Home Blog Page 847

വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ; സ്വാഗതാർഹമെന്ന് മായാവതിയും, എതിർത്ത് കോൺഗ്രസ്

ന്യൂഡൽഹി: വനിത സംവരണ ബില്ല് നാളെ പാർലമെൻറ് ചർച്ചയ്ക്കെടുക്കാനിരിക്കെ സർക്കാർ നീക്കത്തെ പിന്തുണച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടിലും ബിഎസ്പി അദ്ധ്യക്ഷ മായാവതിയും. ഓരോ സംസ്ഥാനത്തെയും സീറ്റുകളിൽ പിന്നീട് ചർച്ച നടത്താമെന്ന സർക്കാരിൻ്റെ സമവായ നിർദ്ദേശം പ്രതിപക്ഷം തള്ളി. സംസ്ഥാനങ്ങളിലെ സീറ്റ് ഒരേ രീതിയിൽ കൂട്ടാം എന്ന വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടു പോയ പ്രധാനമന്ത്രി കളവ് പറയുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നിലപാട് ആലോചിക്കാൻ പ്രതിപക്ഷ നേതാക്കളുടെ യോഗം മൂന്ന് മണിക്ക് ചേരും.

ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിത സംവരണം നടപ്പാക്കാനാണ് സർക്കാരിൻ്റെ നിർദ്ദേശം. സംസ്ഥാനങ്ങളിൽ പകുതി സീറ്റുകൾ വീതം കൂടും എന്നാണ് സർക്കാർ ആദ്യം പറഞ്ഞതെങ്കിലും ബില്ലിൽ ഈ നിർദ്ദേശമില്ല. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടം ഉണ്ടാകില്ലെന്നും മണ്ഡല പുനർനിർണ്ണയ കമ്മീഷൻ ഫോർമുല നിശ്ചയിക്കുമെന്നും സർക്കാർ വാദിക്കുന്നു. ഇക്കാര്യത്തിൽ കമ്മീഷൻ വിശദചർച്ച നടത്തുമെന്നും തല്ക്കാലം ആകെ സീറ്റുകളുടെ എണ്ണം നിശ്ചയിച്ചതേ ഉള്ളെന്നുമാണ് സർക്കാർ നിലപാട്.

എന്നാൽ സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യം കുറയില്ലെന്ന് ഉറപ്പ് പാലിക്കാതെയാണ് ബില്ല് വന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ബില്ല് ബഹളം വച്ച് തടയേണ്ടതുണ്ടോ എന്നതടക്കം വിഷയങ്ങൾ പ്രതിപക്ഷ യോഗം ചർച്ച ചെയ്യും. ഇതിനിടെ മുൻ സ്പീക്കർ മീരാകുമാറിനു പിന്നാലെ മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലും ബില്ലിനെ അനുകൂലിച്ച് പ്രസ്താവന നല്കിയത് കോൺഗ്രസിന് ക്ഷീണമായി. ചരിത്രം കുറിക്കുന്ന ബില്ലെന്നാണ് പ്രതിഭ പാട്ടീൽ പറഞ്ഞത്. ബില്ലിനെ എല്ലാവരും അനുകൂലിക്കണമെന്ന് ബിഎസ്പി നേതാവ് മായാവതിയും നിർദ്ദേശിച്ചു.

ബില്ല് പാസ്സാക്കാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. അതിനാൽ പ്രതിപക്ഷം ഒന്നടങ്കം എതിർത്തു നിന്നാൽ ബില്ല് പരാജയപ്പെടും. നാളെ പ്രധാനമന്ത്രി സംസാരിക്കുമ്പോൾ നൽകുന്ന ഉറപ്പുകളോടെ പ്രതിപക്ഷം എതിർപ്പ് അവസാനിപ്പിക്കും എന്നാണ് സർക്കാരിൻറെ പ്രതീക്ഷ.

വാഹനങ്ങളിൽ അമിത ഭാരം കയറ്റി വന്നാൽ കീശ കാലിയാകും, ടോൾ നാലിരട്ടി വരെ; പുതിയ നിബന്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ

കൊച്ചി: ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ഇന്ന് മുതൽ കൂടുതൽ ടോൾ ഈടാക്കും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ വ്യവസ്ഥകൾ പ്രകാരം, അനുവദനീയമായ ഭാരത്തിൽ നിന്ന് 10 ശതമാനം വരെ അധിക ഭാരം ഉള്ള വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ 10 ശതമാനം മുതൽ 40 ശതമാനം വരെ അധിക ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ നിലവിലെ ടോൾ നിരക്കിന്റെ ഇരട്ടി അടയ്ക്കേണ്ടി വരും. 40 ശതമാനത്തിൽ കൂടുതലായി അമിത ഭാരം കണ്ടെത്തിയാൽ ടോൾ നിരക്കിന്റെ നാലിരട്ടി വരെ ഈടാക്കും.

Also Read: ‘മുസ്ലിം സ്ഥാനാർഥിയെ നിർത്തിയില്ല, ദാവൺ​ഗരെ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ചു’; സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കി

അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ വിവരങ്ങൾ ടോൾ പ്ലാസകളിൽ രേഖപ്പെടുത്തുകയും അത് വഹാൻ പോർട്ടലിലേക്ക് കൈമാറുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ തൂക്കം പരിശോധിക്കുന്ന സംവിധാനം ഇല്ലെങ്കിൽ അധിക ടോൾ ഈടാക്കരുതെന്നും നിർദേശമുണ്ട്. ഫാസ് ടാഗ് വഴിയോ യുപിഐ വഴിയോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മറ്റ് ഇലക്ട്രോണിക് പേയ്മെന്റ് മാർഗങ്ങൾ വഴിയോ മാത്രമേ ടോൾ ഈടാക്കാവൂ. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് അതിനുള്ള പിഴയും കൂടാതെ ബാധകമാകും എന്നും ഉത്തരവിൽ പറയുന്നു.

‘മുസ്ലിം സ്ഥാനാർഥിയെ നിർത്തിയില്ല, ദാവൺ​ഗരെ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ചു’; സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കി

ബെംഗളൂരു: ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ പ്രവർത്തിച്ചതായി ആരോപണമുയർന്നതിനെ തുടർന്ന് പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്താക്കി. എം.എൽ.സിയായ നസീർ അഹമ്മദിനെ 2023 ജൂണിലാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ സെക്രട്ടറിയായി നിയമിക്കുന്നത്.

Also Read: ശബരിമല യുവതി പ്രവേശന കേസ്; എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോർഡ്‌, ‘ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല’

കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് സിദ്ധരാമയ്യ അഹമ്മദിനെ പുറത്താക്കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചതായി നസീർ അഹമ്മദ്, ജബ്ബാർ, ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ എന്നിവർ പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്നാണ് ആരോപണം.

അന്തരിച്ച മുൻ സൈനികൻ ഷാമണൂർ ശിവശങ്കരപ്പയുടെ ചെറുമകൻ സമർത്ഥിന് ടിക്കറ്റ് നൽകിയതിനെ തുടർന്നാണ് ഇവർ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെതിരെ പ്രവർത്തിച്ചതെന്നും പറയുന്നു. സമീറിനെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കുമെന്നും അഭ്യൂഹമുയർന്നു. 2025 ജൂണിൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് എംഎൽസി കെ ഗോവിന്ദരാജിനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി, നസീർ അഹമ്മദിനെ നിയമിച്ചത്.

ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച ഭവന മന്ത്രി സമീർ അഹമ്മദ് ഖാനോട് വിശദീകരണം തേടി. കോൺഗ്രസിലെ മുസ്ലീം നേതാക്കൾ ഒറ്റക്കെട്ടാണെന്ന് സമീർ അഹമ്മദ് ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തിൽ ഇത്തരം ആരോപണങ്ങൾ സാധാരണമാണെന്നും തങ്ങൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ മന്ത്രിമാരാകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദാവൻഗെരെ സൗത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ചീഫ് വിപ്പ് സലീം അഹമ്മദും ശിവാജിനഗർ എംഎൽഎ റിസ്വാൻ അർഷാദും പാർട്ടിയിലെ മുതിർന്ന മുസ്ലീം നേതാക്കൾക്കെതിരെ രം​ഗത്തെത്തിയത്. കോൺഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. മണ്ഡലത്തിൽ ചില നേതാക്കൾ ഒരു മുസ്ലീം സ്ഥാനാർത്ഥിയെ ആഗ്രഹിച്ചു. എന്നാൽ, അന്തരിച്ച എം‌എൽ‌എ ഷാമണൂർ ശിവശങ്കരപ്പയുടെ ചെറുമകൻ സമർത്ഥിനെയാണ് പാർട്ടി രംഗത്തിറക്കിയത്.

ശബരിമല യുവതി പ്രവേശന കേസ്; എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോർഡ്‌, ‘ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ല’

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ എന്‍എസ്എസ് വാദത്തിനെതിരെ ദേവസ്വം ബോർഡ്‌. ഓരോ വിഭാഗത്തിന്‍റെയും ആചാരങ്ങള്‍, അതാത് വിഭാഗത്തിന് തീരുമാനിക്കാമെന്ന വാദം അംഗീകരിക്കാനാവില്ല. ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിലക്ക് ശരിയല്ലെന്നും ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു. ശബരിമലകേസിൽ ദേവസ്വം ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ് വിയാണ് കോടതിയിലെത്തിയത്.

‘തുടരും’ ചിത്രത്തിന് ശേഷം മോഹൻലാൽ–തരുൺ മൂർത്തി പുതിയ ചിത്രത്തിന് പേരിട്ടു…

‘തുടരും’ എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിനു ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘അതിമനോഹരം’ എന്നാണ് സിനിമയുടെ പേര്.സിനിമ അനൗൺസ് ചെയ്തത് മുതൽ മോഹൻലാൽ–തരുൺ മൂർത്തി–ആഷിക് ഉസ്മാൻ ചിത്രം L366 എന്നാണ് സിനിമ അറിയപ്പെട്ടത്. എന്നാൽ  വിഷുദിനത്തിൽ രാവിലെ പത്തേ പത്തിന് സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് പുതിയ ചിത്രത്തിന്റെ പേര് അണിയറക്കാർ വെളിപ്പെടുത്തിയിരിക്കുന്നത്. 


മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിനെ ഫസ്റ്റ് ലുക്കിൽ കാണാം. മലയാള സിനിമ ലോകവും മോഹൻലാൽ  ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫസ്റ്റ്ലുക്ക് ഇരുകൈയും നീട്ടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Also Read:

‘അത് അയോഗ്യതയാണെങ്കിൽ ആ അയോഗ്യതയോടു കൂടിയ കെസിയെയാണ് ഞങ്ങൾക്കിഷ്ടം’; കെ.സി. വേണു​ഗോപാലിനെ വാനോളം പുകഴ്ത്തി സുധാ മേനോൻ

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് കെ.സി. വേണു​ഗോപാലിനെ അനുകൂലിച്ച് ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരിയും കോൺ​ഗ്രസ് അനുകൂല സോഷ്യൽമീഡിയ ആക്ടിവിസ്റ്റുമായ സുധാ മേനോൻ. മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചയെ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പോസ്റ്റ്.

Also Rad: പന്തളം കൊട്ടാരത്തിൽ കണികാണാൻ നൽകിയ കാണിപ്പൊന്ന് കാണാതായി… ഒടുവിൽ ട്വിസ്റ്റ്

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ കെ. സി വേണുഗോപാലിന്റെ യോഗ്യത എന്താണ് എന്ന ചോദ്യം ആ മനുഷ്യന്റെ കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ പൊതുപ്രവർത്തനത്തെ റദ്ദ് ചെയുന്ന ഒന്നാണെന്നും അവർ കുറിച്ചു. ആരംഭ കാലം മുതൽ അദ്ദേഹം പിന്തുടർന്നു വരുന്ന ചേർത്തു പിടിക്കലിന്റെയും കേൾവിയുടെയും കരുണയുടെയും രാഷ്ട്രീയത്തെ പെട്ടെന്നു പൊട്ടിമുളച്ച ഒന്നായും അവതരിപ്പിക്കുന്നത് നൈതികമല്ല, വസ്തുതാ വിരുദ്ധമാണെന്നും അവർ കുറിച്ചു.

കോൺഗ്രസിന്റെ പ്രതാപകാലത്തല്ല അയാൾ പാർട്ടിയെ ദേശീയ തലത്തിൽ നയിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നാടൊട്ടുക്കും പരാജയപെട്ട് നിൽക്കെയാണ് ഏഴ് വർഷം മുമ്പ് അയാൾ ആ ‘ഭാരം’ ചുമലിലേറ്റിയത്. കോൺഗ്രസ് പാർട്ടിക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് കോൺഗ്രസുകാർ പോലും വിധിയെഴുതിയിടത്തുനിന്ന് വിജയത്തിലേക്ക് കോൺഗ്രസിനെ മുന്നോട്ട് നയിച്ച പ്രേരക ശക്തി തന്നെയായിരുന്നു സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലെന്നും ഇടതുകോട്ടയായ ആലപ്പുഴ പൊളിച്ചതും കെ.സിയാണെന്നും സുധാമേനോൻ പറഞ്ഞു.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നാലായിരം കിലോമീറ്ററോളം രാഹുല്‍ഗാന്ധി പദയാത്രയായി സഞ്ചരിച്ച ‘ഭാരത് ജോഡോ യാത്ര’ യുടെ മുഖ്യ സംഘാടകനും നിങ്ങൾ യോഗ്യത ഇല്ലെന്നു പറയുന്ന കെ.സി വേണുഗോപാലായിരുന്നുവെന്നും അവർ കുറിച്ചു. പാർട്ടി കമ്മറ്റികളിലെ വിവരങ്ങൾ നിങ്ങളോട് (മാധ്യമങ്ങളോട്) രഹസ്യമായി പങ്കുവെക്കാത്തതും, എത്ര പ്രതിസന്ധിയുണ്ടായാലും വാർത്തകളിൽ നിറയാനായി പാർട്ടിയെയും പ്രവർത്തകരെയും തള്ളി പറയാത്തതും നിങ്ങൾക്ക് അദ്ദേഹത്തിന്റെ അയോഗ്യതയാകാം. അത് അയോഗ്യതയാണെങ്കിൽ ആ അയോഗ്യതയോടു കൂടിയ കെസിയെയാണ് സാധാരണ പ്രവർത്തകരായ ഞങ്ങൾക്കിഷ്ടമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്.

പന്തളം കൊട്ടാരത്തിൽ കണികാണാൻ നൽകിയ കാണിപ്പൊന്ന് കാണാതായി… ഒടുവിൽ ട്വിസ്റ്റ്

പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണത്തിലെ കാണാതായ കാണിപ്പൊന്ന് തിരികെ കിട്ടി. കണികാണാൻ എത്തിയപ്പോൾ വിഷുകൈനീട്ടമെന്ന് കരുതി കൊണ്ടുപോയതെന്നാണ് ഭക്തന്റെ വിശദീകരണം. മോഷണം പോയ കാണിപ്പൊന്നിൽ അന്വേഷണം മുറുകിയതിന് പിന്നാലെയാണ് പൊന്ന് തിരികെ എത്തിച്ച് ഭക്തൻ മാപ്പപേക്ഷ നടത്തിയത്. വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെയാണ് കണികാണാൻ നൽകിയ കാണിപ്പൊന്ന് കാണാതായത്.


ബുധനാഴ്ച രാവിലെ പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയിരുന്നത്. പുലർച്ചെ നാലര മുതലാണ് ദർശന സൗകര്യം ഒരുക്കിയിരുന്നത്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തുന്നതിനായി കൊട്ടാരം, ദേവസ്വം ബോർഡിന് കൈമാറുകയാണ് പതിവ്. പുലർച്ചെ നാലര മുതൽ 9 മണി വരെ ദർശനത്തിനുശേഷം ഇത് തിരികെ ഏൽപ്പിക്കുകയും ചെയ്യും.

Also Read:



ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണിൽ വച്ച് തൊഴുവാനായി കുടുംബാംഗങ്ങൾക്ക് നൽകുന്നത്. ആറുമണിയോടെയാണ് ഭക്തർക്ക് ദർശനം ഒരുക്കിയിരുന്നത്. ഈ സമയത്താണ് കാണിപ്പൊന്നുമായി ഭക്തൻ നടന്നു നീങ്ങിയത്. ക്ഷേത്രത്തിലെ സിസിസിടിവിയിൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുമ്പോഴാണ് കാണിപ്പൊന്നുമായി ഭക്തൻ വരവ്.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. പവന് 1040 രൂപ വർധിച്ച് 1,13,920 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 130 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,240 രൂപയായി.



യു.എസ് -ഇറാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ഇതിനുപുറമെ, അമേരിക്കൻ ആകാശത്തെ സൈനിക വിന്യാസവും ‘ഡൂംസ്ഡേ’ വിമാനങ്ങളുടെ സാന്നിധ്യവും ആഗോളതലത്തിൽ ആശങ്കകൾ വർധിപ്പിക്കുന്നു. യു.എസ് ഉപരോധം ലംഘിച്ചുള്ള ചൈനീസ് കപ്പലുകളുടെ നീക്കവും അമേരിക്കൻ ഭീഷണികളും സ്വർണ്ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഇന്നലെ പവന് 1080 രൂപയും ഗ്രാമിന് 135 രൂപയും വർധിച്ചിരുന്നു. പവന് 1,12,880 രൂപയും ഗ്രാമിന് 14,110 രൂപയുമായിരുന്നു വില.പവന് 1,31,160 രൂപയായിരുന്നു സ്വർണത്തിന് കേരളത്തിൽ എക്കാലത്തെയും ഉയർന്നവില. ഈവർഷം ജനുവരി 29നാണ് മഞ്ഞലോഹം മോഹനവിലയിൽ എത്തിയത്.

Also Read:

ലഹരിമരുന്നുമായി സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും പൊലീസ് പിടിയിൽ

കൊച്ചി: ലഹരിമരുന്നുമായി സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും പൊലീസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് എംഎഡിഎംഎയുമായി റിന്‍സി പിടിയിലായത്. റിന്‍സിക്കൊപ്പം മൂന്നുപേര്‍ കൂടി പിടിയിലായിട്ടുണ്ട്.
ലഹരി വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി ആളുകള്‍ ഒത്തുകൂടിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധന നടത്തുന്നത്. റെയ്ഡില്‍ റിന്‍സിയുടെ പക്കല്‍ നിന്നും 3.58 ഗ്രാം എംഎഡിഎംഎയാണ് കണ്ടെത്തിയത്.


കഴിഞ്ഞവര്‍ഷം ജൂലൈയിലും റിന്‍സി ലഹരിമരുന്നുമായി പിടിയിലായിരുന്നു. കാക്കനാട്ടിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് അന്ന് റിന്‍സി മുംതാസ് എംഡിഎംഎയുമായി പിടിയിലാകുന്നത്. സിനിമാ മേഖലയിലെ ലഹരി വില്‍പ്പനയില്‍ അടക്കം റിന്‍സിക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

വിഷു ദിനത്തിൽ കണ്ണനെ കാണാൻ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്

തൃശൂര്‍: വിഷു ദിനത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനം നടത്തി സായൂജ്യം നേടി. പതിനായിരക്കണക്കിന് ഭക്തര്‍ ഇന്ന് ദര്‍ശനത്തിനായി ഗുരുവായൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്കായി വിപുലമായ ദര്‍ശന ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുവരിയില്‍ നില്‍ക്കുന്ന ഭക്തര്‍ക്കായിരിക്കും ദര്‍ശനത്തിന് മുന്‍ഗണന നല്‍കുക. മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രാദേശിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും തിരക്ക് കണക്കിലെടുത്ത് ആദ്യമെത്തുന്ന 500 പേര്‍ക്ക് വീതം ടോക്കണ്‍ നല്‍കി ദര്‍ശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.

Also Read: