26.2 C
Kollam
Monday 28th September, 2026 | 03:21:41 AM
Home News Local ചിതറയില്‍ വാടക തര്‍ക്കം: ദമ്പതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വീട് ഇടിച്ചുതകര്‍ത്തതായി പരാതി

ചിതറയില്‍ വാടക തര്‍ക്കം: ദമ്പതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വീട് ഇടിച്ചുതകര്‍ത്തതായി പരാതി

കൊല്ലം: ചിതറയില്‍ വാടക തര്‍ക്കത്തെ തുടര്‍ന്ന് ഉടമകള്‍ വീട് ഇടിച്ചുതകര്‍ത്ത സംഭവത്തില്‍, വാടകക്കാരെ വീട്ടില്‍നിന്ന് മാറ്റിനിര്‍ത്താന്‍ പ്രതികള്‍ ആസൂത്രിതമായി വ്യാജ പരാതി നല്‍കിയതായി എഫ്ഐആര്‍. അബ്ദുല്‍ വാഹിദിനെയും ഭാര്യ സുഹറ ബീവിയെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടും കടയും തകര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

ദില്‍ബര്‍, അന്‍വര്‍ എന്നിവര്‍ ചേര്‍ന്ന് വ്യാജ പരാതി നല്‍കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു.

വര്‍ഷങ്ങളായി അബ്ദുല്‍ വാഹിദും സുഹറ ബീവിയും താമസിച്ചിരുന്ന കടയോടുകൂടിയ വീടാണ് ഉടമകള്‍ പൂര്‍ണമായും തകര്‍ത്തത്. വാടകക്കാരും ഉടമകളും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച് കോടതി കേസ് നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. പരാതി നല്‍കുന്നതിനായി ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയ സമയത്താണ് വീട് ഇടിച്ചുതകര്‍ത്തതെന്ന് ഇവര്‍ പറഞ്ഞു.

വീട് തകര്‍ന്നതോടെ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയിലായി. കിടപ്പാടവും കടയും നഷ്ടമായ ദമ്പതികള്‍ ഇന്നലെ രാത്രി തകര്‍ന്ന കെട്ടിടത്തിന് സമീപമാണ് അന്തിയുറങ്ങിയത്. ഇന്നലെ രാത്രി കല്ലേറുണ്ടായതായും ദമ്പതികള്‍ ആരോപിച്ചു.