തൃശൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതായി പറയപ്പെടുന്ന അഴിമതിയെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാൻ സംസ്ഥാനത്തെ ജനങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവി (ഡിജിപി) അടിയന്തരമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശം നൽകണമെന്നും മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി തന്നെ നേരിട്ട് അതീവ ഗൗരവമുള്ളതെന്ന് വിശേഷിപ്പിച്ച ഒരു കണ്ടെത്തലിൽ ക്രിമിനൽ കേസെടുത്ത് മുന്നോട്ടുപോകാൻ യുഡിഎഫ് സർക്കാർ കാണിക്കുന്ന അലംഭാവം ദുരൂഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ളതും സാധാരണ ജനങ്ങളുടെ നികുതിപ്പണത്തിൽ പ്രവർത്തിക്കുന്നതുമായ സംരംഭങ്ങളുടെ നിലനിൽപ്പിനും സുഗമമായ നടത്തിപ്പിനുമായി ഭരണകർത്താക്കളും ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതും നൽകുന്നതും അതിഗുരുതരമായ നിയമലംഘനമാണെന്ന് ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങളും സംരംഭങ്ങളും പ്രവർത്തിച്ചു മുന്നോട്ടുപോകണമെങ്കിൽ ഉന്നത അധികൃതർക്ക് കൈക്കൂലി നൽകേണ്ടിവരുന്ന സാഹചര്യം ഞെട്ടിക്കുന്നതാണ്. ഇത് നിസ്സാരമായി തള്ളിക്കളയാനാകില്ലെന്നും കൃത്യമായ ക്രിമിനൽ ഉദ്ദേശ്യത്തോടെയുള്ള അധികാര ദുർവിനിയോഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ നിയമപരമായ അന്വേഷണം വൈകിപ്പിക്കുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. ആഭ്യന്തര വകുപ്പും പോലീസും ഒളിച്ചുകളി അവസാനിപ്പിക്കണം. സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെട്ട് വിഷയത്തിൽ അടിയന്തരമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും, വിജിലൻസും മറ്റ് ബന്ധപ്പെട്ട നിയമ ഏജൻസികളും സംയുക്തമായി നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
































