Advertisement
പട്ടാഴി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പട്ടാഴി പന്തപ്ലാവ് ബെറ്റി ഭവനിൽ ബിനു (48) ആണ് ഭാര്യ ക്രിസ്റ്റിയെ (38) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ഇന്നലെ വൈകിട്ട് 5.45-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സംശയരോഗത്തെ തുടർന്നുണ്ടായ കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓട്ടോറിക്ഷാ ഡ്രൈവറും ടാപ്പിംഗ് തൊഴിലാളിയുമായിരുന്നു മരിച്ച ബിനു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നിക്കോട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കേസെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബെറ്റി, വിപിൻ എന്നിവരാണ് മക്കൾ.


























