Home Blog Page 327

തിരുവനന്തപുരത്ത് അമിതവേഗതയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചുകയറി; ബൈക്ക് യാത്രക്കാരന്‍റെ കാൽ അറ്റു, കാറിനുള്ളിൽ മദ്യക്കുപ്പികൾ

തിരുവനന്തപുരം: ജനറൽ ആശുപത്രി – പാറ്റൂർ റോഡിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരന്‍റെ നില അതീവ ഗുരുതരം. കൊല്ലങ്കോട് സ്വദേശി സന്തോഷ്, അഭിൻ അഗസ്റ്റിൻ അനിത എന്നിവർക്കാണ് പരിക്കേറ്റത്. ബുധൻ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നു. കാറിനു ള്ളിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തി.

ജനറൽ ആശുപത്രി ഭാഗത്തുനിന്ന് പാറ്റൂരേക്ക് അമിതവേഗതയിൽ വന്ന വെള്ള ഫിയറ്റ് കാർ പാറ്റൂർ റോഡിൽ സെമിത്തേരിക്ക് എതിർവശത്ത് വെച്ച് റോഡിലെ ഡിവൈഡർ മറികടന്ന് എതിർ ട്രാക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് അടുത്ത ട്രാക്കിലൂടെ വന്ന ബൈക്ക് യാത്രക്കാരനെ കാർ ശക്തമായി ഇടിച്ചു. പിന്നാലെ പാറ്റൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയിലും കാർ ഇടിച്ചുകയറി.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരന്‍റെ കാൽ അറ്റ് സമീപത്തെ സെമിത്തേരി പറമ്പിലേക്ക് തെറിച്ചുവീണ നിലയിലാണ് കണ്ടെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെയും ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻഭാഗം തകർന്ന കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കില്ല.

പുത്തൂർ സോമരാജൻ അവാർഡ് ചവറ വികാസിന്

ചവറ.ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാലക്കുള്ള പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ചവറ വികാസ് ഗ്രന്ഥശാലയ്ക്കുള്ള അവാർഡ് സമർപ്പണം ജൂലൈ 31 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വികാസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ നടക്കും. ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ബി മുരളീകൃഷ്ണൻ അധ്യക്ഷത വഹിക്കും.

പുരസ്കാര സമർപ്പണവും അനുസ്മരണ പ്രഭാഷണവും ഡോ. വള്ളിക്കാവ് മോഹൻദാസ് നിർവഹിക്കും. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ദേവി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം സലിം, താലൂക് കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ, സെക്രട്ടറി വി. വിജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജയപ്രകാശ് മേനോൻ, ഗ്രാമപഞ്ചായത്ത് അംഗം എം സുശീല, ആർ. കെ.ദീപ, സി രഘുനാഥ്, ശ്രീകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഗുരുപൂർണിമയിൽ ഗുരുക്കന്മാരെ ആദരിച്ചു

ശാസ്താംകോട്ട:ഗുരുപൂർണിമ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ജനതാന്യൂനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി, അധ്യാപകരെയും പണ്ഡിതരെയും ആചാര്യന്മാരെയും ആദരിച്ചു.
ചടങ്ങിൽ ശാസ്താംകോട്ടയിലെ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ സ്ഥാപകനും ഡയറക്ടറും കേരള ക്രിസ്ത്യൻ യുണൈറ്റഡ് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യം പ്രസിഡന്റുമായ ഫാ. ഡോ. ജോർജ് എബ്രഹാം തലോത്തിൽ ആദരിക്കപ്പെട്ടു. തുടർന്ന് ശാസ്താംകോട്ട ആർ.എച്ച്.എസ്. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുനിൽ തോമസ്, വിരമിച്ച ഹൈസ്കൂൾ അധ്യാപിക രമണിക്കുട്ടിയമ്മ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ന്യൂനപക്ഷ മോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ബിനോയ് ജോർജ് അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ടി. കലേശൻ, ഷിബു ബേബി, ഷാജി ഗ്രീൻ വാലി, വരുൺ. സെബാസ്റ്റ്യൻ, ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആദരസമർപ്പണം നടത്തി.
ഗുരുപരമ്പരയുടെ മഹത്വവും സമൂഹത്തിന്റെ പുരോഗതിയിൽ അധ്യാപകരുടെയും ആചാര്യന്മാരുടെയും വിലമതിക്കാനാകാത്ത സംഭാവനകളും സ്മരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം,ഒന്നാം പ്രതി അഷ്കറിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങി

നെടുമങ്ങാട്. ഒന്നര വയസ്സുകാരന്റെ കൊലപാതകം:ഒന്നാം പ്രതി അഷ്കറിനെ വീണ്ടും നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ വാങ്ങി.അഷ്കറിന്റെ ആദ്യ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവെടുക്കുന്നതിനായാണ് കസ്റ്റഡിയിൽ വാങ്ങിയത്.

എലിവിഷം നൽകിയ ശേഷം കിണറ്റിൽ തള്ളിയിട്ടു എന്നതാണ് കേസ്.കേസിൽ അഷ്‌കറിൻ്റെ മാതാവിനെയും സഹോദരിയേയും പ്രതി ചേർത്തു.

അലക്ഷ്യമായി കാര്‍ ഡോര്‍ തുറന്നു, തട്ടിവീണ സ്കൂട്ടർ യാത്രക്കാരൻ കെഎസ്ആർടിസി ബസിനടിയിൽ പെട്ടു മരിച്ചു

പത്തനംതിട്ട. കോഴഞ്ചേരിയിൽ സ്കൂട്ടർ യാത്രക്കാരൻ കെഎസ്ആർടിസി ബസിനടിയിൽ പെട്ടു മരിച്ചു. മല്ലപ്പുഴശ്ശേരി സ്വദേശി തോമസ് ആണ് മരിച്ചത്. ബസ് തലയിൽ കൂടി കയറി ഇറങ്ങി

നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അലക്ഷ്യമായി തുറന്നതാണ് അപകടകാരണം. ഡോറിൽ തട്ടി തോമസ് റോഡിലേക്ക് വീഴുകയായിരുന്നു.

ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ച യുവാവിന് ഷോക്കേറ്റു

തൃശൂര്‍. ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ച യുവാവിന് ഷോക്കേറ്റു. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്ഫോമിന് സമീപം വെച്ചാണ് സംഭവം. ഗുഡ്സ് ഷെഡിനടുത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിനു മുകളിൽ കയറിയ യുവാവ് ഇലക്ട്രിക് ലൈനിൽ പിടിക്കുകയായിരുന്നു

ഷോക്കേറ്റ് യുവാവ് നിലത്തേക്ക് തെറിച്ചു വീണു. വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു. ഉടൻ റെയിൽവേ അധികൃതർ ലൈൻ ഓഫ് ചെയ്തു. 108 ആംബുലൻസിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

അടൂരിൽ മദ്യപിച്ച് സ്വകാര്യബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

അടൂര്‍. മദ്യപിച്ച് സ്വകാര്യബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. അനീഷാ മോൾ എന്ന ബസ്സിലെ ഡ്രൈവർ രാജേഷാണ് പിടിയിലായത്. അപകടകരമായി ബസ്സ് ഓടിച്ചതിന് നാട്ടുകാർ തടഞ്ഞുവച്ചു പോലീസിനെ വിളിക്കുകയായിരുന്നു. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായ് സ്ഥിരീകരിച്ചു.

അപകടകരമായി വണ്ടി ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ട ചിലരാണ് വണ്ടി തടഞ്ഞത്. വണ്ടി ഓടിച്ചിരുന്നെങ്കില്‍ ഉറപ്പായും അപകടമുണ്ടാക്കിയേനേ എന്ന് നാട്ടുകാര്‍ പറയുന്നു. മദ്യപിച്ചും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചും ബസ് ഓടിക്കുന്നത് മേഖലയില്‍ പതിവാണെന്ന് പരാതിയുണ്ട്.

വേട്ടയാടലിന് തിരിച്ചടി; ഐഷി ഘോഷിന്റെ അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തു

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിൽ തോറ്റതിന്റെ പകവീട്ടാൻ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ തടങ്കലിലാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തിരിച്ചടി. ഡൽഹി പട്യാലഹൗസ് കോടതിയിൽ ഐഷി നൽകിയ അപേക്ഷയിൽ അറസ്റ്റ് വാറന്റ് സ്റ്റേ ചെയ്തു. കേസ്‌ പരിഗണിക്കുന്ന വ്യാഴാഴ്‌ച വരെ ഐഷിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.

2021ൽ ബംഗ ഭവനിലേക്ക്‌ നടത്തിയമാർച്ചിന്റെ ഭാഗമായുള്ള കേസിലാണ്‌ പട്യാല ഹ‍ൗസ്‌ കോടതി ഏപ്രിൽ 15ന്‌ ഐഷിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്‌. മാസങ്ങൾ പിന്നിട്ടിട്ടും ഇതുസംബന്ധിച്ച സമൻസോ അറിയിപ്പോ നൽകിയിരുന്നില്ല. ജന്തർമന്തറിലെ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായ ഐഷിയെ തടങ്കലിലാക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വ വൈകുന്നേരം സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് ഡൽഹി പൊലീസ് എത്തിയിരുന്നു. അഞ്ച്‌ വർഷംമുൻപുള്ള കേസ്‌ കുത്തിപ്പൊക്കി സിജെപിക്കൊപ്പം നീറ്റ്‌ ചോദ്യചോർച്ച സമരത്തിന്‌ നേതൃത്വംനൽകിയ ഐഷിയെ ജയിലിലടക്കാനായിരുന്നു ശ്രമം. എന്നാൽ സ്വകാര്യ വാഹനത്തിൽ നെയിംപ്ലേറ്റോ യൂണിഫോമോ ഇല്ലാതെ എത്തിയ ഡൽഹി പൊലീസ് സംഘത്തെ സിപിഐ എം നേതാക്കളും പ്രവർത്തകരും പ്രതിരോധിച്ച് തിരിച്ചയച്ചു. തുടർന്ന് അറസ്റ്റ് വാറന്റ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഷി കോടതിയെ സമീപിക്കുകയായിരുന്നു.

നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ പ്രക്ഷോഭത്തിൽ തുടക്കം മുതൽ സജീവമായിരുന്ന ഐഷി, സോനം വാങ്ചുക് അറസ്റ്റിലായതോടെ നിരാഹാരസമരവും നടത്തിയിരുന്നു.

ഓച്ചിറയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ഓച്ചിറ: ഓപ്പറേഷൻ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കൊല്ലം സിറ്റി പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 10.790 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.ഓച്ചിറ വലിയകുളങ്ങര അറ്റത്ത് വടക്കേത്തറ വീട്ടിൽ വിഷ്ണു (22) എന്നയാളെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം ഐ.പി.എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 28-ന് രാത്രി ഓച്ചിറ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിലെ കിടപ്പുമുറിയിലെ സ്റ്റീൽ അലമാരക്കുള്ളിൽ സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന 10.790 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.

ഓച്ചിറ, കരുനാഗപ്പള്ളി ഭാഗങ്ങളിലെ യുവാക്കൾക്ക് മയക്കുമരുന്ന് വിൽപ്പന നടത്തി അനധികൃത സാമ്പത്തിക നേട്ടം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ബെംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നാണ് പിടികൂടിയത്.
പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഓച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. ഓച്ചിറ പോലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയരാജ് പണിക്കർ, രഞ്ജിത്ത്, എഎസ്‌ഐ മിനി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരിജിത്ത്, വൈശാഖ്, വിനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനീസ്, അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ എൻ.ഡി.പി.എസ്സ് നിയമപ്രകാരം 481 കേസുകളിലായി 488 പേരെ അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. ഇതുവരെ 172.79 ഗ്രാം എം.ഡി.എം.എ കൂടാതെ 1.652 കിലോഗ്രാം ഗഞ്ചാവ്, 8.35 ഗ്രാം ഹാഷിഷ് ഓയിൽ, 0.26 ഗ്രാം മെത്താംഫെറ്റമിൻ എന്നിവയും 41 ഗഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്. ലഹരിമരുന്ന് ശൃംഖലകൾക്കെതിരെ കൊല്ലം സിറ്റി പോലീസ് ശക്തമായ നടപടികൾ തുടരുമെന്നും, ലഹരിമരുന്ന് വിൽപ്പന, ഉപയോഗം, കടത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾ 9995966666 (യോദ്ധാവ്) എന്ന വാട്‌സാപ്പ് നമ്പറിലൂടെ പോലീസിനെ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

മുൻഗണന റേഷൻ കാർഡ് മാനദണ്ഡങ്ങളിൽ ഇളവ് പരിഗണനയിൽ; 1100 ചതുരശ്ര അടി വീടിനും 800 സി.സി കാറിനും അനുകൂല തീരുമാനം സാധ്യത

തിരുവനന്തപുരം: മുൻഗണന (ബി.പി.എൽ) റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നത് സർക്കാർ പരിഗണിക്കുന്നു. 1100 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളും 800 സി.സി വരെ എൻജിൻ ശേഷിയുള്ള കാറുകളും മുൻഗണന റേഷൻ കാർഡ് ലഭിക്കാൻ തടസ്സമാകാതിരിക്കാനുള്ള നിർദേശമാണ് ധനകാര്യവകുപ്പിന്റെ പരിഗണനയിലുള്ളത്.
നിലവിൽ 2018-ലെ സംസ്ഥാന ഭക്ഷ്യസുരക്ഷാ ചട്ടപ്രകാരം 1000 ചതുരശ്ര അടി വരെയാണ് വീടിന്റെ പരിധി. കൂടാതെ, സ്വയം ഓടിക്കുന്ന ടാക്സി ഒഴികെയുള്ള നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങളുടെ ഉടമകൾക്കും മുൻഗണന കാർഡിന് അർഹതയില്ല.
ഇപ്പോൾ നാലുചക്ര വാഹനം ആഡംബരമല്ലെന്ന സാമൂഹിക സാഹചര്യവും ഭിന്നശേഷിക്കാരായ അംഗങ്ങളുടെ യാത്രാസൗകര്യം ഉൾപ്പെടെയുള്ള ആവശ്യങ്ങളും പരിഗണിച്ചാണ് 800 സി.സി വരെയുള്ള വാഹനങ്ങൾക്ക് ഇളവ് നൽകുന്നത് ആലോചിക്കുന്നത്. ഒരേക്കറിലധികം ഭൂമിയുള്ളവരുടെ കാര്യത്തിലും ഭൂമിയുടെ സ്വഭാവം പരിഗണിച്ച് തീരുമാനമെടുക്കാനാണ് നിർദേശം.
മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന വ്യാപക ആവശ്യത്തെ തുടർന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് സിവിൽ സപ്ലൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടാണ് ഇപ്പോൾ ധനകാര്യവകുപ്പിന്റെ പരിശോധനയിലുള്ളത്. മറ്റ് സർക്കാർ ആനുകൂല്യങ്ങളുമായി മുൻഗണന റേഷൻ കാർഡ് ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ധനവകുപ്പിന്റെ അനുമതിക്ക് ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക.
സംസ്ഥാനത്ത് നിലവിൽ 5,94,209 അന്ത്യോദയ അന്നയോജന (AAY) കാർഡുകളും 37,73,184 മുൻഗണന വിഭാഗം കാർഡുകളും നിലവിലുണ്ട്. നൂറുദിന കർമപരിപാടിയുടെ ഭാഗമായി പുതുതായി 73,024 മുൻഗണന കാർഡുകൾ കൂടി അനുവദിച്ചിട്ടുണ്ടെന്നും ഇവർക്ക് അടുത്ത മാസം മുതൽ സൗജന്യ റേഷൻ ലഭ്യമാകുമെന്നും സർക്കാർ അറിയിച്ചു.