Home Blog Page 328

ഓച്ചിറയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ഓച്ചിറ: ഓപ്പറേഷൻ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 10.790 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.ഓച്ചിറ വലിയകുളങ്ങര അറ്റത്ത് വടക്കേത്തറ വീട്ടിൽ വിഷ്ണു (22) എന്നയാളെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 28-ന് രാത്രി ഓച്ചിറ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിലെ കിടപ്പുമുറിയിലെ സ്റ്റീൽ അലമാരക്കുള്ളിൽ സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന 10.790 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.

ഓച്ചിറ, കരുനാഗപ്പള്ളി ഭാഗങ്ങളിലെ യുവാക്കൾക്ക് മയക്കുമരുന്ന് വിൽപ്പന നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ബെംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നാണ് പിടികൂടിയത്.
പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഓച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. ഓച്ചിറ പോലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയരാജ് പണിക്കർ, രഞ്ജിത്ത്, എഎസ്‌ഐ മിനി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരിജിത്ത്, വൈശാഖ്, വിനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനീസ്, അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ എൻ.ഡി.പി.എസ്സ് നിയമപ്രകാരം 481 കേസുകളിലായി 488 പേരെ അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. ഇതുവരെ 172.79 ഗ്രാം എം.ഡി.എം.എ കൂടാതെ 1.652 കിലോഗ്രാം ഗഞ്ചാവ്, 8.35 ഗ്രാം ഹാഷിഷ് ഓയിൽ, 0.26 ഗ്രാം മെത്താംഫെറ്റമിൻ എന്നിവയും 41 ഗഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്. ലഹരിമരുന്ന് ശൃംഖലകൾക്കെതിരെ കൊല്ലം സിറ്റി പോലീസ് ശക്തമായ നടപടികൾ തുടരുമെന്നും, ലഹരിമരുന്ന് വിൽപ്പന, ഉപയോഗം, കടത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ 9995966666 (യോദ്ധാവ്) എന്ന വാട്‌സാപ്പ് നമ്പറിലൂടെ പോലീസിനെ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

മുൻഗണന റേഷൻ കാർഡ് മാനദണ്ഡങ്ങളിൽ ഇളവ് പരിഗണനയിൽ; 1100 ചതുരശ്ര അടി വീടിനും 800 സി.സി കാറിനും അനുകൂല തീരുമാനം സാധ്യത

തിരുവനന്തപുരം: മുൻഗണന (ബി.പി.എൽ) റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നത് സർക്കാർ പരിഗണിക്കുന്നു. 1100 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളും 800 സി.സി വരെ എൻജിൻ ശേഷിയുള്ള കാറുകളും മുൻഗണന റേഷൻ കാർഡ് ലഭിക്കാൻ തടസ്സമാകാതിരിക്കാനുള്ള നിർദേശമാണ് ധനകാര്യവകുപ്പിന്റെ പരിഗണനയിലുള്ളത്.
നിലവിൽ 2018-ലെ സംസ്ഥാന ഭക്ഷ്യസുരക്ഷാ ചട്ടപ്രകാരം 1000 ചതുരശ്ര അടി വരെയാണ് വീടിന്റെ പരിധി. കൂടാതെ, സ്വയം ഓടിക്കുന്ന ടാക്സി ഒഴികെയുള്ള നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങളുടെ ഉടമകൾക്കും മുൻഗണന കാർഡിന് അർഹതയില്ല.
ഇപ്പോൾ നാലുചക്ര വാഹനം ആഡംബരമല്ലെന്ന സാമൂഹിക സാഹചര്യവും ഭിന്നശേഷിക്കാരായ അംഗങ്ങളുടെ യാത്രാസൗകര്യം ഉൾപ്പെടെയുള്ള ആവശ്യങ്ങളും പരിഗണിച്ചാണ് 800 സി.സി വരെയുള്ള വാഹനങ്ങൾക്ക് ഇളവ് നൽകുന്നത് ആലോചിക്കുന്നത്. ഒരേക്കറിലധികം ഭൂമിയുള്ളവരുടെ കാര്യത്തിലും ഭൂമിയുടെ സ്വഭാവം പരിഗണിച്ച് തീരുമാനമെടുക്കാനാണ് നിർദേശം.
മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന വ്യാപക ആവശ്യത്തെ തുടർന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് സിവിൽ സപ്ലൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടാണ് ഇപ്പോൾ ധനകാര്യവകുപ്പിന്റെ പരിശോധനയിലുള്ളത്. മറ്റ് സർക്കാർ ആനുകൂല്യങ്ങളുമായി മുൻഗണന റേഷൻ കാർഡ് ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ധനവകുപ്പിന്റെ അനുമതിക്ക് ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക.
സംസ്ഥാനത്ത് നിലവിൽ 5,94,209 അന്ത്യോദയ അന്നയോജന (AAY) കാർഡുകളും 37,73,184 മുൻഗണന വിഭാഗം കാർഡുകളും നിലവിലുണ്ട്. നൂറുദിന കർമപരിപാടിയുടെ ഭാഗമായി പുതുതായി 73,024 മുൻഗണന കാർഡുകൾ കൂടി അനുവദിച്ചിട്ടുണ്ടെന്നും ഇവർക്ക് അടുത്ത മാസം മുതൽ സൗജന്യ റേഷൻ ലഭ്യമാകുമെന്നും സർക്കാർ അറിയിച്ചു.

കുണ്ടറയിലെ കസ്റ്റഡി മരണ ആരോപണം;സി പി ഒ ശ്രീ ജിത്തിന് സസ്പെൻഷൻ

കൊല്ലം: കുണ്ടറയിലെ കസ്റ്റഡി മരണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഒ ശ്രീ ജിത്തിനെ
അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തു.
സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പേർക്കും മെമ്മോ നൽകും.
സിയാദിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ കേസിലെ പരാതിക്കാരിയും ഇന്നലെ പൊലീസിനെതിരെ രംഗത്ത് വന്നിരുന്നു. സിയാദിനെ വീട്ടില്‍നിന്ന് ഇറക്കിയതു മുതല്‍ സ്റ്റേഷനില്‍ എത്തിക്കുന്നതുവരെ മര്‍ദിച്ചു എന്നാണ് വെളിപ്പെടുത്തല്‍. കൈകൊണ്ടായിരുന്നു മര്‍ദനമെന്നും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി പറഞ്ഞു

അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 16ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് സിയാദിനെ പിടിച്ചുകൊണ്ടുപോയത്. സിയാദിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17ന് പുലർച്ചെ വരെ പൊലീസ് സ്‌റ്റേഷനിൽ കാത്തിരുന്നു. കാണാനില്ലെന്ന് കരുതിയ കുട്ടി പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് സിയാദിനെ പൊലീസ് വിട്ടയച്ചത്. തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ഭാര്യയോടും സുഹൃത്തിനോടും സിയാദ് പറഞ്ഞിരുന്നു.

സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും മൂലമുണ്ടായ കടുത്ത വേനൽ പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതോടെ പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ വൻ കുറവ് അനുഭവപ്പെടുന്നതാണ് കേരളത്തെയും പ്രതിസന്ധിയിലാക്കുന്നത്.

മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് നാളെ വൈദ്യുതി ഉപഭോഗം 400 മുതൽ 500 മെഗാവാട്ട് വരെ വർധിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമായില്ലെങ്കിൽ, നാളെ (30.07.2026 – വ്യാഴാഴ്ച) വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ (ഉയർന്ന ഉപഭോഗ വേളയിൽ) സംസ്ഥാനത്ത് ഭാഗികമായി വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ അത്യാവശ്യമല്ലാത്ത വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 30) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടർ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട്ടിൽ ജൂലൈ 29, 30 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷയ്ക്ക് സമീപം രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുന്നത്.
മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, പുഴകളിലോ വെള്ളക്കെട്ടുകളിലോ കുളിക്കാനോ ഇറങ്ങാനോ പാടില്ലെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും, ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓടിക്കൊണ്ടിരുന്ന ടോറസിന്റെ ടയർ വീട്ടിലേക്ക് പാഞ്ഞുകയറി; ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്ക്

അഞ്ചൽ: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് വീട്ടിലേക്ക് പാഞ്ഞുകയറി ഉറങ്ങിക്കിടന്ന കുഞ്ഞിന് പരിക്കേറ്റു. തിരുവനന്തപുരം–ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ മൈലമൂട് ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം.
തമിഴ്നാട്ടിൽ നിന്ന് നിർമാണ സാമഗ്രികൾ ശേഖരിക്കാൻ പോയ ടോറസ് ലോറിയുടെ പിൻവശത്തെ ടയറുകളിലൊന്നാണ് യാത്രയ്ക്കിടെ ഇളകിത്തെറിച്ചത്. നിയന്ത്രണം വിട്ട ടയർ പാതയോരത്തെ നസീം മൻസിലിൽ അബ്ദുൽ സലാമിന്റെ വീട്ടിലേക്ക് ഉരുണ്ടുകയറുകയായിരുന്നു.
അബ്ദുൽ സലാമിന്റെ ഭാര്യയും മകന്റെ കുഞ്ഞും ഉറങ്ങിക്കിടന്നിരുന്ന കിടപ്പുമുറിയുടെ ജനലിൽ ടയർ ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ജനൽച്ചില്ലുകൾ തകർന്നുവീണ് കുഞ്ഞിന്റെ ദേഹത്ത് പതിച്ചതോടെയാണ് പരിക്കേറ്റത്.
പരിക്കേറ്റ കുഞ്ഞിനെ ഉടൻ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, ടയർ നഷ്ടപ്പെട്ട ലോറി 100 മീറ്ററിലധികം മുന്നോട്ട് നീങ്ങിയ ശേഷമാണ് ഡ്രൈവർ നിയന്ത്രണവിധേയമാക്കി നിർത്തിയത്. വിവരമറിഞ്ഞെത്തിയ കുളത്തൂപ്പുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് നഷ്ടപരിഹാരം നൽകി വിഷയം ഒത്തുതീർപ്പാക്കിയതായി പൊലീസ് അറിയിച്ചു.

പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ്‌ പ്രതി 25 വർഷത്തിനുശേഷം അറസ്‌റ്റിൽ

പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന വേറ്റുമ്മൽ രതീഷ് വധക്കേസ്‌ പ്രതി 25 വർഷത്തിനുശേഷം അറസ്‌റ്റിൽ. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കതിരൂർ സ്വദേശി സി എച്ച് അഷ്‌റഫിനെ(58) ആണ് പ്രത്യേക അന്വേഷക സംഘം പിടിച്ചത്‌. 2001 ഡിസംബർ 14ന് കതിരൂർ വേറ്റുമ്മലിലുണ്ടായ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ രതീഷ് ചികിത്സയ്ക്കിടെയാണ്‌ മരിച്ചത്‌.


കൊലപാതകത്തിനുശേഷം മൈസൂരു, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഹോട്ടൽ തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞു. 15 വർഷമായി പയ്യന്നൂർ, പഴയങ്ങാടി, കുറുമാത്തൂർ എന്നിവിടങ്ങളിൽ മാറിമാറി തട്ടുകട നടത്തി ജീവിക്കുകയായിരുന്നു. കുറുമാത്തൂർ നിടുമുണ്ടയിൽവച്ചാണ്‌ പിടിയിലായത്‌. 11 പ്രതികളുണ്ടായിരുന്ന കേസിൽ മറ്റുള്ളവരുടെ വിചാരണയും ശിക്ഷാകാലാവധിയും കഴിഞ്ഞതാണ്‌.

കാണാതായ വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി

കാണാതായ മലപ്പുറം സ്വദേശി വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി. മേഘാലയില്‍ നിന്നാണ് കണ്ടെത്തിയത്. ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്. ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ നാട്ടിലെത്തിക്കും. വനമേഖലയോട് ചേർന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.

‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഇദ്ദേഹം. മലപ്പുറം ചെലേമ്പ്ര സ്വദേശിയായ ദില്‍ഷാദ് ഈ മാസം ആറിനാണ് വീട്ടില്‍ നിന്നും യാത്ര പോയത്. 22ാം തീയതി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തുടർന്ന് യാതൊരു വിവരവുമില്ലെല്ലാത്തതിനെ തുടർന്ന് കുടുംബം തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.

കാൽ ഒടിഞ്ഞെത്തിയ യുവതിക്ക് ഹൃദയ ശസ്ത്രക്രിയ; ചികിത്സാ വീഴ്ചയെന്ന് ആരോപണം, മരണം; ഡോക്ടർമാർക്കെതിരെ കേസ്

പാനിപ്പത്ത് (ഹരിയാന): കാൽ ഒടിഞ്ഞതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച യുവതി ഗുരുതരമായ ചികിത്സാ വീഴ്ചയുണ്ടായെന്ന ആരോപണത്തിനിടെ മരിച്ചതിനെ തുടർന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശ് സ്വദേശിനിയായ ഗുഡ്ഡി ദേവിയുടെ മരണമാണ് വിവാദമായത്.
ജൂലൈ 24-ന് റോഡപകടത്തിൽ കാൽ ഒടിഞ്ഞതിനെ തുടർന്നാണ് ഗുഡ്ഡി ദേവിയെ ഹരിയാനയിലെ പാനിപ്പത്തിലെ ജിടി റോഡിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിലെ ഒടിവിന് പ്ലാസ്റ്ററിടാനാണ് ആശുപത്രിയിലെത്തിച്ചതെന്ന് കുടുംബം വ്യക്തമാക്കി.
എന്നാൽ ചികിത്സയുടെ അടുത്ത ദിവസം ഗുഡ്ഡി ദേവിയുടെ ഹൃദയത്തിലെ രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയെന്നും അതിനാൽ സ്റ്റന്റ് സ്ഥാപിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചതായി കുടുംബം ആരോപിച്ചു. ഹൃദയസംബന്ധമായ അസുഖമോ ശസ്ത്രക്രിയയുടെ ആവശ്യകതയോ സംബന്ധിച്ച് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രത്തിൽ ഒപ്പുവെച്ചിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയതിനെ തുടർന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചികിത്സാ നടപടികളിൽ വീഴ്ചയുണ്ടായോയെന്നും രോഗിയുടെ ബന്ധുക്കളുടെ അനുമതിയില്ലാതെയാണോ ശസ്ത്രക്രിയ നടത്തിയതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതരുടെ വിശദീകരണം പുറത്തുവന്നിട്ടുണ്ടോ എന്നത് വ്യക്തമല്ല. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.

സ്കൂളുകളില്‍ ഓണാവധി ആഗസ്ത് 22 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണാവധി ആഗസ്ത് 22 മുതല്‍ 30 വരെ. ഒമ്പത് ദിവസം മാത്രമാണ് ഓണാവധി നൽകിയിരിക്കുന്നത്. 31ന് സ്കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആഗസ്ത് 14 മുതൽ 20 വരെ ഓണപരീക്ഷകള്‍ നടക്കും. 21നാണ് ഓണാഷോഷം. പരീക്ഷ നടക്കുന്ന ഏതെങ്കിലും ദിവസം അവധി വന്നാൽ ആ പരീക്ഷ 21ന് നടത്താൻ നിർദേശമുണ്ട്. എൽപി, യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് 13ന് പരീക്ഷ ആരംഭിക്കും.