കേരളത്തിലേക്ക് ആറുമാസത്തിനിടെ ലഹരിസംഘം കടത്തിയത് 200 കിലോയിലധികം എംഡിഎംഎയെന്ന് കണ്ടെത്തൽ. കോയമ്പത്തൂരിൽ നിന്ന് മലപ്പുറം പോലീസ് 13 കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരാന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്താകെ പോലീസ് പിടികൂടിയ എംഡിഎംഎയുടെ ആറിരട്ടിയോളം വരുന്ന രാസലഹരിയാണ് പിടിയിലായ ഈ മാഫിയ സംഘം മാത്രം കേരളത്തിലേക്ക് കടത്തിയത്
കേരളത്തിലേക്കുള്ള രാസലഹരിക്കടത്തിന്റെ വൻ ശൃംഖലയിലേക്കാണ് മലപ്പുറം പോലീസിന്റെ അന്വേഷണം നീളുന്നത്. കോയമ്പത്തൂരിൽ നിന്ന് പത്ത് കോടിയിലധികം രൂപ വിലമതിക്കുന്ന 12.8 കിലോ എംഡിഎംഎ പിടികൂടിയ കേസിലാണ് നിർണായക കണ്ടെത്തലുകൾ. കേസിലെ മുഖ്യ സൂത്രധാരനായ മലപ്പുറം പന്തല്ലൂർ സ്വദേശി ഇബ്രാഹിം ബാദുഷയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം ഇബ്റാഹീം ബാദുഷ അടങ്ങുന്ന ഈ സംഘം 200 കിലോയിലധികം എംഡിഎംഎ കേരളത്തിലേക്ക് കടത്തിയന്നാണ് പോലീസ് കണ്ടെത്തൽ.
ഓരോ ആഴ്ച്ചയും പത്ത് കിലോയിൽ അധികം MDMA യാണ് ഈ സംഘം കടത്തിയിരുന്നത്. ആഡംബര കാറിന്റെ ഡോറുകളിൽ അടക്കം രഹസ്യ അറകൾ നിർമ്മിച്ചായിരുന്നു ലഹരിക്കടത്ത്.
ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം ലഹരിമരുന്ന് ശേഖരിക്കുകയും കേരളത്തിലേക്ക് എത്തിക്കുകയും ചെയ്തിരുന്നത്. കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ മേഖലകൾ ഇടത്താവളങ്ങളാക്കിയായിരുന്നു കടത്ത്. ലഹരിക്കടത്തിന്റെ പ്രധാന കേന്ദ്രമായി ഡൽഹി മാറിയതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഡൽഹിയിൽ എംഡിഎംഎ നിർമ്മിക്കുന്നതിനും വൻതോതിൽ സൂക്ഷിക്കുന്നതിനുമായി നിഗൂഡ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. സംസ്ഥാനത്തെ ലഹരിവിപണിയുടെ വ്യാപ്തിയിലേക്കാണ് വിരൽചൂണ്ടുന്നതും ആശങ്കപ്പെടുത്തുന്നതുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച നിർണായക വിവരങ്ങൾ.



































