തിരുവനന്തപുരം:കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിക്കാനും അതുവഴി സേനയെ പൂര്‍ണ്ണമായി ഭരണകൂടത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുത്താനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പൊലീസ് ഉദ്യോഗസ്ഥരുടെ ജനാധിപത്യപരമായ സംഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 1979 മുതല്‍ സംസ്ഥാനത്ത് സുതാര്യമായി പ്രവര്‍ത്തിച്ചുവരുന്ന സംവിധാനമാണ് പൊലീസ് സംഘടനകള്‍. ആ സംഘടനാ ചട്ടക്കൂടിനെ ബന്ധപ്പെട്ട പ്രതിനിധികളുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും തയ്യാറാകാതെ ഏകാധിപത്യപരമായാണ് ഈ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നത്.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്മിറ്റികള്‍ നിലനില്‍ക്കെ തന്നെ, അവയെ പൂര്‍ണ്ണമായി നോക്കുകുത്തിയാക്കി അഡ്‌ഹോക്ക് കമ്മിറ്റികളെ കുടിയിരുത്തിയത് സംഘടനാ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു. ഇത്തരമൊരു നിലപാട് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഗ്രേഡ് പ്രമോഷന്‍ ലഭിച്ച ഉദ്യോഗസ്ഥരെ ഡീഗ്രേഡ് ചെയ്യുക, ഒരേ പദവിയിലുള്ളവരെ വ്യത്യസ്ത സംഘടനകളിലേക്ക് വെട്ടിമുറിക്കുക തുടങ്ങിയ അത്യന്തം അപകടകരമായ നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇത് പൊലീസ് സേനയുടെ ഐക്യത്തെയും ഉദ്യോഗസ്ഥരുടെ ആത്മവീര്യത്തെയും സാരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിനെ കേവലം രാഷ്ട്രീയവല്‍ക്കരിക്കാനും സര്‍ക്കാരിന്റെ ഇംഗിതങ്ങള്‍ക്ക് മാത്രം വഴങ്ങുന്ന ഒരു സേനയാക്കി മാറ്റാനുമുള്ള ഗൂഢലക്ഷ്യമാണ് ഈ അനാവശ്യ ഇടപെടലിന് പിന്നിലെന്ന് പകല്‍ പോലെ വ്യക്തമാണ്. പൊലീസുകാരുടെ സംഘടനാ സ്വാതന്ത്ര്യത്തില്‍ കടന്നുകയറുന്ന നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ്, ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടിയാലോചനകള്‍ നടത്തിയ ശേഷം മാത്രമേ ഇത്തരം തീരുമാനങ്ങളില്‍ അന്തിമ നിലപാട് സ്വീകരിക്കാവൂ എന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

































