26.8 C
Kollam
Wednesday 16th September, 2026 | 02:50:45 AM
Home News Breaking News മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് പശവെച്ച് ഒട്ടിക്കും, സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; എക്‌സൈസിനെ വട്ടംകറക്കി സരിത

മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് പശവെച്ച് ഒട്ടിക്കും, സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; എക്‌സൈസിനെ വട്ടംകറക്കി സരിത

കൊച്ചി: എറണാകുളം ഹോട്ടലില്‍ നിന്ന് പിടികൂടിയ സരിതയും മുഹമ്മദ് ഷാഫിയും എംഡിഎംഎ കടത്തുന്നത്  വേറിട്ട രീതിയില്‍. കഴിഞ്ഞ ദിവസമാണ് എംഡിഎംഎ വില്‍ക്കുന്ന ഇവരെ പൊലീസ് പിടികൂടിയത്. സ്വകാര്യഭാഗത്ത് മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് കടത്തുകയാണ് സരിത ചെയ്യുന്നത്. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയും ആലപ്പുഴ സ്വദേശിനി സരിതയുമാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും വന്‍തോതില്‍ ലഹരിവസ്തുക്കള്‍ വാങ്ങുകയും എറണാകുളത്തേയും ആലപ്പുഴയിലേയും വിവിഡ ലോഡ്ജുകളില്‍ മുറിയെടുത്ത് വില്‍പന നടത്തുകയുമാണ് ഇവരുടെ പതിവ്.

സ്വകാര്യഭാഗത്ത് മെന്‍സ്ട്രല്‍ കപ്പിനുള്ളിലാണ് സരിത എംഡിഎംഎ കടത്തിയിരുന്നത്. കപ്പില്‍ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം ഇത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തുകയാണ് സരിത ചെയ്തിരുന്നത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി ഇരുവരും ബസില്‍ വരുന്ന വഴി കണ്ണൂര്‍ ഇരിട്ടിയില്‍ പരിശോധന നടന്നിരുന്നു. ഷാഫി കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും സരിത മെന്‍സ്ട്രല്‍ കപ്പിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്നതിനാല്‍ എക്‌സൈസ് പരിശോധനയില്‍ ലഹരി കണ്ടെത്താനായില്ല. പിന്നീട് ഈ രാസലഹരിയുമായി ഇരുവരും വില്‍പനയ്ക്കായി എറണാകുളത്ത് എത്തുകയായിരുന്നു. ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവര്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. മുമ്പ് ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന ആളാണ് സരിത. ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് ഷാഫി. ഇവരില്‍ നിന്ന് എംഡിഎംഎ വാങ്ങിയ ആളുകളെക്കുറിച്ചും എക്‌സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ നിലവില്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ പറഞ്ഞു

വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്. എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജില്‍ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആണ് എക്‌സൈസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. എറണാകുളത്തെ മുറിയില്‍ എക്‌സൈസ് പരിശോധന നടക്കുമ്പോള്‍ സരിത ആലപ്പുഴയില്‍ എംഡിഎംഎ വില്‍ക്കാന്‍ പോയിരിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘം സരിത തിരിച്ചെത്താന്‍ കാത്തിരുന്നു. എറണാകുളത്ത് എത്തിയ സരിതയെ രാത്രി 10.30 യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടര്‍ന്ന് എക്‌സൈസ് സംഘം പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയില്‍ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുക്കുകയായിരുന്നു. ഇവരില്‍ നിന്നും മൊത്തം 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈല്‍ ഫോണും ലഹരി വില്‍പനയില്‍ നിന്ന് ലഭിച്ച 17,770 രൂപയും എക്‌സൈസ് പിടിച്ചെടുത്തു. എറണാകുളം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.