Home News Breaking News പരീക്ഷക്കുമേല്‍ പരീക്ഷ, വിഡി എന്ന ഊതിക്കാച്ചിയ പൊന്ന്

പരീക്ഷക്കുമേല്‍ പരീക്ഷ, വിഡി എന്ന ഊതിക്കാച്ചിയ പൊന്ന്

Advertisement

കേരള രാഷ്ട്രീയ ചരിത്രത്തിൽ അസാധാരണ സ്ഥാനമായിരിക്കും വി ഡി സതീശന്. 102 സീറ്റുകളിലെ വിജയം ഒന്നുമല്ലാതാക്കി ഉറ്റവര്‍തന്നെ വിധിച്ച അഗ്നിപരീക്ഷകൂടി മറികടന്നാണ് വി ഡി സതീശന്‍ എത്തുന്നത്. ശരിക്കും ഊതിക്കാച്ചിയ പൊന്ന്. മഹാരഥന്മാർ വാണരുളിയ കസേരയിലേക്കാണ് കർമശേഷിയുടെ മികവു കൊണ്ടു മാത്രം സതീശൻ കടന്നിരിക്കുന്നത്. കിട്ടാത്ത സ്ഥാനങ്ങളുടെ പേരിലാണ് ഇതുവരെ അറിയപ്പെട്ടതെങ്കിൽ ആ കുറവുകളെല്ലാം ഒറ്റ സ്ഥാനാരോഹണത്തോടെ പരിഹരിക്കപ്പെടുകയാണ്.

വിഡി സതീശൻ ഒരു പദവിയിലെത്താൻ ഉറ്റവർ കാത്തിരിക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പതിറ്റാണ്ടുകൾക്കു മുൻപ് കെഎസ് യുവിന്‍റെ പല സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായിരുന്നയാൾ ഒരേയൊരു പ്രസിഡന്‍റാകുന്നത് കാത്ത് അവർ ഇരുന്നതാണ്. അത് ഒരിക്കലും സംഭവിച്ചില്ല. ആ അഞ്ചുവർഷവും കെ എസ് യുവിന്‍റെ പ്രസിഡന്‍റ് കെ സി വേണുഗോപാൽ ആയിരുന്നു. പിന്നെ യൂത്ത് കോൺഗ്രസിന്‍റെ നേതാവായപ്പോൾ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അടുപ്പമുള്ളവർ ആ പേര് പ്രതീക്ഷിച്ചു. ഏഴു വർഷം മുഴുവൻ ആ കസേരയിലുന്നതും കെ സി വേണുഗോപാൽ ആയിരുന്നു. 1996ൽ കെ സി വേണുഗോപാലിനൊപ്പം വി ഡി സതീശനും കിട്ടി നിയമസഭയിലേക്ക് ഒരു സീറ്റ്. കണ്ണൂരുകാരനായ കെസിക്ക് കമ്യൂണിസ്റ്റ് കോട്ടയായ ആലപ്പുഴയിൽ. നെട്ടൂരുകാരനായ വിഡിക്ക് ഇടതുകൊത്തളമായ പറവൂര്. കെസി ജയിച്ചു. വിഡി തോറ്റു. അന്നു ജയിച്ച കെസി പിന്നെ തോറ്റതേയില്ല. സംസ്ഥാനമന്ത്രിയും എംപിയും കേന്ദ്രമന്ത്രിയുമെല്ലാമായി. ലോക്സഭയിൽ മാത്രമല്ല രാജ്യസഭയിലും എത്തി. വി ഡി സതീശൻ തോറ്റ പറവൂരിൽ നിന്നു ജയിച്ചുകൊണ്ടേയിരുന്നു. ഒരേയൊരു തട്ടകം; ഒരേയൊരു വി ഡി. സിപിഐ മഹാരഥന്മാരെ മുഴുവനിറക്കിയിട്ടും പറവൂർ മണ്ഡലം തിരിച്ചുകിട്ടിയില്ല. വിചാരിച്ചതു നേടും വരെ അക്ഷീണം പോരാടുന്ന വിഡിയെ കേരളമങ്ങനെ നിറഞ്ഞമനസ്സോടെ കണ്ടു.

1964 മേയ് 31ന് നെട്ടൂരിൽ ജനനം. കെ ദാമോദരമേനോൻ പിതാവ്. വി വിലാസിനിയമ്മ മാതാവ്. പനങ്ങാട് ഹൈസ്കൂളിൽ പഠനം. തേവര സേക്രഡ് ഹാർട്ട് കോളജിൽ ബിരുദകാലത്ത് തന്നെ കെഎസ് യുവിൽ തുടക്കം. രാജഗിരി കോളജിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം. സതീശന്‍റെ വിദ്യാഭ്യാസം ഒരു ബിരുദാനന്തര ബിരുദത്തിൽ അവസാനിച്ചില്ല. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമത്തിൽ ബിരുദം. പിന്നാലെ ഗവ. ലോ കോളജിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം. ഇരട്ട ബിരുദാനന്തര ബിരുദവും ഇരുത്തംവന്ന വായനാശീലവും. ഇതുരണ്ടുമായിരുന്നു വി ഡിസതീശന്‍റെ പിൻബലം.

1986ൽ മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ചെയർമാൻ. കെഎസ് യുവിന്‍റെ സംസ്ഥാന അധ്യക്ഷ സ്ഥാനം മോഹിച്ച സതീശന് എൻഎസ് യുവിന്‍റെ ദേശീയ സെക്രട്ടറി എന്ന പദവിയിൽ മോഹം ഒതുക്കേണ്ടി വന്നു. 1996ൽ തോറ്റ പറവൂരിൽ നിന്ന് 2001ൽ ജയിച്ചുകയറിയ സതീശന് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായത് 2011ലാണ്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പലരും പ്രതീക്ഷിച്ചിരുന്ന ആ മന്ത്രി ഉണ്ടായില്ല. ആ നീരസം സതീശൻ ഉള്ളിലൊതുക്കി വച്ചതുമില്ല. അവസരം കിട്ടിയപ്പോഴൊക്കെ ഉമ്മൻചാണ്ടിയ ശക്തമായി വിമർശിച്ചു. ഹരിത എംഎൽഎമാർ എന്ന ചെറിയ കൂട്ടവുമായി അടുത്ത അവസരത്തിന് കാത്തിരുന്നു. സ്വന്തം സ്ഥാനമുറപ്പിക്കാനുള്ള ഗ്രൂപ്പുകൾ നിറഞ്ഞ കോൺഗ്രസിൽ ഒരു ആശയത്തിനായുള്ള കൂട്ടായ്മ ആദ്യമായിരുന്നു.

2011ൽ കൈമോശം വന്നത് 2021ൽ മറ്റൊരു രൂപത്തിൽ വന്നു ചേർന്നു. പ്രതിപക്ഷ നേതൃസ്ഥാനം. തകർന്നു തരിപ്പണമായ കോൺഗ്രസിനെ രക്ഷിക്കാനുള്ള ദൌത്യമാണ് പാർട്ടി ഏൽപ്പിച്ചത്. ആ ദൌത്യത്തിൽ സതീശൻ എവിടെയെങ്കിലും പിന്നിൽപ്പോയി എന്ന് ഇതുവരെ ഒരു കോൺഗ്രസുകാരനും പറഞ്ഞിട്ടില്ല. ഒരു നേതാവും വിമർശിച്ചിട്ടുമില്ല. സതീശനൊപ്പം കെപിസിസി അധ്യക്ഷനായ കെ സുധാകരന് കസേര നഷ്ടമായിട്ടും സതീശനെ ആരും പിൻവലിക്കാനുള്ള വഴി നോക്കിയതുമില്ല. 102 സീറ്റിന്‍റെ ആ വിജയം കയ്യിൽ വന്ന നിമിഷം വരെ വി ഡി സതീശൻ ആയിരുന്നു എല്ലാവർക്കും നേതാവ്. അതിനുശേഷമുള്ള ഏതാനും ദിവസങ്ങളിലാണ് സംശയങ്ങളും ശങ്കകളും ഉണ്ടായത്. ആ ആശങ്കകൾ വെട്ടിയവസാനിപ്പിച്ചാണ് വി ഡി സതീശൻ ഇപ്പോൾ ഉയിർത്തെഴുനേൽക്കുന്നത്. പണ്ട് പോയതിനൊക്കെ പ്രായശ്ചിത്തം ചെയ്തുള്ള വരവാണിപ്പോൾ. ഇനി സ്ഥാനം കേരള ചരിത്രത്തിലെ മഹാരഥന്മാർക്കൊപ്പമാണ്. കൂട്ടിന് ജനസമ്മതിയെന്ന ആയുധവുമുണ്ട്. ഏറ്റുമുട്ടിയവരെല്ലാം രക്തമൊലിപ്പിച്ച് വഴിയില്‍ കിടക്കുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here