Home Blog Page 316

എവേക് പ്രെയ്സ് പാർട്ടി’ ആത്മീയോത്സവമായി

ശൂരനാട്: കടമ്പനാട് വൈദിക ജില്ല MCYM-ന്റെ നേതൃത്വത്തിൽ ശൂരനാട് സെന്റ് ജോസഫ് തീർത്ഥാടന ഫെറോന ദേവാലയത്തിൽ സംഘടിപ്പിച്ച എവേക്ക് പ്രെയ്സ് പാർട്ടി’ ഭക്തിസാന്ദ്രമായി.
ചടങ്ങിന്റെ ഉദ്ഘാടനം മാവേലിക്കര ഭദ്രാസനാധ്യക്ഷൻ അഭി. ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. ആരാധന എന്നാൽ ദൈവത്തോടൊപ്പം ജീവിക്കുന്ന വിശുദ്ധമായ ജീവിതശൈലിയാണെന്ന് അദ്ദേഹം സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

പുനലൂർ രൂപത അധ്യക്ഷൻ അഭി. സിൽവസ്റ്റർ പൊന്നുമുത്തൻ പിതാവ്.ചടങ്ങിൽ മുഖ്യസന്ദേശം നൽകി.
ബഹു.ഡാനിയേൽ പൂവണ്ണത്തിൽ അച്ചനും ബിനോജ് മുളവരിക്കൽ അച്ചനുമാണ് നേതൃത്വം നൽകിയത്. ആരാധനയിൽ മനസ്സ് നിശ്ചലമാകുമ്പോൾ ദൈവം ഹൃദയത്തോട് സംസാരിക്കുന്നുവെന്ന അനുഭവവേദ്യമായ സന്ദേശമാണ് പ്രാർത്ഥനാസന്ധ്യ പകർന്നത്.
കടമ്പനാട് ജില്ലാ വികാരി ഡോ. ഫാ. ജി. എബ്രഹാം തലോത്തിൽ, MCYM ഡയറക്ടർ ഫാ. മാത്യു വലിയപറമ്പിൽ പ്രസിഡന്റ് അജോ അജി, പ്രോഗ്രാം കൺവീനർ സിജോ ജേക്കബ് തുടങ്ങിയവരുടെയും വൈദികരുടെയും സന്യാസിനിമാരുടെയും മഹനീയ സാന്നിധ്യത്തിൽ വിവിധ ഇടവകകളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ ഗാനശുശ്രൂഷയിൽ പങ്കെടുത്തു.

ബിയർ വാങ്ങി നൽകാത്തതിന് ബാർ പരിസരത്ത് വച്ച് യുവാവിൻ്റെ തല അടിച്ചു പൊട്ടിച്ച ശേഷം ഒളിവിലായിരുന്ന കാപ്പ കേസ് പ്രതി പിടിയിൽ

കരുനാഗപ്പള്ളി: ബാറിൽ സംഘർഷമുണ്ടാക്കിയ ശേഷം ഒളിവിലായിരുന്ന കാപ്പ കേസ് പ്രതി പിടിയിൽ.ആലുംകടവ് മരുതൂർകുളങ്ങര നോർത്തു മഹേശ്വരി ഭവനത്തിൽ ഗൗതം (23)ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.കഴഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് സംഭവത്തിന് ആസ്പദമായ വഴക്ക് നടന്നത്.കരുനാഗപ്പള്ളി സ്വദേശിയായ നിഥിനെ ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് പ്രതി തടഞ്ഞു നിർത്തുകയും ബിയർ വാങ്ങിത്തരാൻ ആവശ്യപ്പെടുകയും ചെയ്തു.

തൻ്റെ കയ്യിൽ കാശില്ലന്ന് പറഞ്ഞതിന്റെ വിരോധത്താൽ പരിസരത്ത് കിടന്ന ബിയർ കുപ്പി കൊണ്ട് പരാതിക്കാരന്റെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നിഥിൻ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ചെങ്ങന്നൂർ ഭാഗത്തു നിന്നാണ് പിടികൂടിയത്.മൊബൈൽ ഫോൺ ഇല്ലാതിരുന്ന പ്രതിയെയാണ് കരുനാഗപ്പള്ളി പോലീസ് സാഹസികമായി ഒളി സങ്കേതത്തിൽ നിന്നും പിടികൂടിയത്.പിടിയിലായ ഗൗതം ആറോളം കേസുകളിൽ പ്രതിയാണ്.കുറ്റവാളികൾക്കെതിരായുള്ള കാപ്പ പ്രകാരം ജില്ലയ്ക്ക് പുറത്തായിരുന്നു.കാപ്പയുടെ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും സമാന കുറ്റകൃത്യത്തിൽ ഏർപെടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസിപി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി എസ്എച്ച്ഒ പ്രവീൺ എസ്.ബി യുടെ മേൽനോട്ടത്തിൽ എസ്ഐ മാരായ അനീഷ്,ആഷിഖ്.എസ്, സിപിഓമാരായ ഹാഷിം, പ്രശാന്ത്, ശ്രീകുമാർ, ജിഷ്ണു ,സരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ദേശീയ ഗ്രീൻ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ശാസ്താംകോട്ട കെഎസ് എം ഡിബി കോളേജ്, രാജ്യത്തെ ഏറ്റവും മികച്ച 50 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ

ശാസ്താംകോട്ട . ദേശീയ ഗ്രീൻ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ (NGUR-2026) ശാസ്താംകോട്ട കെ.എസ് .എം .ഡി.ബി കോളേജ് രാജ്യത്തെ ഏറ്റവും മികച്ച 50 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടി. 100 ൽ 89.4 സ്കോർ നേടി സിൽവർ റെക്കഗ്നിഷനോടെ ദേശീയ തലത്തിൽ 37 -ാം റാങ്ക് നേടിയാണ് കോളേജ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് യൂണിവേഴ്സിറ്റികൾ ഉൾപ്പെടെ ആകെ 4 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഈ വർഷം അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് പ്രിൻസിപ്പൽ പ്രൊഫ. K S അനിൽ കുമാർ പറഞ്ഞു.

ഗ്രീൻ മെന്റേഴ്സ് വികസിപ്പിച്ച നാഷണൽ ഗ്രീൻ യൂണിവേഴ്സിറ്റി റാങ്കിങ് (NGUR) ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുസ്ഥിര വികസന പ്രവർത്തനങ്ങളെ വിലയിരുത്തുന്ന സമഗ്രമായ ദേശീയ റാങ്കിങ് സംവിധാനമാണ്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs), യുനെസ്കോയുടെ ഗ്രീനിംഗ് ഹയർ എജ്യുക്കേഷൻ ഫ്രെയിംവർക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ തെളിവുകളെ ആസ്പദമാക്കി നടത്തുന്ന വിലയിരുത്തലിലൂടെയാണ് റാങ്കിങ് നിർണയിക്കുന്നത്. ഭരണ നിർവ്വഹണം , അക്കാദമിക പ്രവർത്തനങ്ങൾ, ഗവേഷണം, നവീകരണം, ഹരിത ക്യാമ്പസ് പരിപാലനം, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം തുടങ്ങിയ മേഖലകളിലെ മികവാണ് റാങ്കിങ്ങിന് മാനദണ്ഡമാക്കുന്നത്. രാജ്യത്തെ പ്രമുഖ കേന്ദ്ര സർവകലാശാലകൾ, ഐ.ഐ.ടി., എൻ.ഐ.ടി.കൾ, മറ്റ് മുൻനിര സർവകലാശാലകൾ എന്നിവയ്ക്കൊപ്പമാണ് കെ.എസ്.എം.ഡി.ബി കോളേജും ഈ ദേശീയ അംഗീകാരം പങ്കിടുന്നത്.

പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും പ്രാധാന്യം നൽകി അക്കാദമിക പ്രവർത്തനങ്ങൾ, ഗവേഷണം, ഹരിത ക്യാമ്പസ് സംരംഭങ്ങൾ, സാമൂഹികസേവന പരിപാടികൾ എന്നിവയിൽ കോളേജ് തുടർച്ചയായി നടത്തിയ ഇടപെടലുകളുടെ അംഗീകാരമാണ് ഈ നേട്ടം.

രാജ്യത്തെ ഹരിത വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ.എസ്.എം.ഡി.ബി കോളേജിന്റെ ശ്രദ്ധേയമായ സ്ഥാനവും ഈ അംഗീകാരം അടിവരയിടുന്നു.

കള്ളിൽ രാസവസ്തു കലർത്തി വിൽപ്പന, ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകൾ പൂട്ടി

പാലക്കാട്.കള്ളിൽ രാസവസ്തു കലർത്തി വിൽപ്പന നടത്തിയതിന് ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകൾ പൂട്ടി, ലൈസൻസ് റദ്ദാക്കി.
പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് നടപടി. ലൈസൻസിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.


ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഈസ്റ്റ് ഒറ്റപ്പാലം ഷാപ്പിൽ നിന്ന് ശേഖരിച്ച കള്ള് രാസപരിശോധനയ്‌ക്ക് അയച്ചത്തിൽ നിന്ന് സോഡിയം ലോറിൽ സൾഫേറ്റ് (Sodium Lauryl Sulfate – SLS) എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.കള്ളിന്റെ പത,രുചി,ഗന്ധം എന്നിവക്കാണ് ഈ പഥാർതം ഉപയോഗിച്ചിട്ടുള്ളതെന്നാണ് കണ്ടെത്തൽ. പിന്നാലേ ഇതേ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിച്ചിരുന്ന മറ്റ് നാല് ഷാപ്പുകളിലും പരിശോധന നടത്തി പ്രവർത്തനം എക്സൈസ് നിർത്തിവെകാണുകയായിരുന്നു.
ഈസ്റ്റ് ഒറ്റപ്പാലം, അരിയൂർ തൈക്കുമുറി, വീടാംപാറ, വരോട്, ചക്കരക്കുഴി എന്നിവിടങ്ങളിലെ കള്ളുഷാപ്പുകളാണ് അടച്ചുപൂട്ടിയത്. ലൈസൻസിയായ ഒറ്റപ്പാലം സ്വദേശി പവിത്ര, വിൽപനക്കാരൻ സായി ഗോപൻ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായും എക്സൈസ് അധികൃതർ അറിയിച്ചു.. മറ്റ് ജില്ലകളിലേക്കുൾപ്പടെ കള്ള് വിതരണം നടക്കുന്നത് പാലക്കാട്‌ ജില്ലയിൽ നിന്നാണ്. എന്നാൽ ചിറ്റൂർ മേഖലയിൽ കള്ളിന്റെ ഉൽപ്പാദനം കുറഞ്ഞിട്ടും വിൽപനയിൽ കുറവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. പിന്നാലേ ആണ് മായം ചേർത്ത് കള്ള് വിൽക്കുന്നത് പുറത്ത് വന്നത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മറ്റ് ജില്ലകളിൽ നിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥരെ കൂടേ ഉൾപ്പെടുത്തി രഹസ്യ പരിശോധനകൾ തുടരും എന്നും അധികൃതർ അറിയിച്ചു.

കുണ്ടറ കസ്റ്റഡി മര്‍ദ്ദനാരോപണം : പോലീസിന് കുരുക്കായി ഡോക്‌ടറുടെ മൊഴി

കൊല്ലം..കുണ്ടറ കസ്റ്റഡി മര്‍ദ്ദനാരോപണം : പോലീസിന് കുരുക്കായി ഡോക്‌ടറുടെ മൊഴി. പോലീസുകാരൻ മർദ്ധിച്ചുവെന്ന് സിയാദ് പറഞ്ഞതായി ചികിത്സിച്ച ഡോക്‌ടർ. ഈ മാസം 3 ന് കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിയാദ് ഡോക്‌ടറോട് ഇത് പറഞ്ഞത്

ജൂൺ16ന് പുലർച്ചെ 1.30ന് ശ്രീജിത്ത് എന്ന പോലീസുകാരൻ ജീപ്പിൽ കയറ്റി മർദിച്ചു എന്നാണ് സിയാദ് ഡോക്ട‌ടറോട് പറഞ്ഞത്. ആശുപത്രി രേഖയിലും ഡോക്‌ടർ സിയാദിൻ്റെ മൊഴി രേഖപെടുത്തിയിരുന്നു.ഡോ. ശരത് രാജൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

സെൻട്രൽ ജയിലിൽ ലഹരി കണ്ടെത്തി,കേസെടുത്തു

തിരുവനന്തപുരം. സെൻട്രൽ ജയിലിൽ ലഹരി കണ്ടെത്തിയ സംഭവം കേസെടുത്തു പൂജപ്പുര പോലീസ്. സെൻട്രൽ ജയിലിലെ 8-ാം നമ്പർ ബ്ളോക്കിലെ 6-ാം നമ്പർ സെല്ലിൽ പ്രതിക്ക് എതിരെയാണ് കേസ്. ചെമ്പകമംഗലം സ്വദേശി അയ്യപ്പന് എതിരെയാണ് കേസ് എടുത്തത്
ജയിലിൽ ലഹരി കണ്ടെത്തിയ സംഭവം. സെൻട്രൽ ജയിലിലെ 4-ാം നമ്പർ ബ്ളോക്കിലെ 01 ഉം 02 ഉം സെല്ലുകൾക്ക്
ഇടയിൽ വച്ചും ലഹരികൾ കണ്ടെത്തിട്ടുണ്ട്. 01.38 ഗ്രാം ഗഞ്ചാവ്, 5 ബീഡികൾ, മൊബൈൽ ഫോൺ ബാറ്ററിയും, ഒരു കത്രിക, ചെറിയ കത്തി എന്നിവ ഉപേക്ഷിച്ച നിലയിലാണ് കണ്ടത്തിയത്

വെമ്പായത്ത് ബാറിൽ തീ വച്ചതിനെ തുടർന്നുണ്ടായ മരണം 4 ആയി

തിരുവനന്തപുരം. വെമ്പായത്ത് ബാറിൽ തീ വച്ചതിനെ തുടർന്നുണ്ടായ മരണം 4 ആയി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തേക്കട സ്വദേശി നൗഫൽ ആണ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. പൊള്ളലേറ്റ നവാസ് ബാറിനു തീയിട്ട നന്നാട്ടുകാവ് സ്വദേശി അനീഷ് എന്നിവർ നേരത്തെ മരിച്ചു. ഇതിൽ ഉൾപ്പെട്ട രതീഷ് വീട്ടിൽ തൂങ്ങിമരിച്ചിരുന്നു.

ജൂലൈ 19നാണ് വെമ്പായത്തെ ബാറിൽ തീപിടുത്തം ഉണ്ടാകുന്നത് സുഹൃത്തുക്കളുടെ മദ്യപാനത്തിനിടെ തർക്കം ഉണ്ടാവുകയും അനീഷ് എന്നയാൾ പുറത്തുപോയി പെട്രോൾ വാങ്ങിക്കൊണ്ടുവന്ന് ബാറിന് തീ ഇടുകയും ആയിരുന്നു

അനധികൃത മോഡിഫിക്കേഷൻ നടത്തിയ സ്കോർപിയോ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് 32,750 രൂപ പിഴ ചുമത്തി

കൊച്ചി.എറണാകുളത്ത് അനധികൃത മോഡിഫിക്കേഷൻ നടത്തിയ സ്കോർപിയോ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് 32,750 രൂപ പിഴ ചുമത്തി. കാക്കനാട് പള്ളിക്കരയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പുറത്തേക്ക് തള്ളിനിൽക്കുന്ന വലിയ ടയറുകൾ, എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച തടസപ്പെടുത്തുന്ന ആറ് അഡീഷണൽ ലൈറ്റുകൾ, ഹൈ-പവർ ഫ്ലാഷ് ലൈറ്റുകൾ, മറ്റ് അനധികൃത ലൈറ്റിങ് സംവിധാനങ്ങൾ എന്നിവ വാഹനത്തിൽ കണ്ടെത്തി.

ഉയർന്ന ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റവും നിരോധിച്ച മൾട്ടി-ടോൺ എയർ ഹോണുകളും വാഹനത്തിൽ ഘടിപ്പിച്ചിരുന്നതായും പരിശോധനയിൽ വ്യക്തമായി. മുഴുവൻ അനധികൃത മാറ്റങ്ങളും പൂർണമായും നീക്കം ചെയ്ത് പഴയ നിലയിലാക്കി ഹാജരാക്കാൻ ഉടമയ്ക്ക് മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകി. നിർദേശം പാലിക്കാത്ത പക്ഷം രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഹരിപ്പാട് തുണിക്കടക്കുമുന്നിലെ കടപൊളിക്കല്‍ ഗുണ്ടായിസത്തിനായി വഴിവച്ചത് നഗരസഭാ സെക്രട്ടറി നടത്തിയ നിയമവിരുദ്ധ നീക്കം

ഹരിപ്പാട് ശ്രീവത്സം ഗ്രൂപ്പിന്റെ തുണിക്കടക്കുമുന്നിലെ കടപൊളിക്കല്‍ ഗുണ്ടായിസത്തിനായി വഴിവച്ചത് ഹരിപ്പാട് നഗരസഭാ സെക്രട്ടറി നടത്തിയ നിയമവിരുദ്ധ നീക്കം. കട പൊളിക്കാൻ സെക്രട്ടറി നോട്ടീസ് നൽകിയത് ശ്രീവത്സം ഉടമകൾക്ക്. നഗരസഭാ രജിസ്റ്ററിൽ കടയുടെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് ആണെന്നത് മറച്ചാണ് നീക്കം .

ഹരിപ്പാട് സ്വദേശി സുരേഷ് ബാബുവിന്റെ പേരിലാണ് കടമുറികൾ ഉള്ളത്. നഗരസഭ രജിസ്റ്ററിലെ വിവരങ്ങൾ മറച്ചു വെച്ചാണ് സെക്രട്ടറി നോട്ടീസ് നൽകിയത്. കോടതിയിലും കട ഉടമയുടെ യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചു. നഗരസഭ യോഗത്തിൽ ഇക്കാര്യങ്ങളിൽ ചോദ്യം ഉയർന്നതോടെ മറുപടി പറയാതെ സെക്രട്ടറി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രിക്ക് പരാതി

യഥാർത്ഥ ഉടമ കരമടച്ചതിന്റെ രസീത് പുറത്തുവന്നിട്ടുണ്ട്.

മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് പശവെച്ച് ഒട്ടിക്കും, സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; എക്‌സൈസിനെ വട്ടംകറക്കി സരിത

കൊച്ചി: എറണാകുളം ഹോട്ടലില്‍ നിന്ന് പിടികൂടിയ സരിതയും മുഹമ്മദ് ഷാഫിയും എംഡിഎംഎ കടത്തുന്നത്  വേറിട്ട രീതിയില്‍. കഴിഞ്ഞ ദിവസമാണ് എംഡിഎംഎ വില്‍ക്കുന്ന ഇവരെ പൊലീസ് പിടികൂടിയത്. സ്വകാര്യഭാഗത്ത് മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് കടത്തുകയാണ് സരിത ചെയ്യുന്നത്. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയും ആലപ്പുഴ സ്വദേശിനി സരിതയുമാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും വന്‍തോതില്‍ ലഹരിവസ്തുക്കള്‍ വാങ്ങുകയും എറണാകുളത്തേയും ആലപ്പുഴയിലേയും വിവിഡ ലോഡ്ജുകളില്‍ മുറിയെടുത്ത് വില്‍പന നടത്തുകയുമാണ് ഇവരുടെ പതിവ്.

സ്വകാര്യഭാഗത്ത് മെന്‍സ്ട്രല്‍ കപ്പിനുള്ളിലാണ് സരിത എംഡിഎംഎ കടത്തിയിരുന്നത്. കപ്പില്‍ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം ഇത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തുകയാണ് സരിത ചെയ്തിരുന്നത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി ഇരുവരും ബസില്‍ വരുന്ന വഴി കണ്ണൂര്‍ ഇരിട്ടിയില്‍ പരിശോധന നടന്നിരുന്നു. ഷാഫി കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും സരിത മെന്‍സ്ട്രല്‍ കപ്പിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്നതിനാല്‍ എക്‌സൈസ് പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ല. പിന്നീട് ഈ രാസലഹരിയുമായി ഇരുവരും വില്‍പനയ്ക്കായി എറണാകുളത്ത് എത്തുകയായിരുന്നു. ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവര്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. മുമ്പ് ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന ആളാണ് സരിത. ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് ഷാഫി. ഇവരില്‍ നിന്ന് എംഡിഎംഎ വാങ്ങിയ ആളുകളെക്കുറിച്ചും എക്‌സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ നിലവില്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ പറഞ്ഞു

വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്. എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജില്‍ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആണ് എക്‌സൈസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. എറണാകുളത്തെ മുറിയില്‍ എക്‌സൈസ് പരിശോധന നടക്കുമ്പോള്‍ സരിത ആലപ്പുഴയില്‍ എംഡിഎംഎ വില്‍ക്കാന്‍ പോയിരിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘം സരിത തിരിച്ചെത്താന്‍ കാത്തിരുന്നു. എറണാകുളത്ത് എത്തിയ സരിതയെ രാത്രി 10.30 യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടര്‍ന്ന് എക്‌സൈസ് സംഘം പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയില്‍ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുക്കുകയായിരുന്നു. ഇവരില്‍ നിന്നും മൊത്തം 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈല്‍ ഫോണും ലഹരി വില്‍പനയില്‍ നിന്ന് ലഭിച്ച 17,770 രൂപയും എക്‌സൈസ് പിടിച്ചെടുത്തു. എറണാകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.