28.6 C
Kollam
Friday 23rd October, 2026 | 06:35:37 PM
Home News Breaking News ഡ്രൈവിങ് ലൈസൻസിൽ സമഗ്ര മാറ്റത്തിന് കേന്ദ്രം

ഡ്രൈവിങ് ലൈസൻസിൽ സമഗ്ര മാറ്റത്തിന് കേന്ദ്രം

ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസ് നടപടികളിൽ സമഗ്ര മാറ്റങ്ങൾ നിർദേശിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ലൈസൻസിൽ മൊബൈൽ നമ്പർ, അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടേണ്ട നമ്പർ, രക്തഗ്രൂപ്പ് എന്നിവ രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് മോട്ടോർ വാഹന ചട്ടഭേദഗതിയുടെ കരടിലുള്ളത്. സുരക്ഷിത ഡ്രൈവിങ് പരിശീലനത്തിലെ യോഗ്യതാ മാർക്ക് 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്താനും നിർദേശമുണ്ട്.

ഇന്ത്യക്കാർക്കും വിദേശികൾക്കും വ്യത്യസ്ത ലൈസൻസ്

ഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും വ്യത്യസ്ത മാതൃകകളിലുള്ള ലൈസൻസ് നൽകണം. ലൈസൻസിങ് അതോറിറ്റികൾ പുതുതായി നൽകുന്നതും പുതുക്കുന്നതുമായ ലൈസൻസുകൾ ലാമിനേറ്റ് ചെയ്ത കാർഡായോ പോളിവിനൈൽ ക്ലോറൈഡ് (പി.വി.സി.) കാർഡായോ ആയിരിക്കണമെന്നും കരട് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

ഓൺലൈൻ സേവനങ്ങൾക്ക് ഫീസ് ഒഴിവാക്കും

ആധാർ ഓഥന്റിക്കേഷൻ വഴി ഓൺലൈനായി ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ പൂർത്തിയാക്കുമ്പോൾ ഫീസ് ഒഴിവാക്കാനും നിർദേശമുണ്ട്. ലൈസൻസിലെ പേര്, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ മാറ്റുന്നതിനുള്ള അപേക്ഷകൾ 15 ദിവസത്തിനുള്ളിൽ അംഗീകരിക്കുകയോ നിരസിക്കുകയോ വേണം. അപേക്ഷ നിരസിക്കുന്നപക്ഷം കാരണം വ്യക്തമാക്കണമെന്നും നിർദേശിക്കുന്നു. ഇത്തരം വിവരമാറ്റത്തിനുള്ള ഫീസും ഒഴിവാക്കാനാണ് കരട് ചട്ടങ്ങളിലെ വ്യവസ്ഥ.

രേഖകൾ സമർപ്പിക്കുന്നതിലും ഇളവ്

പ്രായവും വിലാസവും തെളിയിക്കുന്നതിന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ നോട്ടറിയുടെയോ മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിബന്ധന ഒഴിവാക്കാനും മന്ത്രാലയം നിർദേശിച്ചു. പകരം സത്യവാങ്മൂലങ്ങളും ലൈഫ് ഇൻഷുറൻസ് പോളിസികളും ഉൾപ്പെടെയുള്ള രേഖകൾ സ്വീകരിക്കാം. തിരിച്ചറിയൽ, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കാൻ ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടർ തിരിച്ചറിയൽ കാർഡ്, ഇ-റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവയും സമർപ്പിക്കാം.

പരിശീലനത്തിന് കുറഞ്ഞത് 30 മിനിറ്റ്

സുരക്ഷിത ഡ്രൈവിങ് ട്യൂട്ടോറിയലിന്റെ ദൈർഘ്യം കുറഞ്ഞത് 30 മിനിറ്റായിരിക്കണമെന്നും കരടിൽ നിർദേശിക്കുന്നു. പരിശീലനത്തിലെ യോഗ്യതാ മാർക്ക് ഉയർത്തുന്നതിലൂടെ സുരക്ഷിത ഡ്രൈവിങിന് കൂടുതൽ പ്രാധാന്യം നൽകുകയാണ് ലക്ഷ്യം.

കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നിർദേശങ്ങളും എതിർപ്പുകളും സമർപ്പിക്കാം. കരട് ചട്ടങ്ങൾ അന്തിമമായി വിജ്ഞാപനം ചെയ്തശേഷമായിരിക്കും നിർദേശങ്ങൾ നിയമപരമായി പ്രാബല്യത്തിൽ വരിക.

LEAVE A REPLY

Please enter your comment!
Please enter your name here