്‍കുന്നത്. പല കാലത്തായി രൂപീകരിച്ച സ്ഥാപനങ്ങള്‍ ഉദ്ദേശലക്ഷ്യങ്ങള്‍ കഴിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ ഏകോപിപ്പിക്കും.

കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധമായ നിയമങ്ങളുടെ അവലോകനവും ഭേദഗതിയും നടപ്പാക്കും. ഇതുമൂലം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനു തടസമാകുന്നു. ഇതൊഴിവാക്കാനുള്ള സമഗ്രമായ പരിപാടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിനായി സെക്രട്ടറിമാരുടെ എംപവേഡ് കമ്മിറ്റി രൂപീകരിക്കും. മികച്ച ജീവിതസൗകര്യത്തിനും ബിസിനസ് സുഗമമാക്കുന്നതിനുമുള്ള പരിഷ്‌കരണം നടപ്പാക്കും. ബിസിനസ് നടത്താന്‍ കേരള സര്‍ക്കാരുമായി നടത്തുന്ന ഇടപെടലുകള്‍ ലളിതമാക്കാന്‍ നിയമങ്ങളും ചട്ടങ്ങളും ആധുനികവല്‍ക്കരിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശാസ്താംകോട്ട പഞ്ചായത്തില്‍ വെട്ടിച്ചപണം ആരുടെയൊക്കെ കയ്യില്‍പോയെന്ന് വ്യക്തമാക്കണം,കെ പി ശ്രീകുമാര്‍

ശാസ്താംകോട്ട. പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് അമ്മയുടെ അക്കൗണ്ട് വഴി മാറിയെടുത്ത 23 ലക്ഷം രൂപയോളംരൂപആരൊക്കെ കൈപ്പറ്റിയുണ്ടെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ആവശ്യപ്പെട്ടു. ഒരുതാൽക്കാലിക ജീവനക്കാരൻ മാത്രം വിചാരിച്ചാൽ ഇത്രയും രൂപ തട്ടിയെടുക്കാൻ കഴിയില്ല.ഏഴര വർഷക്കാലംതാൽക്കാലികജീവനക്കാരനായി ജോലിചെയ്ത സമയങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റ് മാരും ഉത്തരവാദിത്വപെട്ട ഉദ്യോഗസ്ഥരും ഇതിൽ കക്ഷികളാണന്നും അവരെ കൂടി അന്വേഷണപരിധിയിൽ കൊണ്ട് വരണമെന്നും അദ്ദേഹംഅറിയിച്ചു.

ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ നിന്ന്പണാപഹരണം നടത്തി സി.പി.എം, ഡി. വൈ.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിലും പഞ്ചായത്ത് അധികാരികളുടെ നിലപാടിലും പ്രതിഷേധിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി പഞ്ചായത്താഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി.ശ്രീകുമാർ . ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻഅദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ തുണ്ടിൽ
നൗഷാദ് , പി. നൂർദീൻ കുട്ടി, പി.കെ.രവി , ദിനേശ് ബാബു, രവി മൈനാഗപ്പള്ളി, ജയശ്രീ രമണൻ , ആർ. അരവിന്ദാക്ഷൻ പിള്ള , റിയാസ് പറമ്പിൽ, പി.എം. സെയ്ദ് , എം.വൈ. നിസാർ , ഗോപൻ പെരുവേലിക്കര, ആർ.കൃഷ്ണകുമാർ , വിനോദ് വില്ല്യത്ത് , ശ്രീജിത്ത് കല്ലട, ചക്കുവള്ളി നസീർ , ആർ.ഡി.പ്രകാശ്, നളിനാക്ഷൻ,ശ്രീജിത്ത് കല്ലട, എൽ. സരസ്വതിയമ്മതുടങ്ങിയവർ പ്രസംഗിച്ചു

പൊലീസ് സേനയെ പൂര്‍ണ്ണമായി ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധം, പിണറായി വിജയന്‍

തിരുവനന്തപുരം:കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂര്‍ണ്ണമായി ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുത്താനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പൊലീസ് ഉദ്യോഗസ്ഥരുടെ ജനാധിപത്യപരമായ സംഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 1979 മുതല്‍ സംസ്ഥാനത്ത് സുതാര്യമായി പ്രവര്‍ത്തിച്ചുവരുന്ന സംവിധാനമാണ് പൊലീസ് സംഘടനകള്‍. ആ സംഘടനാ ചട്ടക്കൂടിനെ ബന്ധപ്പെട്ട പ്രതിനിധികളുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയ്യാറാകാതെ ഏകാധിപത്യപരമായാണ് ഈ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നത്.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്മിറ്റികള്‍ നിലനില്‍ക്കെ തന്നെ, അവയെ പൂര്‍ണ്ണമായി നോക്കുകുത്തിയാക്കി അഡ്‌ഹോക്ക് കമ്മിറ്റികളെ കുടിയിരുത്തിയത് സംഘടനാ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു. ഇത്തരമൊരു നിലപാട് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഗ്രേഡ് പ്രമോഷന്‍ ലഭിച്ച ഉദ്യോഗസ്ഥരെ ഡീഗ്രേഡ് ചെയ്യുക, ഒരേ പദവിയിലുള്ളവരെ വ്യത്യസ്ത സംഘടനകളിലേക്ക് വെട്ടിമുറിക്കുക തുടങ്ങിയ അത്യന്തം അപകടകരമായ നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇത് പൊലീസ് സേനയുടെ ഐക്യത്തെയും ഉദ്യോഗസ്ഥരുടെ ആത്മവീര്യത്തെയും സാരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിനെ കേവലം രാഷ്ട്രീയവല്‍ക്കരിക്കാനും സര്‍ക്കാരിന്റെ ഇംഗിതങ്ങള്‍ക്ക് മാത്രം വഴങ്ങുന്ന ഒരു സേനയാക്കി മാറ്റാനുമുള്ള ഗൂഢലക്ഷ്യമാണ് ഈ അനാവശ്യ ഇടപെടലിന് പിന്നിലെന്ന് പകല്‍ പോലെ വ്യക്തമാണ്. പൊലീസുകാരുടെ സംഘടനാ സ്വാതന്ത്ര്യത്തില്‍ കടന്നുകയറുന്ന നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ്, ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടിയാലോചനകള്‍ നടത്തിയ ശേഷം മാത്രമേ ഇത്തരം തീരുമാനങ്ങളില്‍ അന്തിമ നിലപാട് സ്വീകരിക്കാവൂ എന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഭാര്യയുടെ സ്ഥാപനത്തിന് വഴിവിട്ട സഹായം,മുൻ മന്ത്രി ഗണേഷ് കുമാറിന് എതിരായ അഴിമതി ആരോപണത്തില്‍ എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാൻ വിജിലൻസിന് നിർദേശം

മൂവാറ്റുപുഴ . മുൻ മന്ത്രി ഗണേഷ് കുമാറിന് എതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പരാതിയിൽ എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാൻ വിജിലൻസിന് നിർദേശം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് നിർദേശം നൽകിയത്. മിൽമ കേരഫെഡ് എന്നിവയുടെ വിപണന കരാർ നടപടിക്രമങ്ങൾ പാലിക്കാതെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ലഭ്യമാക്കി എന്താണ് പരാതി.

ഗണേഷ് മന്ത്രിയായിരിക്കെ, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് വഴിവിട്ട് സഹായം നൽകിയെന്നായിരുന്നു പരാതി. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളായ കേരഫെഡ് വിപണനം ചെയ്യുന്ന വെളിച്ചെണ്ണ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നതിനും മിൽമ ഉത്പന്നങ്ങൾ ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും വിപണനം ചെയ്യുന്നതിനുമുള്ള കരാർ, സ്വകാര്യ സ്ഥാപനമായ മിഡ്‌നൈറ്റ് സൺ ഗ്ലോബലിന് നൽകിയതുമായി ബന്ധപ്പെട്ടാണ് പരാതി. മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് നടപടിക്രമങ്ങൾ പാലിക്കാതെയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തും കരാറുകൾ നൽകിയെന്നാണ് ആരോപണം.

അടുത്ത മാസം 20നകം കേസില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ആണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. കോടതിയെ സമീപിച്ച ചെഷയർ ടാർസൻ വിജിലൻസ് ഡയറക്ടർക്ക് 2026 മാർച്ച് 13-ന് നൽകിയ പരാതിയിൽ എന്തെല്ലാം നടപടി സ്വീകരിച്ചു എന്നത് സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാനാണ് വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 20-ന് മുൻപ് വിശദമായ റിപ്പോർട്ട് നൽകണം.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ പൊലീസിനോട് ഹൈക്കോടതി മറുപടി തേടി

കൊച്ചി.എക്സാലോജിക് ഇടപാടിൽ പിണറായി വിജയൻറെ വീട്ടിൽ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയില്‍ പൊലീസിനോട് മറുപടി തേടി ഹൈക്കോടതി.

ജാമ്യാപേക്ഷയില്‍ മ്യൂസിയം പൊലീസ് നാളെ മറുപടി നല്‍കണം. അറസ്റ്റ് നടപടിക്രമം പാലിച്ചില്ലെന്നും അറസ്റ്റിനുള്ള കാരണം പൊലീസ് അറിയിച്ചില്ലെന്നുമാണ് സിപിഎം പ്രവര്‍ത്തകരുടെ വാദം. പ്രതികളുടെ തിരിച്ചറിയലിനും നടപടിക്രമങ്ങള്‍ പാലിച്ചില്ല. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമക്കുറ്റം നിലനില്‍ക്കുന്നതല്ല. ബിഎന്‍എസ് 109 വകുപ്പ് അനാവശ്യമായി ചുമത്തി. 56 ദിവസമായി പൊലീസ് കസ്റ്റഡിയിലാണ്.

അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ എല്ലാം പൂര്‍ത്തിയായി. അന്വേഷണത്തിന് പ്രതികളുടെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നുമാണ് പ്രതികളുടെ വാദം. നേരത്തെ ചുമത്തിയ കുറ്റങ്ങള്‍ രാഷ്ട്രീയ സമരങ്ങളുടെ പേരിലെന്നും പ്രതികള്‍ ഹൈക്കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷകളില്‍ പരാതിക്കാരനായ ഇഡി അസിസ്റ്റന്റ് ഡയറക്ടറും എതിര്‍കക്ഷിയാണ്.

സെന്‍സസ്,ഹൗസ് ലിസ്റ്റിംഗ് ആദ്യം പൂര്‍ത്തിയാക്കി കുന്നത്തൂര്‍

ശാസ്താംകോട്ട.സെൻസസ് 2027 ന്റെ ഭാഗമായി നടന്ന ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻസ് ജില്ലയിൽ ആദ്യമായി പൂർത്തിയാക്കുന്ന താലൂക്കായി കുന്നത്തൂർ. താലൂക്കിൽ 7 വില്ലേജുകളിലായി 355 HLB ഉണ്ടായിരുന്നു.54 സൂപ്പർവൈസർമാരും 330 എന്യു മറേറ്റർസും കൂടി സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കി

. ഏതെങ്കിലും വീടുകൾ ഉൾപ്പെട്ടിട്ടില്ലയെങ്കിൽ വിവരം 30/07/26 ന് ഉച്ചക്ക് 1 മണിക്ക് മുൻപായി താലൂക്ക് ഓഫീസിൽ അറിയിക്കണമെന്ന് ചാർജ് സെൻസസ് ഓഫീസർ ആയ തഹസിൽദാർ ജോൺ പ്രിൻസ് കെ ആര്‍ അറിയിച്ചു

കുണ്ടറ കസ്റ്റഡി മർദ്ദനക്കേസിൽ പോലീസ് വ്യാജ മൊഴി ചമച്ചെന്ന ഗുരുതര ആരോപണവുമായി സിയാദിൻ്റെ പിതാവിൻ്റെ സഹോദരൻ

കൊല്ലം.കുണ്ടറ കസ്റ്റഡി മർദ്ദനക്കേസിൽ പോലീസ് വ്യാജ മൊഴി ചമച്ചെന്ന ഗുരുതര ആരോപണവുമായി സിയാദിൻ്റെ പിതാവിൻ്റെ സഹോദരൻ.താൻ നൽകാത്ത മൊഴി പോലീസ് എഴുതി ചേർത്തുവെന്ന് സിയാദിൻ്റെ പിതാവിൻ്റെ സഹോദരൻ ബഷീർ മാധ്യമങ്ങളോട് പറഞ്ഞു.സിയാദിനെ സുഹൃത്തായി രഞ്ജിത്ത് മർദ്ദിച്ചുവെന്ന് തന്നോട് മറ്റൊരാൾ പറഞ്ഞുവെന്ന് ബഷീർ പറഞ്ഞുവെന്നായിരുന്നു പോലീസ് മൊഴിയായി രേഖപ്പെടുത്തിയത്
എന്നാൽ താൻ അങ്ങനെ ഒരു മൊഴി നൽകിയിട്ടില്ലെന്ന് ബഷീർ പറഞ്ഞു.എന്നാൽ മൊഴിയിൽ കൃത്രിമം കിട്ടിയിട്ടില്ലെന്നാണ് കുണ്ടറ പോലീസിൻറെ മറുപടി. അതേസമയം സിയാദിൻ്റെ മരണം . ഹെപ്പറ്റൈറ്റിസ് സിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുവെന്ന് മുഖ്യമന്ത്രി

കൊല്ലം കുണ്ടറയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ പോലീസിന് എതിരെ ഗുരുതര ആരോപണവുമായി വീണ്ടും സിയാദിൻ്റെ പിതാവിൻ്റെ സഹോദരൻ രംഗത്ത് വന്നു. പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചശേഷം.
സിയാദിനെ രഞ്ജിത്ത് മർദ്ദിച്ചുവെന്ന് തൻ്റെ സഹോദരൻ പറഞ്ഞുവെന്നായിരുന്നു ബഷീറിൻ്റെ മൊഴിയായി പോലീസ് രേഖപ്പെടുതിയിരുന്നത് . സിയാദിനെ മർദ്ദിച്ചത് പോലീസ് തന്നെയെന്ന് ബഷീർ പറഞ്ഞു.

കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നുo, നിയമപോരാട്ടം തുടരുമെന്നു ബഷീർ പറഞ്ഞു.

അതേസമയം സിയാദിന്റെ മരണം ഹെപ്പറ്റൈറ്റിസ് സിയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെന്ന് വ്യക്തമാകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.സംഭവത്തിൽ ഡിജിപിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

സംഭവത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സിയാദിനെ ചികിത്സിച്ച ഡോക്ടർന്മാരുടെ അടക്കം മൊഴി രേഖപെടുത്തി.

വീണയുടെ പുതിയ കമ്പനി ലേക്കര്‍ ഇന്ത്യയെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

കൊച്ചി. സിഎംആര്‍എല്‍ എക്‌സാലോജിക് കള്ളപ്പണമിടപാട് കേസില്‍ വീണയുടെ പുതിയ കമ്പനി ലേക്കര്‍ ഇന്ത്യയെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം. ലേക്കര്‍ ഇന്ത്യയിലെ വീണ നിക്ഷേപം നടത്തിയത് സിഎംആര്‍എലില്‍ നിന്ന് ലഭിച്ച പണമുപയോഗിച്ചെന്ന നിഗമനം. കോഴിക്കോട് ആസ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ മേല്‍വിലാസത്തിലും ദുരൂഹത. മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ രേഖകളിലെ മേല്‍വിലാസത്തില്‍ ഓഫീസ് കണ്ടെത്താനായില്ല. ലേക്കര്‍ കമ്പനി കടലാസ് കമ്പനിയെന്ന സംശയവും ബലപ്പെടുന്നു.


മെയ് 27ന് തിരുവനന്തപുരത്തെ വീണയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇഡിക്ക് ലേക്കര്‍ ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കമ്പനിയുടെ പേരില്‍ എച്ച്ഡിഎഫ്‌സി ബാങ്കിലുണ്ടായിരുന്ന പതിനഞ്ച് ലക്ഷത്തിലേറെ രൂപ ഇഡി മരവിപ്പിച്ചു. സിഎംആര്‍എലില്‍ നിന്ന് വീണയ്ക്ക് നല്‍കിയ പണം ഉപയോഗിച്ചാണ് പുതിയ കമ്പനി വീണ തുടങ്ങിയതെന്നാണ് ഇഡിയുടെ നിഗമനം. രേഖകള്‍ പ്രകാരം 2023ലാണ് കമ്പനി ആരംഭിച്ചത്.ട്രേഡ്മാര്‍ക് രജിസ്‌ട്രേഷന് പുറമെ ജിഎസ്ടി രജിസ്‌ട്രേഷനും കമ്പനിക്കുണ്ട്. കോഴിക്കോട് കൊടലിലെ മേല്‍വിലാസമാണ് ക്മ്പനി നല്‍കിയതെങ്കിലും അന്വേഷണത്തില്‍ കമ്പനി കണ്ടെത്താനായില്ല.
ഹോള്‍ഡ് ഡെഫ് സാനിയോ രേഖകള്‍ പ്രകാരം വീണ ടിയ്ക്ക് പുറമെ ഡോ. അനീസ് കൊടമ്പിയാത്ത് അറയ്ക്കലും കമ്പനിയിലെ ഓഹരി പങ്കാളിയാണ്.

രേഖകള്‍ പ്രകാരം മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പനയും വിതരണവും നടത്തുന്ന കമ്പനിയാണ് ലേക്കര്‍ ഇന്ത്യ. 2023ല്‍ മുതല്‍ ജിഎസ്ടി ഫയലിങും നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ വീണയുടെ ഭര്‍ത്താവ് പി.എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ സത്യവാങ്മൂലത്തിലും ലേക്കര്‍ ഇന്ത്യയെ പരാമര്‍ശിക്കുന്നുണ്ട്. ജീവിത പങ്കാളിയുടെ പേരിലുള്ള സ്വത്തുക്കളുടെ വിവരത്തിലാണ് ലേക്കര്‍ ഇന്ത്യ കമ്പനിയില്‍ വീണയ്ക്ക് പതിനൊന്ന് ലക്ഷത്തിലധികം രൂപയുടെ നിക്ഷേപമുണ്ടെന്ന് റിയാസ് വ്യക്തമാക്കിയത്. ലേക്കര്‍ ഇന്ത്യയുടെ പേരില്‍ നടന്ന സാമ്പത്തികയിടപാടുകളില്‍ ഇഡിയുടെ സമഗ്രപരിശോധന തുടരുകയാണ്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.

ഏഴരക്കോടിയുടെ കഞ്ചാവും മയക്കുമരുന്നും കൂട്ടിയിട്ട് കത്തിച്ചു

കൊച്ചി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടിയ 587 കിലോ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് പോലീസ്. കൊച്ചി സിറ്റി പോലീസ് പിടികൂടിയ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുമാണ് കോർപ്പറേഷന്റെ അനുമതിയോടെ ബ്രഹ്മപുരം പ്ലാന്റിൽ വെച്ച് കത്തിച്ചത്.

ഹൈബ്രിഡ് ഉൾപ്പടെ 587 കിലോ കഞ്ചാവ്, രണ്ടര കിലോ MDMA, ഒരു കിലോ ഹാഷിഷ് ഓയിൽ. ആകെ കത്തിയമർന്നത് ഏഴര കോടിയോളം വിലമതിക്കുന്ന ലഹരി വസ്തുക്കൾ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് ബ്രഹ്മപുരം പ്ലാന്റിൽ കത്തിച്ചത്. ഒരു വർഷത്തിനിടെ പിടികൂടിയ ലഹരി വസ്തുക്കളാണ് കത്തിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

വലിയ അളവിൽ ലഹരി വസ്തുക്കൾ ഉള്ളതിനാൽ തുറന്ന സ്ഥലത്ത് നശിപ്പിക്കൽ പ്രായോഗികമല്ലാത്തതിനാലാണ് കോർപ്പറേഷന്റെ അനുമതിയോടെ ബ്രഹ്മപുരം പ്ലാന്റിൽ കത്തിച്ചത്

മലിനീകരണ പ്രശ്നങ്ങളോ ശുചീകരണ തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാത്ത നിലയിൽ ഇൻസിനിറേറ്റർ വഴിയാണ് ലഹരിവസ്തുക്കൾ കത്തിച്ച് നശിപ്പിച്ചത്.