26.4 C
Kollam
Monday 23rd November, 2026 | 09:14:26 AM
Home News Breaking News ‘ഒരു കോടി ഗ്ലൗസിന് 12 കോടി രൂപ’;കോവിഡ് കാലത്ത് ഗ്ലൗസ് വാങ്ങിയതിൽ ക്രമക്കേട് , ആഭ്യന്തര...

‘ഒരു കോടി ഗ്ലൗസിന് 12 കോടി രൂപ’;കോവിഡ് കാലത്ത് ഗ്ലൗസ് വാങ്ങിയതിൽ ക്രമക്കേട് , ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്; മുൻ ജനറൽ മാനേജർ പ്രതിയാകും

Advertisement

തിരുവനന്തപുരം: കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (KMSCL) വഴി ഗ്ലൗസ് വാങ്ങിയതിൽ വലിയ ക്രമക്കേടും അഴിമതിയും നടന്നതായി ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. കോവിഡ് കാലത്ത് വിപണി വിലയേക്കാൾ നാലിരട്ടി ഉയർന്ന വില നൽകിയാണ് ഒരു കോടി ഗ്ലൗസുകൾ വാങ്ങിയത്.
കമ്പനി എത്തിച്ച 58.40 ലക്ഷം ഗ്ലൗസുകൾ ഗോഡൗണുകളിൽ ഉപയോഗിക്കാതെ കിടന്ന് നശിച്ചു പോയി.
ഇതുമൂലം സംസ്ഥാന സർക്കാരിന് 7.09 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മുൻ ജനറൽ മാനേജർ എസ്.ആർ. ദിലീപ് കുമാറിനെ പ്രതിയാക്കാനും, അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

ആരോഗ്യ വകുപ്പിലെ ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കെ.എം.എസ്. സി. എൽ. ജനറൽ മാനേജരായിരുന്ന എസ്.ആർ. ദിലീപ് കുമാറിനെ പ്രതിയാക്കണമെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വിജിലൻസ് അന്വേഷണത്തിനായി റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

2021 ജൂൺ, ജൂലായ് മാസങ്ങളിലാണ് കൂടിയ വിലയ്ക്ക് ഒരു കോടി ഗ്ലൗസുകൾ വാങ്ങാൻ തീരുമാനിച്ചത്. അഗ്രത അവോൺ എക്സിം എന്ന കമ്പനിയിൽനിന്നാണ് ഗ്ലൗസ് 12.10 രൂപ നിരക്കിൽ വാങ്ങിയത്. കമ്പനിയുമായി ചർച്ചകളോ വിലപേശലോ നടത്തിയിരുന്നില്ല. ഇവർ കാലാവധിക്കുള്ളിൽ മുഴുവൻ സാധനവും എത്തിച്ചില്ലെന്നുപറഞ്ഞ് മറ്റൊരു കമ്പനിയിൽനിന്ന് ഇതേ സമയത്തുതന്നെ 7.72 രൂപയ്ക്കും അടുത്തവർഷം 3.10 രൂപയ്ക്കും ഗ്ലൗസുകൾ വാങ്ങി.

കാർഷിക ഉപകരണങ്ങളുംമറ്റും വിപണനം ചെയ്തിരുന്ന അഗ്രത കമ്പനിക്ക് 12 കോടിയുടെ ഓഡർ നൽകിയതിലും ഒരു സെക്യൂരിറ്റിയുമില്ലാതെ 6,07,50,000 രൂപ മുൻകൂർ നൽകിയതിലും അഴിമതിയുണ്ടെന്നാണ് റിപ്പോർട്ട്. 15 ദിവസത്തിനകം മുഴുവൻ ഗ്ലൗസും എത്തിക്കണമെന്നായിരുന്നു കരാറെങ്കിലും 30 ദിവസം കൊണ്ട് 41,60,000 മാത്രമാണ് എത്തിച്ചത്. 17 ദിവസം പിന്നിട്ടപ്പോൾ പുതിയ ടെൻഡർ ക്ഷണിച്ച് മറ്റൊരു കമ്പനിക്ക് 7.72 രൂപയ്ക്ക് കരാർ നൽകി. ഇതിനുപിന്നാലെ അഗ്രത കമ്പനി മുഴുവൻ ഗ്ലൗസും തിരുവനന്തപുരം, ഏറണാകുളം ഗോഡൗണുകളിൽ എത്തിച്ചു. ഇവ സ്വീകരിച്ച് സൂക്ഷിച്ചശേഷമാണ് സപ്ലൈ ഓഡർ റദ്ദാക്കി കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഉത്തരവിറക്കിയത്. കൂടിയ വിലയ്ക്ക് വാങ്ങിയത് വിവാദമായതോടെയാണ് ഈ നീക്കമെന്നാണ് സംശയം. അതിനാൽ ബാക്കി 6.07 കോടി രൂപ നൽകിയില്ല. ഇതിൽ നിയമനടപടി തുടരുകയാണ്.

കമ്പനി പിന്നീട് നൽകിയ 58,40,000 ഗ്ലൗസുകൾ ഗോഡൗണുകളിൽ ഉപയോഗിക്കാതെ കൂട്ടിയിട്ട് നശിപ്പിച്ചു. അതേസമയം പല കമ്പനികളിൽ നിന്നായി കോടിക്കണക്കിന് ഗ്ലൗസുകൾ വാങ്ങുകയും ചെയ്തു. ഇത്രയും ഗ്ലൗസുകൾ കാലഹരണപ്പെട്ടത് വഴി 7.09 കോടിയുടെ നഷ്ടം സർക്കാരിനുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here