മൂവാറ്റുപുഴ . മുൻ മന്ത്രി ഗണേഷ് കുമാറിന് എതിരായ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പരാതിയിൽ എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാൻ വിജിലൻസിന് നിർദേശം. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് നിർദേശം നൽകിയത്. മിൽമ കേരഫെഡ് എന്നിവയുടെ വിപണന കരാർ നടപടിക്രമങ്ങൾ പാലിക്കാതെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ലഭ്യമാക്കി എന്താണ് പരാതി.
ഗണേഷ് മന്ത്രിയായിരിക്കെ, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് വഴിവിട്ട് സഹായം നൽകിയെന്നായിരുന്നു പരാതി. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളായ കേരഫെഡ് വിപണനം ചെയ്യുന്ന വെളിച്ചെണ്ണ ദുബായിലേക്ക് കയറ്റുമതി ചെയ്യുന്നതിനും മിൽമ ഉത്പന്നങ്ങൾ ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും വിപണനം ചെയ്യുന്നതിനുമുള്ള കരാർ, സ്വകാര്യ സ്ഥാപനമായ മിഡ്‌നൈറ്റ് സൺ ഗ്ലോബലിന് നൽകിയതുമായി ബന്ധപ്പെട്ടാണ് പരാതി. മന്ത്രിയുടെ ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് നടപടിക്രമങ്ങൾ പാലിക്കാതെയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തും കരാറുകൾ നൽകിയെന്നാണ് ആരോപണം.
അടുത്ത മാസം 20നകം കേസില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ആണ് കോടതി നിർദേശം നല്‍കിയിരിക്കുന്നത്. കോടതിയെ സമീപിച്ച ചെഷയർ ടാർസൻ വിജിലൻസ് ഡയറക്ടർക്ക് 2026 മാർച്ച് 13-ന് നൽകിയ പരാതിയിൽ എന്തെല്ലാം നടപടി സ്വീകരിച്ചു എന്നത് സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാനാണ് വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 20-ന് മുൻപ് വിശദമായ റിപ്പോർട്ട് നൽകണം.

































