26.5 C
Kollam
Friday 9th October, 2026 | 08:25:43 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ഒക്ടോബര്‍ 9, വെള്ളി | 1202 കന്നി 23 |...

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 ഒക്ടോബര്‍ 9, വെള്ളി | 1202 കന്നി 23 | ഉത്രം

രാജ്ഘട്ടിൽ ഇന്ത്യ സഖ്യം എംപിമാരുടെ പ്രതിഷേധം; പോലീസ് പ്രവേശനം അനുവദിച്ചു

സമരത്തീയിൽ വെന്ത് ഡൽഹി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം എംപിമാർ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി. നേതാക്കൾ എത്തിയ ബസുകൾ പോലീസ് തടഞ്ഞെങ്കിലും വൈകുന്നേരം അഞ്ചരയോടെ പ്രവേശനം അനുവദിച്ചു. ഗാന്ധി സമാധിയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. സന്ദർശന സമയം അവസാനിക്കുന്ന ആറു മണിയോടെ എല്ലാവരും പുറത്തിറങ്ങിയത് പോലീസിന് ആശ്വാസമായി. എംപിമാർ നയിച്ച സമരത്തിന് പിന്തുണയുമായി ആയിരക്കണക്കിന് പ്രവർത്തകരാണ് രാജ്ഘട്ടിലെത്തിയത്.

ജിഎസ്ടി കൗൺസിൽ യോഗം: പ്രോസിക്യൂഷൻ പരിധി ഉയർത്തി, പിഴ തുക കുറച്ചു

അറസ്റ്റ് ചെയ്യാനുള്ള അധികാരവും നിയമത്തിലെ കുറഞ്ഞ ശിക്ഷയും ഒഴിവാക്കി ജിഎസ്ടി കൗൺസിൽ യോഗം. പ്രോസിക്യൂഷൻ പരിധി ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തി. ഇതോടൊപ്പം പിഴയും, തടവു ശിക്ഷയും രണ്ടും അനുഭവിക്കേണ്ട കേസുകൾ കോടതി വിവേചനാധികാരത്തിന് വിട്ടു. പൊതുപിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറച്ചു. ജിഎസ്ടി വൈകി ഫയൽ ചെയ്യുക, തെറ്റുകൾ വരുത്തുക, പണമടക്കാൻ വൈകുക എന്നിവയ്ക്ക് ഇനി പലിശയും ആനുപാതിക പിഴയും മാത്രം മതി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനടക്കം സംസ്ഥാന ധനമന്ത്രിമാർ പങ്കെടുത്തു.

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയുക. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സർക്കാരും സ്വീകരിച്ചിരുന്നു. പൊതുപ്രവർത്തകനായ കെ എം ഷാജഹാനാണ് ഹർജി നൽകിയത്.

കാൻസർ മരുന്നുകൾക്ക് വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

കാൻസറിനുള്ള മരുന്നുകൾക്ക് വില കുറയ്ക്കുന്നു. നാഷണൽ എസൻഷ്യൽ മെഡിസിൻ ലിസ്റ്റിൽ പെടാത്ത എല്ലാ കാൻസർ മരുന്നുകളുടെയും ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിർമ്മാതാക്കൾ വിതരണക്കാർക്കും റീട്ടെയിലർമാർക്കും നൽകുന്ന വിലയും മരുന്നുകൾ ഉപഭോക്താക്കൾക്ക് വിൽക്കുന്ന പരമാവധി വിലയും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാനാണ് ഈ നടപടി.

വിമാനയാത്രാ നിരക്ക് വർധിപ്പിച്ചു; ഇന്ധന സർചാർജ് കൂട്ടി

വിമാനയാത്രാ നിരക്ക് വർധിപ്പിച്ചു. ഇൻഡിഗോയ്ക്ക് പുറകേ പ്രമുഖ വിമാനക്കമ്പനികളെല്ലാം ഇന്ധന സർചാർജ് വർദ്ധിപ്പിച്ചു. വിമാന ഇന്ധന നിരക്കിൽ വർദ്ധന ഉണ്ടായതാണ് കാരണമെന്ന് കമ്പനി അറിയിച്ചു. നിരക്ക് വർദ്ധന ഇന്ന് പ്രാബല്യത്തിലാകും.

റിയാദിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ കമ്പനികൾ താൽക്കാലികമായി റദ്ദാക്കി

റിയാദിലേക്കുള്ള സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ താൽക്കാലികമായി റദ്ദാക്കി. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തുടർന്നാണ് റദ്ദാക്കൽ. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികളാണ് നാളെ വരെയുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത്.

സഹകരണ ബാങ്കുകളിലെ ഇഡി പരിശോധന: 550 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി

സഹകരണ സംഘങ്ങളിലും ബാങ്കുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തിയ പരിശോധനയിൽ 550 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി. 17 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 27 കേസുകളിലാണ് അന്വേഷണം. എറണാകുളം അങ്കമാലി അർബൻ സഹകരണ സംഘത്തിലെ 1.82 കോടി രൂപയുടെ രണ്ട് സ്ഥിരനിക്ഷേപങ്ങൾ മരവിപ്പിച്ചു. 33.82 കോടി രൂപ വരുന്ന 159 വായ്പകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. തെന്നല സഹകരണ ബാങ്കിലെ 24.50 ലക്ഷം ബാലൻസുള്ള 20 സ്ഥിര നിക്ഷേപങ്ങൾ മരവിപ്പിച്ചു.

ഭൂപ്രശ്നം: ഇടുക്കിയിൽ ഒക്ടോബർ 16-ന് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം 16 ന് ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. 15 ന് പന്തം കൊളുത്തി പ്രകടനം നടത്തും. ഏലമലക്കാടുകളെ റിസർവ് വനമാക്കാനുള്ള ശ്രമം തടയുമെന്നും മനുഷ്യ മൃഗ സംഘർഷം ലഘൂകരിക്കാൻ യുഡിഎഫ് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കുന്നില്ലെന്നും സിപിഎം ആരോപിച്ചു.

കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച അഞ്ചു വിദ്യാർത്ഥികളെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡു ചെയ്തു. സയിദ് അലി (എസ് എഫ് ഐ), ആവേദ് (എസ് എഫ് ഐ), മുഹമ്മദ് യാസീൻ (കെ എസ് യു), താജുദ്ദീൻ (എം എസ് എഫ്), മുഹമ്മദ് ഷബീർ (എം എസ് എഫ്) എന്നിവർക്കെതിരെയാണ് നടപടി. പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ ശ്രീകുമാറാണ് നടപടിയെടുത്തത്.

വേനൽക്കാല വൈദ്യുത പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി ടെൻഡർ വിളിച്ചു

വേനൽക്കാലത്ത് ജനുവരി മുതൽ മേയ് വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ടെൻഡർ വിളിച്ചു. ജനുവരിയിൽ 2400 മെഗാവാട്ടിനാണ് ടെൻഡർ. ഫെബ്രുവരിയിൽ 2700 മെഗാവാട്ടും മാർച്ചിൽ 3000 മെഗാവാട്ടും വാങ്ങാനാണ് ശ്രമം. ഏപ്രിൽ, മേയ് മാസങ്ങളിൽ 3900 മെഗാവാട്ട് വീതം വാങ്ങാനാണ് ടെൻഡർ വിളിച്ചത്.

കാരുണ്യ ആരോഗ്യ പദ്ധതിക്ക് സർക്കാർ 600 കോടി രൂപ അനുവദിച്ചു

കാരുണ്യ ആരോഗ്യ പദ്ധതിക്ക് സംസ്ഥാന സർക്കാർ 600 കോടി രൂപ അനുവദിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കടം തീർക്കാനാണ് പണം അനുവദിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ക്ലെയിമുകൾക്ക് 307.10 കോടി രൂപയും കാരുണ്യ ബെനവലന്റ് പദ്ധതിക്ക് 293.62 കോടി രൂപയും അനുവദിച്ചു. ബജറ്റിൽ കാരുണ്യക്കായി 592 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.

എൽഡിസി തസ്തികയുടെ അടിസ്ഥാന യോഗ്യത പ്ലസ്ടുവാക്കാൻ നടപടി തുടങ്ങി

സർക്കാർ സർവീസിലെ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയുടെ അടിസ്ഥാനയോഗ്യത എസ്.എസ്.എൽ.സി.യിൽനിന്ന് പ്ലസ്ടുവാക്കാൻ നടപടി തുടങ്ങി. പി.എസ്.സി.യുടെ അടുത്ത വിജ്ഞാപനംമുതൽ പുതിയ യോഗ്യത നടപ്പാക്കും. യോഗ്യത പ്ലസ്ടുവാക്കി 2011-ൽ ഉമ്മൻചാണ്ടി സർക്കാർ ഉത്തരവിറക്കിയിരുന്നു.

വോട്ടർ പട്ടിക പുതുക്കൽ: ഒക്ടോബർ 15 മുതൽ പ്രത്യേക എന്റോൾമെന്റ് ഡ്രൈവ്

സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നിലവിലുള്ള വിവരങ്ങൾ തിരുത്താനുമായി ഒക്ടോബർ 15 മുതൽ 31 വരെ പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു അറിയിച്ചു. ഈ ദിവസങ്ങളിൽ എല്ലാ വില്ലേജ് ഓഫീസുകളിലും പ്രത്യേക ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും.

‘സ്കിൽ കേരളം’ പദ്ധതിക്ക് തുടക്കമായി: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

ഡിഗ്രിക്ക് മാത്രം ഇന്ന് ഒരു വിലയുമില്ലെന്നും, നൂതന ആശയങ്ങളുള്ള കേരളത്തിലെ വിദ്യാർത്ഥികളെ മികച്ച സ്കിൽ പ്രോഗ്രാമുകളിലൂടെ പാകപ്പെടുത്തിയാൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന ‘സ്കിൽ കേരളം- എമർജിങ് ടെക്നോളജി സ്കില്ലിങ് പ്രോഗ്രാമി’ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയായി പി എം മനോജ് ചുമതലയേറ്റു

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായി പി എം മനോജിനെ നിയമിച്ചു. മനോഹരൻ മൊറായിയെ മാറ്റിയാണ് നിയമനം. മുഖ്യമന്ത്രിയായിരുന്നപ്പോൾ പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയായിരുന്നു മനോജ്.

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് ടാൻസാനിയയിൽ അപകടത്തിൽ പരിക്ക്

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് ടാൻസാനിയയിൽ വീണു പരിക്കേറ്റു. ഐപിയു സമ്മേളനത്തിനു പോയ അദ്ദേഹം കാൽവഴുതി വീണ് ഇടതുകൈക്കുഴയ്ക്ക് പൊട്ടലുണ്ടായി. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.

കൊങ്കൺ പാതയിൽ ഈ മാസം 21 മുതൽ ട്രെയിൻ സമയക്രമത്തിൽ മാറ്റം

കൊങ്കൺപാതയിൽ 21 മുതൽ ട്രെയിൻ സമയം മാറും. മംഗള, നേത്രാവതി അടക്കമുള്ളവ മണിക്കൂറുകൾ ‘വൈകി’ ഓടും.

പത്തനംതിട്ട സിപിഎമ്മിൽ തർക്കം രൂക്ഷം; ജില്ലാ സെക്രട്ടറിയേറ്റ് നിയമനം നീണ്ടു

തെറ്റുതിരുത്തലിനായി ചേർന്ന വിപുലീകരിച്ച ജില്ലാ കമ്മിറ്റിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു. തർക്കം മുറുകിയതോടെ ജില്ലാ സെക്രട്ടറിയേറ്റിലെ ഏക ഒഴിവ് നികത്താൻ കഴിയാതെയാണ് ഇന്നലെ യോഗം സമാപിച്ചത്.

ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ വിതരണവും അങ്കണവാടികളിലെ പോഷകാഹാര വിതരണവും കടുത്ത പ്രതിസന്ധിയിലാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ട് ലഭിക്കാത്തതിനാൽ അധ്യാപകർ സ്വന്തം കയ്യിൽ നിന്ന് പണം കണ്ടെത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സ്കൂൾ ഒളിമ്പിക്സ് നടത്തിപ്പിലും സർക്കാരിന് വീഴ്ച പറ്റിയെന്ന് അദ്ദേഹം വിമർശിച്ചു.

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി; പെൺകുഞ്ഞിന് ‘നേത്ര’ എന്ന് പേരിട്ടു

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്. കുഞ്ഞിന് നേത്ര എന്ന് പേര് നൽകി. കോഴിക്കോട് അമ്മത്തൊട്ടിലിൽ എത്തുന്ന പന്ത്രണ്ടാമത്തെ കുഞ്ഞാണ് നേത്ര. കുഞ്ഞ് പൂർണ ആരോഗ്യവതിയെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടത്തിൽപ്പെട്ട് മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി കണിയാരുതൊടി വീട്ടിൽ രഞ്ജിത്ത് സി ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടു വന്നു.

ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കണ്ണൂർ പെരിങ്ങത്തൂരിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ശിവസൂര്യയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അച്ഛൻ ജിഗീഷിന്റെയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടേയും മൊഴിയെടുത്തു.

കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ അഞ്ചു പേർ പിടിയിൽ

ആലപ്പുഴ കൃഷ്ണപുരത്ത് കെഎസ്ആർടിസി ബസ് ഡ്രൈവറെ നടുറോഡിലിട്ട് തല്ലിയ കേസിൽ അഞ്ചു പേർ അറസ്റ്റിൽ. സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കയ്യങ്കളിയിലും കേസ്സിലും കലാശിച്ചത്.

ഇന്ത്യയെ ഹൈജാക്ക് ചെയ്യാൻ മോദിയും അമിത് ഷായും ശ്രമിക്കുന്നു: രാഹുൽ ഗാന്ധി

ഇന്ത്യയെ ഹൈജാക്ക് ചെയ്യാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ്‌കുമാറിന്റെ രാജിവരെ സമരം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മമത ബാനർജി, ഉദ്ദവ് താക്കറെ, തേജസ്വി യാദവ് എന്നിവരേയും ഇന്നത്തെ സമരത്തിലേക്ക് രാഹുൽഗാന്ധി ക്ഷണിച്ചിട്ടുണ്ട്. ജനങ്ങളുടെ വോട്ടവകാശം കവർന്നെടുത്ത ഗ്യനേഷ്‌കുമാറിന് തുടരാൻ അവകാശമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പറഞ്ഞു.

ഡൽഹിയിൽ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ പ്രകടനത്തിന് മുന്നോടിയായി സുരക്ഷ ശക്തമാക്കി

നാളെ ഡൽഹിയിൽ നടത്താനിരിക്കുന്ന കോക്ക്റോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പ്രകടനത്തിന് മുന്നോടിയായി സുരക്ഷയും നിരീക്ഷണവും ശക്തമാക്കി ഡൽഹി പോലീസ്. 4,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും പ്രതിഷേധ സ്ഥലത്തിന് ചുറ്റുമുള്ള പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. പ്രകടനത്തിന് പോലീസ് അനുമതി നൽകിയിട്ടില്ല.

ഡൽഹിയിൽ രണ്ടു ദിവസം മദ്യശാലകൾ അടച്ചിടും

ഡൽഹിയിൽ രണ്ടു ദിവസം മദ്യശാലകൾ അടച്ചിടുമെന്ന് സർക്കാർ. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കടുക്കുന്നതിനിടെ ആണ് സർക്കാരിന്റെ തീരുമാനം.

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ തെരഞ്ഞെടുപ്പ് വിജയം: ഹർജിയിൽ വിധി ബുധനാഴ്ച

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച വിധി പ്രസ്താവിക്കും. വിജയ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 30 കോടി രൂപ മൂല്യമുള്ള സ്വത്തു വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച് എസ് ദിനേശ് നൽകിയ ഹർജിയിലാണ് വിധി പ്രസ്താവിക്കുക.

കൊൽക്കത്തയിൽ മുതിർന്ന സിപിഎം നേതാവ് ബികാസ് രഞ്ജൻ ഭട്ടാചാര്യയുടെ വീടിന് നേരെ ആക്രമണം

കൊൽക്കത്തയിൽ മുതിർന്ന സിപിഎം നേതാവും മുൻ രാജ്യസഭാംഗവുമായ ബികാസ് രഞ്ജൻ ഭട്ടാചാര്യയുടെ വീടിന് നേരെ ആക്രമണം. അക്രമികൾ വീടിന് നേരെ മദ്യക്കുപ്പികൾ എറിഞ്ഞുവെന്നും സിസിടിവി ക്യാമറകൾ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിൽ ആട്ടിൻകൂട്ടത്തിലേക്ക് ട്രക്ക് പാഞ്ഞുകയറി അപകടം

ഗുജറാത്തിൽ ആട്ടിൻകൂട്ടത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി അപകടം. നിരവധി മിണ്ടാപ്രാണികൾക്ക് ജീവൻ നഷ്ടമായി. കച്ച് ദേശീയപാതയിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരായ പ്രചാരണത്തിനെതിരെ 42 മുൻ ജഡ്ജിമാരുടെ തുറന്ന കത്ത്

ഭരണഘടനാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനും ജനവിശ്വാസം തകർക്കാനുമുള്ള പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധവുമായി 42 മുൻ ജഡ്ജിമാർ ഒപ്പിട്ട തുറന്ന കത്ത്. ‘ഇത്തരം സന്ദർഭങ്ങളിൽ മൗനം പുലർത്തുന്നത് നിഷ്പക്ഷമല്ല. ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങൾ നിരന്തരമായ ആക്രമണത്തിലാണ്, ഞങ്ങളുടെ ആശങ്ക കടുത്തതാണ്.’ സുപ്രീം കോടതിയിൽനിന്ന് വിരമിച്ചവരടക്കമുള്ളവരാണ് കത്തിൽ ഒപ്പുവെച്ചിട്ടുള്ളത്.

വോട്ടർമാരെ ഒഴിവാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് സിജെപി സ്ഥാപകൻ

വോട്ടർമാരെ ഒഴിവാക്കുന്ന നടപടിക്ക് പിന്നിൽ ഗൂഢാലോചന നടന്നതായി സിജെപി സ്ഥാപകൻ അഭികീത് ദീപ്കെ. കേരളത്തിൽ പിണറായി വിജയനും തമിഴ്നാട്ടിൽ സ്റ്റാലിനും ഭരണം നഷ്ടമായത് യാദൃശ്ചികമായി സംഭവിച്ചതെന്ന് കരുതാനാകില്ല, വോട്ടർമാർ ഒഴിവാക്കപ്പെടുന്നതു കൊണ്ട് ഗുണം ബിജെപിക്കാണ് എന്ന് അഭികീത് ദീപ്കെ പറഞ്ഞു.

സ്റ്റാർലിങ്ക് ലൈസൻസ് വൈകുന്നതിൽ ഇലോൺ മസ്ക് അതൃപ്തി പ്രകടിപ്പിച്ചു

ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനത്തിനുള്ള ലൈസൻസ് വൈകുന്നതിൽ ഇലോൺ മസ്ക് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മുകേഷ് അംബാനിയാണോ ഇന്ത്യയിലെ യഥാർത്ഥ ബോസ് എന്ന് ചോദിച്ച മസ്ക്, പ്രാദേശിക ടെലികോം ഭീമന്മാരാണ് തങ്ങളുടെ വരവ് തടയുന്നതെന്നും ആരോപിച്ചു.

സാഹിത്യ നൊബേൽ പുരസ്കാരം കനേഡിയൻ കവയിത്രി ആനി കാർസണ്

സാഹിത്യ നൊബേൽ പുരസ്കാരം കനേഡിയൻ കവയിത്രിയും ഉപന്യാസകാരിയും വിവർത്തകയുമായ ആനി കാർസണിന് ലഭിച്ചു. സമകാലിക സാഹിത്യത്തിന് പുതിയ രൂപം സൃഷ്ടിച്ച കവിയെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. പുരാതന ഗ്രീക്ക് സാഹിത്യം ആനി കാഴ്സൺ വിവർത്തനം ചെയ്തിരുന്നു. 30 വർഷത്തിലേറെയായി ക്ലാസിക്കൽ പഠനവിഭാഗം പ്രൊഫസർ, കവിത, ഫിക്ഷൻ മേഖലകളിൽ സജീവമാണ് 76 കാരിയായ ആനി.

ഖത്തർ തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം; നിരവധിയാൾക്കാർക്ക് പരിക്ക്

ഖത്തറിന്റെ വടക്കൻ തീരത്ത് സഞ്ചരിക്കുകയായിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം. ഒന്നിലധികം പ്രൊജക്റ്റൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അപകടത്തിൽ കപ്പലിലുണ്ടായിരുന്ന നിരവധിയാളുകൾക്ക് പരിക്കേറ്റതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.

യുഎസും ഇറാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു: ഡൊണാൾഡ് ട്രംപ്

യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു മുമ്പ് ഇറാനെതിരെ സൈനിക ആക്രമണം ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

ഐഎഫ്എ ഷീൽഡ് കിരീടം മോഹൻ ബഗാൻ സൂപ്പർ ജയന്റിന്

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ് കിരീടം സ്വന്തമാക്കി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ സമീർ സെൽകോവിച്ച് നേടിയ ഒറ്റ ഗോളാണ് മോഹൻ ബഗാന് വിജയം സമ്മാനിച്ചത്.

മുത്തൂറ്റ് മൈക്രോഫിൻ രണ്ടാം പാദത്തിൽ 22 ശതമാനം വളർച്ച നേടി

മുത്തൂറ്റ് മൈക്രോഫിൻ രണ്ടാം പാദത്തിൽ മികച്ച വളർച്ച കൈവരിച്ചു. 2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തി 15,323 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ വളർച്ച. വാർഷികാടിസ്ഥാനത്തിൽ 23.9 ശതമാനം വർധന. 2,900 കോടി രൂപയുടെ പുതിയ വായ്പകളാണ് രണ്ടാം പാദത്തിൽ വിതരണം ചെയ്തത്. മുൻ വർഷത്തേക്കാൾ 28 ശതമാനവും, തൊട്ടു മുൻപത്തെ ഒന്നാം പാദത്തേക്കാൾ 10 ശതമാനവും വർധന. 453 കോടി രൂപയുടെ സ്വർണവായ്പകളും ഇക്കാലയളവിൽ വിതരണം ചെയ്തു. സ്മോൾ ആൻഡ് മൈക്രോ എന്റർപ്രൈസ് ഇൻഡിവിജ്വൽ ലോൺ പോർട്ട്ഫോളിയോ 4,164 കോടി രൂപയായി ഉയർന്നു. ഡിജിറ്റൽ വഴിയുള്ള കളക്ഷൻ 47 ശതമാനത്തിലെത്തി.

ഗെയിമിംഗ്, സിനിമാ മേഖലകൾക്കായി ഗൂഗിളിന്റെ പുതിയ എഐ പ്ലാറ്റ്‌ഫോമുകൾ

ഗെയിമിംഗ്, സിനിമാ മേഖലകളിൽ ക്രിയേറ്റീവായി ഉപയോഗിക്കാവുന്ന തങ്ങളുടെ എഐ പ്ലാറ്റ്‌ഫോമുകൾ വിപുലീകരിച്ച് ഗൂഗിൾ. സിംപിൾ പ്രോംപ്റ്റുകൾ ഉപയോഗിച്ച് വിഡിയോ ഗെയിമുകൾ നിർമ്മിക്കാൻ സഹായിക്കുന്ന ‘പ്ലേഗ്രൗണ്ട്’ എന്ന എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോം ഗെയിമിംഗ് കമ്പനിയായ യൂണിറ്റിയുമായി ചേർന്ന് ഗൂഗിൾ അവതരിപ്പിച്ചു. ഇതിനുപുറമെ, ഇന്ത്യയിലെ ചലച്ചിത്ര പ്രവർത്തകർക്കായി ഗൂഗിളിന്റെ ‘ഫ്ലോ’ സിനിമാ നിർമ്മാണ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ‘യൂണിറ്റി സ്പാർക്ക്’ സാങ്കേതികവിദ്യ കൂടി ഇതിൽ ഉൾപ്പെടുത്തും. അഞ്ച് എഐ സഹായത്തോടെയുള്ള സിനിമകൾ 2026-ലെ ഐ.എഫ്.എഫ്.ഐ ഗോവ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.

അനൂപ് മേനോൻ ചിത്രം ‘ചിരം’ ഇന്ന് റിലീസിന്

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ‘ചിരം’ ഒക്ടോബർ 9ന് റിലീസിന്. 90′ കളിലെ പ്രണയ കാവ്യമായ ‘ചിര’ത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ചിത്രത്തിൽ പ്രശസ്തമായ ഹൗറ ബ്രിഡ്ജും, ഹൂഗ്ലി നദിയും വിശ്വഭാരതി സർവ്വകലാശാലയും കൊൽക്കത്ത ജീവിതവും കാണാം. ‘ബാവുൾ- സംഗീതവും ജീവിതവും’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി കൊൽക്കത്തയിലെ വിശ്വഭാരതി സർവകലാശാലയിൽ എത്തുന്ന സീത എന്ന മലയാളി പെൺകുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സാമുമായി പ്രണയത്തിലാകുന്നു. ഇവരുടെ പ്രണയവും വിരഹവും ജീവിതവും ചിത്രത്തിന്റെ പ്രമേയമാകുന്നു.

സൈജു കുറുപ്പ് ചിത്രം ‘ആരം’ സക്സസ് ടീസർ പുറത്തിറങ്ങി

പ്രദർശനം തുടരുന്നതിനിടെ സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ‘ആരം’ ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തുവിട്ടു. ഒരു മരണത്തെ ചുറ്റിപ്പറ്റി നടക്കുന്ന അന്വേഷണമാണ് ‘ആര’ത്തിന്റെ പ്രമേയം. അന്വേഷണം മുന്നോട്ട് പോകുന്നതിനനുസരിച്ച് ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും ട്വിസ്റ്റുകളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ചിത്രം സോണി ലിവിലൂടെയാണ് ഒടിടിയിൽ സ്ട്രീമിംഗിനെത്തുക.

എംജി മോട്ടോർ ഹെക്ടർ ബ്ലാക്ക്‌സ്റ്റോം, സ്‌നോസ്റ്റോം എഡിഷനുകൾ വിപണിയിൽ

എംജി മോട്ടോർ ഇന്ത്യയുടെ ഹെക്ടർ ബ്ലാക്ക്‌സ്റ്റോം, സ്‌നോസ്റ്റോം സ്‌പെഷൽ എഡിഷൻ എസ്യുവികൾ ഇന്ത്യൻ വിപണിയിലെത്തി. 20 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) വില ആരംഭിക്കുന്നത്. പുതിയ എക്സ്റ്റീരിയർ കളർ ഷേഡുകൾ, ഡാർക്ക് തീം ഇന്റീരിയർ, പ്രത്യേക ആക്‌സസറികൾ എന്നിവയാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡലുകളുടെ പ്രധാന ആകർഷണം. 5 സീറ്റർ ഓപ്ഷനിലും 1.5 ലീറ്റർ പെട്രോൾ സിവിടി എൻജിനിലും മാത്രമാണ് ഈ രണ്ട് എഡിഷനുകളും ലഭ്യമാകുക.

പുസ്തക പരിചയം: ഒസാമു ദസായിയുടെ ‘ഇനിമേൽ മനുഷ്യനല്ല’

മനുഷ്യനാകാൻ താൻ അയോഗ്യനാണെന്ന് വിശ്വസിക്കുന്ന, സ്വയം നശിപ്പിക്കുന്ന ഒരു യുവാവിന്റെ ചിത്രം അവതരിപ്പിക്കുന്ന നോവൽ. ജാപ്പനീസ് സാഹിത്യത്തിലെ ഏറ്റവും വേദനാഭരിതവും ആത്മാവിനെ വിറപ്പിക്കുന്നതുമായ കൃതികളിലൊന്നാണിത്. എഴുത്തുകാരന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെയും ആത്മീയസംഘർഷങ്ങളുടെയും പ്രതിഫലനമായും ഈ കൃതി വായിച്ചെടുക്കപ്പെടുന്നുണ്ട്. ലോകപ്രസിദ്ധനായ ജാപ്പനീസ് എഴുത്തുകാരൻ ഒസാമു ദസായിയുടെ ആധുനിക ക്ലാസിക് എന്നു കരുതപ്പെടുന്ന കൃതി ‘ഇനിമേൽ മനുഷ്യനല്ല’ പരിഭാഷപ്പെടുത്തിയത് എം.കെ ശ്രീകുമാറാണ് (മാതൃഭൂമി ബുക്സ്).

ആരോഗ്യം: ‘ബ്രെയിൻ ഫോ​ഗ്’ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

വല്ലപ്പോഴുമുള്ള ശ്രദ്ധക്കുറവോ മറവിയോ സാധാരണമായിരിക്കാം. എന്നാൽ ഓർമക്കുറവ്, ശ്രദ്ധക്കുറവ്, അമിതമായ ക്ഷീണം എന്നിവ തുടർച്ചയായി അനുഭവപ്പെടുകയോ ദൈനംദിന ജീവിതത്തെയും ജോലിയെയും ബാധിക്കുകയോ ചെയ്താൽ ശ്രദ്ധിക്കണം. ബ്രെയിൻ ഫോ​ഗ് എന്ന് പൊതുവെ വിശേഷിപ്പിക്കുന്ന അവസ്ഥയിൽ ചിന്തയിലെ വ്യക്തതയും ശ്രദ്ധയും ഓർമയും താത്കാലികമായി കുറയുന്നതായി തോന്നാം. ഉറക്കക്കുറവ്, അമിതസമ്മർദം, ജീവിതശൈലി, ഭക്ഷണരീതി തുടങ്ങിയ പല ഘടകങ്ങളും ഇതിന് പിന്നിലുണ്ടാകാം. കൃത്യമായ ഉറക്കം, ആവശ്യത്തിന് വെള്ളം കുടിക്കൽ, ശാരീരിക വ്യായാമം എന്നിവ ഇത് തടയാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here