തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗതത്തിന് തുറന്ന ആറുവരിപ്പാതയിലെ ചില സ്ട്രെച്ചുകളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കുന്നു. ഹൈവേയിൽ യാത്രക്കാരെ ഇറക്കിവിടുന്ന ബസുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു.
ആറുവരിപ്പാതയിൽ ബസ് നിർത്താനോ യാത്രക്കാരെ ഇറക്കാനോ ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല. എന്നാൽ ചില ബസുകൾ ഹൈവേയിൽ യാത്രക്കാരെ ഇറക്കിവിടുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇതുമൂലം സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ ഉൾപ്പെടെയുള്ളവർ കിലോമീറ്ററുകളോളം നടന്ന് പ്രധാനപാതയിൽ നിന്ന് പുറത്തുകടക്കേണ്ട സാഹചര്യമുണ്ട്.
സ്റ്റേജ് കാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂവെന്ന് എംവിഡി വ്യക്തമാക്കി. നിർദേശം ലംഘിച്ച് ആറുവരിപ്പാതയിലൂടെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




























