Home Blog Page 315

‘കള്ളൻ വിജയൻ’ വിവാദം: കടുത്ത നടപടിക്കൊരുങ്ങി ദേശാഭിമാനി 

തിരുവനന്തപുരം: ‘കള്ളൻ വിജയൻ’ ലേഖന വിവാദത്തില്‍ കടുത്ത നടപടിക്കൊരുങ്ങി ദേശാഭിമാനി ദിനപത്രം. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ നിർദ്ദേശം നൽകി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് വാക്കാൽ നിർദ്ദേശം നൽകിയത്. വിവാദത്തിന് പിന്നാലെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അതേസമയം വിവാദം ഒന്നും പുറത്ത് സമ്മതിക്കാൻ ദേശാഭിമാനി നേതൃത്വമോ സിപിഎം നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല.

പുല്ലംപാറയിലെ നാടക പ്രവർത്തകൻ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൻ്റെ തലക്കെട്ടിനെ കുറിച്ച് വലിയ തർക്കം ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിലുണ്ടായിരുന്നു. ഇതേ തുടർന്ന് വിഎസിൻ്റെ അനുസ്മരണം അടങ്ങിയ വാരാന്തപ്പതിപ്പിൻ്റെ പ്രസിദ്ധീകരണം മുടങ്ങിയിരുന്നു. ലേഖനത്തിൻ്റെ തലക്കെട്ട് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തതിൻ്റെ പേരിലും വിവാദം മാധ്യമങ്ങളിൽ ചർച്ചയായതിന്‍റെ പേരിലുമാണ് അജയനെ ചുമതലയില്‍ നിന്ന് മാറ്റിയത്. അജയന് ചീഫ് ന്യൂസ് എഡിറ്റർ ടി ചന്ദ്രമോഹനാണ് പകരം ചുമതല നൽകിയത്. പുല്ലമ്പാറയിലെ കള്ളൻ വിജയൻ എന്ന നാടകപ്രവ‍ർത്തകനെ കുറിച്ചുള്ള ലേഖനത്തിന്‍റെ ഉചിതമായ തലക്കെട്ടാണ് കള്ളൻ വിജയൻ എന്നായിരുന്നു അജയൻ്റെ നിലപാട്. 

എഡിറ്റോറിയിൽ വിഭാഗത്തിലുണ്ടായ തർക്കത്തിലും റസിഡൻ്റ് എഡിറ്ററുടെ കാരണം കാണിക്കൽ നോട്ടീസിനും ഇതായിരുന്നു അജയൻ്റെ മറുപടി. പക്ഷെ വിവാദത്തിൽ പാർട്ടിയും പത്രവും വെട്ടിലായതോടെയാണ് അച്ചടക്കനടപടി, പത്രത്തിൻ്റെ കമ്പ്യൂട്ടർ വിഭാഗം ചുമതലയുള്ള വിഭാഗം മേധാവി അജയൻ ഉപയോഗിച്ച കമ്പ്യൂട്ടർ അടക്കം പരിശോധിച്ചെന്നാണ് വിവരം. ആവിഷ്ക്കാര സ്വാതന്ത്രത്തെ കുറിച്ച് എന്നും സംസാരിക്കുന്ന പാർട്ടി നേതാക്കൾ ഉൾപ്പെട്ട പത്രാധിപസമിതിയാണ് തലക്കെട്ടിൻ്റെ പേരിൽ നടപടി എടുത്തത്.

പിഎം ശ്രീ, പിന്മാറുന്നതില്‍ ഒരു വിഷമവുമില്ല, പക്ഷേ ഫണ്ട് കിട്ടില്ല, പെട്ടല്ലോ

തിരുവനന്തപുരം. പി എം ശ്രീ പദ്ധതിയിൽ UDF സർക്കാർ വാദങ്ങളെ പൊളിച്ച് കേന്ദ്ര മറുപടി. സംസ്ഥാനങ്ങൾ പിന്മാറുന്നതിൽ നിയമ തടസ്സമില്ലെന്ന് കേന്ദ്ര സർക്കാർ. ഔദ്യോഗിക മറുപടി പുറത്തുവന്നതോടെ യുഡിഎഫ് സർക്കാർ വെട്ടിലായി. പുതിയ രേഖകളുടെ അടിസ്ഥാനത്തിൽ ഉപസമിതി ഇക്കാര്യം വീണ്ടും ചർച്ച ചെയ്യുമെന്ന് ഉപസമിതി അംഗം മന്ത്രി റോജി എം ജോൺ പ്രതികരിച്ചു

പി എം ശ്രീയിൽ കുരുക്കിൽ ആയത് യുഡിഎഫ് സർക്കാരാണ്. എൽഡിഎഫ് സർക്കാർ കരാറിൽ ഒപ്പിട്ടതിനാൽ പിന്മാറ്റം നിയമപരമായി സാധ്യമല്ലെന്ന് ആയിരുന്നു യുഡിഎഫ് സർക്കാരിന്റെ നിലപാട്.ആ നിലപാടിൽ തുടർന്നുകൊണ്ട് പാഠ്യപദ്ധതിയും ഏതൊക്കെ സ്കൂളുകളിൽ നടപ്പാക്കണം എന്നതിലും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുമെന്നു ആയിരുന്നു നിലപാട്.ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ മറുപടി രേഖാമൂലം പുറത്തുവരുന്നത്. അബ്ദുൽ വഹാബ് എംപിക്ക് കേന്ദ്ര സഹമന്ത്രി ജയന്ത്‌ ചൗധരിയാണ് മറുപടി നൽകിയത്. കേന്ദ്രത്തിന്റെ മറുപടി അനുസരിച്ച് സംസ്ഥാനങ്ങൾക്ക് പിന്മാറാം നിയമപ്രശ്നങ്ങൾ ഒന്നും തന്നെയില്ല പക്ഷേ ഫണ്ട് ലഭ്യമാകില്ല

ഇനിയാണ് യുഡിഎഫ് സർക്കാരിന്റെ തലവേദന തുടങ്ങുന്നത്.പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സമ്മർദ്ദം രാഷ്ട്രീയമായി ഉയരും. പിന്മാറിയാൽ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഫണ്ട് പ്രശ്നമാവുകയും ചെയ്യും.

ഈ ഘട്ടത്തിൽ ഇതിനെ രാഷ്ട്രീയമായും ഭരണപരമായും കൈകാര്യം ചെയ്യേണ്ട ബാധ്യത കൂടിയാണ് കോൺഗ്രസിലേക്കും സർക്കാരിലേക്കും എത്തുന്നത്.

കെഎസ്ആർടിസി ബസ് തട്ടി സ്കൂട്ടർ യാത്രക്കാരൻ വീണു എന്ന് ആരോപിച്ച് ബസ് ഡ്രൈവർക്ക് മർദ്ദനം,ഡ്രൈവര്‍ തളര്‍ന്നുവീണു

മാന്നാര്‍. കെഎസ്ആർടിസി ബസ് തട്ടി സ്കൂട്ടർ യാത്രക്കാരൻ വീണു എന്ന് ആരോപിച്ച് ബസ് ഡ്രൈവർക്ക് മർദ്ദനം.ബസ്സിനുള്ളിൽ കയറിയുള്ള മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവർ വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് വരുന്നത് കണ്ട് സ്കൂട്ടർ യാത്രക്കാരൻ ബസ്സിനു മുന്നിലേക്ക് നിയന്ത്രണം തെറ്റി വീഴുകയായിരുന്നു എന്നാണ് യാത്രക്കാരും പറയുന്നത്.മാവേലിക്കര പുതിയകാവ് സ്വദേശി വിപിൻ കൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

ഇന്നലെ രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.ഹരിപ്പാട് ഡിപ്പോയിൽ നിന്ന് ചെങ്ങന്നൂർ വഴി ആലപ്പുഴയിലേക്കുള്ള സർവീസ് നടത്തുന്ന ബസ്സിലെ ഡ്രൈവർ വിജയനാണ് മർദ്ദനമേറ്റത്.ബസ് ചെന്നിത്തല പുത്തുവിളപ്പടി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിയുന്നതിനിടെ മാവേലിക്കര ഭാഗത്തുനിന്ന് എത്തിയ സ്കൂട്ടർ യാത്രക്കാരൻ നിയന്ത്രണം റോഡിലേക്ക് മറിഞ്ഞുവീണു.ഇത് കണ്ട് ബസ് നിർത്തിയ ഡ്രൈവർ വിജയനനേറെ സ്കൂട്ടർ യാത്രക്കാരൻ പ്രകോപനപരമായി സംസാരിക്കുകയും ബസ്സിനുള്ളിൽ കയറി ഡ്രൈവറെ മർദ്ദിക്കുകയും ആയിരുന്നു.ബസ്സ് തട്ടിയതുകൊണ്ടാണ് യാത്രക്കാരൻ താഴെ വീണത് എന്നായിരുന്നു ആക്ഷേപം.

സ്കൂട്ടർ യാത്രക്കാരനായ മാവേലിക്കര സ്വദേശി വിപിൻ കൃഷ്ണന്റെ ചവിട്ടേറ്റ ഡ്രൈവർ വിജയൻ ബസ്സിനുള്ളിൽ കുഴഞ്ഞുവീണു.ഗുരുതരമായി പരിക്കേറ്റ വിജയനെ യാത്രക്കാരാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് മാന്നാർ പോലീസ് സ്ഥലത്തെത്തി.ബസ്സ് വരുന്നത് കണ്ട് സ്കൂട്ടർ യാത്രക്കാരൻ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് യാത്രക്കാർ പോലീസിൽ മൊഴി നൽകിയത്.ഇതോടെ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും വിപിൻ കൃഷ്ണനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.

വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ 24 കാരന് 30 വർഷം കഠിന തടവ്

ഈരാറ്റുപേട്ട . 88 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ 24 കാരന് 30 വർഷം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും. കോട്ടയം കിടങ്ങൂർ സ്വദേശി പ്രസാദ് വിജയൻ ആണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷാ വിധി ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേത്

2022 ജനുവരി 10-നാണ് കേസിനാസ്പദമായ സംഭവം. വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി മാനഭംഗപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്ത് പി എം ശ്രീ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ

തിരുവനന്തപുരം.സംസ്ഥാനത്ത് പി എം ശ്രീ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ നേതാവ് പി എസ് സഞ്ജീവ് പറഞ്ഞു.

പദ്ധതി നടപ്പിലാക്കാൻ ഒരു ബാധ്യതയും യു ഡി എഫ് സർക്കാരിനില്ല,എന്നിട്ടും പദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയാണ്. മുസ്ലീം ലീഗ് നേതാക്കളുടെ പേരുള്ള നിരവധി സ്കൂളുകൾ ഉണ്ട്. അവയുടെ കൂടെ പി എം ശ്രീ എന്ന് ചേർക്കുന്നതിൽ ലീഗിന്റെ അഭിപ്രായം എന്താണ്. എസ് എഫ് ഐ എന്തായാലും അത് തടയും. സംഘപരിവാർ ബോധ്യങ്ങൾ അടിസ്ഥാനമായുള്ള പാഠങ്ങൾ പഠിക്കേണ്ടി വരും. ആ നീക്കങ്ങൾ എസ് എഫ് ഐ തടയും

സംഘപരിവാറിനെതിരെ ശക്തമായ സമരം ചെയ്ത സംഘടനയാണ് എസ് എഫ് ഐ. മറ്റൊരു സംഘപരിവാറുകാരനായ വി ഡി സതീശന് ആ സമരം നേരിടേണ്ടെങ്കിൽ പിന്മാറണം. പി എം ശ്രീ സി എച്ച് സ്കൂൾ, പി എം ശ്രീ സീതി സാഹിബ് സ്കൂൾ എന്നൊക്കെ പേര് വന്നാൽ ലീഗുകാർ അംഗീകരിക്കുമോ

“പ്രോജക്ട് സീറോ” യുടെ ഭാഗമായി അഴിമതിക്കെതിരെ വിജിലൻസ്, ഭൂമി തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ്റ് പിടിയിൽ

തിരുവനന്തപുരം. വള്ളക്കടവ് സ്വദേശിയായ പരാതിക്കാരന്റെ വസ്തു തരംമാറ്റി കിട്ടുന്നതിനുള്ള അപേക്ഷയിൽ വേഗത്തിലാക്കുന്നതിന് 5,000/- രൂപ കൈക്കൂലി നടപടി വാങ്ങിയ തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും നെടുമങ്ങാട് നെട്ടറച്ചിറ സ്വദേശിയുമായ അസറുദ്ദീൻ S.Z (വയസ്-37) നെ വിജിലൻസ് കൈയ്യോടെ പിടികൂടി.

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ പരാതിക്കാരന്റെയും ഭാര്യയുടെയും ഉടമസ്ഥതയിൽ മുട്ടത്തറ വില്ലേജിലുള്ള 3 സെൻ്റ് സ്ഥലത്ത് പുതുതായി വീട് നിർമ്മിക്കുന്ന ആവശ്യത്തിലേയ്ക്ക് വില്ലേജ് രേഖകളിൽ നിലമായി രേഖപ്പെടുത്തിയിരുന്ന വസ്തു തരംമാറ്റി ലഭിക്കേണ്ടതായി വന്നതിനെ തുടർന്ന് പരാതിക്കാരൻ ഓൺ ലൈനായി അപേക്ഷ നൽകിയിരുന്നു. അപേക്ഷയുടെ ഓൺ ലൈൻ സ്റ്റാറ്റസ് പരിശോധിച്ചതിൽ മുട്ടത്തറ വില്ലേജ് ഓഫീസിൽ പെൻഡിംഗിലാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് പരാതിക്കാരൻ 25.07.2026 തീയതി വില്ലേജ് ഓഫീസിൽ എത്തി വില്ലേജ് അസിസ്റ്റന്റ്റ് അസറുദ്ദീനെ കാണുകയും മറ്റൊരു ദിവസം വരാൻ പറഞ്ഞ് പരാതിക്കാരനെ തിരികെ അയക്കുകയും ചെയ്തു.

തുടർന്ന് നിർദ്ദേശ പ്രകാരം ഇന്നലെ (30.07.2026) വില്ലേജ് ഓഫീസിൽ എത്തിയ പരാതിക്കാരനൊപ്പം അസറുദ്ദീൻ സ്ഥലം സന്ദർശിക്കുകയും തരംമാറ്റത്തിന് കാലതാമസം ഉണ്ടാകുമെന്നും കാര്യങ്ങൾ വേഗത്തിൽ നടക്കണമെങ്കിൽ 5,000/- രൂപ കൈക്കൂലി നൽകണമെന്നും പറഞ്ഞ് തിരികെ പോയി. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം തിരുവനന്തപുരം, ദക്ഷിണ മേഖല വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (31.07.2026) വൈകുന്നേരം 05.10 മണിയ്ക്ക് മുട്ടത്തറ വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 5,000/-രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റ് അസറുദ്ദീൻ S.Z (വയസ്-37) നെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട് സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

പുഴ കരകവിഞ്ഞ് പാലത്തിൽ വെള്ളം കയറി, പാലം കടക്കാൻ ശ്രമിച്ചപ്പോൾ കാര്‍ ഒഴുകിപ്പോയി, മരത്തിൽ പിടിച്ച് യുവാവ് രക്ഷപ്പെട്ടു, ഭാര്യയും 2 മക്കളും മരിച്ചു

യവത്മാൽ: മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ കനത്ത മഴയിൽ കവിഞ്ഞൊഴുകിയ കുപ്തി പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ കടക്കാൻ ശ്രമിച്ച കാർ ശക്തമായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച അഹല്യാനഗർ ജില്ലയിലെ ലോണി പ്രദേശത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ദർവാ പ്രദേശത്ത് കവിഞ്ഞൊഴുകിയ പുഴയിലെ വെള്ളത്തിന്റെ ആഴവും ഒഴുക്കിന്റെ ശക്തിയും കൃത്യമായി കണക്കാക്കാൻ കഴിയാതെ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായത്.

Also Read: വിജയ് സർക്കാരിന് വീണ്ടും തിരിച്ചടി, ഉപതെരഞ്ഞെടുപ്പ് വൈകും; തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കിയ ഉത്തരവ് നീട്ടി ഹൈക്കോടതി

വാഹനം വെള്ളത്തിൽ ഒഴുകിപ്പോകുമ്പോൾ അവിനാഷ് ഖണ്ഡാരെ എന്നയാൾ മരത്തിൽ പിടിച്ചുകയറി രക്ഷപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ മാധവിയും രണ്ട് പെൺമക്കളും കാറിനുള്ളിൽ കിടന്ന് കുത്തിയൊഴുകുന്ന വെള്ളത്തിൽ ഒഴുകിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രാത്രി മുഴുവൻ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് മൂന്ന് മൃതദേഹങ്ങളും കാറും കണ്ടെടുത്തത്.

മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ കനത്ത മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് മഴക്കെടുതികളിൽപ്പെട്ട് ഒറ്റദിവസം കൊണ്ട് 13 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നൂറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

വിജയ് സർക്കാരിന് വീണ്ടും തിരിച്ചടി, ഉപതെരഞ്ഞെടുപ്പ് വൈകും; തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കിയ ഉത്തരവ് നീട്ടി ഹൈക്കോടതി

ചെന്നൈ: തമിഴിനാട്ടിൽ സർക്കാരിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ടിവികെ നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ ഓഗസ്റ്റിൽ നടക്കില്ല. തമിഴ്‌നാട്ടിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഇടക്കാല സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി.

Also Read: മെന്‍സ്ട്രല്‍ കപ്പില്‍ എംഡിഎംഎ നിറച്ച് പശവെച്ച് ഒട്ടിക്കും, സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; എക്‌സൈസിനെ വട്ടംകറക്കി സരിത

ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കിയ ഉത്തരവ് ഓഗസ്റ്റ് 28 വരെ നീട്ടിയത്. നേരത്തെ ജൂലൈ 31 വരെ ആയിരുന്നു വിലക്ക്. അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകുന്നതോടെ ടിവികെയ്ക്ക് തനിച്ച് വളരെ വേഗം ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ഹർജികൾ ഉണ്ടെന്ന കാരണം ആണ് കമ്മീഷനെ വിലക്കിയ ഉത്തരവ് നീട്ടിയതിന് കോടതി പറയുന്നത്. ഇന്നലെ തെരഞ്ഞെടുപ്പ് ഹർജികൾ പരിഗണിക്കുന്നതും മാറ്റിയിരുന്നു. തിരുച്ചി ഈസ്റ്റ്, പെരുന്തുറ, അംബാസമുദ്രം, വിരലിമലൈ, കരൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ, ഈ മണ്ഡലങ്ങളിലെ മുൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ള തെരഞ്ഞെടുപ്പ് ഹർജികൾ നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. ഹർജികളിൽ വിധി വരുന്നതിന് മുൻപ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് നിയമക്കുരുക്കുകൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.

കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന സർക്കാരിനോടും വിശദീകരണം തേടിയ കോടതി വിഷയം വിശദമായി വാദം കേൾക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഹർജി ഉണ്ടെന്ന പേരിൽ ഉപതെരഞ്ഞെടുപ്പ് വൈകിക്കുന്ന പുതിയ രീതി ആണ് പയറ്റുന്നതെന്നാണ് ഉയരുന്ന വിമർശനം. തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് വലിയ ആരോപണങ്ങൾ ഉയരുന്നതിനിടെ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നില്ല. ഏഴ് മണ്ഡലങ്ങളിലെ ഒഴിവ് വിജ്ഞാപനം ഇറക്കിയെങ്കിലും തമിഴ്നാടിനെ പരിഗണിക്കാത്തത് വിജയ് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു.

എവേക് പ്രെയ്സ് പാർട്ടി’ ആത്മീയോത്സവമായി

ശൂരനാട്: കടമ്പനാട് വൈദിക ജില്ല MCYM-ന്റെ നേതൃത്വത്തിൽ ശൂരനാട് സെന്റ് ജോസഫ് തീർത്ഥാടന ഫെറോന ദേവാലയത്തിൽ സംഘടിപ്പിച്ച എവേക്ക് പ്രെയ്സ് പാർട്ടി’ ഭക്തിസാന്ദ്രമായി.
ചടങ്ങിന്റെ ഉദ്ഘാടനം മാവേലിക്കര ഭദ്രാസനാധ്യക്ഷൻ അഭി. ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. ആരാധന എന്നാൽ ദൈവത്തോടൊപ്പം ജീവിക്കുന്ന വിശുദ്ധമായ ജീവിതശൈലിയാണെന്ന് അദ്ദേഹം സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

പുനലൂർ രൂപത അധ്യക്ഷൻ അഭി. സിൽവസ്റ്റർ പൊന്നുമുത്തൻ പിതാവ്.ചടങ്ങിൽ മുഖ്യസന്ദേശം നൽകി.
ബഹു.ഡാനിയേൽ പൂവണ്ണത്തിൽ അച്ചനും ബിനോജ് മുളവരിക്കൽ അച്ചനുമാണ് നേതൃത്വം നൽകിയത്. ആരാധനയിൽ മനസ്സ് നിശ്ചലമാകുമ്പോൾ ദൈവം ഹൃദയത്തോട് സംസാരിക്കുന്നുവെന്ന അനുഭവവേദ്യമായ സന്ദേശമാണ് പ്രാർത്ഥനാസന്ധ്യ പകർന്നത്.
കടമ്പനാട് ജില്ലാ വികാരി ഡോ. ഫാ. ജി. എബ്രഹാം തലോത്തിൽ, MCYM ഡയറക്ടർ ഫാ. മാത്യു വലിയപറമ്പിൽ പ്രസിഡന്റ് അജോ അജി, പ്രോഗ്രാം കൺവീനർ സിജോ ജേക്കബ് തുടങ്ങിയവരുടെയും വൈദികരുടെയും സന്യാസിനിമാരുടെയും മഹനീയ സാന്നിധ്യത്തിൽ വിവിധ ഇടവകകളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ ഗാനശുശ്രൂഷയിൽ പങ്കെടുത്തു.

ബിയർ വാങ്ങി നൽകാത്തതിന് ബാർ പരിസരത്ത് വച്ച് യുവാവിൻ്റെ തല അടിച്ചു പൊട്ടിച്ച ശേഷം ഒളിവിലായിരുന്ന കാപ്പ കേസ് പ്രതി പിടിയിൽ

കരുനാഗപ്പള്ളി: ബാറിൽ സംഘർഷമുണ്ടാക്കിയ ശേഷം ഒളിവിലായിരുന്ന കാപ്പ കേസ് പ്രതി പിടിയിൽ.ആലുംകടവ് മരുതൂർകുളങ്ങര നോർത്തു മഹേശ്വരി ഭവനത്തിൽ ഗൗതം (23)ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.കഴഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് സംഭവത്തിന് ആസ്പദമായ വഴക്ക് നടന്നത്.കരുനാഗപ്പള്ളി സ്വദേശിയായ നിഥിനെ ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് പ്രതി തടഞ്ഞു നിർത്തുകയും ബിയർ വാങ്ങിത്തരാൻ ആവശ്യപ്പെടുകയും ചെയ്തു.

തൻ്റെ കയ്യിൽ കാശില്ലന്ന് പറഞ്ഞതിന്റെ വിരോധത്താൽ പരിസരത്ത് കിടന്ന ബിയർ കുപ്പി കൊണ്ട് പരാതിക്കാരന്റെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നിഥിൻ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ചെങ്ങന്നൂർ ഭാഗത്തു നിന്നാണ് പിടികൂടിയത്.മൊബൈൽ ഫോൺ ഇല്ലാതിരുന്ന പ്രതിയെയാണ് കരുനാഗപ്പള്ളി പോലീസ് സാഹസികമായി ഒളി സങ്കേതത്തിൽ നിന്നും പിടികൂടിയത്.പിടിയിലായ ഗൗതം ആറോളം കേസുകളിൽ പ്രതിയാണ്.കുറ്റവാളികൾക്കെതിരായുള്ള കാപ്പ പ്രകാരം ജില്ലയ്ക്ക് പുറത്തായിരുന്നു.കാപ്പയുടെ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും സമാന കുറ്റകൃത്യത്തിൽ ഏർപെടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസിപി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി എസ്എച്ച്ഒ പ്രവീൺ എസ്.ബി യുടെ മേൽനോട്ടത്തിൽ എസ്ഐ മാരായ അനീഷ്,ആഷിഖ്.എസ്, സിപിഓമാരായ ഹാഷിം, പ്രശാന്ത്, ശ്രീകുമാർ, ജിഷ്ണു ,സരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.